പ്രതീക്ഷിതമായി ഒരുദിവസം പുലര്‍ച്ചെ കിടപ്പുമുറിയുടെ വാതിലില്‍ ആഞ്ഞുതട്ടുന്നതുകേട്ടാണ് എഴുന്നേല്‍ക്കുന്നത്‌. നോക്കിയപ്പോള്‍ വെപ്രാളമൊളിപ്പിച്ച പുഞ്ചിരിയുമായി 80 കഴിഞ്ഞ അമ്മ: ''നിറഞ്ഞ സന്ധ്യക്ക് ഇങ്ങനെ കിടന്നുറങ്ങിയാലോ... വരൂ അത്താഴത്തിനുള്ള കാര്യങ്ങള്‍ നോക്കാം.''ക്ലോക്കിലേക്കു നോക്കി; സമയം അഞ്ചായിട്ടില്ല. നേരം വെളുത്തിട്ടില്ലെന്ന്‌ അരുണയും ഭര്‍ത്താവും അമ്മയെ മനസ്സിലാക്കിക്കാന്‍ ശ്രമിച്ചെങ്കിലും വിലപ്പോയില്ല.

കണ്ണട എവിടെവച്ചെന്ന് ഓര്‍മയില്ല, സ്ഥലകാലബന്ധങ്ങള്‍ മനസ്സിലാകുന്നില്ല, ചിന്തകള്‍ക്കും ചെയ്തികള്‍ക്കും യുക്തിരാഹിത്യം...തുടക്കം ഇങ്ങനെയൊക്കെ. പതിയെപ്പതിയെ ഓര്‍മകള്‍ മുഴുവന്‍ കെട്ടഴിഞ്ഞ് പറന്നുപോകും. അരുണയുടെ അമ്മയെപ്പോലെ ലോകമെമ്പാടുമായി അഞ്ചുകോടിയിലേറെ ആളുകളുണ്ടെന്നാണ് ലോകാേരാഗ്യസംഘടനയുടെ കണക്ക്. മറവിരോഗം ബാധിച്ചവര്‍. അനൗദ്യോഗിക കണക്കനുസരിച്ച് കേരളത്തില്‍ രണ്ട് ലക്ഷത്തോളം പേര്‍ അല്‍ഷൈമേഴ്‌‌സ് ഡിമെന്‍ഷ്യ അനുഭവിക്കുന്നു.

ഡിമെന്‍ഷ്യയും അല്‍ഷൈമേഴ്‌സും

ചിന്തകളെ വരുതിയില്‍നിര്‍ത്താനുള്ള ശേഷി  (Cognitive function) ക്രമേണ നഷ്ടപ്പെടുന്ന തലച്ചോറിന്റെ അവസ്ഥയാണ് ഡിമെന്‍ഷ്യ. സാധാരണ, പ്രായമായവരില്‍ മാത്രം കണ്ടുവരുന്ന ഡിമെന്‍ഷ്യ ഓര്‍മയെ, ചിന്തകളെ, ചര്യകളെ,  ഗ്രഹണശേഷിയെ, കണക്കുകൂട്ടലുകളെ, പഠനേശഷിയെ, യുക്തിയെ, ഏകാഗ്രതയെ ഒക്കെയും നിര്‍വീര്യമാക്കും.

ഡിമെന്‍ഷ്യയുടെ പലകാരണങ്ങളില്‍ ഒന്നാണ് അല്‍ഷൈമേഴ്‌സ്. 60-70 ശതമാനം കേസുകളിലും അല്‍ഷൈമേഴ്‌സ് രോഗമാണ് ഡിമെന്‍ഷ്യയായി പരിണമിക്കുന്നത്. തലേച്ചാറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ഡിമെന്‍ഷ്യക്ക് അല്‍ഷൈമേഴ്‌സല്ലാതെ  മറ്റ് വകഭേദങ്ങള്‍ വാസ്‌കുലാര്‍ ഡിമെന്‍ഷ്യ, ഡിമെന്‍ഷ്യ വിത്ത് ലൂയി ബോഡീസ്, ഫ്രണ്ടോടെംപൊറെല്‍ ഡിമെന്‍ഷ്യ എന്നിവയാണ്. ഇവ ഒരുമിച്ചോ പലതായോ പ്രത്യക്ഷപ്പെട്ടേക്കാം.

