പുതിയ ജീവിതശൈലിക്ക് അമ്പരപ്പിക്കുന്ന വേഗമാണ്. ആധുനിക ശീലങ്ങളിലൂടെ അതിവേഗം പായുകയാണ് ന്യൂ ജനറേഷന്‍. ബെല്ലും ബ്രേക്കുമൊന്നുമില്ലാത്ത ഈ പാച്ചിലിനിടയില്‍ പതിയിരിക്കുന്ന ചില സ്പീഡ് ബ്രേക്കറുകള്‍ ഉണ്ട്. അതാണ് പ്രമേഹവും ഹൈപ്പര്‍ ടെന്‍ഷനും സ്ട്രോക്കും കാന്‍സറുമെല്ലാം. ജീവിതക്കുതിപ്പിന് തടസ്സം സൃഷ്ടിക്കുന്ന ഈ ലൈഫ്‌സ്‌റ്റൈല്‍ രോഗങ്ങളുടെ ഗണത്തില്‍പെടുത്താവുന്ന മറ്റൊരു ആരോഗ്യപ്രശ്‌നമാണ് ആര്‍ത്രൈറ്റിസ് അഥവാ സന്ധിവാതരോഗങ്ങള്‍.

സന്ധിവാതരോഗങ്ങള്‍ സന്ധികള്‍ക്ക് വിട്ടുമാറാത്ത വേദനകളും നീര്‍ക്കെട്ടും ഉണ്ടാക്കി ശരീരത്തിലെ ചലനശേഷി കുറയ്ക്കുന്നു. തൊഴില്‍പരമായ പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല, ദൈനംദിന പ്രവൃത്തികള്‍പോലും ഇതിനിടയില്‍ തകിടം മറിഞ്ഞെന്നുവരാം. മാറിയ ജീവിതശൈലിയാണ് സന്ധിവേദനകളും പേശിവേദനകളും സന്ധിവാത രോഗങ്ങളും ഇത്രയേറെ വ്യാപകമാകുന്നതിന്റെ കാരണങ്ങളിലൊന്ന്. നമ്മുടെ ആസ്പത്രികളില്‍ ചികിത്സതേടിയെത്തുന്നതില്‍ പത്തു ശതമാനത്തിലേറെയാളുകളും മാറാത്ത സന്ധിവേദനകള്‍ക്കും പേശിവേദനകള്‍ക്കും പരിഹാരം തേടിയെത്തുന്നവരാണ്. വ്യായാമരഹിതമായ ജീവിതശൈലി, ഭക്ഷണത്തില്‍ വന്ന അനാരോഗ്യകരമായ പ്രവണതകള്‍, മദ്യപാനം ഉള്‍പ്പെടെയുള്ള ദുശ്ശീലങ്ങള്‍, വര്‍ധിക്കുന്ന മാനസിക പിരിമുറുക്കം, ആധുനിക തൊഴില്‍ സാഹചര്യങ്ങള്‍ എന്നിവയൊക്കെ സന്ധികളുടെ ദുരുപയോഗത്തിനും അമിതോപയോഗത്തിനും ഘടനാപരമായ തകരാറുകള്‍ക്കും വിട്ടുമാറാത്ത സന്ധി-പേശി വേദനകള്‍ക്കും കാരണമാകുന്നുണ്ട്.

സന്ധിരോഗങ്ങള്‍ ചെറുപ്പക്കാരിലേക്ക്

ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന സന്ധിവാത രോഗമാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്. മുന്‍ കാലങ്ങളില്‍ 60-നു മേല്‍ പ്രായമുള്ളവരിലാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസും കാല്‍മുട്ടുവേദനയുമൊക്കെ കണ്ടിരുന്നതെങ്കില്‍ ഇന്ന് യൗവനത്തിലേക്ക് കടക്കുന്നവരെത്തന്നെ സന്ധിതേയ്മാന രോഗങ്ങള്‍ പിടികൂടുന്നു. അമിതവണ്ണമാണ് ചെറുപ്പക്കാരില്‍ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ഉണ്ടാകാനുള്ള പ്രധാന കാരണം. പുത്തന്‍ജീവിത ശൈലിയുടെ പ്രധാന അടയാളങ്ങളായ വ്യായാമക്കുറവും അമിതഭക്ഷണവും ഫാസ്റ്റ് ഫുഡുമൊക്കെയാണ് ചെറുപ്പക്കാരെ അമിതവണ്ണമുള്ളവരാക്കിയത്.

