നനനിരക്ക് കുറയുന്നതിനാലും ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കുന്നതിനാലും, പ്രായമായവരുടെയെണ്ണം ലോകമെങ്ങും കൂടുകയാണ്. 2019-ല്‍ ലോകത്ത് അറുപത് തികഞ്ഞവര്‍ നൂറ് കോടിയായിരുന്നെങ്കില്‍ 2050-ഓടെ അതിന്റെയിരട്ടിയാകുമെന്നാണ് സൂചനകള്‍. അതുകൊണ്ട്, ഇപ്പോഴത്തെ യുവാക്കളും മധ്യവയസ്‌കരും ആരോഗ്യപൂര്‍ണമായൊരു വാര്‍ധക്യത്തിന് തയ്യാറെടുക്കേണ്ടത് വ്യക്തിഗതമായും പൊതുജനാരോഗ്യ പരിപ്രേക്ഷ്യത്തിലും സുപ്രധാനമാണ്.

വാര്‍ധക്യത്തില്‍ സാധാരണവും ഏറെ കഷ്ടപ്പാടുകള്‍ വരുത്തുന്നതുമായൊരു പ്രശ്നമാണ് ഡിമന്‍ഷ്യ (മേധാക്ഷയം). ഓര്‍മശക്തിയും തലച്ചോര്‍ പ്രദാനം ചെയ്യുന്ന മറ്റു പല കഴിവുകളും ദുര്‍ബലമാവുകയാണ് ഇതില്‍ സംഭവിക്കുന്നത്. തൊട്ടുമുമ്പ് എന്ത് നടന്നുവെന്നത് ഓര്‍ത്തിരിക്കാനും മുഖങ്ങളോ സ്ഥലങ്ങളോ തിരിച്ചറിയാനും ഡിമന്‍ഷ്യാ ബാധിതര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാം. ഒപ്പം, എഴുതാനും വായിക്കാനും കാര്യങ്ങള്‍ ആസൂത്രണം ചെയ്യാനും സ്വന്തം കാര്യങ്ങള്‍ നിര്‍വഹിക്കാനുമൊക്കെയുള്ള കഴിവുകള്‍ നഷ്ടമാവുകയും പല പെരുമാറ്റപ്രശ്നങ്ങളും തലപൊക്കുകയും ചെയ്യാം.

കേരളത്തില്‍ത്തന്നെ നിലവില്‍ രണ്ടുലക്ഷത്തിലേറെ ഡിമന്‍ഷ്യാരോഗികളുണ്ട്. ഒരിക്കല്‍ സാന്നിധ്യമറിയിച്ചുകഴിഞ്ഞാല്‍ ഡിമന്‍ഷ്യ വഷളാകുന്നത് തടയാന്‍ കാര്യമായി ഫലപ്രദമാവുന്ന മരുന്നുകള്‍ നിലവിലില്ലതാനും. ഇതൊക്കെ, ഡിമന്‍ഷ്യക്കെതിരെയുള്ള പ്രതിരോധ നടപടികളുടെ ആവശ്യകതയ്ക്കും പ്രാധാന്യത്തിനും അടിവരയിടുന്നു.

എന്തുകൊണ്ട് ഓര്‍മ നഷ്ടമാകുന്നു?

ഡിമന്‍ഷ്യ സംഭവിക്കുന്നത് മസ്തിഷ്‌കകോശങ്ങള്‍ നശിക്കുമ്പോഴാണ്. ഇത് സംഭവിക്കുന്നത് മുഖ്യമായും രണ്ട് കാരണങ്ങളാലാണ്. പിടിപ്പത് ജോലിയുള്ള ഒരവയവം എന്ന നിലയ്ക്ക് തലച്ചോറിന് ഏറെ ഗ്ലൂക്കോസും ഓക്സിജനും മറ്റ് പോഷകങ്ങളും ആവശ്യമാകുന്നുണ്ട്. ഇതെല്ലാം ലഭ്യമാകുന്നത് രക്തം വഴിയാണ്. ശരീരത്തിന്റെ മൂന്നുശതമാനത്തില്‍ത്താഴെ ഭാരമേ തലച്ചോറിനുള്ളൂവെങ്കിലും ഹൃദയം പമ്പുചെയ്യുന്ന രക്തത്തിന്റെ ഇരുപതുശതമാനത്തോളം അതിന് വേണ്ടിവരുന്നുണ്ട്. അതുകൊണ്ടുതന്നെ, തലച്ചോറിലേക്കുള്ള രക്തക്കുഴലുകളെയും രക്തപ്രവാഹത്തെയും അവതാളത്തിലാക്കുന്ന പല പ്രശ്നങ്ങളും ഡിമന്‍ഷ്യയ്ക്കു വഴിവെക്കുന്നുണ്ട്.

