നുഷ്യരില്‍ ഓര്‍മകളുടെ താളം തെറ്റിക്കുകയും പതുക്കെ ഓര്‍മകളെ നശിപ്പിക്കുകയും ചെയ്യുന്ന രോഗാവസ്ഥയാണ് അല്‍ഷൈമേഴ്സ്. ഇത് ഓര്‍മകളെ മാത്രമല്ല ഒരു വ്യക്തിയുടെ ചിന്തകളെയും ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവിനെയും ബാധിക്കും. കഴിഞ്ഞ കാലത്തെ കുറിച്ചോ, ബന്ധുക്കളെയോ സുഹൃത്തുക്കളെയോ, തൊട്ടുമുമ്പ് നടന്ന സന്ദര്‍ഭത്തെക്കുറിച്ചോ ഒരു ധാരണയുമില്ലാതെ ജീവിക്കുന്നവരാണ് അല്‍ഷൈമേഴ്സ് ബാധിച്ച വ്യക്തികള്‍. ദിവസങ്ങളെയും വ്യക്തികളെയുമൊക്കെ മറന്നു തുടങ്ങി അവസാനമാവുമ്പോഴേക്ക് ആരെയും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥവരും.

പല സിനിമകളിലും ഈ രോഗം ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.  അവയില്‍ ചിലത് ഐറിസ് (2001) ദി നോട്ട് ബുക്ക് (2006 ) മലയാള ചലച്ചിത്രമായ തന്മാത്ര (2005) തുടങ്ങിയവയാണ്.  തന്മാത്ര എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച അല്‍ഷൈമേഴ്‌സ് രോഗിയുടെ കഥാപാത്രത്തെ ചിത്രം കണ്ട ആരും പെട്ടെന്നൊന്നും മറക്കാനിടയില്ല. പലപ്പോഴും നാം നിസ്സാരമായി കണ്ട ഒരു രോഗം, അതിന്റെ കാഠിന്യം എത്ര അധികമാണെന്ന് കാണിച്ചുതന്ന ചിത്രമാണ് അത്. 

പൊതുവെ  65 വയസ്സിനു മുകളിലുള്ളവരിലാണ് ഇത് കൂടുതലായും കാണുന്നത്. ലോകത്ത് ഏകദേശം 44 ദശലക്ഷം ആളുകള്‍ ഈ രോഗം ബാധിച്ചു ജീവിക്കുന്നതായും, ഇന്ത്യയില്‍ ഏകദേശം നാല്  ദശലക്ഷത്തോളം ആളുകള്‍ക്ക് ഈ രോഗം ബാധിച്ചിരിക്കുന്നതായും  കണക്കാക്കുന്നു. വയോജനസംഖ്യ കൂടുതലുള്ള കേരളത്തില്‍ ഈ രോഗം ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. കേരളത്തില്‍ നടത്തിയ ഒരു കമ്മ്യൂണിറ്റി പഠനത്തില്‍ 55നും 65 വയസ്സിനും ഇടയില്‍ ഉള്ളവരില്‍ 3.77  ശതമാനം ആളുകളില്‍ 65 വയസ്സിനു മുകളില്‍ 4.86 ശതമാനം ആളുകളിലും ഈ രോഗം ഉള്ളതായി കണ്ടിട്ടുണ്ട്. 

ഒരു ദിവസം ഒരു 65 വയസ്സുള്ള ഒരു രോഗിയെ ഒ.പി യില്‍ പരിശോധിക്കാന്‍ ഇടയായി. അവര്‍ ഭര്‍ത്താവിനൊപ്പമാണ് വന്നത്. ഒരു വര്‍ഷം മുമ്പുവരെ വീട്ടിലെ എല്ലാ കാര്യങ്ങളും ചെയ്തിരുന്ന ആളാണ്. ഇപ്പോള്‍ ഭക്ഷണം പാകം ചെയ്യുന്നതടക്കം ഒരു കാര്യവും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. കൂടാതെ സ്വഭാവത്തിലും സംസാരത്തിലും ഒക്കെ മാറ്റം. പലപ്പോഴും അവര്‍ കണ്ണാടി നോക്കി മരിച്ചുപോയ അമ്മയോട് സംസാരിക്കുന്നതായി കാണിക്കും. ഒരു ദിവസം പോലീസ് സ്റ്റേഷനില്‍ നിന്നും ഭര്‍ത്താവിന് ഒരു ഫോണ്‍കോള്‍. ഒരു സ്ത്രീ അവിടെ വിളിച്ച് ഭര്‍ത്താവ് അവരെ കൊല്ലാന്‍ ശ്രമിക്കുന്നതായി പരാതി. ഇതും കൂടി ആയപ്പോഴാണ് അവരെ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് തോന്നിയത്. പരിശോധനയില്‍ അവര്‍ക്ക് പുതിയ കാര്യങ്ങള്‍ ഓര്‍മയില്‍ സൂക്ഷിക്കാന്‍ ഉള്ള കഴിവ് കുറഞ്ഞതായി ബോധ്യമായി. മറ്റു പരിശോധനകളില്‍ അവര്‍ക്ക് അല്‍ഷൈമേഴ്‌സ് രോഗം സ്ഥിരീകരിക്കുകയും മരുന്നുകള്‍ തുടങ്ങുകയും ചെയ്തു. 

