രാജ്മോഹന്‍ പ്രമേഹബാധിതനായിട്ട് പത്ത് വര്‍ഷമായി. ഇടത് കൈയിലെ വേദനയുമായാണ് അദ്ദേഹം ചികിത്സ തേടിയെത്തിയത്. ഇടതു കൈ അനക്കാന്‍ നന്നേ ബുദ്ധിമുട്ടാണ്. തോളെല്ലിന്റെ ഭാഗത്ത് കലശലായ വേദന. കൈ മുന്നോട്ട് ചലിപ്പിക്കുന്നതിന് അധികം പ്രയാസമില്ല, പക്ഷേ പിറകിലേക്കു കൊണ്ടുപോകാന്‍ സാധിക്കുന്നില്ല. പുറകിലെ മുടി ചീകാന്‍ വളരെ കഷ്ടപ്പെടേണ്ടിവരുന്നു.

പ്രമേഹമെന്നാല്‍ പൊതുവെ അറിയപ്പെടുന്നത് ഹൃദയാഘാതവും പക്ഷാഘാതവും അന്ധതയും മറ്റും വരുത്താന്‍ സാധ്യതയുളള ഗുരുതര രോഗം എന്നാണ്. പക്ഷേ പ്രമേഹം സന്ധിരോഗങ്ങള്‍ക്കും ഒരു പ്രധാന കാരണമാണ് എന്ന് തിരിച്ചറിയണം. മറ്റുളളവരെ അപേക്ഷിച്ച് പ്രമേഹബാധിതരില്‍ സന്ധി രോഗങ്ങള്‍ വരാനുള്ള സാധ്യത രണ്ടു മടങ്ങ് കൂടുതലാണ്. മാത്രമല്ല സന്ധിരോഗങ്ങളുളള പകുതിയിലേറെപേരും പ്രമേഹരോഗികളാണുതാനും.

പ്രമേഹരോഗികള്‍ക്ക് സന്ധികളിലുണ്ടാകുന്ന രോഗങ്ങളെ ഡയബറ്റിക് ആര്‍ത്രോപതി (Diabetic  Arthropathy) എന്ന് പറയുന്നു. പ്രമേഹ പ്രാരംഭവസ്ഥയില്‍പോലും ഡയബറ്റിക് ആര്‍ത്രോപതി കണ്ടുവരുന്നുണ്ട്. പ്രമേഹരോഗത്തിന്റെ പ്രധാന പ്രത്യേകതകളില്‍ ഒന്ന് ആദ്യ എട്ടോ പത്തോ വര്‍ഷങ്ങള്‍ പ്രത്യേകിച്ച് അസ്വസ്ഥതയോ രോഗലക്ഷണങ്ങളോ രോഗികള്‍ക്ക് അനുഭവപ്പെടുന്നില്ല എന്നതാണ്. ആ കാരണം കൊണ്ടുതന്നെയാണ് പെട്ടെന്ന് രോഗലക്ഷണങ്ങള്‍ കാണിക്കുന്ന സന്ധിവേദനയോ ഹൃദ്രോഗമോ ഉണ്ടാകുമ്പോള്‍ അതിനെ മാത്രം ലക്ഷ്യമാക്കി ചികിത്സ സ്വീകരിക്കുന്നത്. പ്രമേഹരോഗികള്‍ക്ക് സാധാരണ ഇത്തരത്തില്‍ അബദ്ധങ്ങള്‍ സംഭവിക്കാറുണ്ട്. കൈകാലുകളില്‍ പെരിപ്പ് ഉണ്ടാകുമ്പോള്‍ അതിനു മാത്രം ചികിത്സ തേടും. വൃക്കയില്‍ രോഗം വരുമ്പോള്‍ വൃക്കരോഗത്തിന് മാത്രമുള്ള ചികിത്സ തേടും. അത്തരം അബദ്ധം സന്ധിവേദനകളിലും സംഭവിക്കാന്‍ സാധ്യതയുണ്ട്. അടിസ്ഥാന രോഗമായ പ്രമേഹത്തിന് വളരെ വിദഗ്ധമായ ചികിത്സ അതോടൊപ്പം സ്വീകരിക്കുവാന്‍ മറക്കരുത്. 

