'അയ്യോ എന്റെ കണ്ണാടി കാണുന്നില്ലല്ലോ!? 'ഞാന്‍ ഇവിടെ വെച്ചിരുന്ന എന്റെ പൈസ എവിടെ!?' 
'നീ എടുത്ത എന്റെ സ്വര്‍ണമാല ഇന്ന് തന്നെ തിരിച്ചു തരണം'

ഈ വക ചോദ്യവും പറച്ചിലും പ്രായമായ ആളുകള്‍ ഉള്ള വീടുകളില്‍ സര്‍വസാധാരണമാണ്. പലപ്പോഴും അതു പ്രയാധിക്യം മൂലമാണെന്ന് കരുതി, ഈ ലക്ഷണങ്ങള്‍ എഴുതിതള്ളപ്പെടുന്നു. എന്നാല്‍ ഇവ അവഗണിക്കപ്പെടേണ്ടതാണോ? ഈ ലക്ഷണങ്ങള്‍ ഒരു രോഗം ആണോ? ഈ സ്വഭാവ മാറ്റങ്ങള്‍ ശരിയാകുമോ അതോ കാലക്രമേണ മോശമാകുമോ? 
ശരി, വാ നമുക്ക് നോക്കാം..

ചരിത്രത്തിന്റെ ഏടുകളില്‍നിന്നും
BC ഏഴാം നൂറ്റാണ്ടില്‍, ഗ്രീക്ക് തത്വചിന്തകന്‍ പൈതഗോറസ്, 'senium' എന്ന ആശയത്തെക്കുറിച്ചു പ്രതിപാദിച്ചു. ഒരു വ്യക്തിയുടെ ജീവിതത്തിനു വിരാമം കുറിക്കുന്ന ഒരു പ്രതിഭാസമായിട്ടാണ് അദ്ദേഹം സെനിയത്തെ വിശേഷിപ്പിച്ചത്. അതായത് മാനസികക്ഷമത കുറയുന്ന ജീവിതത്തിന്റെ അവസാന കാലഘട്ടം. 1901 ല്‍ ജര്‍മ്മന്‍ മാനസിക ആരോഗ്യ വിദഗ്ദ്ധന്‍ ആലോയിസ് അല്‍ഷൈമെര്‍ (Alois Alzheimer), 50 വയസായ ഒരു സ്ത്രീയുടെ ഓര്‍മക്കുറവിന്റെയും, സ്വഭാവമാറ്റങ്ങളുടെയും കാരണം തലച്ചോറിന്റെ ചുരുക്കമാണ് എന്ന് കണ്ടെത്തുകയുണ്ടായി. 

പില്‍കാലങ്ങളില്‍ (10 വര്‍ഷങ്ങള്‍ക്ക് ശേഷം) ഈ രോഗം 'അല്‍ഷൈമേഴ്‌സ് ഡിസീസ്' എന്ന് നാമകരണം ചെയ്യപ്പെട്ടു. എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 21 ാം തിയതി 'അല്‍ഷൈമേഴ്‌സ്് ഡേ' ആയി ആചരിക്കാനും തീരുമാനിക്കപ്പെട്ടു. 2012 മുതല്‍ അല്‍ഷൈമേഴ്‌സ് സൊസൈറ്റി, സെപ്റ്റംബര്‍ മാസം, അല്‍ഷൈമേഴ്‌സ് അവബോധ മാസമായി എല്ലാ വര്‍ഷവും ആചരിച്ചു പോകുന്നു. ഈ വര്‍ഷത്തെ (2021) പ്രമേയം 'Know Dementia, Know Alzheimer's' എന്നാണ്. പര്‍പ്പിള്‍ കളറിലുള്ള റിബണ്‍ ആണ് അല്‍ഷൈമേഴ്‌സ് ദിനത്തിലെ ലോഗോ.

എന്താണ് അല്‍ഷൈമേഴ്‌സ് രോഗം?
ഡിമെന്‍ഷിയയും (മേധാക്ഷയം) അല്‍ഷൈമേഴ്‌സും ഒന്നാണോ?

