രു വലിയ വിഭാഗം ആളുകളും വേദനയനുഭവിച്ച്, കൊണ്ടുനടക്കുന്ന രോഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ആര്‍ത്രൈറ്റിസ്. വാതരോഗങ്ങള്‍ എന്ന് പൊതുവെ വിളിക്കപ്പെടുന്ന രോഗങ്ങള്‍ പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുകയോ രോഗനിര്‍ണ്ണയം പാളിപ്പോകുകയോ ചെയ്യുന്നതോടെ നിരവധി പേര്‍ വേദന തിന്ന് ജീവിക്കാന്‍ വിധിക്കപ്പെടുന്ന കാഴ്ചകള്‍ ഒരുപാടുണ്ട്.
സന്ധികളിലെ നീര്‍വീക്കമാണ് പൊതുവെ ആര്‍ത്രൈറ്റിസ് എന്ന് വിളിക്കപ്പെടുന്ന രോഗമെങ്കിലും സന്ധികളെയും അതിനു ചുറ്റുമുള്ള കലകളെയും അനുബന്ധകലകളെയും ബാധിക്കുന്ന ഇരുനൂറിലേറെ അവസ്ഥകള്‍കൊണ്ട് ആര്‍ത്രൈറ്റിസ് ഉണ്ടാവാം.

ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് അഥവാ മുട്ടു തേയ്മാനം അല്ലെങ്കില്‍ ബലക്ഷയമാണ്. സന്ധിവാതം അല്ലെങ്കില്‍ രക്തവാതം, ഫൈബ്രോമയാള്‍ജിയ, ആമവാതം അഥവാ റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്നിവയാണ് മറ്റു രോഗങ്ങള്‍. സന്ധികളിലൊന്നിലോ ഒന്നിലേറെ സന്ധികളിലോ വേദനയും കടച്ചിലും മരവിപ്പും നീര്‍ക്കെട്ടും വരുന്നതാണ് ഈ രോഗത്തിന്റെ ലക്ഷണവും രോഗാവസ്ഥയും. ലക്ഷണങ്ങള്‍ പതുക്കെയോ വളരെ പെട്ടെന്നോ രോഗാവസ്ഥയിലേക്ക് മാറാം. ചില വാതരോഗങ്ങള്‍ നമ്മുടെ പ്രതിരോധ ശേഷിയെ മൊത്തത്തിലും ചില അവയവങ്ങളെ പ്രത്യേകമായും പ്രതികൂലമായി ബാധിക്കാറുണ്ട്.

മറ്റ് അവയവങ്ങളെയും ബാധിക്കാം

വാതരോഗങ്ങളില്‍ പെട്ട ആമവാതം അഥവാ റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് പോലുള്ളവയും ചര്‍മ്മാര്‍ബുദവും ഒന്നിലധികം അവയവങ്ങളെ തന്നെ ബാധിക്കുകയും ശരീരത്തിന് കാര്യമായ രോഗലക്ഷണങ്ങള്‍ കാണിക്കുന്നവയുമാണ്.
പൊതുവെ 65 വയസ്സ് കഴിഞ്ഞവരിലാണ് ആര്‍ത്രൈറ്റിസ് രോഗങ്ങള്‍ കണ്ടുവരാറുള്ളതെങ്കിലും പ്രായഭേദമെന്യെ ഈ രോഗം ആര്‍ക്കും ഏതു പ്രായത്തിലും വരാവുന്നതാണ്.

നിരവധി ലക്ഷണങ്ങള്‍ക്കു കാരണമാകുന്ന ആര്‍ത്രൈറ്റിസ്, അതു ബാധിച്ചയാളുടെ ദൈനം ദിന പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന രോഗമാണ്. എന്നാല്‍ തുടര്‍ന്നുവരുന്ന ശാരീരിക പ്രവര്‍ത്തനങ്ങള്‍ പതുക്കെപ്പതുക്കതെ വേദന കുറയാനും സന്ധികളുടെ പ്രവര്‍ത്തനവും മാനസികാരോഗ്യവും മെച്ചപ്പെടുത്താനുമുള്ള സാധ്യതയുമുണ്ട്. 

കാരണങ്ങള്‍

ക്ഷതമേല്‍ക്കല്‍, അസാധാരണമായ പോഷണക്രമം, ജനിതകമായ സാഹചര്യങ്ങള്‍, അണുബാധ, പ്രതിരോധ ശേഷിയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ തുടങ്ങിയവയൊക്കെ ആര്‍ത്രൈറ്റിസ് രോഗങ്ങള്‍ക്കു കാരണമാവാം.