പ്രമേഹരോഗികള്‍ക്ക് മറ്റുളള രോഗികളെ അപേക്ഷിച്ച് സന്ധിരോഗങ്ങള്‍ ഉണ്ടാകാനുളള സാധ്യത കൂടുതലാണെങ്കിലും എല്ലാ പ്രമേഹരോഗികള്‍ക്കും ഇത് വരണമെന്നില്ല. ഈയടുത്ത് നടന്ന പഠനങ്ങളില്‍ തെളിഞ്ഞിരിക്കുന്നത് പ്രമേഹ പൂര്‍വാവസ്ഥയിലുളള ആരോഗ്യമുളള മനുഷ്യരിലും സന്ധിരോഗങ്ങള്‍ രണ്ട് മടങ്ങ് കൂടുതലാണ് എന്നാണ്. രക്തത്തിലെ പഞ്ചസാര അല്പം ഉയര്‍ന്ന് തുടങ്ങുമ്പോള്‍തന്നെ എല്ലുകള്‍ കൂടിചേരുന്ന ശരീരഭാഗങ്ങളില്‍ അതായത് സന്ധികളിലെ കോശസമൂഹത്തില്‍ വന്നുചേരുന്ന ബയോകെമിക്കല്‍ വ്യതിയാനങ്ങള്‍ കാരണമാണ് ആര്‍ൈത്രറ്റിസ്, പ്രമേഹ പ്രാരംഭവസ്ഥയിലും വളരെ കൂടുതലാണ് എന്ന് കണ്ടെത്തിയിരി ക്കുന്നത്. അശാസ്ത്രീയ ചികിത്സാമാര്‍ഗങ്ങള്‍ തേടാതെ, സന്ധികളിലും മറ്റും വേദനയോ മറ്റോ അനുഭവപ്പെട്ടാല്‍ അതിന്റെ അടിസ്ഥാനകാരണം കണ്ടുപിടിച്ച് രോഗം എന്താണെന്ന് കൃത്യമായി നിര്‍ണയിച്ച്, പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത ഫലപ്രദമായ ചികിത്സാവിധികള്‍ സ്വീകരിക്കുകയാണ് വേണ്ടത്.

ഫ്രോസണ്‍ ഷോള്‍ഡര്‍

നേരത്തെ വിവരിച്ച രാജ്മോഹന്റെ രോഗം പെരിആര്‍ത്രൈറ്റിസ് ഷോള്‍ഡര്‍ (Periarthritis shoulder) ആണ്. സാധാരണ 100 പേരില്‍ രണ്ടു പേര്‍ക്കാണ് ഈ അവസ്ഥ വരുന്നതെങ്കില്‍ പ്രമേഹബാധിതരുടെ കാര്യത്തില്‍ ഇത് വളരെ കൂടുതലാണ്. അതായത് പ്രമേഹ ബാധിതരില്‍ 100 ല്‍ 30 പേര്‍ക്ക് ഈ രോഗം വന്നെത്താം. ദീര്‍ഘകാലം നിലനില്‍ക്കുന്ന അനിയന്ത്രിതമായ പ്രമേഹം കാരണം ഷോള്‍ഡര്‍ ജോയിന്റിനുളളിലെ കൊളാജന്‍ എന്ന കോശസമൂഹത്തില്‍ ഗ്ലൈക്കോസിലേഷന്‍ സംഭവിക്കുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. പൊതുവെ ഒരു കൈയില്‍ മാത്രമാണ് രോഗം വരുന്നത്. പെരിആര്‍ത്രൈറ്റിസ് ഷോള്‍ഡറിനെ ഫ്രോസണ്‍ ഷോള്‍ഡര്‍ (Frozen shoulder) എന്നു വിളിക്കാറുണ്ട്. പതിയെ ചലനശക്തി നഷ്ടപ്പെടുമ്പോള്‍ ഒരുവേള ഇത് തണുത്തുറഞ്ഞുപോയ പരുവത്തിലാവും. അതുകൊണ്ടാണ് ഫ്രോസണ്‍ ഷോള്‍ഡര്‍ എന്നു വിളിക്കുന്നത്. 

