ഷീല നാലു വയസ്സുകാരിയാണ്. അവള്‍ക്ക് രാവിലെ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും ബുദ്ധിമുട്ടാണ്. ബ്രഷ് പിടിക്കാന്‍ പോലും വയ്യാത്ത അവസ്ഥ. പ്രാഥമിക കൃത്യനിര്‍വഹണം പോലും കുഞ്ഞുകണ്ണുകളില്‍ കണ്ണുനീര്‍ നിറയ്ക്കുന്നു.  ഒന്ന് രണ്ടു മണിക്കൂറുകള്‍ കഴിയുമ്പോള്‍ അവള്‍ സന്തോഷത്തോടെ കളിക്കുന്നതും അച്ഛനമ്മമാര്‍ കണ്ടു. കുറച്ച് ആഴ്ചകള്‍ക്കുശേഷം അവളുടെ വിവിധ സന്ധികളില്‍ നീരു വിങ്ങിയതായി അച്ഛനമ്മമാരുടെ ശ്രദ്ധയില്‍പ്പെട്ടു. പ്രഭാതങ്ങളില്‍ കുഞ്ഞുവിരലുകള്‍ നിവര്‍ത്താന്‍ അവള്‍ പാടുപെടുന്നുണ്ടായിരുന്നു. പല മരുന്നുകളും പരീക്ഷിച്ചെങ്കിലും ഫലം കണ്ടില്ല. അവളുടെ വേദനകള്‍ കൂടി. ഷീലയ്ക്ക് ജുവനൈല്‍ ഇഡിയോപ്പതിക് ആര്‍ത്രൈറ്റിസ് എന്ന രോഗമായിരുന്നു. 

കാരണങ്ങള്‍ പലത്

ബാല്യത്തിലെ ആര്‍ത്രൈറ്റിസ് ബാധയ്ക്ക് നല്‍കിയിരിക്കുന്ന പേരാണ് ജുവനൈല്‍ ഇഡിയോപതിക് ആര്‍ത്രൈറ്റിസ് (JIA). ബാല്യത്തില്‍ കുട്ടികളുടെ  സന്ധികളിലും മറ്റു ശരീരഭാഗങ്ങളിലും ഉള്ള വേദന വളരെ സാധാരണമാണ്. ഈ വേദനകളുടെ കാരണങ്ങള്‍ മിക്കപ്പോഴും വളരെ ലളിതവുമായിരിക്കും. മരുന്നുകള്‍ നല്‍കാതെ തന്നെ ഇവ പെട്ടെന്ന് ശമിക്കുകയും ചെയ്യും. എന്നാല്‍ ചിലപ്പോഴെങ്കിലും ഇത്തരം വേദനകളുടെ കാരണങ്ങള്‍ ശ്രദ്ധയോടെ കാണണം. കുട്ടികള്‍ സന്ധി, മസില്‍ വേദനകള്‍ ഉണ്ടെന്ന് പറയുന്നുണ്ടെങ്കില്‍ ശിശുരോഗ വിദഗ്ധനെ കാണിക്കേണ്ടത് അത്യാവശ്യമാണ്. സന്ധികളുടെ അമിത വഴക്കം, ചെറിയ പരിക്കുകള്‍, മറ്റു പല രോഗങ്ങളുടെയും ലക്ഷണങ്ങള്‍ എന്നിങ്ങനെ കുട്ടികളില്‍ ഇത്തരത്തിലുള്ള വേദനയ്ക്ക് കാരണങ്ങള്‍ പലതാണ്. 

സന്ധിവേദനയെ അവഗണിക്കരുത്

കുട്ടികളില്‍ ആര്‍ത്രൈറ്റിസ് (വാതം) കാണപ്പെടുന്നില്ല എന്നത് തീര്‍ത്തും തെറ്റായ ധാരണയാണ്. കുട്ടികളില്‍ സാധാരണമായി കണ്ടുവരുന്ന പനിയും അനുബന്ധ രോഗങ്ങളും പോലെ അത്രത്തോളം സാധാരണമല്ല ആര്‍ത്രൈറ്റിസ് എങ്കിലും ലോകത്താകമാനം ആയിരത്തിലൊരാള്‍ എന്ന നിരക്കില്‍ ജുവനൈല്‍ ഇഡിയോപതിക് ആര്‍ത്രൈറ്റിസ് എന്ന രോഗമുണ്ട്. 

