ദ്യത്തെ അവഗണന വേദനയായും പിന്നീട് വൈകല്യമായും പരിണമിക്കുന്ന, സുഖകരമായ ചലനത്തെ നിയന്ത്രിതമായ അവസ്ഥയിലേക്ക് മാറ്റുന്ന, ജീവിതത്തിന്റെ സന്തോഷങ്ങളെ സ്ഥായിയായ വേദനകളിലേക്കെത്തിക്കുന്ന ദുരിതപൂർണ്ണമായ അസുഖമാണ് സന്ധിവാതം. തുടക്കത്തിൽ കാണിക്കുന്ന അവഗണനകൊണ്ട് മാത്രം ജീവിതത്തിന്റെ ഒടുക്കം വരെ ദു:ഖിക്കേണ്ടി വരുന്ന അവസ്ഥ. സന്ധിവാത രോഗങ്ങൾക്ക് ഏറ്റവും മികച്ച പ്രതിവിധി ലക്ഷണങ്ങളെ അവഗണിക്കാതിരിക്കുക, തുടക്കത്തിലെ ചികിത്സിക്കുക എന്നത് തന്നെയാണ്.

കുട്ടികൾ മുതൽ പ്രായമായവർ വരെ ആർക്കും എപ്പോഴും ഏത് പ്രായത്തിലും ബാധിക്കാവുന്ന അസുഖം കൂടിയാണിത്. നൂറിലധികം വിഭാഗങ്ങളും ഉപ വിഭാഗങ്ങളുമായി വ്യാപിച്ച് കിടക്കുന്ന സങ്കീർണ്ണമായ രോഗാവസ്ഥകളുടെ സഞ്ജയം കൂടിയാണ് സന്ധിവാതം എന്ന ഒറ്റപ്പേരിൽ വിളിക്കപ്പെടുന്നത്. അസ്ഥികൾ, തരുണാസ്ഥികൾ, സ്നായുക്കൾ, കശേരുക്കൾ, ചലന വള്ളികൽ, പേശികൾ തുടങ്ങി പല ശരീര ഭാഗങ്ങളെയും സന്ധിവാതം കീഴടക്കുകയും ചെയ്യാം.

ഏതൊക്കെയാണ് പ്രധാനപ്പെട്ട സന്ധിവാതങ്ങൾ

ഓസ്റ്റിയോ ആർത്രൈറ്റിസ് അഥവാ സന്ധി തേയ്മാനം എന്ന അവസ്ഥ പ്രായമായവർക്ക് പരിചയപ്പെടുത്തൽ വേണ്ടാത്ത ഒന്നാണ്. കാലങ്ങളായുള്ള ചലനങ്ങൾ മൂലം സന്ധികൾക്കുള്ളിൽ അസ്ഥികളെ പൊതിഞ്ഞുള്ള തരുണാസ്ഥിക്ക് തേയ്മാനം സംഭവിക്കുന്നതാണ് ഇതിന് കാരണം. കാൽമുട്ടുകൾ, കണങ്കാലിലെ സന്ധികൾ, ഇടുപ്പിലെ സന്ധികൾ, നട്ടെല്ലിലെ കശേരുക്കള് തുടങ്ങിയ പല ഭാഗങ്ങളിലും ഇത് സംഭവിക്കാം. വേദനയും വീക്കവും തന്നെയാണ് പ്രധാന ലക്ഷണങ്ങൾ. രാവിലെ എഴുന്നേൽക്കുമ്പോൾ വേദന കുറവായിരിക്കുമെങ്കിലും ചലനമാരംഭിക്കുമ്പോൾ വേദനയുടെ കാഠിന്യം വർദ്ധിക്കും.