തലേച്ചാറിലെ ഹിപ്പോകാംപസ് ഭാഗത്ത് ഓര്‍മ, ഗ്രാഹ്യശേഷി എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ന്യൂറോണുകള്‍ക്ക് നാശം സംഭവിക്കുന്നതാണ് അല്‍ഷൈമേഴ്‌സിന്റെ പ്രധാന കാരണം. ഇത്തരത്തില്‍ ന്യൂറോണുകളെ നശിപ്പിക്കുന്ന ഇവയെ അമിലോയ്ഡ് പ്രോട്ടീന്‍സ്, തൗപ്രോട്ടീന്‍സ് എന്നെല്ലാം വിളിക്കുന്നു.

അല്‍ഷൈമേഴ്‌സ് കേസുകളില്‍ പത്തുശതമാനത്തിന്റെയെങ്കിലും കാരണം ജനിതകമാണെന്നു പറയാം. എന്നാല്‍, ബാക്കി 90 ശതമാനം കേസുകളിലും ന്യൂറോണുകളെ നശിപ്പിക്കുന്ന പ്രോട്ടീനുകള്‍ എങ്ങനെ ആവിര്‍ഭവിക്കുന്നുവെന്ന് കണ്ടെത്താനായിട്ടില്ല.

അറുപത് പിന്നിട്ടവരിലാണ് അല്‍ഷൈമേഴ്‌സ് പ്രധാനമായും കണ്ടുവരുന്നത്. അറുപതുമുതല്‍ എണ്‍പതു വരെ പ്രായമുള്ള നൂറുപേരില്‍ അഞ്ചുപേര്‍ക്കുവരെ അല്‍ഷൈമേഴ്‌സിന്  സാധ്യതയുണ്ട്. എണ്‍പതു കഴിഞ്ഞവരില്‍ ഇരുപതു ശതമാനവും 85 വയസ്സിനുമുകളില്‍ 50 ശതമാനവുമാണ് അല്‍ഷൈമേഴ്‌സിനുള്ള സാധ്യത. ചെറുപ്പക്കാരില്‍ അത്യപൂര്‍വമായി മാത്രമേ അല്‍ഷൈമേഴ്‌സ് ബാധിക്കാറുള്ളൂ.

എല്ലാ മറവിയും അല്‍ഷൈമേഴ്‌സല്ല. അമിതമായ ടെന്‍ഷന്‍, മാനസികസമ്മര്‍ദം എന്നിവമൂലം ചെറുപ്പക്കാരിലുള്‍പ്പെടെ മറവിയുണ്ടാകാറുണ്ട്, ഇത് താത്കാലികമാണ്. മാനസികപ്രശ്‌നത്തിന്റെ കാരണം കൃത്യമായി കണ്ടുപിടിച്ചാല്‍ ഇത്തരം മറവികള്‍ പരിഹരിക്കാനാവും.

തുടക്കത്തിലെ രോഗനിര്‍ണയം പ്രധാനം

അല്‍ഷൈമേഴ്‌സിന്റെ പരിണാമഘട്ടങ്ങളെ മൂന്നായിത്തിരിക്കാം.

പ്രാരംഭഘട്ടം: ആദ്യത്തെ​ ഒന്നോ രണ്ടോ വര്‍ഷം.
വികാസഘട്ടം: രണ്ടാംവര്‍ഷം മുതല്‍ നാലാമത്തെയോ അഞ്ചാമത്തെയോ വര്‍ഷംവരെ
അവസാനഘട്ടം: അഞ്ചാംവര്‍ഷം മുതല്‍ പിന്നീട്.

അല്‍ഷൈമേഴ്‌സ് പ്രാരംഭത്തില്‍ത്തന്നെ തിരിച്ചറിയാനാവുകയെന്നത് പ്രധാനമാണ്. രോഗം ചികിത്സിച്ച് ഭേദമാക്കാമെന്നല്ല, പക്ഷേ, അനന്തരഫലങ്ങള്‍ ഒരുപരിധിവരെയെങ്കിലും നിയന്ത്രിക്കാന്‍ സാധിക്കും. രോഗം ബാധിക്കുന്നവരെ മാത്രമല്ല, ചുറ്റുപാടുള്ളവരുടെ ജീവിതത്തെയും സ്വാധീനിക്കുന്ന അവസ്ഥയാണ് അല്‍ഷൈമേഴ്സ്. ശാരീരികവും മാനസികവും സാമൂഹികവും സാമ്പത്തികവുമായ ഘടകങ്ങള്‍ ഇതിലുണ്ട്.

