സെപ്റ്റംബര്‍ 21 ലോക അല്‍ഷൈമേഴ്സ് ദിനമായി ആചരിക്കപ്പെടുന്നു. ഇത് പത്താം വര്‍ഷമാണ് ലോക അല്‍ഷൈമേഴ്സ്ദിനം ആചരിക്കുന്നത്. സമൂഹത്തെ ഈ രോഗാവസ്ഥയെക്കുറിച്ച് ബോധവാന്‍മാരാക്കുക എന്നതാണ് ഈ വര്‍ഷത്തെ ലക്ഷ്യം. പഠനങ്ങള്‍ പറയുന്നത് നമ്മുടെ സമൂഹത്തില്‍ മൂന്നില്‍ രണ്ട് പേര്‍ക്കും ഈ രോഗാവസ്ഥയെക്കുറിച്ച് കൃത്യമായ ധാരണയില്ല എന്നതും, മറിച്ച് ഒരുപാട് തെറ്റിധാരണകള്‍ ഉണ്ട് എന്നതുമാണ്. പ്രായമേറി വരുന്നത് വ്യക്തികളില്‍ ഈ രോഗസാധ്യത കൂട്ടുന്നു. നമ്മുടെ സമൂഹത്തില്‍ ഈ രോഗസാധ്യത കൂടുമ്പോള്‍ തന്നെ, നൂറ്റാണ്ടുകള്‍ക്ക് മുന്നെ ഇവിടെ നിലവിലുള്ള ആരോഗ്യശാസ്ത്രമായ ആയുര്‍വേദത്തിന് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്.

എന്താണ് അല്‍ഷൈമേഴ്സ് രോഗം?
 
പ്രായം കൂടിവരുന്ന സാഹചര്യത്തില്‍ തലച്ചോറ് ചുരുങ്ങിവരുകയും മസ്തിഷകത്തിലെ ചില കോശങ്ങള്‍ നശിക്കുകയും മൂലം, ഓര്‍മക്കുറവ്, സ്വഭാവവ്യത്യാസം, ഉറക്കക്കുറവ്, സാമൂഹിക പെരുമാറ്റത്തിലുള്ള വ്യത്യാസം എന്നിവ കാണപ്പെടുന്ന രോഗാവസ്ഥയാണ് അല്‍ഷൈമേഴ്സ് എന്ന് പറയുന്നത്.

രോഗലക്ഷണങ്ങള്‍

ഓര്‍മ്മക്കുറവ്, പ്രത്യേകിച്ച് അടുത്ത് നടന്ന സംഭവങ്ങളെക്കുറിച്ചും സംസാരങ്ങളെക്കുറിച്ചും ഉള്ള ധാരണ കുറയുന്നു. കാലം കഴിയുംതോറും ഓര്‍മ്മക്കുറവ് കൂടിവരുന്നു. കാലക്രമേണ വ്യക്തിക്ക് സാധാരണയായി ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്യാന്‍ പറ്റാതെ ആവുന്നു, സംഭവങ്ങളെ കോര്‍ത്തിണക്കി സംസാരിക്കാനും ചിന്തിക്കാനും പറ്റാതിരിക്കുക, അറിയാവുന്ന വഴി തെറ്റിപോവുക, സുപരിചിതമായ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരുകള്‍ ഓര്‍മ വരാതെ ഇരിക്കുക, അറിയാവുന്ന വസ്തുക്കളുടെ പേര് കിട്ടാതെ ഇരിക്കുക എന്നിങ്ങനെ പല ലക്ഷണങ്ങളും രോഗിയില്‍ പ്രത്യക്ഷപ്പെടുന്നു.

ആര്‍ക്കൊക്കെയാണ് ഈ രോഗം വരാന്‍ സാധ്യത?

പൊതുവെ 65-ന് മുകളില്‍ ഉള്ളവര്‍ക്കാണ് ഈ രോഗം കണ്ടുവരുന്നത്. എന്നാല്‍ അടുത്തപഠനങ്ങളില്‍ പ്രായപരിധി കുറഞ്ഞുവരുന്നതായി കാണപ്പെടുന്നു. ജീവിതചര്യയില്‍ സമ്മര്‍ദ്ദം കൂടുതല്‍ അനുഭവിക്കുന്നവരും മാനസികമായി എപ്പോഴും പിരിമുറക്കം അനുഭവിക്കുന്നവര്‍ക്കും ഈ രോഗസാധ്യത കൂടുതലാണ്.

ആയുര്‍വേദം എന്ത് പറയുന്നു?

