ബോംബെ ഗ്രൂപ്പ് രക്തഗ്രൂപ്പ് എന്ന് കേട്ടിട്ടുണ്ടോ? അത്യപൂര്‍വ്വമായ രക്തഗ്രൂപ്പാണ് ഇത്. സങ്കല്‍പ് ഇന്ത്യ ഫൗണ്ടേഷന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 17600 പേരില്‍ ഒരാള്‍ക്ക് മാത്രമോ ലോകത്ത് 25000ല്‍ ഒരാള്‍ക്കോ ആണ് ഈ രക്തഗ്രൂപ്പ് ഉള്ളത്. ഇതുവരെ രജിസ്റ്റര്‍ ചെയ്ത കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 179 പേര്‍ക്കാണ് ബോംബെ രക്തഗ്രൂപ്പ് ഉള്ളതായി സ്ഥിരീകരിച്ചിട്ടുള്ളത്. 

ABO ബ്ലഡ് ഗ്രൂപ്പ് സങ്കേതത്തിന്റെ അടിസ്ഥാന ഘടകങ്ങളില്‍ ഒന്നായ 'എച്ച്' (ഒ) ആന്റിജന്‍ ഇല്ലാത്ത ഒരു അപൂര്‍വ്വ രക്തഗ്രൂപ്പാണ് ബോംബെ ഗ്രൂപ്പ്. ഒ ഘടകത്തെ ഉണ്ടാക്കാന്‍ സഹായിക്കുന്ന ഒരു രാസാഗ്‌നി (Enzyme) യുടെ അഭാവമാണ് ഈ രക്തഗ്രൂപ്പിനു കാരണമാകുന്നത്. ABO ഗ്രൂപ്പുകളെ നിര്‍ണയിക്കാനുള്ള രക്തപരിശോധനകളില്‍ ഇത്തരക്കാരുടെ രക്തം 'ഓ' ഗ്രൂപ്പായി കാണിക്കുന്നതിനാല്‍ Oh എന്ന് ഇവരുടെ ഗ്രൂപ്പിനെ പൊതുവേ രേഖപ്പെടുത്തുന്നു. 

1952ല്‍ മുംബൈയില്‍ ഡോ. ഭെന്‍ഡേയാണ് ഈ രക്തഗ്രൂപ്പ് ആദ്യമായി തിരിച്ചറിഞ്ഞത്. മഹാരാഷ്ട്രയിലും അതിനോടു ചേര്‍ന്ന കര്‍ണ്ണാടകയുടെ ചില പ്രദേശങ്ങളിലുമാണ് ബോംബെ ഓ പോസിറ്റീവ് രക്തം ഉള്ളവരെ കൂടുതലായി തിരിച്ചറിഞ്ഞിട്ടുള്ളത്. അതിനാലാണ് ഈ രക്തഗ്രൂപ്പിന് ബോംബെ ഗ്രൂപ്പ് എന്ന പേരു വരാന്‍ കാരണം. ബോംബെ രക്തഗ്രൂപ്പില്‍പ്പെടുന്നവര്‍ക്ക് മറ്റു ഏബിഓ ഗ്രൂപ്പുകളില്‍ പെട്ടവരുടെ രക്തം സ്വീകരിക്കാനോ അവര്‍ക്ക് തിരിച്ച് രക്തം നല്‍കാനോ കഴിയുകയില്ല. അവര്‍ക്ക് ബോംബെ ഗ്രൂപ്പ് തന്നെ വേണം.

ഇന്ത്യയില്‍ വളരെ വിരളമായാണ് ഇപ്പോഴും ഒ എച്ച് ഗ്രൂപ്പ് എന്ന ബോംബെ ഗ്രൂപ്പ് രക്തമുള്ളത്. രാജ്യ വ്യാപകമായി ഈ ഗ്രൂപ്പിലുള്ളവരെ കണ്ടെത്താന്‍ സങ്കല്‍പ്പ് ഇന്ത്യാ ഫൗണ്ടേഷന്‍ ബോംബെ ബ്ലഡ് ഗ്രൂപ്പ് കമ്യൂണിറ്റിയും രൂപവത്കരിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അപൂര്‍വ്വ രക്തഗ്രൂപ്പുകാരെ കണ്ടെത്താന്‍ ഈ കമ്മ്യൂണിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ സാധിക്കും.