ലോകമെമ്പാടും ഒക്ടോബര്‍ 12 ലോക ആര്‍ത്രൈറ്റിസ് ദിനമായി ആചരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കുട്ടികളിലെ വാതരോഗങ്ങളെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയാം.  

എന്താണ് ആര്‍ത്രൈറ്റിസ്? 

സന്ധികളില്‍ നീര്‍ക്കെട്ടും വേദനയും വരുന്ന ഒരു അവസ്ഥയെയാണ് ആര്‍ത്രൈറ്റിസ് എന്ന് വിളിക്കുന്നത്. 
ആര്‍ത്രൈറ്റിസ് പലകാരണങ്ങളാലും ഉണ്ടാകാമെങ്കിലും ഇത് മുഖ്യലക്ഷണമായിട്ടുള്ള ഒരു കൂട്ടം അസുഖങ്ങളെയാണ് 
വാതരോഗങ്ങള്‍ എന്നു വിളിക്കുന്നത്. 

ലോക ആര്‍ത്രൈറ്റിസ് ദിനത്തോടനുബന്ധിച്ച് പീഡിയാട്രിക് റുമാറ്റിക് ഡിസീസസ് (Paeditric Rheumatic diseases) അഥവാ കുട്ടികളിലെ വാതരോഗങ്ങളെക്കുറിച്ച് ഒരു ചെറിയ അവബോധം സൃഷ്ടിക്കുക എന്നുള്ളതാണ് ഇന്നത്തെ ഈ ലേഖനം  കൊണ്ട് ലക്ഷ്യമിടുന്നത്. 

കുട്ടികളില്‍ വാതരോഗമോ?

വാതരോഗമെന്നാല്‍ നമ്മുടെ മനസ്സിലേക്ക് പെട്ടെന്നു വരുന്ന ഒരു ദൃശ്യം പ്രായമായ ഒരാള്‍ മുട്ടുവേദനയോ നടുവേദനയോ മൂലം നടക്കാന്‍ വയ്യാതെ ബുദ്ധിമുട്ടുന്നതാണ്. എന്നാല്‍ പ്രായമായവരില്‍ മാത്രമല്ല കുട്ടികളിലും കണ്ടുവരുന്ന ഒരു അസുഖമാണ് റുമാറ്റിക് ഡിസീസ് (Rheumatic diseases) അഥവാ വാതരോഗങ്ങള്‍.  

സന്ധികളിലെ നീര്‍ക്കെട്ടും, വേദനയും പ്രധാന ലക്ഷണമായി കാണുമെങ്കിലും, ഹൃദയം, ശ്വാസകോശം, മസ്തിഷ്‌കം, വൃക്ക മുതലായ
ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനത്തെപ്പോലും സാരമായി ബാധിക്കുന്ന നൂറില്‍പരം രോഗങ്ങള്‍ ഇതില്‍ പെടുന്നു. 
തുടക്കം മുതല്‍ക്കേയുള്ള കൃത്യമായ രോഗനിര്‍ണ്ണയവും ശാസ്ത്രീയമായ ചികിത്സകളും വഴി ഈ രോഗങ്ങളെ പൂര്‍ണ്ണമായും
ഭേദമാക്കുകയോ നിയന്ത്രണവിധേയമാക്കുകയോ ചെയ്യാന്‍ സാധിക്കും. 

സാധാരണയായി കുട്ടികളില്‍ കണ്ടുവരുന്ന വാതരോഗങ്ങള്‍

ജെ.ഐ.എ., ചൈല്‍ഡ്ഹുഡ് എസ്.എല്‍.ഇ.( Childhood SLE), ജുര്‍സിന്റെ ഡെര്‍മറ്റോമയൗട്ടിന്‍(Jurcinte dermatomyoutin), കവസാക്കി ഡിസീസ്  (Kauasaki diseases), റുമാറ്റിക് ഫീവര്‍ & മറ്റ് പോസ്റ്റ് സ്‌ട്രെപ്‌റ്റോകോക്കിയല്‍ സിന്‍ഡ്രോംസ് (Rhematic Fever and Other post streptococeal syndromes), ഹെനോക് സ്‌കോളിന്‍ പര്‍പുറ (Henochschoulein Purprua), ഓട്ടോ ഇന്‍ഫ്‌ളമേറ്ററി ഡിസീസസ് (Auto Inflammatory syndrome) ഇതൊക്കെയാണ് കുട്ടികളില്‍ കണ്ടുവരുന്ന വാതരോഗങ്ങള്‍ 

കുട്ടികളില്‍ ശ്രദ്ധിക്കേണ്ട വാതരോഗ ലക്ഷണങ്ങള്‍? 

ഓരോ തരം റുമാറ്റിക് രോഗങ്ങള്‍ക്കും അതിന്റേതായ ലക്ഷണങ്ങളുണ്ട്. ഓരോ കുട്ടിക്കും രോഗലക്ഷണങ്ങള്‍ വ്യത്യസ്തമായിരിക്കും. സന്ധികളിലെ നീര്‍ക്കെട്ടും, വേദനയും, ഇടവിട്ടുള്ള പനി അല്ലെങ്കില്‍ വിട്ടുമാറാത്ത പനി, കടുത്ത ക്ഷീണം, കൈകളിലും കാലുകളിലും കാണപ്പെടുന്ന ഉണങ്ങാത്ത വ്രണങ്ങള്‍, പുറംവേദന, മസിലുവേദനയോടുകൂടിയുള്ള ബലക്ഷയം, വായ്പ്പുണ്ണ്, തൊലിപ്പുറമെയുള്ള തിണര്‍പ്പ് അഥവാ റാഷസ് ഇതൊക്കെയാണ് സാധാരണയായി കാണപ്പെടുന്ന ലക്ഷണങ്ങള്‍. 