കുട്ടികളില്‍ ഉണ്ടാകുന്ന സന്ധികളിലെ പ്രശ്നങ്ങളുടെ ആകെത്തുകയാണ് ജുവനൈല്‍ ഇഡിയോപതിക് ആര്‍ത്രൈറ്റിസ്. ഈ രോഗബാധ ഉണ്ടെങ്കിലും സാധാരണ രക്ത പരിശോധനയില്‍ റുമറ്റോയ്ഡ് ഫാക്ടറൊന്നും മനസ്സിലാക്കാന്‍ കഴിയുകയും ഇല്ല. കുട്ടികളില്‍ ഏതു പ്രായത്തിലും ഈ രോഗബാധയുണ്ടാകാം. ആഴ്ചകളോളം സന്ധികളില്‍ വേദനയും മറ്റ് ലക്ഷണങ്ങളും തുടരുന്നുണ്ടെങ്കില്‍ അത് കുട്ടിക്കാലത്തെ ആര്‍ത്രൈറ്റിസ് ആയി കണക്കാക്കേണ്ടിയിരിക്കുന്നു. ചിലപ്പോള്‍ കൃത്യമായ രോഗലക്ഷണങ്ങള്‍ ഉണ്ടായില്ലെന്നും വരാം.

കുട്ടികളിലെ സന്ധിവാതം അഞ്ചു തരം

ജുവനൈല്‍ ഇഡിയോപതിക് ആര്‍ത്രൈറ്റിസ് പ്രധാനമായും അഞ്ച് വിഭാഗങ്ങളായി തരം തിരിക്കാം. ഇതിന്റെ ലക്ഷണങ്ങള്‍ ഓരോരുത്തരിലും വ്യത്യസ്ഥമായിരിക്കും.
1. ഒലിഗോ ജുവനൈല്‍ ഇഡിയോപതിക് ആര്‍ത്രൈറ്റിസ്- നാലോ അതില്‍ താഴെയോ സന്ധികളില്‍ ഉണ്ടാകുന്ന വേദനയും നിര്‍വീഴചയുമാണിത്.

2. പോളി ആര്‍ട്ടികുലര്‍ ജുവനൈല്‍ ഇഡിയോപതിക് ആര്‍ത്രൈറ്റിസ്- ആര്‍ത്രൈറ്റിസ് അഞ്ചോ അതിലധികമോ സന്ധികളെ ബാധിക്കുമ്പോളാണ് പോളി ആര്‍ട്ടികുലാര്‍ ജുവനൈല്‍ ഇഡിയോപതിക് ആര്‍ത്രൈറ്റിസ് എന്ന് പറയുന്നത്. ആദ്യത്തെ ആറ് മാസത്തിനുള്ളില്‍ തന്നെ രോഗം സ്ഥിരീകരിക്കുന്നു.

3.എന്തസൈറ്റിസ് റിലേറ്റ്സ് ജുവനൈല്‍ ഇഡിയോപ്പതിക് ആര്‍ത്രൈറ്റിസ്- നട്ടെല്ലിന്റെ കീഴ്ഭാഗത്തെ സന്ധികളെ ബാധിക്കുന്ന രോഗാവസ്ഥയാണിത്. കൂടാതെ ദശനാര് അഥവാ പേശിയെ, അസ്ഥിയോടു ബന്ധിക്കുന്ന ചരടുപോലുള്ള ധാതുവിനെ ഈ രോഗം ബാധിക്കുന്നു. ചിലരില്‍ ഇത് നട്ടെല്ലിനെയും ബാധിക്കുന്നതായി കണ്ടുവരുന്നുണ്ട്.

