ലോകാരോഗ്യ സംഘടനയുടെ 2019 ലെ റിപ്പോര്‍ട്ട് പ്രകാരം ലോകത്താകെ ഓരോ വര്‍ഷവും 10 ദശലക്ഷത്തോളം   ഡിമെന്‍ഷ്യ രോഗികള്‍ പുതിയതായി ഉണ്ടാകുന്നുണ്ട്. ഇന്ത്യയില്‍ ഏകദേശം 5.3 ദശലക്ഷം ഡിമെന്‍ഷ്യ രോഗികളുണ്ടെന്നാണ് കണക്ക്. കേരളം, ഗോവ, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ ഡിമെന്‍ഷ്യ വര്‍ധിച്ചു വരുകയാണ്. 80 വയസ്സിന് മുകളില്‍ പ്രായമുള്ള 20 ശതമാനം ആളുകളില്‍ ഇന്ന് അല്‍ഷൈമേഴ്‌സ് കണ്ടുവരുന്നു.

കോവിഡിന്റെ വരവ് ഡിമെന്‍ഷ്യ രോഗികള്‍ക്ക് വളരെയേറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിക്കുന്നതിനും മെഡിക്കല്‍ സേവനങ്ങള്‍ തേടുന്നതിനുമെല്ലാം ഇത് കാരണം ബുദ്ധിമുട്ടുകള്‍ നേരിടുന്നു. കോവിഡ് ബാധിതരായവരില്‍ ഡിമെന്‍ഷ്യ ഉള്ളവരുടെ മരണനിരക്ക് മൂന്നിരട്ടിയായി വര്‍ധിക്കുന്നുവെന്നാണ് 2021 ല്‍ പ്രസിദ്ധീകരിച്ച ബ്രസീലിയന്‍ പഠനത്തില്‍ പറയുന്നത്. ഡിമെന്‍ഷ്യ രോഗികളുടെ മരണനിരക്ക് വര്‍ധിക്കുന്നതായി ഇംഗ്ലണ്ടില്‍ നിന്നും വെയില്‍സില്‍ നിന്നുമുള്ള പഠനങ്ങളിലും കാണുന്നു. അതിനാല്‍ തന്നെ കോവിഡ് സാഹചര്യത്തില്‍ ഡിമെന്‍ഷ്യ ഒരു വെല്ലുവിളി തന്നെയാണ്. പ്രായമായ ആളുകളെ കോവിഡ് ബാധിക്കുമ്പോള്‍, അത് ശക്തമായ വൈറസ് ബാധയുണ്ടാക്കാനും തലച്ചോറിനെ ബാധിക്കാനും പ്രാപ്തമാണ്. അല്‍ഷൈമേഴ്‌സ് ഡിമെന്‍ഷ്യ രോഗികള്‍ക്ക് പ്രതിരോധം പൊതുവേ കുറവായിരിക്കും. ഈ അവസ്ഥയില്‍ ഗുരുതരമായ ന്യുമോണിയയും മറ്റ് അവയവങ്ങള്‍ക്കുണ്ടാകുന്ന തകരാറുകളും കാരണം മരണം സംഭവിക്കുന്നു. 

വിവിധ പ്രായക്കാരിലുള്ള ഡിമെന്‍ഷ്യയുടെ വ്യാപനം പരിശോധിച്ചാല്‍, 60-70 വയസ്സുകാരില്‍ ഏകദേശം രണ്ട് ശതമാനം ആളുകള്‍ക്ക് ഡിമെന്‍ഷ്യയുണ്ട്. 70 മുതല്‍ 80-90 വരെ പ്രായമുള്ളവരില്‍ ഇത് 20 ശതമാനം പേരിലും 90 വയസ്സിന് മുകളിലുള്ളവരില്‍ 34 ശതമാനം പേരിലും ഡിമെന്‍ഷ്യ കാണപ്പെടുന്നു. പ്രായം കൂടുന്നതിനനുസരിച്ച് ആളുകളില്‍ ഡിമെന്‍ഷ്യയുടെ വ്യാപനം ഇത്തരത്തില്‍ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തരം ഡിമെന്‍ഷ്യകളില്‍ ഭൂരിഭാഗവും അല്‍ഷൈമേഴ്‌സ് രോഗമാണ്. 

