നുഷ്യശരീരത്തിലെ അസാധാരണമായ ഒരു ഘടകമാണ് സന്ധി. ഏഴ് ധാതുക്കളില്‍ ഒന്നാണ് അസ്ഥി അഥവാ എല്ലുകള്‍. ശരീരത്തിന്റെ ആകൃതിക്ക് വേണ്ട ചട്ടക്കൂട് ഒരുക്കുന്നത് അസ്ഥികൂടമാണ്. ഹൃദയം, മസ്തിഷ്‌കം, ശ്വാസകോശം തുടങ്ങിയ അവയവങ്ങള്‍ക്ക് ഒരു കൂടൊരുക്കി അസ്ഥികള്‍ സംരക്ഷിക്കുന്നു. ഇതോടൊപ്പംതന്നെ പ്രധാനമാണ് അസ്ഥികള്‍ സന്ധിചേര്‍ന്ന് ശരീരചലനത്തെ സാധ്യമാക്കുന്നു എന്നത്.

ശരീരത്തിന്റെ ഭാരം താങ്ങുന്നതില്‍ സന്ധികള്‍ക്കുമുണ്ട് ഒരു പങ്ക്. ഒരു പാലത്തിന്റെ തൂണുകള്‍ നോക്കൂ. അതിലോടുന്ന വാഹനങ്ങളുടെകൂടി ഭാരം പേറാനുള്ള രീതിയിലാണ് എന്‍ജിനിയര്‍മാര്‍ അതുണ്ടാക്കിയിരിക്കുന്നത്. അതേരീതിയിലുള്ള രൂപകല്പനയാണ് സന്ധികളുടെ ഘടനയിലുമുള്ളത്. പ്രത്യേകിച്ച് അരക്കെട്ടും അതിനു താഴെയുള്ള സന്ധികളുടെയും കാര്യത്തില്‍. 

സന്ധികള്‍ എട്ടുവിധം

ശരീരശാസ്ത്രം സന്ധികളെ അവയുടെ ഘടനയനുസരിച്ച് എട്ടായി തിരിക്കുന്നു. കോരം, ഉലൂഖലം, സാമുദ്ഗം, തുന്നസേവനി, വായസതുണ്ഡം, മണ്ഡലം, ശംഖാപര്‍ത്തം, പ്രതരം എന്നിങ്ങനെ. ഉദാഹരണമായി തോള്‍സന്ധി. ഒരു ആട്ടുകല്ലിലെ കുഴിയിലിട്ട കുഴവി പോലെയാണിതിന്റെ പ്രവര്‍ത്തനം. ഇതാണ് ഉലൂഖലസന്ധി. ഉലൂഖലമെന്നതിന് ഉരല്‍ എന്നര്‍ഥം. വായസതുണ്ഡം പക്ഷിയുടെ കൊക്കുപോലെ തുറക്കാനുമടക്കാനുമാകുന്ന സന്ധിയാണ്. താടിയുടെ സന്ധിയാണ് ഇവിടെ ഉദാഹരണം.
ഇളകുന്നവ, ഇളകാത്തവ എന്നും സന്ധികളെ രണ്ടായി തിരിക്കാം. തലയോട്ടിയാണ് ഇളകാത്തതിന് ഉദാഹരണം. ഇത് ഒരു ഒറ്റയെല്ലല്ല. തുന്നിച്ചേര്‍ത്തപോലുള്ള നിരവധി ഇളകാത്ത സന്ധികള്‍ തലയോട്ടിയിലുണ്ട്.

