നുഷ്യരക്തത്തിനു തുല്യമായി അല്ലെങ്കില്‍ പകരമായി മറ്റൊന്നില്ല. അത് സഹജീവികളായ മനുഷ്യരില്‍ നിന്ന് തന്നെ ലഭിക്കേണ്ടിയുമിരിക്കുന്നു. ആരോഗ്യമേഖലയില്‍ നാം ഇന്ന് ഏറെ പുരോഗമിച്ചെങ്കിലും മനുഷ്യരക്തത്തിനു സമമായ കൃത്രിമരക്തം മാത്രം വികസിപ്പിച്ചെടുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. രക്തം ജീവന്റെ ആധാരമാണ്. രക്തദാനം ജീവദാനമാണ്. 

ലോകാരോഗ്യസംഘടന (WHO) യുടെ കണക്കു പ്രകാരം ഭാരതത്തില്‍ ആറു ദശലക്ഷം യൂണിറ്റു രക്തം വര്‍ഷംതോറും വേണ്ടിവരുന്നു. അതിന്റെ നേര്‍പകുതിയില്‍ താഴെ മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്. ആയിരത്തില്‍ പത്തുപേരില്‍ താഴെ മാത്രമേ നമുക്കിടയില്‍ രക്തദാനം നടത്തുന്നുള്ളൂ. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് നമ്മുടെ രാജ്യം രക്തദാനത്തില്‍ വളരെ പിന്നാക്കമാണ്. രക്തദാതാക്കളില്‍ ഏറിയ പങ്കും, തന്റെ പ്രത്യേക രോഗിക്കുമാത്രം രക്തദാനം ചെയ്യുന്നവരാണ്. സ്വമേധയാ രക്തദാനം (voluntary blood donors) നടത്തുന്നവര്‍ ധാരാളമായി രക്തദാനത്തിനായി മുന്നോട്ടു വരേണ്ടിയിരിക്കുന്നു.

രക്തം ചില അടിസ്ഥാന വസ്തുതകള്‍

പ്രായപൂര്‍ത്തിയായ മനുഷ്യ ശരീരത്തില്‍ ശരാശരി അഞ്ച് ലിറ്റര്‍ രക്തം ആണുള്ളത്. ഒരു വ്യക്തിയുടെ രക്തത്തിന്റെ അളവ് അയാളുടെ പൊക്കം, തൂക്കം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. നമ്മുടെ ശരീരഭാരത്തിന്റെ എട്ടു ശതമാനം രക്തത്തിന്റെതാണ്. അതായത് ശരീരത്തില്‍ രക്തം ആവശ്യത്തിലധികം കരുതലുണ്ട്. എങ്കിലും നാലിലൊരു ഭാഗം രക്തം വാര്‍ന്നുപോവുകയും യഥാസമയം അത് രകതസന്നിവേശം (bloodt ransfusion) വഴി പരിഹരിക്കപ്പെടാതിരിക്കുകയും ചെയ്താല്‍ മരണം സംഭവിക്കുക തന്നെ ചെയ്യും.

രക്തത്തിലെ ഘടകങ്ങളെ പൊതുവേ രണ്ടായി തിരിക്കാം.