ഡിമെന്‍ഷ്യയ്ക്ക് മുന്നോടിയായുണ്ടാകുന്ന അവസ്ഥയെ മിനിമല്‍ കോഗ്‌നിറ്റീവ് ഇംപെയര്‍മെന്റ് (എം.സി.ഐ.) എന്നാണ് വിളിക്കുക. സാധാരണ ജീവിതത്തെ ബാധിക്കാത്ത വിധത്തിലുള്ള ചില മെംബ്രൈന്‍ തകരാറുകള്‍ ഉണ്ടാകുന്ന അവസ്ഥയാണിത്. നേരിയ തോതില്‍ മാത്രം അനുഭവപ്പെടുന്ന ഈ  വൈകല്യം ഓര്‍മ്മശക്തി നഷ്ടമാകുന്നതിന്റെ തുടക്കമാണ്. ഈ രോഗികളില്‍ ഓര്‍മ്മ, സംസാരം, പെരുമാറ്റം തുടങ്ങിയവയെ ഇത് ബാധിച്ചു തുടങ്ങുന്നു. 

ക്രമേണ ഇതെല്ലാം കൂടുതല്‍  ശക്തമായ അവസ്ഥയിലേക്കെത്തുകയും ഇവരില്‍ മൂന്നിലൊന്ന് പേര്‍ ഡിമെന്‍ഷ്യയിലേക്ക് നീങ്ങുകയും ചെയ്യുന്നു. മറ്റുള്ളവരില്‍ മൂന്നിലൊന്ന് പേര്‍ ജീവിതത്തെ ബാധിക്കാത്ത വിധത്തില്‍ നേരിയ വൈകല്യത്തില്‍ തുടരുകയും ബാക്കിയുള്ള ആളുകളില്‍ ചിലപ്പോള്‍ ഈ അവസ്ഥ മെച്ചപ്പെടുകയും ചെയ്യും. എം.സി.ഐ. അവസ്ഥയില്‍ നിന്ന് ഡിമെന്‍ഷ്യയിലേക്കെത്തുന്നതിന്റെ വാര്‍ഷിക പരിണാമ നിരക്ക് ഏകദേശം 10 ശതമാനമാണ്. 2007 മുതല്‍ 2019 വരെയുള്ള കാലയളവില്‍  ഇന്ത്യയിലുടനീളം നടത്തിയ നിരവധി പഠനങ്ങള്‍ കാണിക്കുന്നത്  എം.സി.ഐയുടെ വ്യാപനം ഏകദേശം 14 മുതല്‍ 25 ശതമാനം വരെയാണെന്നാണ്. പക്ഷേ, ഇതില്‍ നിന്ന് 10-15 ശതമാനം മാത്രമാണ് ഡിമെന്‍ഷ്യയിലേക്ക് നീങ്ങുന്നത്. 