ഇളകുന്ന സന്ധികള്‍ക്ക് അതിന്റെ പ്രവര്‍ത്തനം സുഗമമാക്കാന്‍വേണ്ടി ഘടനാവിശേഷങ്ങളുണ്ട്. സന്ധിയിലുള്‍പ്പെട്ട എല്ലാ ശരീരഭാഗങ്ങളെയും പൊതിഞ്ഞുസൂക്ഷിക്കുന്ന ഒരു ആവരണമുണ്ട്. ഇതിനെ സന്ധികവചമെന്ന് വിളിക്കാം. പരസ്പരം ചേരുന്ന രണ്ട് അസ്ഥികളുടെ അഗ്രങ്ങള്‍ നിരീക്ഷിച്ചാല്‍ കാഠിന്യം കുറഞ്ഞ് മൃദുവായതായി കാണാം. ഈ ഭാഗത്തെ തരുണാസ്ഥി എന്ന് വിളിക്കുന്നു. ഈ തരുണാസ്ഥികളുടെ ഇടയില്‍ ചലനത്തിന് മാര്‍ദവം പകരാന്‍ ഒരു കഫമുണ്ട്. ഇതാണ് ശ്ലേഷകകഫം. മൃദുവായ ഒരു സ്തരത്തിനുള്ളിലാണ് ദ്രവരൂപത്തിലുള്ള ഈ കഫം. ഇത്രയുമായതുകൊണ്ട് സന്ധികള്‍ ചലനാത്മകമാവുകയില്ല. മാംസപേശികളാണ് ചലനത്തിന് വേണ്ട കരുത്തും കൃത്യതയും നല്‍കുന്നത്. പേശികള്‍ അസ്ഥികളില്‍ കെട്ടിവെച്ചതുപോലെയാണ്. ഇതിനുള്ള ചരടുകളാണ് കണ്ഡരങ്ങള്‍. സാധാരണഗതിയില്‍ പേശികള്‍ സങ്കോചിക്കുമ്പോള്‍ സന്ധി മടങ്ങുന്നു. അല്ലെങ്കില്‍ സന്ധിയിലുള്‍പ്പെട്ട അസ്ഥികള്‍ അടുക്കുന്നു. വികസിക്കുമ്പോള്‍ അകലുന്നു. ചില സന്ധികളില്‍ നിരവധി പേശികളുടെ സങ്കോചവികാസങ്ങള്‍ ചലനത്തെ സൂക്ഷ്മവും കൃത്യവും ആക്കുന്നുണ്ട്. പേശികള്‍ ഉത്തേജിപ്പിക്കുന്ന നാഡികള്‍, എല്ലാ സന്ധിഘടകങ്ങള്‍ക്കും പോഷണം നല്‍കുന്ന രക്തക്കുഴലുകള്‍ എന്നിവയെല്ലാം സന്ധിയുടെ ഭാഗം തന്നെ. രോഗാവസ്ഥകളില്‍ ഇവയ്‌ക്കൊക്കെ  പലതരം വൈകല്യങ്ങള്‍ ഉണ്ടാകുന്നു.

നിജരോഗങ്ങളുംആഗന്തുരോഗങ്ങളും

വാതം, പിത്തം, കഫം എന്നീ മൂന്ന് ദോഷങ്ങളെ അടിസ്ഥാനമാക്കിയാണ് ശരീരത്തെ വിശദീകരിക്കുന്നത്. സന്ധികളുടെ പ്രധാനകര്‍മം ചലനമാണെന്നതിനാല്‍ അത് വാതവുമായി ബന്ധപ്പെട്ടിരിക്കുന്നു. കണ്ഡരം മുതലായ ഘടകങ്ങള്‍ പിത്തവുമായി ചേര്‍ന്നവയാണ്. ദ്രവരൂപത്തിലുള്ള കഫം തന്നെയാണ് ശ്ലേഷകം. അങ്ങനെ മൂന്ന് ദോഷങ്ങളുടെയും സ്ഥാനമായി സന്ധിയെ കാണാം.