ശരീരഭാരത്തിന്റെ മൂന്നു മുതല്‍ ആറുമടങ്ങുവരെയാണ് ഒരുകാലില്‍ നില്‍ക്കുമ്പോള്‍ കാല്‍മുട്ടിന് താങ്ങേണ്ടിവരുന്നത്. അപ്പോള്‍ അമിതഭാരമുള്ളവരുടെ കാര്യം പറയേïതില്ലല്ലോ. അമിത വണ്ണമുള്ളവരില്‍ സന്ധികളുടെ മേല്‍ ഉള്ള സമ്മര്‍ദവും ഗണ്യമായി കൂടുന്നു. അമിത വണ്ണമുള്ള സ്ത്രീകളിലാണ് പുരുഷന്മാരെ അപേക്ഷിച്ച് രോഗസാധ്യത കൂടുതല്‍. അമിത വണ്ണമുള്ളവരില്‍ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ഉണ്ടാകാനുള്ള സാധ്യത മാത്രമല്ല, സന്ധിവാതം ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങളുടെ കാഠിന്യവും കൂടുതലായിരിക്കും.

തിരക്കേറിയ നാഗരിക ജീവിതശൈലിയും ഓസ്റ്റിയോ ആര്‍ത്രൈറ്റിസിന്റെ നിരക്ക് വര്‍ധിപ്പിക്കുന്നുണ്ട്. പുണെയില്‍ നടത്തിയ ചില പഠനങ്ങള്‍ തെളിയിച്ചത് നമ്മുടെ നഗരങ്ങളില്‍ ഓസ്റ്റിയോ ആര്‍ത്രൈറ്റിസിന്റെ നിരക്ക് 11 ശതമാനമാണെന്നാണ്. എന്നാല്‍ പൊതുവേ അധ്വാനമേറെയുള്ള ലളിതമായ ജീവിതശൈലി പിന്തുടരുന്ന ഗ്രാമങ്ങളില്‍ ഓസ്റ്റിയോ ആര്‍ത്രൈറ്റിസിന്റെ നിരക്ക് ആറു ശതമാനമാണ്.
അമിതവണ്ണമുള്ളവര്‍ ശരീരത്തിന്റെ ഭാരം കുറച്ചാല്‍ മാത്രമേ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ചികിത്സ ഫലപ്രദമാകൂ. ഭക്ഷണം ക്രമീകരിച്ചും വ്യായാമം ചെയ്തും വണ്ണം കുറയ്ക്കുന്നത് സന്ധികളുടെ മേലുള്ള സമ്മര്‍ദവും തേയ്മാനവും കുറയ്ക്കും. 

