മ്മുടെ നാട്ടിൽ സാധാരണയായി കണ്ടുവരുന്നതാണ് ഓസ്റ്റിയോ ആർത്രൈറ്റിസ്. ഒരു രോഗം എന്നതിനേക്കാളുപരി ഇത് പ്രായാധിക്യം മൂലമുണ്ടാകുന്ന സന്ധിയിലെ തേയ്മാനത്തെയാണ് സൂചിപ്പിക്കുന്നത്. മനുഷ്യശരീരത്തിലെ പ്രധാനപ്പെട്ട സന്ധികളിലെല്ലാമുണ്ടാകുന്ന തരുണാസ്ഥി(കാർട്ടിലേജ്)എന്ന ആവരണത്തിന്റെ കട്ടി കുറയുന്നതിനെയാണ് തേയ്മാനം എന്ന് സാധാരണയായി പറയുക. ശരീരഭാരം ഏറ്റവും കൂടുതലായി അനുഭവപ്പെടുന്ന കാൽമുട്ട്, ഇടുപ്പിലെ സന്ധി എന്നിവിടങ്ങളിലാണ് പ്രധാനമായും തേയ്മാനം കാണാറുള്ളത്. കൂടാതെ നട്ടെല്ലിലെയും കൈകളിലെയും കാലിലെ തള്ളവിരലിലെയും സന്ധികളെ രോഗം ബാധിക്കാം. പ്രായാധിക്യം പ്രധാന കാരണമാണെങ്കിലും ജീവിതശൈലിയിലെ മാറ്റമാണ് യുവാക്കളിൽ ഓസ്റ്റിയോ ആർത്രൈറ്റിസിന് കാരണമാകുന്നത്. പൊണ്ണത്തടി വരുമ്പോൾ സന്ധികളിലെ മർദം താങ്ങാനാവാതെ മുട്ടുകൾക്ക് തേയ്മാനം സംഭവിക്കാറുണ്ട്.

രോഗ ലക്ഷണങ്ങൾ

കാൽമുട്ടിലും ഇടുപ്പിലും അനുഭവപ്പെടുന്ന വേദന, നീരുവെക്കൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. പ്രധാനമായും വൈകുന്നേരങ്ങളിൽ അനുഭവപ്പെടുന്ന സന്ധിവേദന, പടികൾ കയറി ഇറങ്ങുമ്പോഴുള്ള വേദന, ടോയ്ലറ്റിൽ ഇരിക്കുമ്പോൾ മുട്ടുമടക്കുമ്പോഴുണ്ടാവുന്ന വലിച്ചിലും വേദനയും എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. അടുത്ത ഘട്ടങ്ങളിൽ കാൽമുട്ട് വളയുക, സന്ധിയുടെ വഴക്കക്കുറവ് എന്നിവ കാണുന്നു.

ചികിത്സ

ഡോക്ടറെ കാണിച്ച് ഏതുതരം സന്ധിവേദനയാണെന്ന് കണ്ടെത്തുക പ്രധാനമാണ്. ആമവാതം (റുമാറ്റോയിഡ് ആർത്രൈറ്റിസ്) പ്രധാനമായും മരുന്നുകളിലൂടെ ചികിത്സിക്കാവുന്ന രോഗമാണ്. എന്നാൽ ഓസ്റ്റിയോ ആർത്രൈറ്റിസ് പ്രധാനമായും ശരീരഭാരം കുറയ്ക്കുന്നതിലൂടെയും പേശികളുടെ വ്യായാമം, ഫിസിയോതെറാപ്പി എന്നിവയിലൂടെയും നിയന്ത്രിക്കാവുന്നതാണ്.

മുട്ടുമാറ്റിവെക്കൽ

തേഞ്ഞുപോയ തരുണാസ്ഥി (കാർട്ടിലേജ്) പ്രതലം മാറ്റിവെക്കുന്നതാണ് മുട്ടുമാറ്റിവെക്കൽ എന്നറിയപ്പെടുന്നത്. ആർത്രൈറ്റിസിന്റെ അവസാനഘട്ടങ്ങളിൽ ആണ് ഈ ചികിത്സ ചെയ്യാറ്. പൂർണമായും വിജയകരമായ ഒരു ശസ്ത്രക്രിയയാണിത്. സന്ധികളിലെ വളവ് നിവരുന്നതിനും വേദന കുറയുന്നതിനും അതുമൂലം ജീവിത നിലവാരം ഉയർത്തുവാനും ഈ ശസ്ത്രക്രിയയിലൂടെ സാധിക്കും.

രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • മുട്ടിന് വേദനയുള്ളവർ പടികൾ കയറുന്നതും കുത്തിയിരിക്കുന്നതും ചമ്രം പടിഞ്ഞിരിക്കുന്നതും ഒഴിവാക്കണം.
  • വേദനയുണ്ടാക്കുന്ന പ്രവർത്തികൾ ഒഴിവാക്കുക
  • ഉറങ്ങുമ്പോൾ തലയണ മുട്ടിനു താഴെ വയ്ക്കുന്നത് ഒഴിവാക്കണം. കിടക്കുമ്പോൾ മുട്ടുകൾ നിവർത്തിവെച്ച് നീണ്ടു നിവർന്നു കിടക്കണം.
  • ഇന്ത്യൻ ടോയ്ലറ്റിനു പകരം യൂറോപ്യൻ ടോയ്ലറ്റ് ഉപയോഗിക്കുക
  • ഭാരമുള്ള സാധനങ്ങൾ എടുക്കാതിരിക്കുക

(കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിലെ സെന്റർ ഫോർ ബോൺ ആന്റ് ജോയിന്റ് കെയറിലെ ജോയിന്റ് റീപ്ലേസ്മെന്റ് ആന്റ് ആർത്രോസ്കോപ്പി വിഭാഗം തലവനാണ് ലേഖകൻ)

Content Highlights: World Arthritis Day 2021 What is Osteoarthritis, Health