ചികിത്സ

ഫ്രോസണ്‍ ഷോള്‍ഡറിന് ചികിത്സ തേടുമ്പോള്‍ ഒരു പ്രധാന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രമേഹരോഗിയാണെങ്കില്‍ പ്രമേഹം നിയന്ത്രിക്കാന്‍ കൃത്യമായ ചികിത്സ തേടണം. പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുകയും കുറയുകയും ചെയ്യുന്ന രോഗികള്‍ക്കാണ് ഇത്തരം രോഗാവസ്ഥ കൂടുതല്‍ കാണുന്നത്. ഫിസിയോതെറാപ്പി, വേദനയ്ക്കുളള ഔഷധങ്ങള്‍, ഇവയെല്ലാം ഫലപ്രദമാണ്. അപൂര്‍വമായി ശസ്ത്രക്രിയയും ആവശ്യമായി വരാറുണ്ട്. ഷോള്‍ഡര്‍ ജോയിന്റ് അനസ്തേഷ്യ നല്‍കി മരവിപ്പിച്ചശേഷമാണ് ശസ്ത്രക്രിയ ചെയ്യുക.  ലളിതമായ ശസ്ത്രക്രിയയിലൂടെ ചലനശേഷി തിരികെകൊണ്ടു
വരുന്നു.

കൈവിരലുകള്‍ കൂടുതല്‍  മടങ്ങുന്നോ

വിരലുകളെ ബാധിക്കുന്ന മറ്റൊരവസ്ഥയാണ് ഡുപ്യൂട്രന്‍സ് കോണ്‍ട്രാക്ച്വര്‍ (Dupuytren's contracture). കൈവിരലുകള്‍ കൂടുതല്‍ മടങ്ങിപ്പോകുന്ന അവസ്ഥയാണിത്. തളളവിരലിനെയും ചൂണ്ടുവിരലിനെയും ഇത് അധികം ബാധിക്കാറില്ല. മറ്റുവിരലുകള്‍ പതിയെ പതിയെ മടങ്ങിയ അവസ്ഥ തന്നെയാകുന്നു. ഇത് നിവര്‍ത്തിയെടുക്കുവാന്‍ രോഗികള്‍ നന്നേ ബുദ്ധിമുട്ടുന്നു. അക്കാരണം കൊണ്ടുതന്നെ ഭക്ഷണം കഴിക്കുന്നതുള്‍പ്പെടെയുളള പല പ്രവൃത്തികള്‍ക്കും തടസ്സമായി മാറും. 40-50 വയസ്സു കഴിയുമ്പോഴാണ് ഈ രോഗാവസ്ഥ കൂടുതലായി പ്രകടമാകുന്നത്.

ചികിത്സ

ഈ രോഗത്തിനുള്ള ചികിത്സയ്ക്ക് ഒട്ടേറെ മാര്‍ഗങ്ങളുണ്ട്. അതിലൊന്നാണ് നീഡില്‍ ഉപയോഗിച്ചുളള ചികിത്സ. സൂചി കടത്തി ഒട്ടി നില്‍ക്കുന്ന മാംസഭാഗങ്ങള്‍ വേര്‍പെടുത്തിയെടുക്കും. മറ്റൊരു മാര്‍ഗം എന്‍സൈം ഇന്‍ജക്ഷനുകളാണ്. കൊളാജനേസ് ക്ലോസ്ട്രീഡിയം ഹിസ്റ്റോ ൈലറ്റിക്കം (Collagenase clostridium histolyticum) കുത്തി വയ്ക്കുന്നത് വഴി പതിയെ ചലനങ്ങള്‍ പൂര്‍വാവസ്ഥയിലാകുന്നു. എന്നാല്‍ പൊതുവെ സ്വീകരിച്ചുവരുന്ന ചികിത്സാരീതി ശസ്ത്രക്രിയയാണ്. 