ഡിമെന്‍ഷിയ അഥവാ മേധാക്ഷയം എന്നത്, ഓര്‍മക്കുറവിനോടൊപ്പം ദൈനംദിന ജീവിതത്തെ ബാധിക്കുന്ന രീതിയിലുള്ള മാനസികക്ഷമത കുറയുന്ന അവസ്ഥ അഥവാ ഒരു മസ്തിഷ്‌ക രോഗം. എന്നാല്‍ മേല്‍പ്പറഞ്ഞ അവസ്ഥയുടെ ഏറ്റവും കൂടുതല്‍ ആയി കണ്ടു വരുന്ന കാരണമാണ് അല്‍ഷൈമേഴ്‌സ് ഡിസീസ്. 

ഈ രോഗം എങ്ങനെ ഉണ്ടാകുന്നു?

തലച്ചോറിന്റെ ചുരുക്കം അതായത് നാഡീഞരമ്പുകള്‍ നശിച്ചുപോകുന്നത് കൊണ്ടാണ് മേധാക്ഷയം എന്ന രോഗം ഉണ്ടാകുന്നത്. മുഴുവന്‍ തലച്ചോറിന് ചുരുക്കം സംഭവിക്കുമെങ്കിലും, ഫ്രോന്റല്‍-ടെംമ്പറല്‍ ലോബുകളെയാണ് മുഖ്യമായും ഈ രോഗം ബാധിക്കുന്നത്. ബീറ്റ അമൈലോയ്ഡ് (Beta amyloid), റ്റാവു(tau) പ്രോട്ടീനുകള്‍ നാഡികളില്‍ അടിഞ്ഞുകൂടുന്നതിന്റെ ഭാഗമായിട്ടാണ് ഞരമ്പുകള്‍ നശിച്ചുപോകുന്നത്. ഈ ഘടകങ്ങള്‍ അടിഞ്ഞു കൂടുന്നത് ഞരമ്പുകളുടെ പ്രവര്‍ത്തനരീതിയെ ബാധിക്കുകയും, തലച്ചോറിലെ ദ്രാവകങ്ങളില്‍ വ്യതിയാനങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു. കാലക്രമേണ ഈ പ്രക്രിയ തലച്ചോറിന്റെ വിവിധ ഭാഗങ്ങളില്‍ ഞരമ്പുകളെ ബാധിക്കുകയും, അങ്ങനെ തലച്ചോറിന് മുഴുവനായി ചുരുക്കം ഉണ്ടാകുകയും ചെയ്യുന്നു.

അല്‍ഷൈമേഴ്‌സ് രോഗം ആര്‍ക്ക്, എപ്പോള്‍?

ശരാശരി എഴുപത് വയസിനു മുകളില്‍ ഉള്ള 10 ശതമാനം വയോധികരില്‍ ഗണ്യമായ ഓര്‍മകുറവ് ഉണ്ട്. ഇതില്‍ പകുതിയോളം അല്‍ഷൈമേഴ്‌സ് രോഗം മൂലമാണ്. നമ്മുടെ രാജ്യത്തെ ഏകദേശം 5.3 ദശലക്ഷം പേര്‍ റലാലിശേമ രോഗബാധിതര്‍ ആണെന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. എ.ആര്‍.ഡി.എസ്.ഐ. (ARDSI) യുടെ കണക്കുകള്‍ പ്രകാരം 2030 ഓട് കൂടി ഇന്ത്യയില്‍ അല്‍ഷൈമേഴ്‌സ് രോഗികളുടെ എണ്ണം ഏകദേശം 7.6 ദശലക്ഷമായി ഉയരാന്‍ സാധ്യത ഉണ്ട്. ഇതു നമ്മുടെ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ സാരമായ രീതിയില്‍ ബാധിക്കും. ഇതുകൂടാതെ കുടുംബങ്ങളുടെ സാമ്പത്തികഭദ്രതയെയും ഈ രോഗം പിടിച്ചുലയ്ക്കുന്നു.

