പ്രതീക്ഷിതമായാണ് കോവിഡ് എന്ന മഹാവ്യാധി ലോകത്തെ മുഴുവന്‍ കീഴടക്കിയത്. ആദ്യം പകച്ച് നിന്ന ലോകം ക്രമേണ കോവിഡിനോടൊപ്പം ജീവിക്കാന്‍ പഠിച്ച് കഴിഞ്ഞിരിക്കുന്നു. കോവിഡിനോടൊപ്പമുള്ള ജീവിതം ഏതാണ്ട് രണ്ട് വര്‍ഷത്തിനടുത്തെത്തി നില്‍ക്കുമ്പോഴാണ് ഈ വര്‍ഷത്തെ ലോക ആര്‍ത്രൈറ്റിസ് ദിനം കടന്ന് വരുന്നത്. പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോഴാണല്ലോ അതിനെ എങ്ങിനെ അതിജീവിക്കാമെന്നതിനെ കുറിച്ച് നമ്മള്‍ ചിന്തിച്ച് തുടങ്ങുക. കോവിഡ് കാലത്തെ അനുഭവം മുന്നിലേക്ക് വെക്കുന്നത് അത്തരത്തില്‍ അതിജീവനത്തെക്കുറിച്ചും, അനിവാര്യമായ മാറ്റത്തെക്കുറിച്ചുമുള്ള കുറേയേറെ പ്രതീക്ഷകളാണ്.

കോവിഡിന്റെ ആരംഭവും ആര്‍ത്രൈറ്റിസ് ചികിത്സാ മേഖലയും

'ഒരു നിശ്ചയവുമില്ലയൊന്നിനും, വരുമോരോരോ ദശ വന്നപോലെ പോം' എന്ന് പറഞ്ഞത് പോലെയായിരുന്നു കോവിഡിന്റെ തുടക്കം. എന്താണ്? എന്താകും? എന്നതിനെ കുറിച്ച് യാതൊരു നിശ്ചയവുമില്ലാതിരുന്ന നാളുകള്‍. വാതരോഗ ചികിത്സയിലായിരുന്നു ഏറ്റവും വലിയ അനിശ്ചിതത്വം. കോവിഡ് ഏറ്റവും രൂക്ഷമായി ബാധിക്കാന്‍ സാധ്യതയുള്ളത് വാതരോഗികളെയാണെന്ന് പ്രചാരമുയര്‍ന്നു. സ്റ്റിറോയിഡ് പോലുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നവരായതിനാല്‍ മരണനിരക്ക് വാതരോഗികള്‍ അധികരിക്കുമോ എന്ന ഭയവും വ്യാപകമായിത്തീര്‍ന്നു.

എങ്ങിനെ ഈ അവസ്ഥയെ തരണം ചെയ്യാമെന്നതിനെക്കുറിച്ച് ലോകമെങ്ങുമുള്ള റുമറ്റോളജിസ്റ്റുകള്‍ തലപുകച്ചു. കോവിഡ്ബാധ അനിയന്ത്രിതമായി തുടരുമ്പോള്‍ അതിനനുക്രമമായി എങ്ങിനെ ചികിത്സ ക്രമീകരിച്ചെടുക്കാമെന്നതിലായി കൂടുതല്‍ ചര്‍ച്ചകള്‍. ഏതെങ്കിലും മരുന്നുകള്‍ ഉപേക്ഷിക്കുകയോ, പുനക്രമീകരിക്കുകയോ ചെയ്യേണ്ടതുണ്ടോ? എന്നതിനെക്കുറിച്ചും ഗൗരവതരമായ ചര്‍ച്ചകള്‍ ഉയര്‍ന്ന് വന്നു. സ്വാഭാവികമായും ഇത്തരം വിഷയങ്ങളെ അധികരിച്ച് ത്വരിതഗതിയിലുള്ള ഗവേഷണങ്ങളും, പഠനങ്ങളും ലോകത്തെങ്ങും വ്യപകമായി നടക്കുകയും ചെയ്തു. 