ചികിത്സയുടെ സാധ്യത

വേദന കുറയ്ക്കുക, സന്ധികളിലുണ്ടാകുന്ന ക്ഷയം പരമാവധി കുറയ്ക്കുക, ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് ചികിത്സ കൊണ്ട് ചെയ്യാന്‍ കഴിയുക. മരുന്നുകളും ഫിസിക്കല്‍ തെറാപ്പികളും രോഗികളെ ബോധവത്കരിക്കലും എല്ലാം രോഗം കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമായി വരും. സന്ധികള്‍ കൂടുതല്‍ തകരാറിലാവാതിരിക്കാനും ഇവ ഉപകാരപ്പെടും. ശരീര ഭാരം നിയന്ത്രിക്കുക തുടങ്ങിയ ജീവിതരീതി മാറ്റങ്ങളും രോഗാവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ സഹായിക്കും. രോഗം ഗൗരവമായ അവസ്ഥയിലുള്ളവര്‍ക്ക് കാല്‍മുട്ട് അല്ലെങ്കില്‍ സന്ധി മാറ്റിവയ്ക്കല്‍ ഉള്‍പ്പെടെയുള്ള ചികിത്സകള്‍ ഇന്ന് ലഭ്യമാണ്. 
നീര്‍ക്കെട്ടുകള്‍ കുറയുന്നതിനുള്ള മരുന്നുകളാണ് ഈ രോഗത്തിന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. എന്‍.എസ്.എ.ഐ.ഡി, ഡിമാര്‍ഡ്, ബയോളൊജിക്സ് എന്നിങ്ങനെ വിഭാഗങ്ങളില്‍ പെട്ട മരുന്നുകളാണ് സാധാരണയായി ഡോക്ടര്‍മാര്‍ ആര്‍ത്രൈറ്റിസ് രോഗികള്‍ക്ക് നിര്‍ദ്ദേശിക്കാറുള്ളത്.

ജീവിത രീതിയും മാറണം

അതേസമയം, ശരീരത്തിന് ആവശ്യമായ ചേരുവകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മിതമായ ആഹാരത്തോടൊപ്പം ആവശ്യമായ വ്യായാമവുമുണ്ടെങ്കില്‍ വാതരോഗങ്ങളെയും നിയന്ത്രിച്ചുകൊണ്ടുപോകാം. പുകവലി-മദ്യപാനം പോലുള്ളവയും ഒഴിവാക്കുക. ആര്‍ത്രൈറ്റിസ് രോഗമുള്ളവര്‍ക്ക് സന്ധികള്‍ക്ക് പുഷ്ടിയേകുന്ന പദാര്‍ത്ഥങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. മത്സ്യം, അണ്ടിപ്പരിപ്പ്, വിത്തുകള്‍, പഴം, പച്ചക്കറി, പയര്‍വര്‍ഗങ്ങള്‍, ഒലിവ് ഓയില്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

അതേസമയം, സൊലാനിന്‍ പോലുള്ള രാസവസ്തുക്കള്‍ അടങ്ങിയ തക്കാളി പോലുള്ളവ ആര്‍ത്രൈറ്റിസ് വേദന കൂട്ടുമെന്ന് ചില പഠനങ്ങള്‍ പറയുന്നു. ഇതോടൊപ്പം ഉരുളക്കിഴങ്ങ്, വഴുതന, കുരുമുളക് തുടങ്ങിയവയും ഒഴിവാക്കേണ്ട ഗണത്തില്‍ ചിലര്‍ പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച് ഗവേഷകര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നും ഓര്‍ക്കുക. അസുഖം വന്ന ശേഷമുള്ള ചികിത്സകളും കരുതലും പോലെ പ്രധാനമാണ് അസുഖം വരാതിരിക്കാനും വന്നത് കൂടാതിരിക്കാനുമുള്ള ശ്രദ്ധയും കരുതലും. 

വേദനകള്‍ കുറയാന്‍ എന്തു ചെയ്യണം?

മരുന്നുകളെ മാത്രം ആശ്രയിച്ച് വേദനകള്‍ നിയന്ത്രിക്കുന്നതിനു പകരം ജീവിത രീതി ക്രമീകരിച്ചുകൊണ്ടും സന്ധികള്‍ക്ക് വലിയതോതില്‍ ബുദ്ധിമുട്ട് അനുഭവപ്പെടാത്ത രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്തുകൊണ്ടും രോഗി ചില ക്രമീകരണങ്ങള്‍ വരുത്തേണ്ടതുണ്ട്. ശരീരത്തെയും മനസ്സിനെയും നിശ്ചലാവസ്ഥയിലേക്ക് തള്ളിയിടുന്നതിനു പകരം പ്രവര്‍ത്തനക്ഷമതയോടെ ആക്ടീവ് ആയിരിക്കാന്‍ ശ്രമിക്കണം. അതേസമയം ആവശ്യമായ വിശ്രമവും വേണം. 

സംതുലിതമായ ആഹാരക്രമത്തോടൊപ്പം തന്നെ നല്ല ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക. കഫീന്‍ പോലുള്ളവയും വൈകുന്നേരങ്ങളിലുള്ള വ്യായാമവും ഒഴിവാക്കുക. നല്ല ഉറക്കം കിട്ടിയില്ലെങ്കില്‍ വേദനകളും  അസ്വസ്ഥതകളും ഇരട്ടിയാകും. ഒരേ വിധത്തില്‍ അധിക സമയം ഇരിക്കരുത്. ശരീരത്തിലെ സന്ധികളെ അധികം പ്രയാസപ്പെടുത്താത്ത വിധത്തിലുള്ള പ്രവര്‍ത്തികള്‍ മാത്രം ചെയ്യുകയും പ്രത്യേക കരുതല്‍ നല്‍കുകയും ചെയ്യുക.

(തലശ്ശേരി മിഷന്‍ ഹോസ്പിറ്റലിലെ സീനിയര്‍ ഫിസിഷ്യനാണ് ലേഖകന്‍)

Content Highlights: World Arthritis Day 2021, Can Arthritis Affect Other Organs? What can be done to reduce joint pain, Health