അല്‍ഷൈമേഴ്‌സ് രോഗം സ്ത്രീകളെയും പുരുഷന്മാരെയും ഏകദേശം ഒരേപോലെയാണ് പിടിപെടുന്നത്. എന്നാലും സ്ത്രീകളില്‍ ആണ് നേരിയ കൂടുതല്‍ കാണുന്നത്. 6 പുരുഷന്‍മാര്‍ക്ക് രോഗം വരുമ്പോള്‍ 7 സ്ത്രീകള്‍ക്ക് എന്നതാണ് തോത്. അല്‍ഷൈമേഴ്‌സ് ഡിമെന്‍ഷ്യയുടെ തുടക്കം സാധാരണയായി 60 മുതല്‍ 65 വയസ്സില്‍ ആണ് കണ്ടു വരുന്നത്. എന്നിരുന്നാലും 40 വയസു മുതല്‍ തന്നെ ചെറിയ രീതിയില്‍ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാം. 65 വയസിനു മുന്‍പ് തുടങ്ങുന്ന അല്‍ഷൈമേഴ്‌സ് ഡിമെന്‍ഷ്യയെ 'early onset' എന്ന് വിശേഷിപ്പിക്കുന്നു. 

അല്‍ഷൈമേഴ്‌സ് ഡിമെന്‍ഷ്യയുടെ രോഗലക്ഷണങ്ങള്‍ എന്തൊക്കെയാണ്?

ഓര്‍മക്കുറവും, ദൈനംദിന ജീവിതത്തെ ബാധിക്കുന്ന രീതിയിലുള്ള മാനസികക്ഷമത കുറവുമാണ് അല്‍ഷൈമേഴ്‌സ് ഡിമെന്‍ഷ്യയുടെ പ്രധാന രോഗലക്ഷണങ്ങള്‍. അല്‍ഷൈമേഴ്‌സിന്റെ തുടക്കത്തില്‍ രോഗിക്ക് പരാശ്രയം കൂടാതെ തന്നെ സ്വന്തം കാര്യങ്ങള്‍ നടത്തുവാന്‍ സാധിക്കും. വണ്ടി ഓടിക്കാനോ ജോലി ചെയ്യാനോ സാമൂഹിക സേവനങ്ങളില്‍ ഏര്‍പ്പെടാനോ തുടക്കകാലങ്ങളില്‍ ബുദ്ധിമുട്ടുണ്ടാകില്ല. ഓര്‍മക്കുറവുണ്ടെന്ന തോന്നല്‍ ആദ്യ ഘട്ടത്തില്‍ തന്നെ ആരംഭിക്കും. പരിചിതമായ പേരുകള്‍ മറക്കുകയോ സാധനങ്ങള്‍ വച്ചസ്ഥലം മറന്നുപോവുകയോ ഒക്കെ ചെയ്യുന്നത് തുടക്കത്തില്‍ വളരെ സാധാരണമാണ്.

ഇതോടൊപ്പം തന്നെ ഉത്കണ്ഠ, ഏകാഗ്രത കുറവ്, ചിന്താശേഷിയില്‍ ഉള്ള കുറവ്, കാര്യങ്ങള്‍ മുന്‍കൂട്ടി കാണാനുള്ള ബുദ്ധിമുട്ട്, ക്രിയേറ്റിവിറ്റി കുറവ്, ചെയ്തു തുടങ്ങുന്ന കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള പ്രയാസങ്ങള്‍, ശരിയായ തീരുമാനങ്ങള്‍ എടുക്കാനുള്ള ബുദ്ധിമുട്ടുകള്‍, ലളിതമായ കണക്കുകള്‍ ചെയ്യാനുള്ള ബുദ്ധിമുട്ടുകള്‍, സ്ഥിരമായി കാണുന്ന വസ്തുക്കളെയും വ്യക്തികളെയും തിരിച്ചറിയാനുള്ള ബുദ്ധിമുട്ട്, സംസാര രീതിയിലുള്ള മാറ്റങ്ങള്‍, സ്ഥല-കാല ബന്ധം നഷ്ടപ്പെടുക, ഉറക്ക സമയരീതിയിലുള്ള മാറ്റങ്ങള്‍, വിശപ്പില്ലായ്മ, അമിതമായ വിശപ്പ് എന്നീ ലക്ഷണങ്ങള്‍ കാലക്രമേണ ഘട്ടംഘട്ടമായി ഉണ്ടാകുന്നു.