അല്‍ഷൈമേഴ്‌സ് ആന്‍ഡ് റിലേറ്റഡ് ഡിസോര്‍ഡേഴ്‌സ്‌ സൊസൈറ്റി ഓഫ് ഇന്ത്യ ജോയിന്റ് സെക്രട്ടറിയും  അല്‍ഷൈമേഴ്‌സ് രോഗവിദഗ്ധനുമായ ഡോ. റോബര്‍ട്ട് മാത്യു പറയുന്നു: ''തുടക്കത്തില്‍ ചെറിയ ഓര്‍മപ്പിശകുകളായിരിക്കും പ്രകടമാവുന്നത്; എന്തെങ്കിലും മറന്നുവെക്കുകയോ വച്ച സ്ഥലം മറന്നുപോവുകയോ ഒക്കെ. ഉത്തരവാദിത്വപ്പെട്ട ഒരു പദവിയോ ജോലിയോ നിക്ഷിപ്തമായിട്ടുള്ള വ്യക്തിയാണെങ്കില്‍, ഇത്തരം ഓര്‍മപ്പിശകുകള്‍ തുടക്കത്തിലേ അവഗണിച്ചാല്‍ പിന്നീട് വലിയ പ്രശ്‌നമായേക്കാം. അതുപോലെതന്നെ അല്‍ഷൈമേഴ്‌സ് ബാധിച്ച വ്യക്തിയുടെ സ്വഭാവത്തിലും സാമൂഹിക ഇടെപടലിലും പ്രകടമായ മാറ്റങ്ങള്‍ പ്രതിഫലിക്കും. എല്ലാവരും തനിക്കെതിരേ ഗൂഡാലോചന നടത്തുന്നു എന്നതുപോലുള്ള ചിന്തകള്‍ ഇവരില്‍ കടന്നുകൂടാം. ഇത് അയല്‍ക്കാരുമായോ ബന്ധുക്കളുമായോ പ്രശ്‌നങ്ങളുണ്ടാക്കുന്ന സാഹചര്യത്തിലേക്ക് നയിച്ചേക്കാം. ഇത്തരം പ്രശ്‌നങ്ങളൊഴിവാക്കാന്‍ തുടക്കത്തിത്തന്നെ രോഗനിര്‍ണയം നടത്തിയാല്‍ സാധിക്കും.''

മറവിരോഗത്തിന് അമ്പതോളം കാരണങ്ങളുണ്ട്. തൈറോയിഡ്‌ പ്രശ്‌നങ്ങളോ കരള്‍, വൃക്കരോഗങ്ങളോ ചിലപ്പോള്‍ മറവിയുണ്ടാക്കാം. ഇത്തരം പ്രശ്‌നങ്ങളെ തുടക്കത്തില്‍ത്തന്നെ തിരിച്ചറിയാനായാല്‍ ഫലപ്രദമായിത്തന്നെ ചെറുത്തുനില്‍ക്കാനാവും.