ഇത്തരം ലക്ഷണങ്ങള്‍ മറ്റു പല രോഗങ്ങളുടെയും ഭാഗമായി കാണപ്പെടാമെങ്കിലും അത് വിട്ടുമാറാതിരിക്കുകയോ ഇടക്കിടെ  പ്രത്യക്ഷപ്പെടുകയോ ആണെങ്കില്‍ അത് ഏതെങ്കിലും ഒരു വാതരോഗത്തിന്റെ ലക്ഷണമാകാം. അതിനാല്‍ തന്നെ ഇത്തരം രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അതിനെ ഗൗരവപൂര്‍വ്വം പരിഗണിക്കുകയും ഒരു പീഡിയാട്രിക് റുമറ്റോളജിസ്റ്റിന്റെ സഹായം തേടുകയും വേണം. 

രോഗനിര്‍ണ്ണയം നടത്തുന്നത് എങ്ങനെ? 

രോഗലക്ഷണങ്ങളുടെ വിശദമായ വിശകലനം, കുട്ടിയുടെ ശാരീരിക പരിശോധന എന്നിവയോടെയാണ് രോഗനിര്‍ണ്ണയ പ്രക്രിയ
ആരംഭിക്കുന്നത്. പലരോഗങ്ങള്‍ക്ക് ഒരേ ലക്ഷണങ്ങള്‍ കാണുമെങ്കില്‍ പലതരത്തിലുള്ള രക്ത മൂത്ര പരിശോധനകള്‍, എക്‌സ്‌റേ, സ്‌കാനിംഗ് മുതലായ ടെസ്റ്റുകളും രോഗനിര്‍ണ്ണയത്തിന് സഹായിക്കുന്നു. കൂടാതെ ലക്ഷണങ്ങള്‍ക്കനുസരിച്ച് ബയോപ്‌സ്, ജോയിന്റ് ആസ്പിരേഷന്‍  മുതലായ ടെസ്റ്റുകളും വേണ്ടി വന്നേക്കാം. 

കുട്ടികളിലെ വാതരോഗങ്ങളുടെ ചികിത്സാ മാര്‍ഗ്ഗങ്ങള്‍? 

കൃത്യമായ രോഗനിര്‍ണ്ണയമാണ് ഒന്നാമത്തെ പടി. രോഗലക്ഷണങ്ങള്‍, രോഗത്തിന്റെ കാഠിന്യം, കുട്ടിയുടെ പ്രായം, പൊതുആരോഗ്യം എന്നിവയ്ക്കനുസരിച്ചുള്ള സമഗ്രമായ ഒരു ചികിത്സാപദ്ധതി തയ്യാറാക്കിയിട്ടായിരിക്കും പിന്നീടുള്ള ചികിത്സകള്‍. 
മാതാപിതാക്കള്‍ക്കൊപ്പം പീഡിയാട്രിഷ്യന്‍, പീഡിയാട്രിക് റുമറ്റോളജിസ്റ്റ്, ഓര്‍ത്തോപീഡിഷ്യന്‍, സൈക്യാട്രിസ്റ്റ്, ഫിസിക്കല്‍ തെറാപ്പിസ്റ്റ് മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരടങ്ങിയ ഒരു ടീമിന്റെ സഹകരണം ഇത്തരം രോഗങ്ങളുടെ ചികിത്സയ്ക്ക് ഏറ്റവും അനിവാര്യമാണ്. 

മരുന്നുകള്‍ പലപ്പോഴും ദീര്‍ഘകാലാടിസ്ഥാനത്തില്‍ കഴിക്കേണ്ടി വന്നേക്കാം. രോഗം നിയന്ത്രിക്കുന്ന മരുന്നുകള്‍ (Disease Modifying Anti Rheumatic Drugs) ബയോളജിക്കല്‍സ് എന്നിവയാണ് ഇവയില്‍ പ്രധാനം. 

വേദന സംഹാരികള്‍, കഠിനമായ ലക്ഷണങ്ങള്‍ക്ക് കോര്‍ട്ടിക്കോസ്റ്റീറോയ്ഡ് മരുന്നുകള്‍, ഫിസിയോതെറാപ്പി വ്യായാമങ്ങള്‍, ജീവിത
ശൈലീ മാറ്റങ്ങള്‍ ഇവെയല്ലാം ചികിത്സയുടെ ഭാഗമായി വരുന്നു. 

പീഡിയാട്രിക് റുമാറ്റോളജി ക്ലിനിക്കിന്റെ പ്രാധാന്യം?

കൃത്യമായ രോഗനിര്‍ണ്ണയം, ശരിയായ തുടര്‍ചികിത്സ ഉറപ്പാക്കല്‍, രോഗവുമായോ മരുന്നുകളുമായോ ബന്ധപ്പെട്ടുള്ള സങ്കീര്‍ണ്ണതകള്‍ നേരത്തെ തന്നെ കണ്ടുപിടിച്ച് അത് ചികിത്സിക്കുക. കുട്ടിയുടെ ശാരീരികവും മാനസികവുമായ സാമൂഹികവുമായ വളര്‍ച്ച ഉറപ്പുവരുത്തുക ഇവയെല്ലാമാണ് പീഡിയാട്രി റുമാറ്റോളജി ക്ലിനിക് കൊണ്ട് ലക്ഷ്യമാക്കുന്നത്.

(തൃശ്ശൂര്‍ അമല മെഡിക്കല്‍ കോളേജിലെ ശിശുരോഗ വാത വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖിക)

Content Highlights: Work Arthritis Day 2021, What is Rheumatic diseases,  Arthritis in Children, Health