ഡിമെന്‍ഷ്യ അഥവാ മറവി രോഗം എന്നു വിളിക്കപ്പെടുന്ന തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങളില്‍ പൊതുവെ കണ്ടു വരുന്ന രോഗമാണ് അല്‍ഷൈമേഴ്സ്. ഡിമെന്‍ഷ്യ രോഗികളില്‍ 60 മുതല്‍ 80 ശതമാനം വരെ രോഗികളും ഈ ഗണത്തില്‍ പെടുന്നവരാണ്. വാസ്‌കുലര്‍ ഡിമെന്‍ഷ്യ, മിക്സഡ് ഡിമെന്‍ഷ്യ, ഡിമെന്‍ഷ്യ വിത്ത് ലൂയി ബോഡീസ്, ഫ്രണ്ടോ ടെംപറല്‍ ഡിമെന്‍ഷ്യ എ്ന്നിവയാണ് മറ്റു ചില മറവി രോഗങ്ങള്‍. 

അല്‍ഷൈമേഴ്സിന്റെ ലക്ഷണങ്ങള്‍ സാധാരണ കണ്ടു വരാറുള്ളത് 60 വയസ്സിനു ശേഷമാണ്. തലച്ചോറിനു രോഗം ബാധിക്കുന്നത് മൂലം സംഭവിക്കുന്ന ഗുരുതരമായ ഓര്‍മ്മക്കുറവ്, മാനസികമായി തിരിച്ചറിവും തീരുമാനമെടുക്കാനുള്ള ശേഷിയും നഷ്ടമാകുക, ഭാഷ നഷ്ടമായിപ്പോകുക, തുടങ്ങിയ അവസ്ഥകള്‍ അല്‍ഷിമേഴ്സ് രോഗത്തിന്റെ ഭാഗമായി കാണാന്‍ കഴിയും. പൊതുവായി പറഞ്ഞാല്‍ ദൈനം ദിന ജീവിതത്തെ തന്നെ ഈ രോഗം ബാധിക്കും.

പ്രായമേറിയവരെ ബാധിക്കുന്ന അല്‍ഷൈമേഴ്സ് രോഗാവസ്ഥ ഘട്ടംഘട്ടമായി ഗുരുതരമായിക്കൊണ്ടേയിരിക്കുന്ന രോഗമാണ്. നിലവില്‍ ചികിത്സയില്ലെങ്കിലും രോഗം അതിവേഗം ശക്തമാകാതിരിക്കാനും പെരുമാറ്റ വൈകല്യങ്ങള്‍ നിയന്ത്രിക്കാനും ശ്രമിക്കുന്ന വിധത്തിലുള്ള ചികിത്സകളാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. 

അല്‍ഷൈമേഴ്സ് രോഗികളില്‍ 70 ശതമാനം പേരും പ്രാഥമികാവശ്യങ്ങള്‍ക്കു പോലും ബാഹ്യസഹായം ആവശ്യമുള്ളവരാണ്. ദിവസം മുഴുവനും അവരെ നോക്കിയിരിക്കാന്‍ കുടുംബത്തിലൊരാള്‍ വേണ്ടി വരും. രോഗത്തിന്റെ അവസ്ഥയനുസരിച്ച് അവര്‍ക്കു നല്‍കേണ്ടി വരുന്ന പരിചരണത്തിന്റെ തോതിലും മാറ്റം വരും. 

രോഗത്തിന്റെ ആദ്യഘട്ടങ്ങളില്‍ ചില ഓര്‍മ്മപ്പെടുത്തലുകള്‍ വേണ്ടി വരും. മരുന്നുകള്‍ കഴിക്കാന്‍, പണം കൈകാര്യം ചെയ്യാന്‍, വീട്ടിലെയും മറ്റും കാര്യങ്ങള്‍ നോക്കാന്‍, മറ്റുള്ളവരുമായുള്ള കൂടിക്കാഴ്ചകളോ ചര്‍ച്ചകളോ ഓര്‍ത്തുവയ്ക്കാന്‍ തുടങ്ങിയ കാര്യങ്ങള്‍ക്കൊക്കെ കഴിയാതിരിക്കുന്നതാണ് ആദ്യ ലക്ഷണങ്ങള്‍. പിന്നീട് പതിയെപ്പതിയെ സ്വതന്ത്രമായി കാര്യങ്ങള്‍ ചെയ്യുന്ന അവസ്ഥയെ തന്നെ ബാധിക്കുകയും ചെയ്യും.