സന്ധികളില്‍ തേയ്മാനം

90 ശതമാനത്തിലധികം പ്രമേഹരോഗികള്‍ക്കുമുളള ആര്‍ത്രൈറ്റിസ് ഈ ഗണത്തില്‍പ്പെടുന്നതാണ്. ടൈപ്പ് 2 പ്രമേഹ രോഗവും അമിതവണ്ണവും തമ്മിലുളള അഭേദ്യമായ ബന്ധം തന്നെയാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസിന് കാരണമാകുന്നത്. കാല്‍മുട്ടുകളെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. സന്ധിവേദനയില്‍ തുടങ്ങി വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാനോ നടക്കാനോ പോലും ബുദ്ധിമുട്ടുളള അവസ്ഥയിലായി മാറും. ആര്‍ത്രൈറ്റിസ് കാല്‍മുട്ടിനെ ബാധിക്കുമ്പോള്‍ ആദ്യം ഒരു മുട്ടിനാണ് പ്രശ്നങ്ങള്‍ വരുക. രോഗി നില്‍ക്കുകയോ നടക്കുകയോ ചെയ്യുമ്പോള്‍ മറ്റേ മുട്ട് കൂടുതല്‍ ഉപയോഗിക്കാന്‍ തുടങ്ങും. അങ്ങനെ മാസങ്ങളും വര്‍ഷങ്ങളും കഴിയുമ്പോള്‍ രണ്ടു മുട്ടുകള്‍ക്കും രോഗം ബാധിക്കും. ശരീരഭാരം അഞ്ചോ പത്തോ കിലോ കുറയ്ക്കാന്‍ കഴിയുകയാണെങ്കില്‍ തന്നെ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് കാരണമുളള മുട്ടുവേദന പകുതിയിലേറെ കുറയ്ക്കാനാകും. 

പ്രമേഹരോഗികള്‍ക്ക് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് വരാന്‍ അമിതവണ്ണം വേണമെന്നില്ല. അനുവദനീയമായ ശരീരഭാരത്തേക്കാള്‍ അല്പം കൂടുതലാണെങ്കില്‍പ്പോലും അവര്‍ക്ക് ഈ രോഗാവസ്ഥ വരാം. അതുകൊണ്ട് കാഴ്ചയില്‍ അധികമൊന്നും ഭാരമില്ല എന്നാണ് കരുതുന്നത് എങ്കില്‍ കൂടിയും വിദഗ്ധ ഡോക്ടറുടെ നിര്‍ദേശപ്രകാരം ചികിത്സോപാധികളില്‍ മാറ്റങ്ങള്‍ വരുത്താവുന്നതാണ്. കാലങ്ങളായി പ്രമേഹത്തിനായി ഉപയോഗിച്ചുവരുന്ന ഔഷധങ്ങളെല്ലാം തന്നെ അല്പം ശരീരഭാരം വര്‍ധിപ്പിക്കുന്നതായിരുന്നു. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷങ്ങളായി ശരീരഭാരം കുറയ്ക്കുന്ന വിധത്തിലുളള ഫലപ്രദമായ ഔഷധങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. 

കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം

കണങ്കൈയുടെ ഭാഗത്തായി അനുഭവപ്പെടുന്ന തരിപ്പും വേദനയുമാണിത്. തളളവിരലിലും അതിനടുത്ത വിരലുകള്‍ക്കുമാണ് കൂടുതലും ഈ വേദന അനുഭവപ്പെടുന്നത്. കണങ്കൈയുടെ ഭാഗത്തായി മീഡിയന്‍നെര്‍വിന് സമ്മര്‍ദം ഏറുമ്പോഴാണ് ലക്ഷണങ്ങള്‍ പ്രകടമാകുന്നത്. പ്രമേഹം കൂടാതെ റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, ഹൈപ്പോതൈറോയ്ഡിസം, ചിലപ്പോള്‍ ഇതൊന്നും കൂടാതെയും ഈ അസുഖ ലക്ഷണങ്ങള്‍ പ്രകടമാകാം. കൈകളുടെ ഭാഗങ്ങള്‍ക്ക് വിശ്രമം കൊടുക്കുക, വേണമെങ്കില്‍ ഔഷധങ്ങളും തീരെ നിവര്‍ത്തിയില്ലാത്ത സാഹചര്യങ്ങളില്‍ ശസ്ത്രക്രിയയും വേണ്ടിവരാം. റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസും ഹൈപ്പോതൈറോയ്ഡിസവും പ്രമേഹ രോഗികളില്‍ അധികമാണ്. കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം ഉള്‍പ്പെടെയുളള പല സന്ധിരോഗങ്ങളും ഇത്തരക്കാരില്‍ കൂടുതലായി കാണും. അടിസ്ഥാന രോഗചികിത്സ വിദഗ്ധ ഡോക്ടര്‍മാരില്‍ നിന്നും സ്വീകരിക്കേണ്ടതാണ്. 