4. സോറിയാറ്റിക്ക് ജുവനൈല്‍ ഇഡിയോപതിക് ആര്‍ത്രൈറ്റിസ്- ആര്‍ത്രൈറ്റിസ്, സോറിയായിസ് എന്ന രോഗമായി കൂടിച്ചേര്‍ന്നതാണ് ഈ രോഗാവസ്ഥ. കുട്ടികളില്‍ പൊതുവെ സോറിയാസിസ് ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനു മുന്‍പ് തന്നെ ഈ രോഗം സന്ധികളെ ബാധിക്കുന്നു.

5. സിസ്റ്റമിക്ഓണ്‍സെറ്റ് ജുവനൈല്‍ ഇഡിയോപ്പതിക് ആര്‍ത്രൈറ്റിസ്- ഇത് ഗുരുതരമായ ജുവനൈല്‍ ആര്‍ത്രൈറ്റിസ് ആണ്. ഇടവിട്ടുവരുന്ന പൊള്ളുന്ന പനിയും ചര്‍മ രോഗവുമാണ് തുടക്കം. പിന്നെ അത് സന്ധികളേയും കൂടാതെ മറ്റ് ശരീര അവയവങ്ങളേയും ബാധിക്കുന്നു.ശരീരത്തിലെ രോഗപ്രതിരോധ വ്യവസ്ഥയ്ക്കുണ്ടാകുന്ന തകരാറു മൂലം ശരീരത്തിനുള്ളില്‍ തന്നെ ആന്റിബോഡി  ഉത്പാദിപ്പിക്കപ്പെടുന്നതാണ് (Auto immune disease) ഈ രോഗത്തിന്റെ കാരണം. ഇത് ഭക്ഷണ രീതിയോ ജീവിത രീതിയോ മറ്റേതെങ്കിലും കാരണങ്ങളുമായോ ബന്ധപ്പെട്ടതല്ല എന്നത് പ്രത്യേകം ഓര്‍ക്കുക. കൃത്യമായ വൈദ്യപരിശോധനയിലൂടെ ഡോക്ടര്‍ക്ക് ഈ രോഗം പ്രാരംഭദശയില്‍ തന്നെ കണ്ടുപിടിക്കാനാകും. കഴിയുമെങ്കില്‍ ഇത്തരം രോഗികള്‍ ശിശുരോഗ വിദഗ്ധനായ ഒരു റുമറ്റോളജിസ്റ്റിനെ തന്നെ കാണാന്‍ ശ്രദ്ധിക്കണം.

ചികിത്സ

കുട്ടികളിലെ സന്ധിവാത രോഗങ്ങള്‍ക്ക് ഫലപ്രദമായ ചികിത്സ ഇന്ന് ലഭ്യമാണ്. തുടക്കത്തില്‍ കഠിനവേദനയും നീര്‍ക്കെട്ടും കുറയ്ക്കുന്നതിനായി നോണ്‍ സ്റ്റിറോയ്ഡല്‍ ആന്റി ഇന്‍ഫ്‌ളമേറ്ററി ഡ്രഗ്സ് (NSAIDs), സന്ധികളില്‍ നല്‍കുന്ന കുത്തിവെയ്പ് (Intra Articular Injection) എന്നിവ ഫലപ്രദമാണ്. രോഗം കഠിനമാണെങ്കില്‍ കോര്‍ട്ടോക്കോസ്റ്റിറോയിഡ് ഗുളികയും അനുയോജ്യമായ ഫലം നല്‍കും. ആര്‍ത്രൈറ്റിസ് അഥവാ സന്ധികളിലുണ്ടാകുന്ന നാശത്തെ തടയാന്‍ ഉപയോഗിക്കുന്ന മരുന്നുകളില്‍ പ്രധാനപ്പെട്ടതാണ് ഡിസീസ് മോഡിഫയിംഗ് ആന്റി റുമാറ്റിക് ഡ്രഗ്സ് അഥവാ ഡിമാര്‍ഡ്‌സ് (DMARDs). രോഗത്തിന്റെ കാഠിന്യവും രൂപവൈകല്യ സാധ്യതയും കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു. സള്‍ഫാസാലസിന്‍ (Sulfasalazine), ഹൈഡ്രോക്സിക്ലോറോക്വിന്‍ (Hydrocychloroquine), മെത്തോട്രെക്സേറ്റ് (Methtorexate) എന്നിവ ഈ വിഭാഗം മരുന്നുകളാണ്.