സ്‌നേഹത്തോടെ പരിചരിക്കാം

  • നിലവിലെ സാഹചര്യത്തില്‍ അല്‍ഷൈമേഴ്‌സ് ചികിത്സിച്ച് ഭേദമാക്കുക സാധ്യമല്ല. എന്നുകരുതി പ്രിയപ്പെട്ടവരെ കൈവിടാനുമാകില്ലല്ലോ. സ്‌നേഹമാണ് പരിഹാരം. കരുതലോടെയുള്ള കൂട്ടിരിപ്പുമാത്രമാണ് അല്‍ഷൈമേഴ്‌സ് രോഗികളുടെ ശിഷ്ടജീവിതത്തിലേക്ക് നമുക്ക് ചെയ്യാനുള്ളത്.
  • അല്‍ഷൈമേഴ്‌സ് ബാധിതരുടെ വ്യക്തിത്വത്തോട് മുമ്പുണ്ടായിരുന്ന എല്ലാ ബഹുമാനവും തുടര്‍ന്നുമുണ്ടാകണം. അവരുടെ പെരുമാറ്റവും ആവശ്യങ്ങളും പലപ്പോഴും ബാലിശമായിത്തോന്നാം. എന്നാല്‍, പരിചരിക്കുന്നവര്‍ അതിനോട് ക്ഷമയോടെയും പക്വതയോടെയും പ്രതികരിക്കാന്‍ ശ്രദ്ധിക്കണം. രോഗിയുടെ ദിനചര്യകള്‍ ക്രമംതെറ്റാതെ നോക്കേണ്ടതും പ്രധാനമാണ്.
  • ക്രമേണ കൂടുന്ന മറവി രോഗിയെ വിഷാദാവസ്ഥയിലേക്ക് നയിച്ചേക്കാം. ഇതൊഴിവാക്കുന്നതിന് അവരുടെ മനസ്സില്‍ ആശങ്കകള്‍ ഉരുണ്ടുകൂടാതെ ശ്രദ്ധിക്കണം. പ്രശ്‌നങ്ങള്‍ കേള്‍ക്കാനും പരിഹരിക്കാനും ശ്രമിക്കണം. സ്‌നേഹത്തോടെയുള്ള പെരുമാറ്റം രോഗിയില്‍ മാനസികോന്മേഷമുണ്ടാക്കും.
  • ആശയവിനിമയം എപ്പോഴും സുഗമമാകണമെന്നില്ല. അല്‍ഷൈമേഴ്‌സ് രോഗികള്‍ക്ക് ഏതെങ്കിലും ഘട്ടത്തില്‍ മനസ്സിലുള്ളത് പങ്കുവെക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടായേക്കാം. അത്തരം സാഹചര്യങ്ങളില്‍ അവരുടെ  ഒപ്പം നില്‍ക്കാനുള്ള മാനസിക ഐക്യം പരിചരിക്കുന്നയാള്‍ക്കുണ്ടാവണം. ഭീഷണിപ്പെടുത്തുന്ന ശരീരഭാഷ രോഗിയെ അരക്ഷിതരാക്കും. ഒരേകാര്യംതന്നെ എത്രവട്ടം വേണമെങ്കിലും ആവര്‍ത്തിച്ചുപറഞ്ഞ്  ബോധിപ്പിക്കാനുള്ള ക്ഷമയാണു വേണ്ടത്. രോഗിക്ക് ചിലപ്പോള്‍ ഉദ്ദേശിക്കുന്ന കാര്യം പറഞ്ഞുപൂര്‍ത്തിയാക്കാന്‍ സാധിക്കാതെവരും. ഇത്തരം സാഹചര്യങ്ങളില്‍ വാക്കുകള്‍ നല്‍കി അവരെ സഹായിക്കണം.
  • സ്ഥലകാലദിശാേബാധങ്ങള്‍ അല്‍ഷൈമേഴ്‌സ് രോഗികള്‍ക്ക് നഷ്ടമാകും. വീടിനുള്ളില്‍ത്തന്നെ ഓരോ സ്ഥലവും ഓരോ വസ്തുവും ചിഹ്നങ്ങളോ ചിത്രങ്ങളോ ഉപേയാഗിച്ച് സൂചിപ്പിച്ചുകൊണ്ട് ഒരുപരിധിവരെയെങ്കിലും അവരെ നമുക്ക് സഹായിക്കാനാവും. അമിതദേഷ്യം, വിഷാദം, ചിരി, കരച്ചില്‍, നിസ്സംഗത എന്നിവയൊക്കെ രോഗിയില്‍ മാറിമാറി പ്രത്യക്ഷപ്പെട്ടേക്കാം. ചിലപ്പോള്‍ അക്രമാസക്തിയും പ്രകടിപ്പിക്കും. പരിചരിക്കുന്നയാള്‍ സമചിത്തതയോടെ വേണം പെട്ടെന്നുള്ള ഈ സ്വഭാവമാറ്റങ്ങളെ കൈകാര്യം ചെയ്യാന്‍. സാധാരണനിലയിലേക്ക് സ്‌നേഹപൂര്‍വം അവരെ മടക്കിക്കൊണ്ടുവരാം. മതിഭ്രമം (Hallucination) ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ അവര്‍ പറയുന്നത് എതിര്‍ക്കാന്‍ നില്‍ക്കരുത്. ചിന്തകളെ വ്യതിചലിപ്പിക്കാനാണ് ശ്രമിക്കേണ്ടത്.
  • ചെറിയ വ്യായാമങ്ങളിലും ജോലികളിലും അല്‍ഷൈമേഴ്‌സ് ബാധിതരെ പങ്കെടുപ്പിക്കണം. രോഗിയുടെ ആരോഗ്യനിലയ്ക്കനുസരിച്ച് യോഗ പരിശീലിപ്പിക്കാം. അവര്‍ക്കിഷ്ടപ്പെട്ട പഴയ പാട്ടുകള്‍, കഥകള്‍ എന്നിവയൊക്കെ ആവര്‍ത്തിച്ച് കേള്‍പ്പിക്കുകയും പ്രിയപ്പെട്ടവരുടെ ചിത്രങ്ങള്‍ കാണിക്കുകയും ചെയ്യാം. പത്ര-പുസ്ത വായനയൊക്കെ എല്ലാദിവസവും ചെയ്യിക്കാനായാല്‍ ഗുണം ചെയ്യും. പ്രാരംഭഘട്ടത്തില്‍ വായനയ്ക്ക് ബുദ്ധിമുട്ടുണ്ടാവില്ല.
  • ഭക്ഷണകാര്യം പ്രത്യേകം ശ്രദ്ധിക്കണം. തലച്ചോറിലെ കോശങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുന്നതുകൊണ്ടുതന്നെ രുചിയും മണവുമൊന്നും തിരിച്ചറിയാന്‍ പറ്റണമെന്നില്ല. അതുകൊണ്ട് ഭക്ഷണത്തോട് രോഗിക്ക് വിമുഖതയുണ്ടാവാം. ഇഷ്ടപ്പെട്ട ഭക്ഷണം ഇഷ്ടപ്പെട്ട രീതിയില്‍ ഉണ്ടാക്കി നല്‍കണം. ചവച്ചിറക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഭക്ഷണം ഉടച്ചുനല്‍കാം. പഴങ്ങളും പാനീയങ്ങളും കൂടുതലായി നല്‍കാം. വിശപ്പുണ്ടാകുന്നതിന് കൂടുതല്‍ ശാരീരിക പ്രവര്‍ത്തികള്‍ ചെയ്യിക്കണം. ഭക്ഷണം കഴിക്കുമ്പോള്‍ മറ്റുവിഷയങ്ങളിലേക്ക് ശ്രദ്ധമാറാതെയും നോക്കണം. അല്‍ഷൈമേഴ്‌സ് ബാധിച്ച വ്യക്തിക്ക് ശാരീരികമായ പരിക്കുകളോ അപകടങ്ങളോ പറ്റാതെ ശ്രദ്ധിക്കണം.

