ക്ടോബർ 12 ലോക സന്ധിവാത ദിനമായി ആചരിക്കുകയാണ്. വിവിധതരം സന്ധിവാത രോഗങ്ങളെക്കുറിച്ചും നൂതന ചികിത്സകളെക്കുറിച്ചുമുള്ള ബോധവത്‌കരണം, സന്ധിവാത രോഗികളുടെ ദൈനംദിന ജീവിതം സുഗമമാക്കുന്നതിനുള്ള മറ്റ് പ്രവർത്തനങ്ങൾ എന്നിവയാണ് ഈ ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്.

ലോകരാജ്യങ്ങളുടെ സാമ്പത്തിക, സാമൂഹിക, ആരോഗ്യ മേഖലകളെ തകിടം മറിച്ച് കോവിഡ് 19 എന്ന മഹാമാരിയുടെ അതിതീവ്ര സമൂഹ വ്യാപനം നടക്കുന്ന ഒരു ഘട്ടത്തിലാണ് ഈ ദിനാചരണം നടക്കുന്നത് എന്ന ഒരു പ്രത്യേകത കൂടിയുണ്ട്. ഈ മഹാമാരിയുടെ തുടക്കത്തിൽ സന്ധിവാത രോഗികളെ, പ്രത്യേകിച്ച് സ്റ്റിറോയിഡ് പോലുള്ള മരുന്നുകൾ കഴിക്കുന്ന രോഗികളെ ഇത് എങ്ങിനെ ബാധിക്കും എന്നതിനെക്കുറിച്ച് കടുത്ത ആശങ്കകളുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ആറ് മാസമായി ലഭ്യമായിക്കൊണ്ടിരിക്കുന്ന പഠന റിപ്പോർട്ടുകൾ അനുസരിച്ച് ഈ ആശങ്കയ്ക്ക് അടിസ്ഥാനമില്ല എന്ന തെളിയിക്കപ്പെട്ടിട്ടുണ്ട്.

രോഗവ്യാപനം തടയുന്നതിനുള്ള പല നിബന്ധനകളുടേയും നിയന്ത്രണങ്ങളുടേയും പേരിൽ കോവിഡ് ഇതര രോഗികൾ പല ബുദ്ധിമുട്ടുകളും നേരിടുന്ന ഈ കാലത്ത് ദീർഘകാല ചികിത്സയും സമയബന്ധിതമായ ശരീര പരിശോധനയും രക്ത പരിശോധനയും ആവശ്യം വേണ്ടുന്ന വാതരോഗികൾക്ക് ഈ നിയന്ത്രണങ്ങൾ കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾ നിസ്സാരമല്ല. ഡോക്ടറെ നേരിട്ട് കാണുന്നതിനുള്ള പ്രയാസം, ചില മരുന്നുകൾ കിട്ടാത്ത അവസ്ഥ, ലാബ് പരിശോധനകൾക്കുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ എന്നിവയാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടവ. ടെലി മെഡിസിൻ എന്ന സംവിധാനം ഒരു പരിധിവരെ ഈ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് സഹായകരമാണ്.

വാതരോഗികൾക്കുള്ള നിർദ്ദേശങ്ങൾ

  • ഡോക്ടറുടെ നിർദ്ദേശപ്രകാരം വാതരോഗ ചികിത്സയ്ക്കുള്ള മരുന്നുകൾ തുടർന്ന് കഴിക്കുക.
  • പനി, തലവേദന, ജലദോഷം, ചുമ, തൊണ്ടവേദന എന്നീ ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ ഡോക്ടറെ സന്ദർശിച്ച് കോവിഡ് ഉണ്ടോ, ഇല്ലയോ എന്ന് ഉറപ്പ് വരുത്തുക.
  • കോവിഡ് സ്ഥിരീകരിച്ചാൽ പൊതുജനാരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിച്ച് ചികിത്സ തുടരുക.
  • തുടർ ചികിത്സയ്ക്ക് ടെലി മെഡിസിൻ പോലുള്ള സംവിധാനങ്ങൾ ഉപയോഗിക്കുക.
  • ഗുണനിലവാരമുള്ള മാസ്ക് ശരിയായവിധത്തിൽ (മൂക്കും വായും പൂർണ്ണമായും മറയ്ക്കുന്ന വിധത്തിൽ) ധരിക്കുക
  • ഫിസിയോതെറാപ്പി ചെയ്യുന്നവർ മാസ്ക്, കൈയുറ, സാനിറ്റൈസർ എന്നിവ കരുതുക. ഫിസിയോ തെറാപ്പിസ്റ്റുകളും വേണ്ട സുരക്ഷാ മുൻകരുതലുകൾ എടുക്കാൻ ശ്രദ്ധിക്കുക.
  • കൈയുടെ ശുചീകരണം ഇടയ്ക്കിടെ ഉറപ്പ് വരുത്തുക
  • സാനിറ്റൈസറിന്റെ ഉപയോഗം നിർബന്ധമായും പാലിക്കുക
  • കയ്യുറകളുടെ ഉപയോഗം ശീലമാക്കുക

ശാസ്ത്രീയമായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള മുഴുവൻ മുൻകരുതലുകളും നിർബന്ധമായും പാലിക്കേണ്ടത് ഓരോ വ്യക്തിയുടേയും ഉത്തരവാദിത്തമാണ്. വാതരോഗബാധിതരാണെങ്കിൽ ഈ ഉത്തരവാദിത്തം ഒന്നുകൂടി ഉറപ്പ് വരുത്തണമെന്ന് മാത്രം. ഓർക്കുക, മുൻകരുതലിനേക്കാൾ വലിയ ചികിത്സ മറ്റൊന്നുമില്ല.

Content Highlights: World Arthritis Day 2021, Safety measures for arthritis patients during Covid19 pandemic, Health