രോഗം അതിന്റെ ഘട്ടം മാറി വരുന്നതിനനുസരിച്ച് ഭക്ഷണം കഴിക്കുക, വസ്ത്രം മാറുക, പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുക, തുടങ്ങിയ കാര്യങ്ങള്‍ക്കൊക്കെ സഹായം വേണമെന്ന അവസ്ഥ വരും. കുളിക്കാന്‍ ഉള്‍പ്പെടെ എല്ലാത്തിനും ബാഹ്യ സഹായം ആവശ്യമായി വരും. മാനസികമായ അസ്വസ്ഥതകളും സംഘര്‍ഷങ്ങളും ശക്തമായി പ്രകടിപ്പിക്കാനുള്ള സാധ്യതയും കൂടും. 
വീട്ടിലെ കാര്യങ്ങള്‍ എഴുതിവച്ചോ അടയാളങ്ങള്‍ ഉപയോഗിച്ച് രേഖപ്പെടുത്തിയോ ഉപയോഗിക്കുന്നത് ചിലപ്പോള്‍ ചിലരുടെ കാര്യത്തില്‍ ഉപയോഗപ്പെട്ടേക്കാം. രോഗം ബാധിച്ച വ്യക്തിക്ക് പകല്‍സമയങ്ങളില്‍ സുഗമമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വിധത്തില്‍ നല്ല വെളിച്ചവും കാറ്റും കിട്ടുന്ന രീതിയിലും രാത്രി നല്ല ഉറക്കം കിട്ടുന്നതിനാവശ്യമായ ഇരുട്ടും ലഭിക്കാനാവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കണം.

സ്വന്തം സഞ്ചാരത്തെക്കുറിച്ചുള്ള കണക്കുകൂട്ടലുകള്‍ നഷ്ടമായതുകൊണ്ട് തട്ടിവീഴാനോ അതു മൂലം അപകടങ്ങള്‍ സംഭവിക്കാനോ സാധ്യതകള്‍ കൂടുതലാണ്. അതുകൊണ്ട് സുരക്ഷിതമായ സാഹചര്യം ഒരുക്കുക വളരെ പ്രധാനമാണ്. ചില ഭാഗങ്ങളില്‍ കൈവരികളോ മറ്റോ പിടിപ്പിക്കേണ്ടി വരും. മരുന്ന്, മദ്യം, മറ്റ് അപകടരമായ വസ്തുക്കള്‍ തുടങ്ങിയവയൊക്കെ ഇവരുടെ കൈയെത്താ ദൂരത്ത് വയ്ക്കുകയോ പൂട്ടിവയ്ക്കുകയോ ചെയ്യണം. വെള്ളം, തീ തുടങ്ങിയവയെല്ലാം ഇത്തരം രോഗികളുടെ കാര്യത്തില്‍ പരിചരിക്കുന്നവരുടെ ശ്രദ്ധയില്‍ പെടേണ്ടതാണ്.

തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ ഭക്ഷണം കഴിക്കാന്‍ മടിയോ, വിഴുങ്ങാന്‍ പ്രയാസമോ അനുഭവപ്പെട്ടേക്കാം. നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയും വരും. വിട്ടുപോകാതെ ഓരോ നിമിഷവും പരിചരണം ആവശ്യമുള്ള ഘട്ടവും വന്നേക്കാം. ന്യുമോണിയ, മൂത്രപ്പഴുപ്പ്, ദീര്‍ഘകാലം കിടക്കുന്നത് കൊണ്ടുണ്ടാകുന്ന മുറിവുകള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്കും സാധ്യത കൂടും. ഈ ഘട്ടങ്ങളില്‍ രോഗിയുടെ ജീവിതത്തിന്റെ ഗുണമേന്‍മയും അന്തസ്സും പരിപാലിച്ചു സുഖകരമാക്കുകയാണ് ലക്ഷ്യം.

കോവിഡ് കാലത്ത് ഇത്തരം മറവി രോഗികളെ കോവിഡ് സാഹചര്യത്തെ നേരിടാന്‍ കഴിയും വിധത്തില്‍ ഏറെ കരുതലോടെ വേണം പരിചരിക്കാന്‍. കോവിഡ് മാനദണ്ഡങ്ങളൊന്നും പാലിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരിക്കും രോഗി പലപ്പോഴുമുള്ളത്. അതുകൊണ്ടു തന്നെ ഇത്തരം രോഗികളെ മറ്റുള്ളവരുമായി ഇടപഴകുന്നതിനെ നിയന്ത്രിക്കുന്നത് നന്നായിരിക്കും. 

ഹോസ്പിറ്റല്‍ സന്ദര്‍ശനങ്ങളുടെ എണ്ണവും കുറയ്ക്കണം. വീഡിയോ കണ്‍സല്‍ട്ടേഷന്‍ പോലുള്ള മാര്‍ഗ്ഗങ്ങളെ ആശ്രയിക്കാം. ഇത്തരം രോഗികള്‍ ഒറ്റപ്പെട്ടു പോകാതിരിക്കാനും വീട്ടുകാര്‍ ശ്രദ്ധിക്കണം. അവര്‍ക്കാവശ്യമായ ശ്രദ്ധയും പരിചരണവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. 

ലോക അല്‍ഷൈമേഴ്സ് ദിനത്തില്‍ മറവി രോഗം ബാധിച്ചവര്‍ക്ക് കൂടുതല്‍ മികച്ച പരിചരണവും സഹായങ്ങളും ഐക്യദാര്‍ഢ്യവും നല്‍കാനും  രോഗത്തെക്കുറിച്ചുള്ള ബോധവത്കരണ ശ്രമങ്ങള്‍ക്കും നമുക്ക് പ്രാമുഖ്യം നല്‍കാം.

(കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിലെ ന്യൂറോളജിസ്‌റ് ആണ് ലേഖിക)

Content Highlights: World Alzheimer's Day 2021, How to care Alzheimer's patients, Health