ഡിമെന്‍ഷ്യയുടെ കാരണം തിരിച്ചറിയാനും അവര്‍ക്ക് മികച്ച വൈദ്യസഹായം ലഭ്യമാക്കാനും കഴിഞ്ഞാല്‍ എം.സി.ഐയില്‍ നിന്ന് പൂര്‍ണ്ണമായ ഡിമെന്‍ഷ്യയിലേക്ക് നീങ്ങുന്നത് തടയാന്‍ സാധിച്ചേക്കും. ഒരാള്‍ക്ക് സ്ഥിരമായി ഓര്‍മ്മക്കുറവ് അനുഭവപ്പെടുകയും അത് സാധാരണ ജീവിതത്തെ തടസ്സപ്പെടുത്തുന്ന വിധത്തിലേക്ക് പോകുകയുമാണെങ്കില്‍ ന്യൂറോളജിസ്റ്റിന്റെ സേവനം തേടേണ്ടതും ഡിമെന്‍ഷ്യ രോഗനിര്‍ണയം നടത്തേണ്ടതുമാണ്. ഒരു സ്‌പെഷ്യലിസ്റ്റ് ഡോക്ടറുടെ നിര്‍ദേശപ്രകാരം വിവിധ മെമ്മറി ടെസ്റ്റുകള്‍ നടത്തുകയും അതില്‍ കുറവുകളുണ്ടെന്ന് കണ്ടെത്തിയാല്‍ വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കുകയും ചെയ്യണം. എല്ലാ ഓര്‍മ്മവൈകല്യങ്ങളും അല്‍ഷൈമേഴ്‌സ് രോഗമാകണമെന്നില്ല. ഡിമെന്‍ഷ്യയില്‍ ചികിത്സിക്കാവുന്നതും പൂര്‍ണ്ണമായി ഭേദമാക്കാനും കഴിയുന്ന  നിരവധി ഘട്ടങ്ങളുണ്ട്. അതിനാല്‍ ഒരാളെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരാന്‍ രോഗം നേരത്തെ തിരിച്ചറിയുകയും എത്രയും വേഗത്തില്‍ തന്നെ ചികിത്സ ആരംഭിക്കുകയും വേണം. 

അല്‍ഷൈമേഴ്‌സ് രോഗം പോലുള്ള ന്യൂറോ ഡീജനറേറ്റീവ് അവസ്ഥകള്‍ക്കു പുറമേ, സ്‌ട്രോക്ക് (സൈലന്റ് സ്‌ട്രോക്കുകള്‍), നോര്‍മല്‍ പ്രഷര്‍ ഹൈഡ്രോസെഫാലസ് (തലച്ചോറിലെ ഫ്‌ളൂയിഡിന്റെ ഒഴുക്കിന് തടസ്സം വരുന്നതു മൂലം ഫ്‌ളൂയിഡ് അധികമായി കെട്ടിക്കിടക്കുന്ന അവസ്ഥ), ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, കരള്‍, കിഡ്‌നി രോഗങ്ങള്‍, പോഷകാഹാരങ്ങളുടെയും വൈറ്റമിനുകളുടെയും കുറവ് എന്നിവയും മറവിരോഗത്തിലേക്ക് നയിക്കാം. ഇത് പലപ്പോഴും രോഗികളെ അല്‍ഷൈമേഴ്‌സ് ആണോയെന്ന ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യാറുണ്ട്. മദ്യം മുതലായ ലഹരി വസ്തുക്കളും ഡിമെന്‍ഷ്യയ്ക്ക് കാരണമാകാം. ഈ കാര്യങ്ങള്‍ തിരിച്ചറിയുന്നത് ഓര്‍മ്മക്കുറവ് ബാധിച്ച വ്യക്തിയെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരാന്‍ സഹായിക്കും. ഇന്ത്യയിലെ ആരോഗ്യ പരിരക്ഷാ സംവിധാനത്തിന്റെ പ്രധാന വെല്ലുവിളിയെന്നത് നിലവിലെ കോവിഡ് സാഹചര്യത്തില്‍ ഡിമെന്‍ഷ്യ രോഗികള്‍ക്കുള്ള ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുകയെന്നതാണ്. മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ പോലും ഡിമെന്‍ഷ്യ രോഗികള്‍ക്കായുള്ള കെയര്‍ ഹോമുകളുടെ എണ്ണം വളരെ പരിമിതമാണ്.

(കൊച്ചി അമൃത ആശുപത്രിയിലെ സ്‌ട്രോക്ക് മെഡിസിന്‍ വിഭാഗം ക്ലിനിക്കല്‍ അസോസിയേറ്റ് പ്രൊഫസറാണ് ലേഖകന്‍)

Content Highlights: World Alzheimer's Day 2021, How to control Alzheimer's during Covid19 pandemic,