ഇതില്‍ രോഗത്തിന്റെ കാഠിന്യം കുറക്കാനായി മെത്തോട്രെക്സേറ്റ് കൂടുതലായി ഉപയോഗിക്കുന്നു. ഇത് ആഴ്ചയില്‍ എടുക്കുന്ന കുത്തിവയ്പുകളായോ ഗുളികകളായോ നല്‍കുന്നു. തുടക്കത്തില്‍ തന്നെ രോഗം മനസ്സിലാക്കി ഈ മരുന്ന് ഉപയോഗിച്ചാല്‍ സന്ധികളിലെ നാശം ഒരുപരിധിവരെ പ്രതിരോധിക്കാം. രോഗം പുരോഗമിക്കുന്നത് തടയുകയും ചെയ്യാം. ശരീരകലകളിലും സന്ധികളിലും ഉണ്ടാകുന്ന സ്ഥായിയായ തകരാറുകള്‍ ഇതുവഴി ഇല്ലാതാക്കാം. ഇത് പതുക്കെ ആര്‍ത്രൈറ്റിസിനെ നിയന്ത്രണ വിധേയമാക്കും. രോഗം നേരത്തെ തന്നെ നിര്‍ണയിക്കപ്പെട്ട മിക്കവാറും കുട്ടികള്‍ക്ക് ഒന്നോ, രണ്ടോ തവണ നല്‍കുന്ന ചികിത്സ ഫലം നല്‍കാറുണ്ട്. ആന്റി ഇന്‍ഫ്ളമേറ്ററി ഡ്രഗ്‌സ് (NSAIDS), കോര്‍ട്ടിക്കോസ്റ്റിറോയ്ഡ്സ് എന്നീ മരുന്നുകള്‍ക്കൊപ്പം ഡിസീസ് മോഡിഫയിങ് മരുന്നുകള്‍ ഉപയോഗിക്കാം. എന്‍.എസ്.എ.ഐ.ഡികളും കോര്‍ട്ടിക്കോസ്റ്റിറോയ്ഡും പെട്ടെന്ന് ഫലം തരുന്നവയാണ്. വേദനയും നിര്‍ക്കെട്ടും കുറയ്ക്കാന്‍ ഈ മരുന്നുകള്‍ സഹായിക്കും. മൂന്നില്‍ രണ്ട് ശതമാനം കുട്ടികള്‍ക്കും ഡിമാര്‍ഡിസിലൂടെ തന്നെ ഫലം ലഭിക്കാറുണ്ട്. ഡിമാര്‍ഡുകളും കോര്‍ട്ടിക്കോസ്റ്റിറോയ്ഡുകളും ക്രമേണ ഡോസുകള്‍ കുറച്ചുകൊണ്ട് വരുകയും പിന്നെ പൂര്‍ണമായും നിര്‍ത്തുകയും ചെയ്യാം.

മിക്കവാറും രോഗികള്‍ക്ക് ചികിത്സയ്ക്ക് വേണ്ടി ആശുപത്രികളില്‍ താമസിക്കേണ്ട ആവശ്യം ഉണ്ടാകാറില്ല. ഈ ചികിത്സയുടെ ലക്ഷ്യം തന്നെ കുട്ടികളില്‍ ആര്‍ത്രൈറ്റിസ് നിയന്ത്രണ വിധേയമാക്കി, രൂപവൈകല്ല്യം ഉണ്ടാകാതെ ശ്രദ്ധിച്ച് അവരെ മാനസികമായും ശാരീരികമായും ആരോഗ്യമുള്ളവരാക്കി സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരുക എന്നുള്ളതാണ്.