സന്ധിയെ ആശ്രയിച്ചുള്ള രോഗങ്ങളെ അടിസ്ഥാനപരമായി നിജം, ആഗന്തു എന്ന് രണ്ടായി തിരിക്കാം. പെട്ടെന്നുള്ള ബാഹ്യമായ അടി, ചതവ് മുതലായ കാരണങ്ങളാല്‍ ഉണ്ടാകുന്ന രോഗങ്ങളാണ് ആഗന്തു രോഗങ്ങള്‍. മറ്റു കാരണങ്ങള്‍കൊണ്ട് താരതമ്യേന പെട്ടെന്നല്ലാതെ ലക്ഷണങ്ങള്‍ കാണിക്കുന്നവയാണ് നിജരോഗങ്ങള്‍. ഈ രണ്ടു രീതിയിലും സന്ധിരോഗങ്ങള്‍ വരാം. ചിരജം, ആശുകാരി എന്നും രണ്ടിനമുണ്ട് സന്ധിരോഗങ്ങള്‍. ആശുകാരി രോഗം പെട്ടെന്നുണ്ടായി ചിലപ്പോള്‍ മരണകാരണമായി തീര്‍ന്നേക്കാം. എന്നാല്‍ ചിരജരോഗങ്ങള്‍ ജീവിതകാലം മുഴുവന്‍ കൂടെയുണ്ടാവും.

സന്ധിരോഗങ്ങളുടെ കാരണങ്ങള്‍

സന്ധികളെ വേണ്ടത്ര ഉപയോഗിക്കാതിരിക്കുക, അമിതമായി ഉപയോഗിക്കുക, വേണ്ട രീതിയിലല്ലാതെ ഉപയോഗിക്കുക എന്നിങ്ങനെ കാരണത്തെ മൂന്നായി തിരിക്കാം. വേണ്ട രീതിയിലുള്ള ആയാസം സന്ധികള്‍ക്ക് ലഭിക്കണം. ഇത് നിത്യവും ചെയ്യുന്ന തൊഴിലില്‍നിന്നാകാം, അല്ലെങ്കില്‍ വ്യായാമത്തില്‍നിന്നാകാം. ഇത് രണ്ടും ശ്രദ്ധിച്ചില്ലെങ്കില്‍ അമിതമായ ഉപയോഗമായും തീരാം. 
തെറ്റായ ആഹാരരീതികളും സന്ധിരോഗങ്ങള്‍ക്കിടവരുത്താം. വിരുദ്ധാഹാരങ്ങള്‍ അക്കൂട്ടത്തില്‍പ്പെടുന്നു. കൂടാതെ നിയന്ത്രണമില്ലാത്ത ഭക്ഷണവും അമിതവണ്ണവും സന്ധിരോഗത്തെ ഉണ്ടാക്കിയേക്കാം. മാംസാഹാരവും ശിംബിധാധ്യങ്ങളും (പയര്‍-പരിപ്പു വര്‍ഗം) കൂടുതലുപയോഗിക്കുന്നവര്‍ക്കും വരുന്ന ചില സന്ധിരോഗങ്ങളുണ്ട്. ഉപ്പ്, പുളി, എരിവ് എന്നിവ കൂടുതല്‍ കഴിക്കുന്ന ശീലവും ചില രോഗികളില്‍ കണ്ടുവരുന്നു. അസ്ഥിക്ഷയത്തിന് കാരണമാകുന്ന ശീലങ്ങളാണ് പുകവലി, പുകയില കൂട്ടിയുള്ള മുറുക്ക്, കാപ്പി, ചായകളുടെ അമിതോപയോഗം തുടങ്ങിയവ.
വ്യായാമക്കുറവ്, സന്ധികള്‍ അനക്കാതെ ഒരേ രീതിയില്‍ ഇരിക്കല്‍, തുടര്‍ച്ചയായുള്ള വാഹനയാത്ര എന്നിവയൊക്കെ സന്ധിരോഗങ്ങളുടെ കാരണങ്ങളില്‍ പെടുന്നു.