മദ്യപാനവും സന്ധിരോഗങ്ങളും

അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും മദ്യത്തോടുള്ള അമിതാസക്തിയും പുതിയ ജീവിത ശീലങ്ങളുമെല്ലാം ഗൗട്ട് എന്ന സന്ധിവാതരോഗത്തിനുള്ള സാധ്യത വര്‍ധിപ്പിച്ചിരിക്കുന്നു. ഗൗട്ട്ബാധിതരില്‍ 15 ശതമാനവും നവജീവിതശൈലി പിന്തുടരുന്ന യുവാക്കളാണ്.
അമിത മദ്യപാനം കരളില്‍ വെച്ചുനടക്കുന്ന എ.ടി.പി. എന്ന ഘടകത്തിന്റെ വിഭജനം വേഗത്തിലാക്കി യൂറിക് ആസിഡിന്റെ ഉത്പാദനം കൂട്ടുന്നു. മദ്യപാനത്തെ തുടര്‍ന്ന് ലാക്ടിക് ആസിഡിന്റെ അളവ് കൂടുന്നത് വൃക്കകള്‍ വഴിയുള്ള യൂറിക് ആസിഡിന്റെ വിസര്‍ജനത്തെ തകരാറിലാക്കുന്നു. ബിയര്‍ ആണ് ഗൗട്ടിന് ഏറ്റവുമധികം സാധ്യതയുണ്ടാക്കുന്ന മദ്യം. ബിയറില്‍ അമിതമായി അടങ്ങിയിരിക്കുന്ന പ്യൂരിന്‍ ഘടകമാണ് യൂറിക് ആസിഡിന്റെ അളവ് കൂട്ടുന്നത്.

അസ്ഥികളുടെ ബലക്ഷയം നേരത്തെ

ആധുനിക ജീവിതശൈലിരോഗങ്ങളുടെ ഗണത്തില്‍ പെടുത്താവുന്ന അസുഖമാണ് ഓസ്റ്റിയോ പൊറോസിസ് അഥവാ അസ്ഥി ബലക്ഷയം.  നിശ്ശബ്ദ പകര്‍ച്ചവ്യാധി എന്നാണ് ഓസ്റ്റിയോ പൊറോസിസ് അറിയപ്പെടുന്നത്. കാരണം പലപ്പോഴും വളരെ ചെറിയ ഒരു പരിക്കിനെതുടര്‍ന്നുപോലും അസ്ഥികള്‍ ഒടിയുമ്പോഴായിരിക്കും അസ്ഥിക്ഷയം കണ്ടെത്തുന്നത്.

കൈയും മെയ്യുമനങ്ങാത്ത, വെയിലുകൊള്ളാത്ത പുതിയ ലൈഫ്സ്‌റ്റൈല്‍ ഓസ്റ്റിയോ പൊറോസിസ് നമ്മുടെ നാട്ടിലും വ്യാപകമാകുവാന്‍ കാരണമായിട്ടുണ്ട്. ഓസ്റ്റിയോ പൊറോസിസ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയില്‍ ഏകദേശം 40 ദശലക്ഷം ആളുകള്‍ ഓസ്റ്റിയോ പൊറോസിസ് ബാധിതരാണ്. എന്നാല്‍ അസ്ഥികള്‍ക്കു പൊട്ടല്‍ ഉണ്ടാകുന്നതിനു മുമ്പ് ഓസ്റ്റിയോ പൊറോസിസ് കണ്ടെത്തുന്നത് നമ്മുടെ നാട്ടില്‍ അപൂര്‍വമാണെന്നതാണ് നിര്‍ഭാഗ്യകരമായ വസ്തുത.

വ്യായാമക്കുറവാണ് ചെറുപ്പക്കാര്‍ക്കിടയില്‍ കണ്ടുവരുന്ന ഓസ്റ്റിയോപൊറോസിസിന്റെ കാരണങ്ങളിലൊന്ന്. അസ്ഥികോശങ്ങള്‍ രൂപപ്പെടുന്ന ഓസ്റ്റിയോ ബ്ലാസ്റ്റുകളുടെ പ്രവര്‍ത്തനം മന്ദീഭവിക്കാനും അസ്ഥികോശങ്ങളെ ആഗിരണം ചെയ്യുന്ന ഓസ്റ്റിയോ ക്ലസ്റ്റുകളുടെ പ്രവര്‍ത്തനം സജീവമാകാനും വ്യായാമരഹിതമായ ജീവിതശൈലി കാരണമാകും. കൃത്യമായ വ്യായാമം അസ്ഥി ബലക്ഷയത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നു. വ്യായാമത്തിലൂടെ മാത്രം അസ്ഥികളുടെ സാന്ദ്രത 0.5 മുതല്‍ മൂന്നു ശതമാനംവരെ കൂടുന്നുണ്ട്.