എല്ലുകളെ പൊതിയുന്ന സൈനോവിയൽ സ്തരത്തിലുണ്ടാകുന്ന നീർക്കെട്ടിനെയാണ് മലയാളത്തിൽ നമ്മൾ ആമവാതം എന്ന ഓമനപ്പേരിൽ വിളിക്കുന്നത്. റുമറ്റോയിഡ് ആർത്രൈറ്റിസ് എന്നാണ് ഇതിന്റെ മെഡിക്കൽ ഭാഷ്യം. അസുഖം ക്രമേണ വർദ്ധിക്കുകയും വൈകല്യത്തിലേക്ക് എത്തിപ്പെടുകയും ചെയ്യാനുള്ള സാധ്യത കൂടുതലാണ്. ചിലരിൽ ഇത് ഹൃദയം, വൃക്ക, ശ്വാസകോശം, കണ്ണ് എന്നിവയെയും ബാധിച്ചേക്കാം. പ്രായമായവരിൽ മാത്രമല്ല ചെറുപ്പക്കാരിലും കാണപ്പെടുന്ന റുമറ്റോയിഡ് ആർത്രൈറ്റിസ് സ്ത്രീകളിൽ ധാരാളമായി ഉണ്ടാകാറുണ്ട്. രാവിലെ ഉറങ്ങി എഴുന്നേൽക്കുമ്പോൾ കൈ വിരലുകൾക്ക് ശക്തമായ വേദന പ്രധാന ലക്ഷണമാണ്.

ശരീരത്തിന്റെ രോഗപ്രതിരോധസംവിധാനത്തിലെ തകരാറ് മൂലം സംഭവിക്കുന്ന ഓട്ടോ ഇമ്യൂണൽ രോഗമാണ് ലൂപ്പസ്. സിസ്റ്റമിക് ലൂപ്പസ് എരിത്തമറ്റോസിസ് (SLE) എന്ന് കൂടുതൽ ഭംഗിയോടെ വിശേഷിപ്പിക്കാം. അസുഖം ബാധിച്ച് കഴിഞ്ഞാൽ വിളർച്ച, വനി, സന്ധിവേദന, മുടികൊഴിച്ചിൽ, മുഖത്തും ശരീരത്തിലും ചുവന്ന പാടുകൾ, വായ്പുള്ള മുതലായ ഉണ്ടാകും. മാത്രമല്ല അസുഖം വർദ്ധിക്കുന്ന സാഹചര്യത്തിൽ ചിലപ്പോൾ തലച്ചോറ്, ശ്വാസകോശം, വൃക്ക, ഹൃദയം മുതലായവയെയും ബാധിക്കാനിടയുണ്ട്. അതായത് പേരിലെ ഭംഗിയൊന്നും അസുഖത്തിന്റെ തീവ്രതയ്ക്കുണ്ടാകില്ല എന്ന് സാരം.

ഇരുപത് വയസ്സിനും അറുപത് വയസ്സിനും ഇടയിലുള്ള പുരുഷന്മാരെ കാത്തിരിക്കുന്ന സന്ധിവാത രോഗത്തിൽ പ്രധാനപ്പെട്ടതാണ് ഗൗട്ട്. യൂറിക് ആസിഡ് ക്രിസ്റ്റലുകൾ സന്ധികളിൽ അടിഞ്ഞ് കൂടുന്നതാണ് കാരണം. കാലിന്റെ പെരുവിരലിന്റെ ചുവട്ടിലുള്ള സന്ധികളിലാണ് രോഗം ആരംഭിക്കുക. പിന്നീട് കൈ വിരലിന്റെ സന്ധിയിലേക്കും വ്യാപിച്ചേക്കാം. ശക്തമായ വേദന, ചുവന്ന് നിറം, പനി എന്നിവയുണ്ടാകും. യൂറിക് ആസിഡ് വൃക്കയിൽ അടിഞ്ഞ് കൂടുന്നത് വൃക്കയുടെ പ്രവർത്തത്തെ ദോഷകരമായി ബാധിച്ചേക്കാനിടയുണ്ട്. മൂത്രക്കല്ല, രക്താതിസമ്മർദ്ദം, മുതലായവയും ലക്ഷണങ്ങളാണ്.