സന്ധിരോഗങ്ങളുടെ ചികിത്സയ്ക്കായി സമീപിക്കേണ്ടത് ഓര്‍ത്തോപീഡീഷ്യനെയും റുമറ്റോളജിസ്റ്റിനെയുമാണ്. രോഗാവസ്ഥയുടെ പ്രത്യേകതകള്‍ പരിഗണിച്ച ശേഷമാണ് ഏതുതരം ചികിത്സ വേണ്ടതെന്ന് നിര്‍ണയിക്കുന്നത്. പ്രമേഹ ചികിത്സ നല്‍കിവരുന്ന ഡയബറ്റോളജി ടീം അംഗങ്ങളില്‍ നിന്ന് ശരിയായ ഉപദേശം സ്വീകരിച്ചശേഷമായിരിക്കണം, എത് വിദഗ്ധനെയാണ് സമീപിക്കേണ്ടത് എന്ന് തീരുമാനിക്കാന്‍.

പാദങ്ങളില്‍ മരവിപ്പ്

മറ്റു രോഗാവസ്ഥകളില്‍ നിന്നൊക്കെ വ്യത്യസ്തമായ സന്ധി രോഗമാണ് ചാര്‍ക്കോട്ട് ജോയിന്റ് (Charcot joint). പ്രമേഹരോഗചികിത്സ വര്‍ഷങ്ങളോളം അവഗണിച്ചാല്‍ സംഭവിക്കുന്ന അവസ്ഥയാണിത്. പാദങ്ങളിലെ നാഡീവ്യൂഹത്തിന് മരവിപ്പ് സംഭവിക്കുന്നത് വഴി, സ്പര്‍ശവും വേദനയും മറ്റും അനുഭവപ്പെടാനുളള കഴിവ് രോഗികള്‍ക്ക് നഷ്ടമാകുന്നു. ഇത് ഏത് സന്ധിയിലും വരാവുന്നതാണ് (ഈ അവസ്ഥ ഉണ്ടാകുന്നതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ലൈംഗികാസക്തിയും ലിംഗോദ്ധാരണശക്തിയും മറ്റും നഷ്ടപ്പെടാം). കണങ്കാലുകളിലാണ് കൂടുതല്‍ കാണപ്പെടുന്നത്. നാഡീവ്യൂഹം പൂര്‍ണമായി നശിച്ചുപോകുന്നതു കാരണം, വീഴ്ചകളില്‍ കൊച്ചുകൊച്ചു ഒടിവുകള്‍ സംഭവിക്കുകയാണെങ്കില്‍ കൂടിയും വേദന തീരെ ഇല്ലാത്തതുകാരണം രോഗി അത് തിരിച്ചറിയുന്നില്ല. 

ചാര്‍ക്കോട്ട് ആര്‍ത്രോപ്പതി എന്ന അവസ്ഥയെ ന്യൂറോപ്പതിക് ആര്‍ത്രോപ്പതി എന്നും വിളിക്കാറുണ്ട്. കാലുകള്‍ക്ക് ഈ അവസ്ഥ സംഭവിച്ചതറിയാതെ രോഗികള്‍ നടക്കുകയും ഓടുകയും ഭാരം താങ്ങുകയും ഒക്കെ ചെയ്യുമ്പോള്‍ കാലക്രമേണ കൂടുതല്‍ ഒടിവുകള്‍ സംഭവിക്കുകയും പാദങ്ങളുടെയും മുട്ടിന്റെയും ആകൃതി തന്നെ മാറിപോകുകയും ചെയ്യുന്നു. 