ലക്ഷണങ്ങള്‍

സന്ധിരോഗങ്ങളുടെ ലക്ഷണങ്ങള്‍ രോഗമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. സന്ധിയിലെ വേദന, നീര്, ചൂട് എന്നിവ പൊതുലക്ഷണങ്ങളാണ്. വാതരക്തം ( റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്) എന്ന പേരിലറിയപ്പെടുന്ന സന്ധിരോഗമാണ് കൂടുതല്‍ കണ്ടുവരുന്നത്. ഈ രോഗം ഏതാണ്ട് 40-50 വയസ്സാകുമ്പോഴാണ് പ്രത്യക്ഷപ്പെടുന്നത്. സ്ത്രീകളിലാണ് അധികവും കണ്ടുവരുന്നത്. ചിലരില്‍ പ്രസവത്തോട് ചേര്‍ന്നും ഉണ്ടാകാം. കൈയിലെയും കാലിലെയും ചെറിയ സന്ധികളിലാണ് ഇതിന്റെ തുടക്കം. ക്രമേണ എല്ലാ സന്ധികളിലേക്കും വ്യാപിക്കുന്നു. കൈവിരലുകളുടെ സന്ധികളെ ബാധിക്കുന്നു എന്നതിന് രോഗനിര്‍ണയപരമായി പ്രാധാന്യമുണ്ട്. കഫകാലത്ത് (രാവിലെ പത്തു മണിവരെയുള്ള സമയം) സന്ധികള്‍ക്ക് പിടുത്തം ഉണ്ടാകും. സാധാരണഗതിയില്‍ ഇരുവശത്തുമുള്ള സന്ധികളെ ഒരേപോലെ ബാധിക്കും. 

അധികം തീവ്രമല്ലാത്ത വാതരക്തത്തിന്റെ ആദ്യഘട്ടത്തെ ഉത്താനമെന്ന് വിളിക്കുന്നു. ഈ ഘട്ടത്തില്‍ വേദനയ്‌ക്കൊപ്പംതന്നെ മരവിപ്പ്, സന്ധികള്‍ക്ക് കനം തോന്നുക, തരിപ്പ് എന്നിവയും അനുഭവപ്പെട്ടേക്കാം. ഗംഭീരം എന്ന ഘട്ടത്തില്‍ നീര് കുറേക്കൂടി ശക്തമാവുകയും സന്ധികള്‍ക്ക് വൈകല്യം സംഭവിക്കുകയും ചെയ്യുന്നു. എല്ലാ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും നടക്കുന്നതിനും ഇത് തടസ്സമാകുകയും ചെയ്യുന്നു. 

ലക്ഷണങ്ങളിലുള്ള വ്യതിയാനങ്ങള്‍ക്കനുസരിച്ച് ഏഴുതരത്തില്‍ വാതരക്തം വിഭജിക്കപ്പെട്ടിട്ടുണ്ട്. നീരിന്റെ ആകൃതിയും വര്‍ണഭേദങ്ങളും മറ്റു ചില ലക്ഷണങ്ങളേയും ആധാരമാക്കിയാണ് ഈ വിഭജനം. രക്തത്തിലെ യൂറിക് അമ്ലം ഉയര്‍ന്ന് സന്ധികളില്‍ നീരും വേദനയും പഴുപ്പുമായി ലക്ഷണങ്ങളെ കാണിക്കുന്ന ഗൗട്ട് എന്ന രോഗവും വാതരക്തത്തില്‍ത്തന്നെ പെടും. ചില ആചാര്യന്മാര്‍ രക്തവാതം എന്നും ഇതിനെ വ്യവഹരിക്കുന്നുണ്ട്. ജനിതകസ്വഭാവമുള്ള എസ്.എല്‍.ഇ, സ്‌ക്ലീറോഡര്‍മ (Scleroderma), കുട്ടികളില്‍ കണ്ടുവരുന്ന സ്റ്റില്‍സ് ഡിസീസ് (Still's disease) തുടങ്ങിയവയെല്ലാം വാതരക്തത്തിന്റെ പരിധിയിലാണ് ആയുര്‍വേദം കാണുന്നത്.