അല്‍ഷൈമേഴ്സിന്റെ  ആദ്യലക്ഷണങ്ങള്‍ സമീപകാലത്തെ ഏറ്റവും പുതുതായി മനസ്സിലാക്കിയ വിവരം ഓര്‍ത്തെടുക്കുവാനുള്ള ബുദ്ധിമുട്ടാണ്. തുടര്‍ന്ന് രോഗത്തിന്റെ തീവ്രതയേറുന്തോറും ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള ആശയക്കുഴപ്പം, സ്ഥലകാലജ്ഞാനങ്ങള്‍ നഷ്ടപ്പെടുക, സ്വഭാവ വൈകല്യങ്ങള്‍, മൂഡ് വ്യതിയാനങ്ങള്‍, മറ്റുള്ളവരെ അകാരണമായി സംശയിക്കുക, സ്വഭാവ വൈകല്യങ്ങള്‍ തുടങ്ങിയ പ്രയാസങ്ങള്‍ ഉണ്ടാകും. ചിന്താശക്തി അനുമാന ശേഷി  എന്നിവയെല്ലാം പ്രധാനമായി ഈ രോഗം ബാധിക്കും.

1.നിത്യ ജീവിതത്തെ ബാധിക്കുന്ന രീതിയിലുള്ള മറവി. അടുത്തിടെയുള്ള കാര്യങ്ങളെയാണ് പ്രധാനമായും മറക്കുക. പഴയ കാര്യങ്ങള്‍ കൃത്യമായി ഓര്‍ത്തെടുത്ത് പറയാന്‍ രോഗത്തിന്റെ ആദ്യഘട്ടങ്ങളില്‍ സാധിക്കും. ഉദാഹരണത്തിന് കുറച്ചു മുമ്പ് പറഞ്ഞ കാര്യങ്ങള്‍ ഇന്ന് രാവിലെ ഉണ്ടായത്  ഒക്കെ മറക്കാന്‍ തുടങ്ങുക, സംസാരിക്കുമ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെ വീണ്ടും വീണ്ടും പറയുകയും ചോദിക്കുകയും ചെയ്യുക.

2.സുപരിചിതമായ ദൈനംദിന കാര്യങ്ങള്‍ ചെയ്യാന്‍ കഴിയാതെ വരിക. ഉദാഹരണത്തിന് ഡ്രൈവ് ചെയ്യാന്‍ പ്രയാസം, മതപരമായ കാര്യങ്ങള്‍ ചെയ്യാന്‍ പ്രയാസം.

3. പ്ലാനിങ്ങിലും പ്രശ്‌ന പരിഹാരങ്ങളിലും ബുദ്ധിമുട്ടുകള്‍ വരിക. പ്രത്യേകിച്ചും അക്കങ്ങള്‍ ഉപയോഗിച്ചുള്ള കണക്കുകള്‍, ബാങ്കിംഗ്, പാചകം ചെയ്യാന്‍ പ്രയാസം നേരിടുക.

4. സ്ഥലകാലങ്ങളെ കുറിച്ച് ആശയക്കുഴപ്പം. ഉദാഹരണത്തിന് സ്ഥിരമായി പോയിരുന്ന വഴികളും സ്ഥലങ്ങളും മറന്നു പോകുക. തീയതി-സമയം സീസണ്‍ എന്നിവയെക്കുറിച്ചുള്ള ധാരണ കൈമോശം വരിക.