പഠനഫലങ്ങള്‍

മറ്റുള്ളവരെ അപേക്ഷിച്ച് ആര്‍ത്രൈറ്റിസ് രോഗികള്‍ക്ക് കോവിഡ് ബാധിക്കുവാനോ അതുമൂലം മരണപ്പെടാനോ അധിക സാധ്യതയൊന്നും ഇല്ല എന്നാണ് ലോകമെങ്ങുമുള്ള പഠന ഫലങ്ങള്‍ തന്ന സൂചനകള്‍. റുമറ്റോളജി രംഗത്ത് സേവനനിരതരായവരെ സംബന്ധിച്ച ആശ്വാസപൂര്‍ണ്ണമായ വാര്‍ത്തയായിരുന്നു ഇത്. അമേരിക്കന്‍ കോളേജ് ഓഫ് റുമറ്റോളജിയുടെ നേതൃത്വത്തില്‍ കോവിഡ് കാലത്തെ ആര്‍ത്രൈറ്റിസ് രോഗികള്‍ വാക്‌സിന്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ആശങ്കകള്‍ ദുരീകരിക്കുകയും നിര്‍ബന്ധമായും രോഗികള്‍ വാക്‌സിന്‍ സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തതോടെ ചികിത്സാ രംഗത്തെ പ്രധാന ആശങ്കയ്ക്ക് വിരാമമായി. മാത്രമല്ല വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ നിലവില്‍ സ്വീകരിക്കുന്ന മരുന്നുകളില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും കൃത്യമായ നിര്‍ദ്ദേശങ്ങള്‍ വന്നു.

കോവിഡ് കാലത്തെ പ്രധാന മാറ്റങ്ങള്‍

കോവിഡിന്റെ വ്യാപനം സൃഷ്ടിച്ച പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോള്‍ ആതുരസേവന മേഖല പൊതുവെയും ആര്‍ത്രൈറ്റിസ് ചികിത്സാ രംഗം പ്രത്യേകിച്ചും പിന്‍തുടരേണ്ടതായ രണ്ട് കാര്യങ്ങളാണ് ചൂണ്ടിക്കാണിക്കുവാനുള്ളത്. ഇതില്‍ ഒന്നാമത്തേത് ടെലി മെഡിസിന്റെ ഉപയോഗവും, രണ്ടാമത്തേത് വില കുറഞ്ഞ മരുന്നുകളുടെ ഉപയോഗവുമാണ്.

ടെലിമെഡിസിന്‍

മുന്‍കാലങ്ങളില്‍ ടെലി മെഡിസിന്‍ ഉപയോഗം സംബന്ധിച്ച് കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളൊന്നും ഇല്ലാതിരുന്നതിനാല്‍ ഈ മേഖലയെ കൃത്യമായ ചികിത്സാ മാര്‍ഗ്ഗമായി അംഗീകരിച്ചിരുന്നില്ല. എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ ടെലിമെഡിസിന്റെ പ്രധാന്യം വര്‍ധിക്കുക തന്നെ ചെയ്തു. ഡോക്ടര്‍ക്ക് രോഗിയുമായി അടുത്തിരുന്ന് ഇടപഴകാനാവില്ല എന്ന പരിമിതിയുണ്ടെങ്കിലും മറ്റനേകം വലിയ നേട്ടങ്ങളുള്ളതിനാല്‍ ഈ രീതിയെ തുടര്‍ന്ന് കൊണ്ടുപോകുന്നതാണ് ഉചിതം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ആദ്യമായി രോഗനിര്‍ണ്ണയം നടത്താനെത്തുന്നവര്‍ക്കും, രോഗം മൂര്‍ച്ഛിച്ച് ചികിത്സ തേടുന്നവര്‍ക്കുമല്ലാതെ രോഗത്തിന്റെ കൃത്യമായ ഫോളോ അപ്പ് നടത്തുന്നവര്‍ക്കാണ് ടെലി മെഡിസിന്‍ കൂടുതല്‍ ഗുണകരമാവുക. ആശുപത്രിയില്‍ നേരിട്ട് വരേണ്ടതില്ല, ക്യൂ നില്‍ക്കേണ്ടതില്ല, യാത്ര ചെയ്യേണ്ടതില്ല തുടങ്ങിയ അനേകം നേട്ടങ്ങള്‍ വേറെയും അനുബന്ധമായ സാമ്പത്തിക നേട്ടം പുറമെയുമുണ്ട്. 