സൂര്യപ്രകാശത്തിന്റെ സഹായത്തോടെ ചര്‍മം ഉത്പാദിപ്പിക്കുന്ന താണ് വിറ്റാമിന്‍ ഡി. എല്ലുകളുടെ ഉറപ്പിനും സാന്ദ്രതയ്ക്കും വിറ്റാമിന്‍ ഡി ആവശ്യമാണ്. ചെറുകുടലില്‍നിന്നുള്ള കാത്സ്യത്തിന്റെ ആഗിരണത്തെയും ഇത് സഹായിക്കുന്നുണ്ട്. ദിവസവും 10-15 മിനിറ്റ് വെയില്‍ കൊണ്ടാല്‍ മാത്രം മതി നമുക്കാവശ്യമായ വിറ്റാമിന്‍ ഡി ലഭിക്കും. ഒരു ഉഷ്ണമേഖലാ രാജ്യമായിട്ടുപോലും ഇന്ത്യയിലെ 90 ശതമാനത്തിലേറെയാളുകള്‍ക്കും വിറ്റാമിന്‍ ഡിയുടെ കുറവുണ്ടെന്നാണ് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. രാവിലെ എ.സി.യിലുണര്‍ന്ന് എ.സി. കാറില്‍ കയറി ശീതീകരിച്ച ഓഫീസ് മുറിയിലിരുന്ന് ജോലിചെയ്ത് വീണ്ടും എ.സി. ഫ്‌ളാറ്റിലേക്കുമടങ്ങുന്ന, പുറംലോകം കാണാതെ ജീവിക്കുന്ന ആധുനിക മനുഷ്യന് എവിടെനിന്നാണ് വിറ്റാമിന്‍ ഡി. ലഭിക്കുക?

പിരിമുറുക്കം കൂടുമ്പോള്‍

ആധുനിക ജീവിതശൈലിയുടെ മുഖമുദ്രയാണല്ലോ ടെന്‍ഷനും വിഷാദരോഗവുമെല്ലാം. പല സന്ധിവാതരോഗങ്ങള്‍ക്കും  ഫൈബ്രോമയാള്‍ജിയ പോലെയുള്ള പേശിവാത രോഗങ്ങള്‍ക്കും കളമൊരുക്കുന്നതില്‍ ഈ ലഘുമനോരോഗങ്ങള്‍ക്കും പങ്കുണ്ട്. സമൂഹത്തിലെ രണ്ടുശതമാനത്തോളം ആളുകളെ ബാധിക്കുന്ന പ്രശ്‌നമാണ് ഫൈബ്രോമയാള്‍ജിയ. ദേഹമാസകലം പൊതിയുന്ന കഠിനമായ വേദനയാണ് രോഗത്തിന്റെ മുഖ്യലക്ഷണം.

സന്ധി ആവരണമായ കാപ്‌സ്യൂള്‍, സന്ധികള്‍ക്കുസമീപമുള്ള ചലനവള്ളികള്‍, സ്‌നായുക്കള്‍, പേശികള്‍ എന്നിവയെ ബാധിക്കുന്ന നീര്‍ക്കെട്ട് വിട്ടുമാറാത്ത സന്ധിവേദനയ്ക്കും സന്ധികളുടെ ചലന സ്വാതന്ത്ര്യം കുറയ്ക്കുന്നതിനും കാരണമാകാറുണ്ട്. സോഫ്റ്റ് ടിഷ്യു റുമാറ്റിസം എന്നുവിളിക്കുന്ന സന്ധിക്ക് ചുറ്റുമുള്ള മൃദുകലകളെ ബാധിക്കുന്ന ഈ വാതരോഗങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് അമിത ഉത്കണ്ഠയും വിഷാദവും പോലെയുള്ള ലഘുമനോരോഗങ്ങളാണ്.