പ്രസന്നമായ മനസ്സും ഇന്ദ്രിയങ്ങളും ആത്മാവോടുകൂടിയ വ്യക്തിയെ മാത്രമേ ആയുര്‍വേദ ശാസ്ത്രം സ്വസ്ഥന്‍ എന്നു വിളിക്കുകയുള്ളൂ. വാര്‍ധക്യ അവസ്ഥയില്‍ പൊതുവെ ശരീരത്തില്‍ വാതദോഷം കോപിക്കുന്നു. ശാരീരികവും മാനസികവുമായ എല്ലാ കര്‍മ്മങ്ങളും നടക്കുന്നത് വാതദോഷത്തിന്റെ പ്രേരണയാകുന്നു. ശരീരത്തിലെ പരിണാമങ്ങളെ നിര്‍വഹിക്കുന്നത് പിത്തദോഷവും ശരീരത്തിലെ പുഷ്ടിയെ നിലനിര്‍ത്തുന്നത് കഫദോഷവുമാകുന്നു. എന്നാല്‍ പ്രായം കൂടിവരുമ്പോള്‍ സ്വാഭാവികമായി വാതദോഷം കൂടുകയും പിത്തകഫദോഷങ്ങള്‍ കുറയുകയും ചെയ്യുന്നു. ഇത് വളരെ അസന്തുലിതമായി സംഭവിക്കുമ്പോള്‍ അല്‍ഷൈമേഴ്സ് പോലെ പല തലച്ചോറ് സംബന്ധമായ രോഗങ്ങളും പ്രത്യക്ഷപ്പെടുന്നു. അതിനാല്‍ വാതദോഷ കോപത്തെ കുറയ്ക്കുകയും പിത്തകഫദോഷങ്ങളെ നിലനിര്‍ത്തുകയും വേണം. ആയുര്‍വേദത്തില്‍ പറയുന്ന ദിനചര്യ (ദിവസവും വ്യായാമം ചെയ്യുക, എണ്ണ തേച്ചുകുളി, സമയത്തുള്ള ഉറക്കം, സമയത്തും അളവിനുമനുസരിച്ചുള്ള ആഹാരം, ധ്യാനം, പ്രാണായാമം മുതലായ ശീലങ്ങള്‍), ഋതുചര്യ (കാലത്തിനനുസരിച്ച് ആഹാരത്തിലും ശീലങ്ങളിലും വരുത്തേണ്ട മാറ്റങ്ങള്‍) മുതലായവ ശീലിക്കുന്നത് ഒരു പരിധിവരെ വാര്‍ധക്യജന്യ രോഗങ്ങളെ തടയുന്നു. ദിനചര്യയും ഋതുചര്യയും സാമൂഹിക ആരോഗ്യപദ്ധതിയുടെ ഭാഗമാക്കേണ്ടത് ഇന്നത്തെ ആവശ്യമായിക്കഴിഞ്ഞിരിക്കുന്നു.

പഞ്ചകര്‍മ്മത്തിന്റെ സാധ്യതകള്‍

അല്‍ഷൈമേഴ്സ് രോഗം വന്ന ഒരു വ്യക്തിക്ക് രോഗം മൂര്‍ച്ഛിക്കാതെ ഇരിക്കാന്‍ പഞ്ചകര്‍മ്മ ചികിത്സയുടെ സാധ്യത ഏറെയാണ്. സ്നേഹപാനം (ചില പ്രത്യേക മരുന്ന് ഇട്ട് കാച്ചിയ നെയ്യ് സേവിക്കുക), നസ്യം (മൂക്കില്‍ മരുന്നുറ്റിക്കുക), മൃദു വിരേചനം (വയറിളക്കുക), കഷായ വസ്തി (ചില പ്രത്യേക മരുന്നുകള്‍ എനിമയായി നല്‍കുക) എന്നീ ചികിത്സകളിലൂടെ പല ലക്ഷണങ്ങളും കുറയ്ക്കാന്‍ സാധിക്കും. കൂടാതെ തലപൊതിച്ചില്‍, ശിരോധാര, തക്രധാര, ശിരോവസ്തി മുതലായ ക്രിയാക്രമങ്ങള്‍ ഫലപ്രദമായി കണ്ടുവരുന്നു. ഓരോ രോഗിയുടെ അവസ്ഥയും ബലവും പ്രായവും ദോഷദൂഷ്യ വിചിന്തനം എന്നിവ സൂക്ഷ്മമായി നടത്തിയിട്ടു മാത്രമേ ചികിത്സ നിശ്ചയിക്കാന്‍ പറ്റുകയുള്ളൂ. മുകളില്‍ പറഞ്ഞ ചികിത്സകള്‍ രോഗം വരാതെ ഇരിക്കാനും വന്ന രോഗം മൂര്‍ച്ചിക്കാതെ ഇരിക്കാനും സഹായിക്കുന്നു. അങ്ങനെ ആയുര്‍വേദത്തിലൂടെ ഒരുപാട് അല്‍ഷൈമേഴ്സ് രോഗികള്‍ക്ക് ആശ്വാസം ലഭിക്കട്ടെ.

(കൂറ്റനാട് അഷ്ടാംഗം ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ പഞ്ചകര്‍മ്മ വിഭാഗം അസോസിയേറ്റ് പ്രൊഫസറും എച്ച്.ഒ.ഡിയുമാണ് ലേഖിക)

Content Highlights: World Alzheimer's Day 2021, How to control Alzheimer's Ayurveda tips,Health