1.പ്ലാസ്മ
2.രക്തകോശങ്ങള്‍

പ്ലാസ്മ
രക്തത്തിന്റെ പ്രധാന അംശമായ പ്ലാസ്മയ്ക്ക് വൈക്കോലിന്റെ (STRAW COLOUR ഇളംമഞ്ഞ) നിറമാണ്. ആല്‍ബുമിന്‍, ഗ്ലോബുലിന്‍, ഫൈബ്രിനോജന്‍ തുടങ്ങിയ പ്രോട്ടീനുകള്‍ ജലത്തില്‍ ലയിച്ചുണ്ടാകുന്നതാണ് പ്ലാസ്മ. പ്ലാസ്മയുടെ 93 ശതമാനവും ജലമാണ്. രക്തത്തിനു രക്തക്കുഴലിനുള്ളില്‍ നിലനില്‍ക്കാനുള്ള ഒസ്‌മോട്ടിക് പ്രെഷര്‍ നല്‍കുന്നത് ആല്‍ബുമിന്‍ എന്ന പ്രോട്ടീനാണ്. ഗ്ലോബുലിന്റെ പ്രധാന കര്‍ത്തവ്യം രോഗാണുക്കളെ ചെറുക്കുക എന്നതാണ്. വിവിധ കാരണങ്ങളാല്‍ ശരീരത്തിലുണ്ടാക്കുന്ന ആന്റിബോഡികളെല്ലാം ഗ്ലോബുലിന്റെ സംഭാവനയാണ്. ഫൈബ്രിനോജന്‍ രക്തം കട്ടിയാകുന്നതിനു സഹായിക്കുന്ന ഒരു പ്രധാന ഘടകമാണ്. ഇവയ്ക്ക് പുറമെ പ്ലാസ്മയില്‍ ഗ്ലൂക്കോസ്, സോഡിയം, പൊട്ടാസ്യം ക്ലോറൈഡ് മുതലായ പോഷകങ്ങളും അയോണുകളും,യൂറിയ, ക്രിയാറ്റിനിന്‍ തുടങ്ങിയവ പോലുള്ള വിസര്‍ജ്ജന വസ്തുക്കളും അടങ്ങിയിട്ടുണ്ട്.

രക്തകോശങ്ങള്‍ മൂന്നു തരമുണ്ട്

1.അരുണരക്താണുക്കള്‍ [red blood cells]
2.ശ്വേതരക്താണുക്കള്‍ [white blood cells]
3.പ്ലേറ്റ്‌ലറ്റുകള്‍ അറുനൂറു ചുവന്ന രക്താണുക്കള്‍ക്ക്, നാല്‍പ്പതു പ്ലേറ്റ്‌ലറ്റുകളും ഒരു ശ്വേതരക്താണുവും എന്ന തോതിലാണ് രക്തത്തില്‍ ഇവ കാണപ്പെടുന്നത്.

അരുണരക്താണുക്കള്‍ [red blood cells]

ചുവന്ന രക്താണുക്കളാണ് രക്തത്തില്‍ ധാരാളമായി അടങ്ങിയിരിക്കുന്നത്. ഇതിലെ ഹീമോഗ്ലോബിന്‍ എന്ന ഘടകം രക്തത്തിന് ചുവപ്പ് നിറം നല്‍കുന്നു. ഹീമോഗ്ലോബിനാണ് ശ്വാസകോശങ്ങളില്‍ നിന്നും ഓക്‌സിജന്‍ സ്വീകരിച്ചു ശരീരകോശങ്ങള്‍ക്ക് നല്‍കുകയും തിരികെ കാര്‍ബണ്‍ഡയോക്‌സയിഡ് സ്വീകരിച്ചു ശ്വസകോശം വഴി പുറംതള്ളുകയും ചെയ്യുന്നത്. ഒരു മില്ലിലിറ്റര്‍ രക്തത്തില്‍ ഏതാണ്ട് 50 ലക്ഷം ചുവന്ന രക്താണുക്കള്‍ കാണും. സാധാരണഗതിയില്‍ 100 മി.ലി. രക്തത്തില്‍ 12 മുതല്‍15 ഗ്രാം വരെ ഹീമോഗ്ലോബിന്‍ ഉണ്ടാവും

ശ്വേതരക്താണുക്കള്‍ [white blood cells]

ശ്വേതരക്താണുക്കള്‍ ചുവന്ന രക്താണുക്കളെക്കാള്‍ വലിപ്പം കൂടിയവയാണ്. ഇവ ശരീരത്തിനുള്ളില്‍ പ്രവേശിക്കുന്ന ബാക്റ്റീരിയകളെയും മറ്റു അണുക്കളെയും ഒരു വലയം[engulf] സൃഷ്ടിച്ച് നശിപ്പിക്കുന്നു. ഇതോടൊപ്പം രോഗപ്രതിരോധത്തിനാവശ്യമായ പ്രതിവസ്തുക്കളും [antibodies] നിര്‍മ്മിക്കുന്നു. ശ്വേതരക്താണുക്കള്‍ വിവിധതരമുണ്ട്.