ചെറുപ്പക്കാരായ സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്ന സന്ധിവാത രോഗമാണ് എസ്.എല്‍.ഇ. രോഗസാധ്യതയുള്ള സ്ത്രീകളില്‍ മാനസിക പിരിമുറുക്കവും സംഘര്‍ഷങ്ങളും രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് കാരണമാകുമെന്ന് 
പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 

ജീവിതശൈലിരോഗങ്ങളും സന്ധിവാതവും

പ്രമേഹവും കാന്‍സര്‍ പോലെയുള്ള മറ്റ് ലൈഫ്സ്‌റ്റൈല്‍ രോഗങ്ങളും പലതരത്തിലുള്ള സന്ധിരോഗങ്ങള്‍ക്ക് കാരണമാകാം. പ്രമേഹബാധിതരില്‍ പലവിധത്തിലുള്ള സന്ധിവാതരോഗങ്ങളും കാണാറുണ്ട്. കേരളത്തില്‍ പ്രമേഹബാധിതരുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് ഇതോടനുബന്ധിച്ചുള്ള സന്ധിരോഗങ്ങളും കൂടുന്നുണ്ട്. പ്രമേഹമുള്ളവരില്‍ കൂടുതലായി കണ്ടുവരുന്ന പ്രശ്‌നമാണ് സന്ധികളുടെ ചലനശേഷിയും വഴക്കവും കുറയുന്ന അവസ്ഥ. ടൈപ്പ് 1 പ്രമേഹരോഗികളില്‍ 10-60 ശതമാനത്തിനും ടൈപ്പ് 2 പ്രമേഹ രോഗികളില്‍ 25-75 ശതമാനം പേര്‍ക്കും സന്ധികളുടെ വഴക്കമില്ലായ്മ ഉണ്ടാകാം. പുകവലിക്കാരായ പ്രമേഹരോഗികളിലും ഏറെനാളായി പ്രമേഹത്തിന്റെ പ്രശ്‌നമുള്ളവരിലും സന്ധികളുടെ ചലനശേഷിക്കുറവ് കൂടുതലായി കാണാറുണ്ട്. 

ജീവിതശൈലി രോഗങ്ങളുള്ളവര്‍ക്ക് സന്ധിവേദനകള്‍ ഉണ്ടായാല്‍ ആവശ്യമായ പരിശോധനകള്‍ നടത്തി സന്ധിവാതരോഗമാണോ എന്നു കണ്ടുപിടിക്കണം. ലൈഫ്‌സ്‌റ്റൈല്‍ രോഗങ്ങളുമായി ബന്ധമുള്ള സന്ധിവേദനകള്‍ ഉള്ളവര്‍ക്ക് ആര്‍ത്രൈറ്റിസ് ടെസ്റ്റുകള്‍ നെഗറ്റീവായിരിക്കും. സന്ധിവേദനകളുടെ സ്വഭാവവും രീതികളും സന്ധിവാതരോഗങ്ങളില്‍നിന്നും വ്യത്യസ്തമായിരിക്കും.