5.വായിക്കുകയും എഴുതുകയും ചെയ്യുമ്പോള്‍ വാക്കുകള്‍ ഉപയോഗിക്കുന്നതിലെ പ്രയാസം. സംഭാഷണം പിന്തുടരുവാനോ പങ്കെടുക്കുവാനോ  ബുദ്ധിമുട്ട് ഉണ്ടായാല്‍ സംഭാഷണം പെട്ടെന്ന് നിന്ന് പോകല്‍, പേന പോലുള്ള  സാധാരണ വാക്ക് കിട്ടാതെ, എഴുതുന്ന സാധനം എന്നൊക്കെ പോലെ ശരിയായപദം കിട്ടാതെ വരിക.

6. സാധനങ്ങള്‍ സ്ഥാനം മാറ്റിവെക്കുകയും എവിടെ വെച്ചെന്ന് ഓര്‍ക്കാന്‍ കഴിയാതെ വരികയും, വിചിത്രമായ ഇടങ്ങളില്‍ സാധനങ്ങള്‍ കൊണ്ട് വെക്കുകയും എടുക്കാന്‍ കഴിയാതെ നഷ്ടപ്പെടുകയും മറ്റാരെങ്കിലും മോഷ്ടിച്ചെന്ന് ആരോപിക്കുകയും ഒക്കെ ഉണ്ടാവാം. 

7. ജോലിയില്‍ നിന്നും സാമൂഹിക ജീവിതത്തില്‍ നിന്നും പിന്‍വലിയല്‍. സാമൂഹികമായ പ്രവര്‍ത്തനങ്ങള്‍, കായികവിനോദങ്ങള്‍, ജോലിസംബന്ധമായ പ്രൊജക്റ്റുകള്‍, ഹോബികള്‍ എന്നിവയില്‍ നിന്നും മാറി നില്‍ക്കല്‍. 

8 മൂഡിലും  വ്യക്തിത്വത്തിലും ഉണ്ടാവുന്ന വ്യതിയാനങ്ങള്‍.

9.സംശയം, ആശയക്കുഴപ്പം, വിഷാദം, ഉത്കണ്ഠ, മുതലായ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകാം.  പലപ്പോഴും പുറത്ത് അലഞ്ഞുതിരിയാനുള്ള പ്രവണതയും ആക്രമണ സ്വഭാവവും കാണിച്ചേക്കാം.

ലോകത്ത് ഏറ്റവുമധികം ഗവേഷണങ്ങളും പരീക്ഷണങ്ങളും നടക്കുന്ന മേഖലയാണ് അല്‍ഷൈമേഴ്സ് റിസര്‍ച്ച്. ഇപ്പോള്‍ പ്രാബല്യത്തിലുള്ള  മരുന്നുകളൊന്നും ഈ രോഗം ചികിത്സിച്ചു ഭേദമാക്കാനോ  മൂര്‍ച്ഛിക്കുന്നത്  തടയുവാനോ സഹായിക്കില്ല രോഗം മൂര്‍ച്ഛിക്കുന്നതിന്റെ  വേഗത കുറയ്ക്കാന്‍ മാത്രം സഹായിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്.  മില്യണ്‍ കണക്കിന് ഡോളറുകള്‍ ഈ രംഗത്ത് ഗവേഷണത്തിന് ചെലവഴിച്ചിട്ടും ഇതുവരെ വിജയിക്കാന്‍ ആയിട്ടില്ല. ഇതിനൊരു പ്രധാന കാരണം, രോഗിക്ക്  ലക്ഷണങ്ങള്‍ വന്ന് കഴിഞ്ഞിട്ടാണ് മരുന്നുകള്‍ പരീക്ഷിക്കുന്നത്. ലക്ഷണങ്ങള്‍ കണ്ട് ചികിത്സ തുടങ്ങുമ്പോഴേക്കും രോഗം മസ്തിഷ്‌കത്തില്‍ നാശംവിതച്ച് കഴിഞ്ഞിരിക്കും. അല്‍ഷൈമേഴ്‌സ് മുന്‍കൂട്ടി പ്രീ- ഡിമെന്‍ഷ്യ ഘട്ടത്തില്‍  കണ്ടെത്താനുള്ള പ്രത്യേകതരം സ്‌കാനുകളും ബയോമാര്‍ക്കുകളും  ഫലപ്രദമായി  വികസിപ്പിക്കാനുള്ള തീവ്രശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്.

Content Highlights: World Alzheimer's Day 2021 Treatment and studies for dementia, Health