1.ന്യൂട്രോഫില്‍ 2.ലിംഫോസൈറ്റ് 3.ഈസിനോഫില്‍ 4.ബേസോഫില്‍ 5.മോണോസൈറ്റ്
ഇവ ഓരോന്നിനും പ്രത്യേകം പ്രത്യേകം ധര്‍മ്മങ്ങളുമുണ്ട്.

പ്ലേറ്റ്‌ലറ്റുകള്‍

മജ്ജയില്‍ നിന്നുല്‍പ്പാദിപ്പിക്കപ്പെടുന്നതും കോശമര്‍മ്മം ഇല്ലാത്തതുമായ ചെറിയ ഇനം കോശങ്ങളാണ് പ്ലേറ്റ്‌ലറ്റുകള്‍. ത്രോമ്പോസൈറ്റുകള്‍ എന്നും അറിയപ്പെടുന്നു. ശരാശരി ഒരു മില്ലിലിറ്റര്‍ രക്തത്തില്‍ ഏകദേശം 250,000 മുതല്‍ 400,000 വരെ പ്ലേറ്റ്‌ലറ്റുകള്‍ അടങ്ങിയിട്ടുണ്ട്. രക്തസ്രാവം തടയുക എന്നതാണ് ഇവയുടെ പ്രധാനജോലി.

ചുവന്ന രക്താണുക്കള്‍ 120 ദിവസംവരെ ജീവിച്ചിരിക്കും. പ്ലേറ്റ്‌ലെറ്റുകള്‍ 7 മുതല്‍ 9 ദിവസം വരെയും. വിവിധതരം ശ്വേതരക്താണുക്കളുണ്ട്. ഇവയുടെ ആയുര്‍ദൈര്‍ഘ്യം ഓരോ ഇനത്തിലും വ്യത്യസ്തമായിരിക്കും.

രക്തഗ്രൂപ്പുകള്‍

16ആം നൂറ്റാണ്ടു മുതല്‍ക്കുതന്നെ ആവശ്യക്കാരായ രോഗികള്‍ക്ക് രക്തം നല്‍കി വന്നിരുന്നെങ്കിലും ഇരുപതാം നൂറ്റാണ്ടില്‍ മാത്രമേ നാം ഇന്നു കാണുന്ന രീതിയില്‍ സുരക്ഷിതമായ രക്തസന്നിവേശ മാര്‍ഗങ്ങള്‍ നിലവില്‍ വന്നുള്ളൂ. ഇതിനുകാരണം വിവിധതരം രക്തഗ്രൂപ്പുകളുടെ കണ്ടെത്തലാണ്. കാള്‍ ലാന്‍സ്റ്റെനര്‍ എന്ന ആസ്ട്രിയക്കാരനായ ശാസ്ത്രജ്ഞനാണ് എ, ബി, ഓ (ABO) എന്ന, ഇന്ന് സര്‍വസാധാരണമായി ഉപയോഗിക്കുന്ന രക്തഗ്രൂപ്പുകളുടെ ഉപജഞാതാവ്.

ചുവന്ന രക്താണുക്കളുടെ ആവരണത്തില്‍ ചില പ്രത്യേകതരം ആന്റിജനുകള്‍ [ഒരു പ്രോട്ടീന്‍ പദാര്‍ത്ഥം] കാണപ്പെടുന്നു. അവയെ A ആന്റിജനെന്നും B ആന്റിജനെന്നും രണ്ടായി തിരിച്ചിരിക്കുന്നു. ഇവയുടെ സാന്നിധ്യമോ അസാനിധ്യമോ അടിസ്ഥാനമാക്കിയാണ് രക്തഗ്രൂപ്പുകളെ തരംതിരിക്കുക [blood grouping]. മൂന്നാമതായി 'ഒ ' ആന്റിജന്‍ എന്നൊരു ഘടകം കൂടി RBC യുടെ ആവരണത്തില്‍ പ്രധാനപ്പെട്ട ഒന്നായി കണ്ടെത്തപ്പെട്ടിട്ടുണ്ട്.