സന്ധിരോഗങ്ങള്‍ തടയാം

ജീവിതരീതിയില്‍ വരുത്തുന്ന ആരോഗ്യകരമായ മാറ്റങ്ങളിലൂടെ സന്ധിവാതരോഗങ്ങളെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ കഴിയും. സന്ധി തേയ്മാനത്തെ തുടര്‍ന്നുണ്ടാകുന്ന ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് കൂടുമ്പോഴുണ്ടാകുന്ന ഗൗട്ട്, പ്രമേഹത്തെ തുടര്‍ന്നുണ്ടാകുന്ന സന്ധിപ്രശ്‌നങ്ങള്‍, തെറ്റായ രീതിയില്‍ ഇരിക്കുകയും ജോലിചെയ്യുകയും മറ്റും ചെയ്യുന്നതിനെ തുടര്‍ന്നുണ്ടാകുന്ന ശരീരവേദനകള്‍, സോഫ്റ്റ് ടിഷ്യു റുമാറ്റിസം തുടങ്ങിയ പ്രശ്‌നങ്ങളൊക്കെ അല്പം കരുതലെടുത്താല്‍ ഒഴിവാക്കാന്‍ കഴിയുന്നവയാണ്. വ്യായാമം ചെയ്തും ഭക്ഷണം നിയന്ത്രിച്ചും അമിതവണ്ണം ഒഴിവാക്കി ശരീരഭാരം ക്രമീകരിച്ചാല്‍ തേയ്മാന സന്ധിരോഗങ്ങളെ പ്രതിരോധിക്കാം. അമിതവണ്ണമുള്ളവരില്‍ ശരീരഭാരം അഞ്ചുശതമാനം കുറഞ്ഞാല്‍ ഓസ്റ്റിയോ ആര്‍ത്രൈറ്റിസിനുള്ള സാധ്യത 50 ശതമാനംവരെ കുറയും.

കംപ്യൂട്ടറിന്റെയും ടിവിയുടെയും മുന്‍പില്‍ ഏറെനേരം ചടഞ്ഞിരിക്കുന്നത് സന്ധികളിലെ സമ്മര്‍ദം കൂട്ടും. കൂടുതല്‍ നേരം ഇരുന്ന് ജോലിചെയ്യുന്നവര്‍ ഇടയ്ക്ക് എഴുന്നേറ്റ് കുറച്ചുദൂരം നടക്കുന്നത് സന്ധികളുടെ ആരോഗ്യത്തിന് നല്ലതാണ്. അതുപോലെ കൂടുതല്‍നേരം നിന്ന് ജോലിചെയ്യുന്നവര്‍ അല്പനേരം ഇരുന്ന് വിശ്രമിക്കുകയും വേണം. 

ആര്‍ത്രൈറ്റിസ് ഇല്ലാതെതന്നെ സന്ധികള്‍ക്ക് വേദന ഉണ്ടാകുന്ന അവസ്ഥയാണ് സോഫ്റ്റ് ടിഷ്യു റുമാറ്റിസം. സന്ധികള്‍ക്കുചുറ്റുമുള്ള പേശികളുടെ ബലക്കുറവും ഇതിനൊരു കാരണമാണ്. ക്രമമായ വ്യായാമം സന്ധികള്‍ക്ക് ചുറ്റുമുള്ള പേശികളെ ബലപ്പെടുത്തുകയും സന്ധികളുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു. നടപ്പ്, ജോഗിങ്, നീന്തല്‍ എന്നിവയൊക്കെ സന്ധികളുടെ ആരോഗ്യസംരക്ഷണത്തിനുതകുന്ന വ്യായാമമുറകളാണ്. ദിവസവും 30-40 മിനിറ്റ് വ്യായാമത്തിനായി മാറ്റിവെക്കണം.

സന്ധിരോഗങ്ങള്‍ പൊതുവെ ക്രമമായി പുരോഗമിക്കുന്നവയും ആവര്‍ത്തന സ്വഭാവം ഉള്ളവയുമാണ്. രോഗനിയന്ത്രണത്തിന് ചെലവേറിയ മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗം വേണ്ടിവന്നേക്കാം. ആര്‍ത്രൈറ്റിസിനെ തുടര്‍ന്നുള്ള ശാരീരിക വൈകല്യങ്ങളും പരാധീനതകളും തൊഴിലിനെയും കുടുംബത്തിന്റെ സാമ്പത്തികഭദ്രതയെയുമൊക്കെ പ്രതികൂലമായി ബാധിക്കാനുമിടയുണ്ട്.

(ആലപ്പുഴ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗം പ്രൊഫസറാണ് ലേഖകന്‍)

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്‌

Content Highlights: World Arthritis Day 2021, Arthritis in young people, Health