ചില വിഷപദാര്‍ഥങ്ങള്‍ കാലക്രമത്തില്‍ തലച്ചോറില്‍ കുമിഞ്ഞുകൂടുന്നതാണ് ഡിമന്‍ഷ്യയിലേക്കു നയിക്കുന്ന മറ്റൊരു കാരണം. വിവിധതരം ഡിമന്‍ഷ്യകളുള്ളതില്‍വെച്ച് ഏറ്റവുമധികം പേരെ ബാധിക്കുന്ന രോഗമായ അല്‍ഷീമേഴ്‌സില്‍ മസ്തിഷ്‌കഭാഗങ്ങള്‍ നശിച്ചുപോകുന്നത് മുഖ്യമായും ഈ രീതിയിലാണ്.

അപായഘടകങ്ങള്‍

ഡിമന്‍ഷ്യയുടെ ബാഹ്യലക്ഷണങ്ങള്‍ പ്രകടമായിത്തുടങ്ങുക പ്രായമെത്തിയതിനുശേഷം മാത്രമാകാമെങ്കിലും അതിന് പിന്നിലുള്ള മസ്തിഷ്‌ക വ്യതിയാനങ്ങള്‍ പതിറ്റാണ്ടുകള്‍ മുമ്പേ തുടങ്ങുന്നുണ്ട്. അതുകൊണ്ടുതന്നെ, വിവിധ പ്രായങ്ങളില്‍ ചില കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നത് ഭാവിയില്‍ ഡിമന്‍ഷ്യ പിടിപെടാനുള്ള സാധ്യത കുറയ്ക്കും. ഏതൊരു രോഗത്തെയും പ്രതിരോധിക്കാന്‍, ആദ്യം അതുവരാനുള്ള സാധ്യതയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. അത്തരം ഘടകങ്ങളെ, നിയന്ത്രണം സാധ്യമായവയെന്നും അല്ലാത്തവയെന്നും വിഭജിക്കാം.

ഡിമന്‍ഷ്യയുടെ കാര്യത്തില്‍, നമുക്ക് നിയന്ത്രിക്കാനാവാത്തത് പാരമ്പര്യവും പ്രായവുമാണ്. ഉദാഹരണത്തിന്, ചില ജനിതകപ്രശ്നങ്ങളുള്ള കുടുംബങ്ങളിലുള്ളവര്‍ക്ക്, മുമ്പുപറഞ്ഞ വിഷപദാര്‍ഥങ്ങളുടെ കുമിഞ്ഞുകൂടല്‍ ത്വരപ്പെടുന്നതിനാല്‍, അല്‍ഷീമേഴ്‌സ് രോഗസാധ്യത അമിതമാകുന്നുണ്ട്. അതുപോലെ, അറുപത്തഞ്ചുവയസ്സ് കഴിഞ്ഞാല്‍ ഓരോ അഞ്ചുവര്‍ഷം പിന്നിടുമ്പോഴും അല്‍ഷീമേഴ്‌സ് രോഗത്തിനുള്ള സാധ്യത ഇരട്ടിയാകുന്നുമുണ്ട്.

തടയാന്‍ കഴിയുന്നത്

മുന്‍നിര മെഡിക്കല്‍ ജേണലായ ലാന്‍സെറ്റ് നിയമിച്ച ഒരു കമ്മിഷന്‍ കണ്ടെത്തിയത്, വിവിധ പ്രായങ്ങളിലായി ഒമ്പതു ഘടകങ്ങളില്‍ ശ്രദ്ധപുലര്‍ത്തിയാല്‍ ഡിമന്‍ഷ്യയുടെ ആവിര്‍ഭാവം മൂന്നിലൊന്നോളം പേരില്‍ തടയാമെന്നാണ്.

ചെറുപ്രായത്തില്‍ പഠനത്തിനുള്ള അവസരങ്ങളും അധ്യയനനിലവാരവും മെച്ചപ്പെടുത്തുക. കേള്‍വിപ്രശ്നങ്ങളുള്ളവര്‍ക്ക് ഹിയറിങ് എയ്ഡ് പോലുള്ള പ്രതിവിധികള്‍ ലഭ്യമാക്കുക. നാല്‍പ്പത്തഞ്ചിനും അറുപത്തഞ്ചിനും മധ്യേ പ്രായമുള്ളവരില്‍ രക്താതിസമ്മര്‍ദവും അമിതവണ്ണവും തടയുക. അറുപത്തഞ്ചു കഴിഞ്ഞവരില്‍ പുകവലിയും സാമൂഹികമായ ഒറ്റപ്പെടലും തടയുക, പ്രമേഹവും വിഷാദരോഗവും നേരാംവിധം ചികിത്സിക്കുക, വ്യായാമം പ്രോത്സാഹിപ്പിക്കുക.