പാര്‍ശ്വഫലങ്ങള്‍

മരുന്നുകള്‍ എത്രത്തോളം പ്രവര്‍ത്തിച്ചു തുടങ്ങി അഥവാ എന്തെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടോ എന്ന് രക്തപരിശോധനയിലൂടെ മനസ്സിലാക്കാം. ഏതാണ്ട് എല്ലാ മരുന്നുകള്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഉണ്ട്. എന്നാല്‍, എല്ലാവരിലും അത് പ്രത്യക്ഷപ്പെടാറില്ല. മിക്കവാറും കുട്ടികള്‍ കൃത്യമായി നല്‍കുന്ന ആര്‍ത്രൈറ്റിസ് മരുന്നുകളുമായി തന്നെ കണ്ടുപിടിക്കുന്നതിനും അവ പരിഹരിക്കുന്നതിനും കൃത്യമായ മേല്‍നോട്ടം അത്യാവശ്യമാണ്. ഡിമാര്‍ഡ്സ് (DMARDs) പ്രതികരിക്കാത്ത കുട്ടികളില്‍ ബയോളജിക്കല്‍സ് ഉപയോഗിച്ചു വരുന്നു. ശരീരത്തിലെ സാധാരണ ജൈവപ്രതികരണങ്ങളെ തടസ്സപ്പെടുത്തുന്ന ഒരു വിഭാഗം മരുന്നുകളാണ് ബയോളജിക്കല്‍സ്. ഡിമാര്‍ഡ്സിനേക്കാള്‍ ബയോളജിക്കല്‍സിന്റെ ചെലവ് അധികമായതിനാല്‍ മറ്റു മരുന്നുകള്‍ പ്രതികരിക്കാത്ത അവസ്ഥയില്‍ മാത്രമേ ഈ മരുന്നുകള്‍ ഉപയോഗിക്കാറുള്ളു.

50-60 ശതമാനം പേരും കൃത്യമായ ചികിത്സ കൊണ്ട് ഈ രോഗാവസ്ഥയെ മറികടക്കാറുണ്ട്. ചിലര്‍ക്ക് ദീര്‍ഘകാലത്തെ പരിചരണം ആവശ്യമായും വരാറുണ്ട്. പ്രായപൂര്‍ത്തിയായവരില്‍ ഒരു ചെറിയ വിഭാഗം ആളുകള്‍ക്ക് അവരുടെ ബാല്യത്തില്‍ തന്നെ റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് കണ്ടുവരുന്നുണ്ട് എങ്കിലും ചികിത്സയും ജീവിത രീതിയില്‍ വരുത്തുന്ന മാറ്റങ്ങളും കൊണ്ട് പ്രമേഹ രോഗി സാധാരണ ജീവിതം നയിക്കുംപോലെ ആര്‍ത്രൈറ്റിസ് രോഗവും നിയന്ത്രണ വിധേയമാക്കാം. ഒരിക്കല്‍ നിയന്ത്രണ വിധേയമായാല്‍ അത് നിലനിര്‍ത്തുകയും ആവശ്യത്തിനുള്ള മരുന്നുകള്‍ മാത്രം കഴിക്കുകയും ചെയ്യുക എന്നത് പ്രധാനമാണ്. രോഗം നിയന്ത്രിക്കാനായാല്‍ രോഗബാധിതനായ കുട്ടിയ്ക്ക് സാധാരണജീവിതം നയിക്കാന്‍ കഴിയും.

ഷീല അവളുടെ ചികിത്സ ആരംഭിക്കുകയും കൃത്യമായ പരിചരണത്തിലൂടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. ഇന്ന് അവള്‍ മറ്റേത് കുട്ടിയേയും പോലെ ഓടുന്നു, ചാടുന്നു, കളിക്കുന്നു. സ്‌കൂളില്‍ പോകുന്നു. കൂട്ടുകാര്‍ക്കൊപ്പം നൃത്തം ചെയ്യുന്നു കുട്ടിക്കാലത്തിന്റെ വര്‍ണക്കൂട്ടുകളിലേക്ക് അവള്‍ ഓടിയെത്തിയത് കണ്ട് അവളുടെ അച്ഛനമ്മമാര്‍ ഇന്ന് ഏറെ സന്തുഷ്ടരാണ്. 

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്

(കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ കണ്‍സള്‍ട്ടന്റ് പീഡിയാട്രിക് റുമറ്റോളജിസ്റ്റാണ് ലേഖിക)

Content Highlights: World Arthritis Day 2021, Arthritis in Children, Health