പ്രമേഹം ഫലപ്രദമായി ചികിത്സിക്കുകയും അതോടൊപ്പം അതിനൂതന ശസ്ത്രക്രിയാമാര്‍ഗങ്ങള്‍ ഉപയോഗിച്ച് ആര്‍ത്രോപ്പതി ചികിത്സിക്കുകയും വേണം. പ്രത്യേകം നിര്‍മിച്ച പാദരക്ഷകളും ഇത്തരം രോഗികള്‍ ഉപയോഗിക്കേണ്ടതാണ്.

വിരല്‍ മടക്കാനും നിവര്‍ത്താനും പ്രയാസം

പ്രമേഹരോഗികളില്‍ വളരെ കൂടുതലായി കണ്ടുവരുന്ന രോഗാവസ്ഥയാണ് ട്രിഗര്‍ ഫിംഗര്‍. സാധാരണ ഒരു വിരലിലാണ് ഇത് ആദ്യം പ്രത്യക്ഷപ്പെടുക. വിരല്‍ മടക്കാനും നിവര്‍ത്താനും ബുദ്ധിമുട്ടും വേദനയും അനുഭവപ്പെടും. പാവകളിയില്‍ ചരടുകള്‍ വലിക്കുമ്പോള്‍ പാവകളുടെ കൈകാലുകളും തലയും മറ്റും അനങ്ങുന്നതുപോലെ ഒരു സംവിധാനമാണ് മനുഷ്യശരീരത്തിലുമുളളത്. വിരലുകള്‍ മടങ്ങുകയും നിവരുകയും ചെയ്യുന്നതിന് സഹായിക്കുന്ന ചലനവള്ളികളിലും (ടെന്റന്‍) അതിനെ ആവരണം ചെയ്യുന്ന ടെന്റന്‍ ഷീത്തുകളിലും ഉണ്ടാകുന്ന രോഗാവസ്ഥയാണിത്. രക്തത്തിലെ പഞ്ചസാരയുടെ വ്യതിയാനങ്ങള്‍ ഇതിനെ ബാധിക്കും. വിരലുകള്‍ മടക്കി നിവര്‍ത്തുമ്പോള്‍ അത് ഒരു ഘട്ടത്തില്‍ നിന്നുപോകുകയും പിന്നെ ടക്ക് എന്ന ശബ്ദത്തോടുകൂടി തുടര്‍ചലനം സാധ്യമാകുകയും ചെയ്യുന്നു. 

ചികിത്സ

കൈകളും വിരലുകളും ഉപയോഗിച്ച് ഏതെങ്കിലും പ്രത്യേക ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന സമയത്താണ് ഇത് ആരംഭിച്ചത് എന്ന് തിരിച്ചറിയാന്‍ കഴിയുകയാണെങ്കില്‍ മറ്റ് വിരലുകളെ കൂടി ബാധിക്കാതിരിക്കാന്‍ ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിക്കാതിരിക്കുക. രോഗം ബാധിച്ച വിരലുകള്‍ക്ക് വിശ്രമം വേണം. കൂടാതെ, രോഗത്തിന്റെ ചില ഘട്ടങ്ങളില്‍ ഫിസിയോ തെറാപ്പി ഉപയോഗപ്രദമായി മാറും, വേദന സംഹാരികളും പ്രയോജനപ്പെടും. കഠിനമായ ട്രിഗര്‍ ഫിംഗര്‍ ആണെങ്കില്‍ അതിന് ശസ്ത്രക്രിയ തന്നെയാണ് പരിഹാരമാര്‍ഗം.

(ജോതിദേവ്‌സ് ഡയബറ്റീസ് റിസര്‍ച്ച്‌സെന്റര്‍ ചെയര്‍മാനും മാനേജിങ്ഡയറക്ടറുമാണ് ലേഖകന്‍)

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്‌

Content Highlights: World arthritis day 2021, Diabetes and Arthritis, Health