ധാതുക്ഷയവുമായി ചേര്‍ന്ന രോഗക്രമമുള്ള മറ്റൊരു സന്ധിരോഗമാണ് ജരാവാതം (ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്). പൊതുവെ 40-50 വയസ്സിന് മുകളിലുള്ളവരിലാണ് ഇത് കണ്ടുവരുന്നത്. രോഗോത്പത്തി സാവധാനമാണ്. മുട്ട്, അരക്കെട്ട് തുടങ്ങിയവയാണ് ഇവിടെ മുഖ്യമായി ബന്ധിക്കപ്പെടുന്ന സന്ധികള്‍. കൈത്തള്ളവിരല്‍, തോള്‍, കഴുത്ത് തുടങ്ങിയവയിലേക്കും വ്യാപിച്ചേക്കാം. ലക്ഷണങ്ങള്‍ ഇടയ്ക്ക് ഏറിയും കുറഞ്ഞും വരാം. വിശ്രമിച്ചാല്‍ വേദന കുറയും. സന്ധി മടക്കി നിവര്‍ത്തുമ്പോള്‍ ചെറിയ ശബ്ദം കേള്‍ക്കുക ഈ രോഗത്തിന്റെ സ്വഭാവമാണ്. പാരമ്പര്യം, അമിതവണ്ണം തുടങ്ങിയവയും രോഗകാരണമാകാറുണ്ട്. അമിതമായി മുട്ടിന് ആയാസം വരുന്ന രീതിയില്‍ നില്‍ക്കേണ്ടിവരുന്നതും രോഗത്തിന് ഇടയാക്കിയേക്കാം.

ഏറെയും കുട്ടികളില്‍ കണ്ടുവരുന്ന റുമാറ്റിക് ഫീവര്‍ എന്ന രോഗത്തെ ആയുര്‍വേദം ആമവാതം എന്ന് വിളിക്കുന്നു. സന്ധിയിലല്ലാതെയും ധാരാളം ലക്ഷണങ്ങള്‍ ആമവാതത്തിലുണ്ട്. പനി, ഉത്സാഹക്കുറവ്, ഉറക്കക്കുറവ്, ദാഹം, തളര്‍ച്ച, തല തിരിച്ചില്‍ തുടങ്ങിയവ പതിവുലക്ഷണങ്ങളാണ്. ചുവപ്പും ചൂടും ശക്തിയായ വേദനയും സന്ധികള്‍ ഓരോന്നിലും മാറിവരുക എന്നത് മറ്റൊരു പ്രത്യേകതയാണ്. വാതരക്തത്തില്‍നിന്ന് വിഭിന്നമായി കാല്‍മുട്ട്, അരക്കെട്ട്, തോള്‍സന്ധി തുടങ്ങിയ വലിയ സന്ധികളെയാണ് ഇത് ബാധിക്കുന്നത്. ചലനം അസാധ്യമാക്കുന്ന വിധം സന്ധികള്‍ കൂടിച്ചേരുന്ന ജീര്‍ണവാതം (ആങ്കൈലോസിങ് സ്‌പോണ്ടിലൈറ്റിസ്), ചില ചര്‍മരോഗങ്ങളുമായി ചേര്‍ന്നുവരുന്ന ഉത്താനവാതരക്തം (സോറിയാറ്റിക് ആര്‍ത്രൈറ്റിസ്)തുടങ്ങി നിരവധിയുണ്ട് സന്ധിരോഗഭേദങ്ങള്‍.

ചികിത്സ

സന്ധിയിലെ രോഗങ്ങള്‍ക്ക് ഏകോപിതമായ ചികിത്സ നിര്‍ദേശിക്കുക ബുദ്ധിമുട്ടാണ്. രോഗത്തിന്റെ വൈവിധ്യം, ലക്ഷണങ്ങളിലുള്ള വൈജാത്യം എന്നിവ ഇവിടെ ചൂണ്ടിക്കാണിക്കപ്പെട്ടല്ലോ. എങ്കിലും ചില സാമാന്യ സമീപനങ്ങള്‍ പറയാം.

ശമനചികിത്സയ്ക്കാണ് ഇവിടെ അധികം പ്രാധാന്യം. പ്രത്യേകിച്ചും രോഗം തീവ്രാവസ്ഥയില്‍ ലക്ഷണങ്ങളെ കാണിച്ചുകൊണ്ടിരിക്കുമ്പോള്‍. രോഗത്തിന്റെ ശക്തി ഒന്നൊടങ്ങിയശേഷം ശോധനചികിത്സയെപ്പറ്റി ആലോചിക്കാം.