ഡിമെന്‍ഷ്യയിലെ സ്വഭാവ വ്യത്യാസങ്ങള്‍/വൈകൃതങ്ങള്‍ എന്തൊക്കെ?

മേധാക്ഷയതിന്റെ തുടക്കത്തില്‍ പലപ്പോഴും ചികത്സ ലഭിക്കാറില്ല, കാരണം ഓര്‍മക്കുറവ് പ്രയാധിക്യത്താല്‍ ആണ് എന്ന അബദ്ധധാരണ കൊണ്ട്. എന്നാല്‍ പലപ്പോഴും ബന്ധുക്കള്‍ ചികത്സ തേടുന്നത് സ്വഭാവമാറ്റങ്ങള്‍ ഉടലെടുക്കുമ്പോഴാണ്. സാധാരണയായി കണ്ടുവരുന്ന സ്വഭാവ വ്യതിയാനങ്ങള്‍ അമിതമായ ദേഷ്യം, അഗ്രഷന്‍/വയലന്‍സ്, ക്രമരഹിതമായ ഉറക്കം, വിഷാദ രോഗം, സൈക്കോസിസ്, അമിത ലൈംഗിക ആസക്തി, ഹാലൂസിനേഷന്‍, ഡെല്യൂഷന്‍, അകാരണമായ സംശയങ്ങള്‍, സാമൂഹികമായ ഒറ്റപ്പെടല്‍ ഇത്യാദിയാണ്. ഇതിനെ BPSD (Behavioral and Psychological Symptoms of Dementia-BPSD) എന്ന് വിശേഷിപ്പിക്കുന്നു. ഈ രോഗലക്ഷണങ്ങളാണ് കുടുംബത്തിനും കൂട്ടിരിപ്പുകാര്‍ക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാകുന്നത്. അതുകൊണ്ടു തന്നെ ഈ അവസ്ഥയില്‍ കൂടുതലും മാനസിക ആരോഗ്യ വിദഗ്ധന്റെ അടുത്താണ് പലപ്പോഴും ചികത്സ തേടുന്നത്. പക്ഷേ ഈ BPSD എന്ന അവസ്ഥ മേധാക്ഷയം ഏറെ പഴക്കമേറിയ ശേഷമായിരിക്കും കാണപ്പെടുക. ഈ ഘട്ടത്തില്‍ എത്തിയാല്‍ ചികത്സ വളരെ ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ടു തന്നെ ഡിമെന്‍ഷ്യ തുടക്കത്തില്‍ തന്നെ കണ്ടുപിടിക്കപ്പെടുകയും ചികത്സിക്കപ്പെടുകയും വേണം.

രോഗനിര്‍ണയം എങ്ങനെ?

പ്രധാനമായും രോഗലക്ഷണങ്ങളെ ആധാരമാക്കിയാണ് രോഗം നിര്‍ണയിക്കപ്പെടുന്നത്. എന്നാലും രോഗം ഉറപ്പു വരുത്തുവാനും, രോഗത്തിന്റെ ഗതി നിര്‍ണയിക്കാനും, ചികത്സാരീതി തീരുമാനിക്കനുമായും എം.ആര്‍.ഐ. സ്‌കാനിന്റെ സഹായം ആവശ്യമാണ്. മറ്റു അടിസ്ഥാനമായ രക്തപരിശോധനകളും സാധാരണയായി ചെയ്യ്തുവരുന്നു.

ചികിത്സകള്‍ എന്തൊക്കെ, എങ്ങനെയൊക്കെ?