അല്‍ഷൈമേഴ്‌സ് ദിനം

എല്ലാവര്‍ഷവും സെപ്റ്റംബര്‍ അല്‍ഷൈമേഴ്‌സ് മാസമായും  സെപ്റ്റംബര്‍ 21 അല്‍ഷൈമേഴ്‌സ് ദിനമായും ലോകം ആചരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ജര്‍മന്‍ സൈക്യാട്രിസ്റ്റായ അലോയ്‌സ് അല്‍ഷൈമര്‍ ആണ് ഡിമെന്‍ഷ്യയുടെ ഏറ്റവും സാധാരണമായ കാരണത്തെ വിശദീകരിച്ചത്. വൈദ്യശാസ്ത്രപരമായി അല്‍ഷൈമേഴ്‌സ് രോഗത്തിനെതിരായി ഏറെ പുരോഗതികള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് ശാസ്ത്രസമൂഹം അവകാശപ്പെടുന്നത്. എന്നാല്‍, സാമൂഹികാവബോധത്തിന്റെ കാര്യത്തില്‍ നാം എവിടെയെത്തി എന്നചോദ്യമാണ് അല്‍ഷൈമേഴ്‌സ് ദിനത്തെ ഓരോവര്‍ഷവും പ്രസക്തമാക്കുന്നത്. നമുക്ക് ഏറെ മുന്നോട്ടുപോകാനുണ്ട്. മറവിരോഗത്തിന്റെ ലക്ഷണങ്ങളെ ഒരിക്കലും തമാശയായി കാണുകയോ പ്രായത്തിന്റെ പ്രശ്‌നമാണെന്ന്‌ കരുതി അവഗണിക്കുകയോ അരുത്. അല്‍ഷൈമേഴ്‌സ് ഡിമെന്‍ഷ്യ സംഭവിച്ച ഒരാള്‍ക്ക് സ്‌പെഷ്യലിസ്റ്റ് കെയര്‍ ഉറപ്പാക്കണം.

വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. റോബര്‍ട്ട് മാത്യു
ജോയിന്റ് സെക്രട്ടറി, എ.ആര്‍.ഡി.എസ്.ഐ.

ആഷ്‌ലി ജേക്കബ്
മാസ്റ്റര്‍ ട്രെയിനര്‍, എ.ആര്‍.ഡി.എസ്.ഐ

Content Highlights: World Alzheimer's Day 2021, What is Alzheimer's disease, Health

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്‌