ഫാസ്റ്റ് ഫുഡ് സംസ്‌കാരവും വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളുടെയും മധുരമുള്ള ഭക്ഷണങ്ങളുടെയും അമിതോപയോഗവുമെല്ലാം മാറിയ ജീവിതശൈലിയുടെ കാഴ്ചകളാണ്. ഈ മാറ്റങ്ങള്‍ അമിതവണ്ണത്തിലേക്കാണ് നയിക്കുന്നത്. അമിതഭാരം സന്ധികളുടെ ആരോഗ്യത്തെ പ്രതിസന്ധിയിലാക്കും. മാത്രമല്ല സന്ധിവാത രോഗമുള്ളവരില്‍ അത് കൂടുതല്‍ കഠിനമാകാന്‍ ഇടയാക്കുകയും ചെയ്യും. അതുകൊണ്ട് സന്ധിവാതം നിയന്ത്രിക്കാന്‍ അമിതഭാരം കുറയ്ക്കണം. അതിന് ശരിയായ ഭക്ഷണ ശീലങ്ങള്‍ പാലിക്കുകയും വേണം. 

ശരിയായ ശരീരഭാരത്തെക്കാള്‍ 10 ശതമാനം ഭാരം കൂടുതലുള്ളവരില്‍ 23 ശതമാനം പേര്‍ക്കും, അമിതവണ്ണം(20 ശതമാനം ഭാരം കൂടുതല്‍) ഉള്ളവരില്‍ 31 ശതമാനം പേര്‍ക്കും ആര്‍ത്രൈറ്റിസ് ബാധിക്കാനിടയുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ തടയാനും നിയന്ത്രിക്കാനും ഭക്ഷണക്രമീകരണം അത്യാവശ്യമാണ്. ശരീരഭാരം കൂട്ടാത്തതും അതേ സമയം എല്ലാ പോഷകങ്ങളും ലഭിക്കുന്നതുമായ ഭക്ഷണങ്ങളാണ് വേണ്ടത്. 

ഭാരം കുറയ്ക്കാം ഭക്ഷണത്തിലൂടെ

ശാസ്ത്രീയമായി ഭക്ഷണം നിയന്ത്രിക്കുകയും വ്യായാമം കൂട്ടുകയും ചെയ്യുന്നതു വഴി ഭാരം കുറയ്ക്കാനാകും. ഇതിന് ഇച്ഛാശക്തിയാണ് പ്രധാനം. 

  • എല്ലാ ഭക്ഷണഗ്രൂപ്പുകളും ഉള്‍പ്പെട്ട സമീകൃതാഹാരം ശീലമാക്കുക.
  • പ്രഭാതഭക്ഷണം നിര്‍ബന്ധമായും കഴിക്കുക. അല്ലെങ്കില്‍ ഉച്ചഭക്ഷണത്തിന്റെ അളവ് കൂട്ടാന്‍ ഇടയാകും.
  • പെട്ടെന്നൊരു ദിവസം അരിയാഹാരം പൂര്‍ണമായി നിര്‍ത്തരുത്. മൊത്തം ധാന്യത്തിന്റെ അളവു കുറച്ച് പകരം പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി, വേവിക്കാതെ സലാഡ്രൂപത്തില്‍ ആഹാരത്തിനു മുന്‍പ് കഴിക്കുക.
  • എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയോ നിയന്ത്രിക്കുയോ ചെയ്യുക.

ഗൗട്ട് നിയന്ത്രിക്കാന്‍

അമിതവണ്ണം, മദ്യപാനം, മാംസഭക്ഷണത്തോടുള്ള അമിത താത്പര്യം എന്നിവയാണ് ഗൗട്ട് വ്യാപകമാവാനുള്ള കാരണം. ചുവന്ന മാംസത്തില്‍ പ്യൂരിന്‍ അമിതമായി അടങ്ങിയിരിക്കുന്നു. ഇത് പതിവായി കഴിക്കുന്നവര്‍ക്ക് ഗൗട്ട് ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. ഗൗട്ടിന് കാരണമാവുന്ന പ്രധാനപ്പെട്ട മറ്റൊരു കാരണമാണ് ബിയര്‍.

മാംസ കൊഴുപ്പിലും വിവിധയിനം യീസ്റ്റ് ഉപയോഗിച്ചുള്ള വിഭവങ്ങളിലും പ്യൂരിന്‍ ധാരാളമുണ്ട്. ബ്രെഡ്, കേക്ക്, ബിയര്‍, മദ്യം, മൃഗങ്ങളുടെ അവയവ ഭാഗങ്ങളായ കരള്‍, ബ്രെയ്ന്‍ ഇവ ഒഴിവാക്കണം. ടിന്നിലടച്ച ഭക്ഷണങ്ങള്‍, കോള എന്നിവ നിയന്ത്രിക്കണം. ഇവയ്ക്ക് പകരം മിതമായ പ്രോട്ടീന്‍,  നാരുകള്‍, തവിടുകള്‍ എന്നിവ കൂടുതല്‍ അടങ്ങിയ ആഹാരം, കൊഴുപ്പുകുറഞ്ഞ ഭക്ഷണങ്ങള്‍ എന്നിവ ശീലമാക്കണം. ഭക്ഷണക്രമീകരണം, വ്യായാമം ഇവ ശീലിച്ച് അമിത ശരീരഭാരം കുറയ്ക്കണം. ധാരാളം വെള്ളവും കുടിക്കണം.

ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ 

റുമറ്റോയിഡ് ആര്‍ത്രൈറ്റിസിന്റെ ഒരു പ്രധാന ലക്ഷണമാണ് ക്ഷീണവും തളര്‍ച്ചയും. മാത്രമല്ല ആര്‍ത്രൈറ്റിസുമായി ബന്ധപ്പെട്ട ദീര്‍ഘകാല ചികിത്സ പലപ്പോഴും അനീമിയയ്ക്കും കാരണമാവാറുണ്ട്. അതുകൊണ്ട് ആഹാരത്തിലെ ഇരുമ്പിന്റെ അംശം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. സസ്യാഹാരങ്ങളെ അപേക്ഷിച്ച് മാംസാഹാരങ്ങളില്‍ ഇരുമ്പിന്റെ അളവ് കൂടുതലാണ്. മത്സ്യം, ഇറച്ചി, റാഗി, തവിടുള്ള ധാന്യങ്ങള്‍, ഇലക്കറികള്‍, ഉണങ്ങിയ പഴങ്ങള്‍, പയറുവര്‍ഗങ്ങള്‍ ഇവയിലൊക്കെ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. പാലില്‍ ഇരുമ്പ് കുറവാണെങ്കിലും പാലിലെ ലാക്ടോഫെറിന്‍, ലാക്ടാല്‍ബുമിന്‍ ഇവ ഇരുമ്പിന്റെ ആഗിരണത്തെ സഹായിക്കുന്നു. വിറ്റാമിന്‍ സി അടങ്ങിയ ഓറഞ്ച്, മുസമ്പി, നെല്ലിക്ക, പേരക്ക ഇവയുടെ ഉപയോഗവും ഇരുമ്പിന്റെ ആഗിരണത്തില്‍ പ്രധാന പങ്കുവഹിക്കുന്നു.

ഒമേഗ-3 ഫാറ്റി ആസിഡ്

ജീവിതശൈലിരോഗങ്ങള്‍ക്കെതിരെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതാണ് ഒമേഗ 3 ഫാറ്റി ആസിഡ്. കടല്‍മത്സ്യങ്ങള്‍, ഫ്ളാക്സ് സീഡ്, മത്സ്യ എണ്ണകള്‍ ഇവയില്‍ ഇത് ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധത്തിനും ഹൃദയാരോഗ്യത്തിനും റുമറ്റോയിഡ് ആര്‍ത്രൈറ്റിസ് മൂലമുള്ള തീവ്രവേദന കുറയ്ക്കുന്നതിനും സഹായകരമാണെന്ന് പഠനങ്ങളില്‍ വ്യക്തമാക്കുന്നു.

കാത്സ്യം ശരീരത്തിന് ആവശ്യത്തിന് കാത്സ്യം ലഭിച്ചില്ലെങ്കില്‍ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്/ ഓസ്റ്റിയോ പൊറോസിസ് പോലുള്ള രോഗങ്ങള്‍ ഉണ്ടാവാന്‍ ഇടയുണ്ട്. പ്രത്യേകിച്ച് ആര്‍ത്തവവിരാമം വന്നവരില്‍. 

ശ്രദ്ധിക്കേണ്ടത്

  1. ധാതുലവണങ്ങള്‍, വിറ്റാമിനുകള്‍, കാത്സ്യം, ഇരുമ്പ് ഇവ ഉള്‍പ്പെടുന്ന സന്തുലിതമായ ആഹാരരീതി ശീലമാക്കുക.
  2. വിറ്റാമിന്‍ കെ, കാത്സ്യം ഇവ  ഭക്ഷണത്തിന്റെ ഭാഗമാക്കുക.
  3. ഫ്രീറാഡിക്കലുകളെ നിര്‍മാര്‍ജനംചെയ്യുന്ന ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിരിക്കുന്ന പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ ഇവ ദിവസവും ഉപയോഗിക്കുക.
  4. ശരീരഭാരം ശരിയായ രീതിയില്‍ നിലനിര്‍ത്തുക.
  5. മദ്യം, മാംസം എന്നിവയുടെ ഉപയോഗം കുറയ്ക്കുക.
  6. പാല്‍, പാലുത്പന്നങ്ങള്‍, ഇലക്കറികള്‍, പച്ചക്കറികള്‍, റാഗി, എള്ള് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. 

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: World Arthritis day 2021, Food and exercise to prevent arthritis, Health