A ആന്റിജന്‍ ഉള്ള രക്തം 'A' ഗ്രൂപ്പെന്നും, B ആന്റിജന്‍ ഉള്ളത് 'B' ഗ്രൂപ്പെന്നും ഇവ രണ്ടുമുള്ളത് 'AB' ഗ്രൂപ്പെന്നും, ഇവ രണ്ടും ഇല്ലാത്തത് 'O' ഗ്രൂപ്പെന്നും അറിയപ്പെടുന്നു. A ഗ്രൂപ്പുകാരുടെ പ്ലാസ്മയില്‍ B ആന്റിജനെതിരായ ആന്റിബോഡിയും B ഗ്രൂപ്പുകാരുടെ പ്ലാസ്മയില്‍ A ആന്റിജനെതിരായ ആന്റിബോഡിയും കാണപ്പെടുന്നു. O ഗ്രൂപ്പുകാരില്‍ ഈ രണ്ടു ആന്റിബോഡികളുമുള്ളപ്പോള്‍ AB ഗ്രൂപ്പില്‍ രണ്ടു ആന്റിബോഡികളും ഉണ്ടാകില്ല. മനുഷ്യരില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത് 'ഒ' ഗ്രൂപ്പുകാരാണ്. പിന്നീട് ബി,എ,എബി എന്നാ ക്രമത്തിലും.

ഇനി ഒരാളുടെ രക്തം നെഗറ്റീവാണോ പോസിറ്റീവാണോ എന്ന് തീരുമാനിക്കുന്നത് മറ്റൊരു ഘടകമായ 'D' ആന്റിജന്റെ സാന്നിധ്യം നോക്കിയിട്ടാണ്. റീസസ് വര്‍ഗ്ഗത്തില്‍പ്പെട്ട കുരങ്ങിന്റെ രക്തപരിശോധനയില്‍നിന്നാണ് ആദ്യമായി ഈ ഘടകം കണ്ടുപിടിക്കപ്പെട്ടത്. അതുകൊണ്ട് റീസസ്സിന്റെ ആദ്യാക്ഷരങ്ങളായ Rh എന്ന സംജ്ഞകൊണ്ടാണ് ഈ അഗ്‌ളൂട്ടിനോജന്‍ അറിയപ്പെടുന്നത്. Rh'ഡി' ആന്റിജന്‍ ഉള്ളവരെ Rh പോസ്സിറ്റീവ് എന്നും പ്രസ്തുത ആന്റിജന്‍ ഇല്ലാത്തവരെ Rh 'നെഗറ്റീവ്' എന്നും പറയുന്നു. വിവിധതരത്തില്‍പ്പെട്ട 600ല്‍ അധികം ആന്റിജനുകള്‍ തരംതിരിച്ചിട്ടുണ്ടെ
ങ്കിലും A,B,O-യും Rh-ഉം തന്നെയാണ് ഇപ്പോഴും പ്രധാനപ്പെട്ടവ. ഇവ രണ്ടും കൂടി യോജിപ്പിച്ചാണ് ഒരാളുടെ രക്തഗ്രൂപ്പ് ഏതെന്നു തീരുമാനിക്കുന്നത്. താങ്കളുടെ രക്തഗ്രൂപ്പ് താഴെക്കാണുന്നവയില്‍ ഏതെങ്കിലും ഒന്നാകാം.

  • (O+ve/ O-ve)
  • (B+ve/ B-ve)
  • (A+ve/ A-ve)
  • (AB+ve/ AB-ve)

രക്തഗ്രൂപ്പുകള്‍ ജീനുകളെ ആശ്രയിച്ചിരിക്കുന്നു. അതായത് ഒരാളുടെ മാതാപിതാക്കളുടെ രക്തഗ്രൂപ്പിനനുസൃതമായിരിക്കും അയാളുടെ രക്തഗ്രൂപ്പ്. രക്തഗ്രൂപ്പുകള്‍ ഒരാളിന്റെ വ്യക്തിമുദ്രയുടെ ഭാഗമാണ്. അയാളുടെ ജീവിതകാലത്തില്‍ ഇതിനു ഒരിക്കലും മാറ്റം സംഭവിക്കുന്നില്ല. നമ്മുടെ ജനസംഖ്യയില്‍ ഓരോ രക്തഗ്രൂപ്പുകളുടെയും അനുപാതം ചുവടെ ചേര്‍ക്കുന്നു.

