രു മനുഷ്യന് തന്റെ സമൂഹത്തോട് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മഹത്തായ കാര്യമാണ് രക്തദാനം. ലോകാരോഗ്യസംഘടനയുടെ എട്ട് ഔദ്യോഗിക പൊതു ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് ലോക രക്തദാനദിനം. ഇത് സുരക്ഷിതമായ രക്തത്തിന്റെയും രക്തഘടകങ്ങളുടെയും ആവശ്യകതയെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനും ജീവസംരക്ഷണ സമ്മാനമായ രക്തം സ്വയം സന്നദ്ധമായി ദാനം ചെയ്യുന്ന ദാതാക്കളോട് നന്ദി അര്‍പ്പിക്കുന്നതിനുമായാണ് ആചരിക്കുന്നത്.

ജീവന് ഭീഷണിയാവുന്ന അവസ്ഥകളിലൂടെ കടന്നുപോവുന്നവര്‍ക്ക് അതായത് വിളര്‍ച്ചയുള്ള സ്ത്രീകളും കുട്ടികളും, അപകടങ്ങളില്‍ രക്തം നഷ്ടപ്പെടുന്നവര്‍, സര്‍ജിക്കല്‍ രോഗികള്‍, കാന്‍സര്‍ രോഗികള്‍, തലാസീമിയ രോഗികള്‍, ഫീമോഫീലിയ, സിക്കിള്‍സെല്‍ അനീമിയ തുടങ്ങിയ രോഗമുള്ളവര്‍, രക്തം കട്ടപിടിക്കാത്ത രോഗമുള്ളവര്‍, പ്രസവത്തോടനുബന്ധിച്ച് രക്തനഷ്ടമുണ്ടായവര്‍ എന്നിവര്‍ക്ക് മരണവും രോഗങ്ങളും ഒഴിവാക്കി കൂടുതല്‍ കാലം ജീവിക്കുന്നതിന് രക്തദാനം സഹായിക്കുന്നു.

കണക്കുകള്‍ വെച്ചുനോക്കുമ്പോള്‍ 62 രാജ്യങ്ങളില്‍ ആവശ്യമുള്ള അത്രയും സുരക്ഷിതമായ രക്തം സ്വയം സന്നദ്ധദാനത്തിലൂടെ ലഭിക്കുമ്പോള്‍ 40 രാജ്യങ്ങളില്‍ ഇപ്പോഴും രക്ത ആവശ്യങ്ങള്‍ക്ക് കുടുംബാംഗങ്ങളെ ആശ്രയിക്കുകയോ പണം കൊടുത്തു വാങ്ങുകയോ ചെയ്യേണ്ടുന്ന അവസ്ഥയിലാണ്. ലോകാരോഗ്യസംഘടനയുടെ ലക്ഷ്യം  2020ഓടെ എല്ലാ രാജ്യങ്ങളിലും ആവശ്യമുള്ള അത്രയും സുരക്ഷിതമായ രക്തം സ്വയം സന്നദ്ധദാനത്തിലൂടെ ലഭ്യമാക്കുക എന്നതാണ്.

ആരോഗ്യമുള്ള ഒരാളില്‍ ആറു ലിറ്റര്‍ രക്തമുണ്ടാവും. കുറച്ചു ദിവസത്തിനുള്ളില്‍തന്നെ ദാനം ചെയ്ത രക്തം ശരീരം പുനര്‍ നിര്‍മിക്കുന്നതിനാല്‍ രക്തദാനം അപകടമേയല്ല. 18നും 60നും ഇടയില്‍ പ്രായമുള്ള ആരോഗ്യമുള്ള ഒരാള്‍ക്ക് ആറുമാസത്തിലൊരിക്കല്‍ എന്ന തോതില്‍ എത്ര തവണ വേണമെങ്കിലും രക്തം ദാനം ചെയ്യാവുന്നതാണ്.

വില്യം ഹാര്‍വി രക്തചംക്രമണ വ്യവസ്ഥ കണ്ടുപിടിച്ചതിനുശേഷം ഭിഷഗ്വരന്മാര്‍ ബിയര്‍, പാല്‍, മരക്കറകള്‍, ആടിന്റെ രക്തം തുടങ്ങിയ പദാര്‍ഥങ്ങള്‍ രക്തത്തിനു പകരമായി ഉപയോഗിക്കാന്‍ ശ്രമിച്ചിരുന്നു. ഒടുവില്‍ 1883ല്‍ സോഡിയം, പൊട്ടാസ്യം, കാത്സ്യം ലവണങ്ങളടങ്ങളിയ ലായനിയായ റിംഗേര്‍സ് ലായനി സൃഷ്ടിക്കപ്പെട്ടു. എന്നാല്‍ ഇതിന് അരുണരക്തകോശങ്ങളുടെ ധര്‍മം നിര്‍വഹിക്കാന്‍ കഴിയില്ലായിരുന്നു.

1966ല്‍ ഗോലന്‍, ക്ലാര്‍ക്ക് എന്നീ ശാസ്ത്രജ്ഞര്‍ എലികളില്‍ നടത്തിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ പെര്‍ഫഌറോ കാര്‍ബണുകള്‍ (ജള്‍ന്ത) എന്ന പുതിയതരം കൃത്രിമരക്തത്തെ നിര്‍ദേശിക്കുകയുണ്ടായി.കൃത്രിമരക്തം ആദ്യമായി സ്വീകരിച്ച മനുഷ്യനാണ് ജപ്പാനിലെ റയോച്ചി നൈറ്റോ. അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനായി വിവിധതരം കൃത്രിമരക്തങ്ങളുടെ ഫോര്‍മുലകള്‍ ഉണ്ടെങ്കിലും ഇവയ്ക്ക് വളരെയേറെ പരിമിതികളുണ്ട്. വര്‍ണ വര്‍ഗ വ്യത്യാസമേതുമില്ലാതെ ലോകത്തിന്റെ ഏത് കോണിലുമുള്ള മനുഷ്യരെ ബന്ധിപ്പിക്കുന്ന കണ്ണിയാണ് സിരകളിലൂടൊഴുകുന്ന ചുവന്ന രക്തം. ഓര്‍ക്കുക, നമ്മുടെ മഹത്തായ രക്തദാനത്തിന് ഒരു മനുഷ്യന്റെ ഹൃദയമിടിപ്പ് നിലനിര്‍ത്താനുള്ള കരുത്തുണ്ട്.