കുട്ടികളെയും സന്ധിവാതം വെറുതെ വിടാറില്ല. രക്തവാതം (റുമാറ്റിക് ആർത്രൈറ്റിസ്), കവാസാക്കി രോഗം, ജുവൈനൽ ഇഡിയോപതിക് ആർത്രൈറ്റിസ് മുതലായവയാണ് കുഞ്ഞുങ്ങളിൽ കൂടുതലായി കണ്ട് വരുന്നത്.

ലക്ഷണങ്ങളും ചികിത്സയും

ഓരോ വാതരോഗത്തിനും ഓരോ തരത്തിലുള്ള ലക്ഷണങ്ങളാണ്. അതുകൊണ്ട് തന്നെ പൊതുവായ ലക്ഷണങ്ങളായിട്ട് ചൂണ്ടിക്കാണിക്കൽ എളുപ്പമല്ല. എങ്കിലും സ്ഥിരമായി സന്ധികളിൽ വേദന, ഇടവിട്ടുള്ള പനി, തൊലിയിൽ പാടുകൾ, നടുവേദന മുതലായവ പൊതുവെ ശ്രദ്ധിക്കേണ്ടതാണ്. ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ രോഗം ഉറപ്പ് വരുത്തണമെങ്കിൽ വിശദമായ രക്തപരിശോധന അനിവാര്യമാണ്. അതുപോലെ ത്ന്നെയാണ് ചികിത്സയുടെ കാര്യവും. കൃത്യമായ ചികിത്സകളില്ലാതിരുന്ന പഴയ കാലത്തേതിൽ നിന്ന് ആധുനിക ലോകം വാതരോഗ ചികിത്സയിൽ ഏറെ മുന്നേറിക്കഴിഞ്ഞിരിക്കുന്നു. ഫലപ്രദമായ ചികിത്സ ഏറ്റവും വേഗത്തിൽ ലഭ്യമാക്കുക എന്നതിനാണ് പ്രാധാന്യം. വേദന സംഹാരികളും സ്റ്റിറോയിഡുകളും മാത്രം ഉപയോഗിച്ചിരുന്ന ചകിത്സയിൽ നിന്ന് മാറി ബയോളജിക്സ് വിഭാഗത്തിൽ പെട്ട മരുന്നുകൾ വരെ ഇന്ന് ലഭ്യമായിക്കഴിഞ്ഞു.

രോഗത്തിന്റെ അവസ്ഥ ഒരു പ്രത്യേക ഘട്ടം പിന്നിടുകയോ സന്ധികൾക്ക് വലിയ ക്ഷതം സംഭവിക്കുകയോ ചെയ്താൽ മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ ചിലപ്പോൾ ഫലിക്കാതെ വരും. മാത്രമല്ല ഇത് സന്ധികളുടെ സന്തുലനാവസ്ഥയെ ദോഷകരമായി ബാധിക്കുകയും അസാധാരണമായ വളവ് പോലുള്ള വൈകല്യങ്ങൾക്ക് കാരണമാവുകയും ചെയ്യും. ഇത്തരം സന്ദർഭങ്ങളിൽ ശസ്ത്രക്രിയകളെ കുറിച്ച് ചിന്തിക്കേണ്ടി വരും. സൈനോവെക്ടമി, കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ, ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയ മുതലായവയാണ് പ്രധാനമായും സ്വീകരിക്കാവുന്ന ശസ്ത്രക്രിയാ രീതികൾ.

(കോട്ടയ്ക്കൽ ആസ്റ്റർ മിംസിലെ സീനിയർ കൺസൾട്ടന്റ് ഓർത്തോപീഡിയാക് സർജനാണ് ലേഖകൻ)

Content Highlights: World Arthritis Day 2021, Arthritis symptoms treatment and health tips, Health