  • ഒ-  42%
  • ബി-  27%
  • എ-  25%
  • എബി-  6%

നമ്മുടെ ജനസംഖ്യയുടെ 93% പേരും Rh പോസ്സിറ്റീവ് ആയിട്ടുള്ളവരാണ്. ബാക്കി 7 ശതമാനം ആള്‍ക്കാര്‍ മാത്രമേ Rh നെഗറ്റീവുള്ളൂ. Rh ഘടകത്തിന് ചില പ്രത്യേകതകള്‍ ഉണ്ട്. Rh നെഗറ്റീവായിട്ടുള്ള വ്യക്തിക്ക് Rh പോസ്സിറ്റീവായിട്ടുള്ള രക്തം നല്‍കുകയോ, Rh നെഗറ്റീവ് സ്ത്രീ Rh പോസ്സിറ്റീവ് ആയിട്ടുള്ള കുഞ്ഞിനെ ഗര്‍ഭം ധരിക്കുകയോ ചെയ്കവഴി ത്വരിതഗതിയില്‍ ആന്റിബോഡികള്‍ ഉല്‍പ്പാദിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ട്. അമ്മയുടെയും കുഞ്ഞിന്റേയും Rh ഘടകത്തിലെ വ്യത്യാസം നവജാത ശിശുക്കളില്‍, രക്തക്കുറവ്, മഞ്ഞപ്പിത്തം, തുടങ്ങിയ രോഗങ്ങള്‍ക്കും ചിലപ്പോള്‍ മരണംതന്നെ സംഭവിക്കാനും ഇടയാക്കുന്നു.

ബോംബേ ബ്ലഡ്ഗ്രൂപ്പ്

ABO ബ്ലഡ് ഗ്രൂപ്പ് സങ്കേതത്തിന്റെ അടിസ്ഥാന ഘടകങ്ങളില്‍ ഒന്നായ 'എച്ച്' (ഒ) ആന്റിജന്‍ ഇല്ലാത്ത ഒരു അപൂര്‍വ്വ രക്തഗ്രൂപ്പാണ് ബോംബെ ഗ്രൂപ്പ്. ഒ ഘടകത്തെ ഉണ്ടാക്കാന്‍ സഹായിക്കുന്ന ഒരു രാസാഗ്‌നി (Enzyme) യുടെ അഭാവമാണ് ഈ രക്തഗ്രൂപ്പിനു കാരണമാകുന്നത്. ABO ഗ്രൂപ്പുകളെ നിര്‍ണയിക്കാനുള്ള രക്തപരിശോധനകളില്‍ ഇത്തരക്കാരുടെ രക്തം 'ഓ' ഗ്രൂപ്പായി കാണിക്കുന്നതിനാല്‍ Oh എന്ന് ഇവരുടെ ഗ്രൂപ്പിനെ പൊതുവേ രേഖപ്പെടുത്തുന്നു. 

1952ല്‍ മുംബൈയില്‍ ഡോ. ഭെന്‍ഡേയാണ് ഈ രക്തഗ്രൂപ്പ് ആദ്യമായി തിരിച്ചറിഞ്ഞത്. മഹാരാഷ്ട്രയിലും അതിനോടു ചേര്‍ന്ന കര്‍ണ്ണാടകയുടെ ചില പ്രദേശങ്ങളിലുമാണ് ബോംബേ ഓ പോസിറ്റീവ് രക്തം ഉള്ളവരെ കൂടുതലായി തിരിച്ചറിഞ്ഞിട്ടുള്ളത്. അതിനാലാണ് ഈ രക്തഗ്രൂപ്പിന് ബോംബേ ഗ്രൂപ്പ് എന്ന പേരു വരാന്‍ കാരണം. ബോംബേ രക്തഗ്രൂപ്പില്‍പ്പെടുന്നവര്‍ക്ക് മറ്റു ഏബിഓ ഗ്രൂപ്പുകളില്‍ പെട്ടവരുടെ രക്തം സ്വീകരിക്കാനോ അവര്‍ക്ക് തിരിച്ച് രക്തം നല്‍കാനോ കഴിയുകയില്ല. അവര്‍ക്ക് ബോംബേ ഗ്രൂപ്പ് തന്നെ വേണം.

വിവരങ്ങള്‍ക്ക് കടപ്പാട്: ഇന്‍ഫോക്ലിനിക്ക്