ആമം ഉള്ള സന്ദര്‍ഭത്തില്‍ പാചനചികിത്സയാണ് വേണ്ടത്. ഇതിനായി കടുക്ക, കൊടുവേലിക്കിഴങ്ങ്, ചുക്ക് തുടങ്ങിയ മരുന്നുകള്‍കൊണ്ടുള്ള കഷായം, ഗുളിക, ചൂര്‍ണം മുതലായവ ഉപയോഗിക്കുന്നു. ഔഷധക്കഞ്ഞി, കുടിക്കാന്‍ മരുന്നുകളിട്ട് തിളപ്പിച്ച വെള്ളം, മരുന്നിട്ട് കാച്ചിയ മോര് തുടങ്ങിയവ പഥ്യമായ ആഹാരക്രമത്തിലുള്‍പ്പെടുന്നു. ആമാവസ്ഥ മാറിയശേഷം വാതരക്തത്തിന്റെ തന്നെ ചികിത്സയാകാം.

വാതരക്തത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഔഷധം ഗുളൂചി അഥവാ ചിറ്റമൃതാണ്. ബലാഗുളൂച്യാദി, ഗുളൂച്യാദി, അമൃതോത്തരം തുടങ്ങിയ കഷായങ്ങള്‍ ഉദാഹരണം. ചിറ്റമൃതിന് രോഗപ്രതിരോധശേഷിയെ വര്‍ധിപ്പിക്കാനാകുമെന്ന് ആധുനിക ഗവേഷണങ്ങളും തെളിയിക്കുന്നു. മധ്യകാലഘട്ടത്തോടെ രാസ്‌ന (ചിറ്റരത്ത) എന്ന ഔഷധത്തിനും പ്രാമുഖ്യം കൈവന്നു. കേരളീയ ചികിത്സയില്‍ പ്രത്യേകിച്ചും. ഇതിന്റെ തുടര്‍ച്ചയാണ് രാസ്‌നൈരണ്ഡാദി, രാസ്‌നാസപ്തകം, രാസ്‌നാപഞ്ചകം തുടങ്ങിയ കഷായങ്ങള്‍. വേദനയെ ശമിപ്പിക്കുവാനും ആമത്തെ ഇല്ലാതാക്കാനുള്ള രാസ്‌നയുടെ ശേഷിയാണ് ഈ അംഗീകാരത്തിന് കാരണം. തടിച്ച ശരീരമുള്ളവരിലും പ്രമേഹംപോലുള്ള രോഗമുള്ളവരിലും സന്ധിരോഗങ്ങള്‍ ഉണ്ടാകുമ്പോള്‍ ചികിത്സയില്‍ പ്രസക്തിയുള്ള ഒരു ഔഷധമാണ് ഗുഗ്ഗുലു. അധികവും ഗുളികരൂപത്തിലാണ് ഗുഗ്ഗുലു കൊണ്ടുള്ള ഔഷധങ്ങള്‍. യോഗരാജഗുഗ്ഗുലു, കൈശോരഗുഗ്ഗുലു, നവായസ ഗുഗ്ഗുലു എന്നിങ്ങനെ പോകുന്നു ഇവയുടെ പേരുകള്‍. കഷായം, അരിഷ്ടം, നെയ്യ് എന്നീ രീതികളില്‍ ഗുഗ്ഗുലു തയ്യാറാക്കപ്പെടുന്നുണ്ട്.
അസ്ഥിധാതുവിന്റെ ക്ഷയവുമായി ചേര്‍ന്നു നില്ക്കുന്ന ജരാവാതത്തിലും മറ്റും കുറുന്തോട്ടി, ഇരട്ടിമധുരം മുതലായവയ്ക്കാണ് പ്രാധാന്യം. ക്ഷീരബല ഈ സന്ദര്‍ഭത്തില്‍ ഉപയോഗിക്കാനുള്ളതാണ്. ഔഷധസംസ്‌കൃതമായ തൈലങ്ങളും ഘൃതങ്ങളും അകത്തേക്ക് സേവിക്കാനും പ്രയോജനപ്പെടുന്നു.