അല്‍ഷൈമേഴ്‌സ് ഡിമെന്‍ഷ്യ പൂര്‍ണമായും ചികത്സിച്ച് മാറ്റാന്‍ പറ്റുന്ന ഒരു അസുഖം അല്ല. ക്വാളിറ്റി ഓഫ് ലൈഫ് മെച്ചപ്പെടുത്തുക, രോഗലക്ഷണങ്ങള്‍ കൂടുതല്‍ മോശമാകാതെ നോക്കുക എന്നതാണ് എല്ലാ ചികത്സാരീതികളുടെയും ലക്ഷ്യം. ഇതേ കാരണത്താല്‍ തന്നെ രോഗനിര്‍ണയവും, ചികത്സയും എത്രയും നേരത്തെ ആരംഭിക്കാമോ, അത്രയും നല്ലത് എന്ന് മനസ്സിലാക്കണം. ആധുനിക വൈദ്യശാസ്ത്രത്തില്‍ വിവിധ ചികത്സാരീതികള്‍ ഉണ്ട്. എന്നിരുന്നാലും രോഗത്തിന്റെ അവസാന ഘട്ടങ്ങള്‍ ചികത്സിക്കുക എന്നത് വളരെ ദുഷ്‌കരമാണ്, പ്രത്യകിച്ചും സ്വഭാവമാറ്റങ്ങള്‍ ആരംഭിച്ച ശേഷം. സ്വഭാവ വൈകൃതങ്ങള്‍ തുടങ്ങിയാല്‍, ന്യൂറോളജി/ഫിസിഷ്യന്‍ ഡോക്ടറിനോടൊപ്പം ഒരു മാനസിക ആരോഗ്യ വിദഗ്ദ്ധനെ കൂടി സമീപിക്കേണ്ടതാണ്.

'കോളിന്‍എസ്റ്ററെസ് ഇന്‍ഹിബിറ്റര്‍' വിഭാഗത്തില്‍ പെടുന്ന മരുന്നുകള്‍ ആണ് പ്രധാനമായി നല്‍കുന്നത്. ഈ മരുന്നുകള്‍ തലച്ചോറിന്റെ ചുരുക്കത്തിന്റെ തോത് കുറയ്ക്കുന്നു. ജീവിത ദിനചര്യയിലുള്ള മാറ്റങ്ങള്‍ കൊണ്ടും ചിട്ടയായ ജീവിത ശൈലി കൊണ്ടും ഒരു പരിധി വരെ ഈ രോഗത്തെ നമുക്ക് ചെറുത്തുനില്‍കാം. രോഗത്തിന്റെ അവസാന ഘട്ടത്തില്‍, ലക്ഷണങ്ങളെ ആധാരമാക്കി ചികത്സിക്കുക (symptomatic treatment) എന്നതിലേക്ക് ചുരുങ്ങും. മറ്റു ശരീരികരോഗങ്ങള്‍ പിടിപെടാതെ നോക്കുക എന്നതും വളരെ പ്രധാനമാണ്. ഇതിനായി ചിട്ടയായ-കൃത്യമായിട്ടുള്ള ഉറക്കരീതി, ഭക്ഷണ ക്രമീകരണങ്ങള്‍, വ്യായാമങ്ങള്‍ എന്നിവ അത്യാവശ്യമാണ്. 
രോഗിയെ പരിച്ചരിക്കുന്നവരില്‍ ശാരീരികവും മാനസീകവുമായ പല പ്രശ്‌നങ്ങളും  കണ്ടുവരാറുണ്ട്. പരിചാരകരെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമായ ഒരു ഘടകമാണ്. ഇതിനായി എ.അര്‍.ഡി.എസ്.ഐ. പോലുള്ള സന്നദ്ധ സംഘടനകളെയോ കെയര്‍ഗിവര്‍ ഹെല്‍പ് ഗ്രൂപ്പുകളെയോ സമീപിക്കാവുന്നതാണ്.

ചുരുക്കി പറഞ്ഞാല്‍, തുടക്കത്തില്‍ തന്നെ രോഗനിര്‍ണയം നടത്തി, ചികത്സ ആരംഭിക്കുക എന്നതാണുമുഖ്യം. 

വരൂ, നമുക്ക് മറവി രോഗത്തെ ചെറുക്കാം, രോഗിയെയും കുടുംബത്തെയും സഹായിക്കാം.

(കോട്ടയം ജില്ലാ മാനസികാരോഗ്യ പരിപാടി നോഡല്‍ ഓഫീസറും കോട്ടയം ജില്ലാ ആശുപത്രിയിലെ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റുമാണ് ലേഖകന്‍)

കടപ്പാട്: കെ.ജി.എം.ഒ.എ. അമൃതകിരണം

Content Highlights: World Alzheimer's Day 2021, How to prevent Alzheimer's Disease, Health