മിക്ക ഏഷ്യന്‍ രാജ്യങ്ങളിലും ഡിമന്‍ഷ്യാനിരക്ക് കൂടിക്കൊണ്ടിരിക്കുകയാണെങ്കിലും പല വികസിതരാജ്യങ്ങളിലും അതു കുറഞ്ഞുതുടങ്ങിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. വിദ്യാഭ്യാസമേഖലയിലും പ്രമേഹത്തിന്റെയും രക്താതിസമ്മര്‍ദത്തിന്റെയും ചികിത്സയിലും ഉണ്ടായ മുന്നേറ്റങ്ങളാണ് അതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

മറവിയെ അകറ്റിനിര്‍ത്താന്‍

 • ഹൈസ്‌കൂള്‍തലം വരെ പഠിച്ചവര്‍ക്ക് ഡിമന്‍ഷ്യാസാധ്യത കുറയുന്നുണ്ട്. മസ്തിഷ്‌കകോശങ്ങളുടെ എണ്ണത്തെയും വലുപ്പത്തെയും അവ തമ്മിലുള്ള കണക്ഷനുകളെയും വിദ്യാഭ്യാസം ഉത്തേജിപ്പിക്കുന്നുണ്ട്. തന്മൂലം, ഡിമന്‍ഷ്യ കാരണം തലച്ചോറിന്റെ കുറേഭാഗമൊക്കെ നശിച്ചാലും ഇങ്ങനെ അമിതമായിക്കിട്ടിയ മസ്തിഷ്‌കശേഷിവെച്ച് കുറച്ചുകാലത്തേക്കൊക്കെ പിടിച്ചുനില്‍ക്കാന്‍ അവര്‍ക്കാകും. അതായത്, അഥവാ ഡിമന്‍ഷ്യ പിടിപെട്ടാലും അതിന്റെ ലക്ഷണങ്ങള്‍ അവര്‍ വൈകിമാത്രമാണ് പ്രകടമാക്കുക.
 • ഡിമന്‍ഷ്യാ കേസുകളുടെ അഞ്ചിലൊന്നിനു പിന്നില്‍ പുകവലിക്ക് പങ്കുണ്ട്. തലച്ചോറിലെ രക്തക്കുഴലുകളുടെ ഉള്ളളവ് പുകവലി നിമിത്തം ചുരുങ്ങിപ്പോകുന്നതാണ് കാരണം.
 • വേണ്ടത്ര വ്യായാമം ചെയ്യാത്തവരില്‍ അമിതവണ്ണം, പ്രമേഹം, രക്താതിസമ്മര്‍ദം, മസ്തിഷ്‌കാഘാതം എന്നിവയോടനുബന്ധിച്ച് ഡിമന്‍ഷ്യയ്ക്കും സാധ്യത കൂടുന്നു. വേഗത്തില്‍ നടക്കുക, സൈക്കിള്‍ ചവിട്ടുക തുടങ്ങിയ വ്യായാമങ്ങള്‍ ഓരോ ആഴ്ചയിലും രണ്ടരമണിക്കൂറോളം ചെയ്യേണ്ടതുണ്ട്.
 • സൗഹൃദങ്ങളും വ്യായാമവുമൊക്കെയായി വാര്‍ധക്യത്തില്‍ ആക്റ്റീവായി നിലകൊള്ളുന്നവരില്‍, കേടുപാടു പിണയുന്ന ഭാഗങ്ങളെ സ്വയം റിപ്പയര്‍ചെയ്തെടുക്കാനുള്ള തലച്ചോറിന്റെ കഴിവു മെച്ചപ്പെടുന്നുണ്ട്.
 • പ്രമേഹബാധിതരില്‍, ഗ്ലൂക്കോസ് വേണ്ടവിധം ലഭ്യമല്ലാതാകുന്നതും അനുബന്ധമായി ഹാനികരമായ ചില തന്മാത്രകള്‍ രൂപംകൊള്ളുന്നതും ഡിമന്‍ഷ്യക്ക് കാരണമാകുന്നുണ്ട്.
 • ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും ഇലക്കറികളും മത്സ്യവും ഉള്‍പ്പെടുത്തുന്നത് ഓക്സിഡേറ്റീവ് സമ്മര്‍ദം ലഘൂകരിക്കാനും അതുവഴി ഡിമന്‍ഷ്യയെ പ്രതിരോധിക്കാനും ഉപകരിക്കും. കശുവണ്ടിപ്പരിപ്പ്, ബദാം, പിസ്ത, വാല്‍നട്ട്, കടല തുടങ്ങിയ നട്ട്‌സിനും ഈ പ്രയോജനമുണ്ട്. ബീന്‍സ്, സോയാബീന്‍ എന്നിവ കഴിക്കുന്നതും പൊരിച്ച ഭക്ഷണങ്ങള്‍, മധുരപലഹാരങ്ങള്‍, ഐസ്‌ക്രീം, വെണ്ണ എന്നിവ മിതപ്പെടുത്തുന്നതും നന്നാകും.
 • ദിവസവും നാലുമണിക്കൂറില്‍ത്താഴെമാത്രം ഉറങ്ങുന്നവര്‍ക്ക് ഡിമന്‍ഷ്യാസാധ്യത കൂടുന്നുണ്ട്. മറുവശത്ത്, രാത്രിയില്‍ പത്തോ, മൊത്തം ദിവസത്തില്‍ പന്ത്രണ്ടരയോ മണിക്കൂറിലേറെ ഉറങ്ങുന്നതും പ്രശ്നമാണ്.
 • ദീര്‍ഘകാലത്തെ അമിതമദ്യപാനം ഡിമന്‍ഷ്യക്കുകാരണമാകാം. മസ്തിഷ്‌കകോശങ്ങളെ ഇന്‍ഫല്‍മേഷന്‍ വഴി നശിപ്പിച്ചും തയാമിന്‍ പോലുള്ള വിറ്റാമിനുകളുടെ ന്യൂനത സൃഷ്ടിച്ചുമൊക്കെയാണ് ഇതിലേക്ക് നയിക്കുന്നത്.
 • വിറ്റാമിന്‍ ഗുളികകളോ ബുദ്ധികൂട്ടുമെന്ന വീമ്പുമായി കമ്പോളത്തിലെത്തുന്ന മരുന്നുകളോ ഡിമന്‍ഷ്യയെ തടയില്ല. അതേസമയം, ചില വിറ്റാമിനുകളുടെ അപര്യാപ്തത ഡിമന്‍ഷ്യാഹേതുവാകാം. അങ്ങനെയുള്ളവര്‍ക്ക് നിശ്ചിതകാലത്തേക്ക് ഡോക്ടറുടെ മേല്‍നോട്ടത്തില്‍ വിറ്റാമിനുകളെടുക്കേണ്ടിവരും.
 • ധാരാളം കണക്കുകള്‍ കൂട്ടേണ്ടിവരുന്നതും ധാരാളംപേരെ കൈകാര്യം ചെയ്യേണ്ടിവരുന്നതുമായ ജോലികള്‍ ചെയ്യുന്നവര്‍ക്ക് ഡിമന്‍ഷ്യക്കു സാധ്യത കുറയുന്നുണ്ട്.
 • അറുപതു വയസ്സിനു മുന്‍പേ അല്‍ഷിമേഴ്‌സ് രോഗം പ്രകടമാകുന്നവരുടെ കുടുംബാംഗങ്ങള്‍ക്കും, ജനിതകകാരണങ്ങളാല്‍, രോഗം വരാന്‍ സാധ്യതയുണ്ട്. എന്നാല്‍ അത് നൂറുശതമാനം റിസ്‌ക്കൊന്നുമല്ല. മറ്റു ഘടകങ്ങളില്‍, വിശേഷിച്ചും ജീവിതശൈലിയില്‍, ആരോഗ്യകരമായ മാറ്റങ്ങള്‍ നടപ്പാക്കി രോഗത്തെ തടയുകയോ അതിന്റെ വരവ് വൈകിക്കുകയോ ചെയ്യാം.

(ചങ്ങനാശ്ശേരി സെന്റ് തോമസ് ഹോസ്പിറ്റലിലെ സൈക്യാട്രിസ്റ്റും ഇന്ത്യന്‍ ജേണല്‍ ഓഫ് സൈക്കോളജിക്കല്‍ മെഡിസിന്റെ എഡിറ്ററുമാണ് ലേഖകന്‍)

Content Highlights: World Alzheimer's Day 2021, How to control Alzheimer's, Dementia, Health

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്