നീര്, വേദന തുടങ്ങിയവയ്ക്ക് ശമനം നല്‍കുവാന്‍ ബാഹ്യമായ ചികിത്സകളും പതിവുണ്ട്. ചൂര്‍ണങ്ങള്‍കൊണ്ടുള്ള ലേപങ്ങളാണ് ഇവയില്‍ പ്രധാനം. ലക്ഷണം നോക്കി തിരഞ്ഞെടുത്തില്ലെങ്കില്‍ അപകടമുണ്ടാകാം. ഉദാഹരണത്തിന് കുന്തിരിക്കവും ചുക്കുമുള്ള ചൂര്‍ണങ്ങള്‍ പുകച്ചിലും ചുവപ്പുമുള്ള നീരില്‍ ഇട്ടാല്‍ രോഗം കൂടുകയേ ഉള്ളൂ. ചൂര്‍ണങ്ങള്‍ കലക്കാന്‍ അരിക്കാടി, പുളിയില നീര് തുടങ്ങിയവ ഉപയോഗിക്കാം. മേല്‍ സൂചിപ്പിച്ച പിത്തപ്രധാനമായ അവസ്ഥകളില്‍ കഷായം, വെപ്പുകാടി മുതലായവകൊണ്ടുള്ള ധാരയായിരിക്കും നല്ലത്.

വിരേചനവും വസ്തിയും

സ്ഥായിയായ രോഗശമനത്തിനും വീണ്ടും വരുന്നത് ഒഴിവാക്കുവാനും ശോധനചികിത്സ നല്ലതാണ്. വിരേചനം, വസ്തി എന്നിവയ്ക്കാണ് ഇതില്‍ പ്രാധാന്യം. ശരീരം മുഴുവനുമുള്ള ലക്ഷണങ്ങളും നീരും മറ്റും നല്ലവണ്ണം മാറിയശേഷം സന്ധികളുടെ ചലനത്തെ കുറേക്കൂടി അനായാസമാക്കാന്‍ പലതരം കിഴികളും പിഴിച്ചിലും മറ്റും ആകാവുന്നതാണ്.

രോഗാരംഭത്തില്‍ത്തന്നെ ശ്രദ്ധാപൂര്‍വം ചെയ്യുന്ന ചികിത്സകൊണ്ടും സന്ധിരോഗങ്ങളെ നിയന്ത്രണത്തിലാക്കാം. തിരക്കുപിടിച്ച്, ക്രമം തെറ്റിച്ച് ചെയ്യുന്ന ചികിത്സ രോഗമുക്തിയെ തടസ്സപ്പെടുത്തുകയും ചെയ്യും.

രോഗശമനത്തിന് ശേഷം ചെയ്യുന്ന രസായനചികിത്സ രോഗം വീണ്ടും വരുന്നതിനെ ചെറുക്കുന്നു. ചികിത്സകൊണ്ടുണ്ടായ ശരീരക്ഷീണതയെ മാറ്റുകയും ചെയ്യുന്നു. ച്യവനപ്രാശം, വര്‍ധമാന പിപ്പലി, ബ്രാഹ്മരസായനം, ക്ഷീരബല തുടങ്ങിയവ ഉദാഹരണമാകുന്നു. ജരാവാതത്തില്‍ ഇവയ്ക്ക് പ്രത്യേകിച്ചും പ്രാധാന്യമുണ്ട്.

കൃത്യമായ വ്യായാമത്തിന് സന്ധി രോഗങ്ങളെ ചെറുക്കുന്നതില്‍ നല്ല പങ്കുണ്ട്. ശരീരസന്തുലനം (body balance) നിലനിര്‍ത്താനുതകുന്ന യോഗാസനങ്ങള്‍ക്ക് പ്രത്യേകിച്ചും. അമിതവണ്ണം ഉണ്ടാകാതിരിക്കെത്തന്നെ അസ്ഥിധാതുവിന് പോഷകമായ ദ്രവ്യങ്ങള്‍ ശീലിക്കുന്നത് നന്ന്. എള്ള്, എള്ളെണ്ണ, നെയ്യ് തുടങ്ങിയവ ഉദാഹരണം.  

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: World Arthritis Day 2021, Arthritis and Ayurveda treatment, Health