വില കുറഞ്ഞ മരുന്നുകളുടെ ഉപയോഗം

കോവിഡ് സൃഷ്ടിച്ച സാമൂഹിക പ്രത്യാഘാതത്തെക്കൂടി പരിഗണിച്ച് വേണം രോഗിക്ക് മരുന്ന് നല്‍കേണ്ടത് എന്നതാണ് ഞാന്‍ മനസ്സിലാക്കിയ മറ്റൊരു പ്രധാന കാര്യം. 2021ല്‍ ശരാശരി ഇന്ത്യാക്കാരന്റെ പ്രതിമാസ ശമ്പളം 31900 രൂപയാണ്. അതായത് പകുതിയോളം പേര്‍ ഈ സൂചിപ്പിച്ചിരിക്കുന്ന ശമ്പളത്തില്‍ താഴെ മാത്രം കൈപ്പറ്റുന്നവരാണെന്നതാണ് യാഥാര്‍ത്ഥ്യം. 8 ലക്ഷം പ്രവാസി മലയാളികള്‍ തിരികെ എത്തിയിരിക്കുന്നു. ഇതില്‍ അഞ്ച് ലക്ഷം പേര്‍ തൊഴില്‍ നഷ്ടപ്പെട്ടവരാണ്! ഈ സാഹചര്യത്തില്‍ താരതമ്യേന ഉയര്‍ന്ന ചികിത്സാ ചെലവ് എങ്ങിനെ നേരിടും?

ഒറ്റ വഴി മാത്രമേ നമുക്ക് മുന്‍പിലുള്ള ഉയര്‍ന്ന ചെലവ് വരുന്ന മരുന്നുകള്‍ക്ക് പകരം അതേ ഗുണമുള്ള കുറഞ്ഞ ചെലവുള്ള മരുന്ന് നിര്‍ദ്ദേശിക്കപ്പെടണം. ഒരു ഉദാഹരണം പറഞ്ഞാല്‍ വാതരോഗ ചികിത്സയില്‍ ഉപയോഗിക്കുന്ന ചില മരുന്നുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ 25000-50000 വരെയാണ് ആറ് മാസത്തേക്കുള്ള ചെലവ് എന്നാല്‍ ഏറെക്കുറേ ഇതേ ഗുണമുള്ള  പ്രതിമാസം 2000 രൂപ മാത്രം ചെലവ് വരുന്ന മരുന്നുകളും ലഭ്യമാണ്. ഉയര്‍ന്ന ചെലവ് കാരണം ചികിത്സ തുടരാന്‍ സാധിക്കാതെ വരുന്നതിനേക്കാള്‍ നല്ലത് കുറഞ്ഞ ചെലവുള്ള മരുന്ന് ഉപയോഗിച്ച് ചികിത്സ മുന്‍പിലേക്ക് കൊണ്ട് പോകുന്നത് തന്നെയാണല്ലോ. 

കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍

കോവിഡ് പ്രതിസന്ധി അതിജീവിച്ച് പുതിയ ജീവിതത്തിലേക്ക് തിരികെയെത്തുമ്പോള്‍ വാതരോഗ ചികിത്സാ രംഗത്ത് നിര്‍ബന്ധമായും നടപ്പിലാകണം എന്നാഗ്രഹിക്കുന്ന കുറച്ച് കൂടി നിര്‍ദ്ദേശങ്ങള്‍ കൂടി ഈ ലേഖനത്തിന്റെ പരിസമാപ്തിയില്‍ പങ്കുവെക്കാനുണ്ട്. അതില്‍ പ്രധാനപ്പെട്ടത് 'ഇന്ത്യന്‍ പശ്ചാത്തലത്തിലുള്ള ചികിത്സാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍' ആണ്.  ഇതിന് പുറമെ കേന്ദ്രകൃതമായ ഡാറ്റാ സംവിധാനങ്ങളും, പ്രാദേശികമായി ഗവേഷണങ്ങള്‍ നടത്താനുള്ള സംവിധാനങ്ങളും യാഥാര്‍ത്ഥ്യമാകേണ്ടതുണ്ട്. ഓരോ റുമറ്റോളജിസ്റ്റിനും സ്വന്തം നിലയിലുള്ള കണ്ടെത്തലുകളുടെ വിവരം ഇത്തരം സംവിധാനങ്ങളിലൂടെ പങ്ക് വെക്കാന്‍ സാധിക്കണം. ഇന്ത്യന്‍ റുമറ്റോളജി അസോസിയേഷന്റെ ഓരോ സംസ്ഥാന ഘടകങ്ങള്‍ക്കും ഇത്തരം വിവരങ്ങളെ ശേഖരിക്കാനും സംയോജിപ്പിക്കാനും ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കാനും സാധിക്കണം

(കോഴിക്കോട് ആസ്റ്റര്‍ മിംസിലെ റുമറ്റോളജി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ് & ഹെഡ് ആണ് ലേഖകന്‍)

Content Highlights: World Arthritis Day 2021, How covid19 affected Arthritis patients, Health