നുഷ്യന്റെ എല്ലാ കഴിവുകളുടെയും സ്രോതസ്സ് ഓര്‍മ്മയത്രെ!  മെല്ലെ മെല്ലെ ഓര്‍മ്മ നഷ്ടപ്പെടുന്ന അവസ്ഥയെ പറ്റി ഒന്ന് ഓര്‍ത്തു നോക്കൂ...! 

ക്ലിനിക്കില്‍ എന്റെ മുന്നില്‍ ഉറക്കച്ചടവ് മറച്ചു പിടിക്കുവാന്‍ വൃഥാ ശ്രമിച്ചു കൊണ്ടിരിക്കുന്ന സ്ത്രീ പറയുന്നത് അമ്പരപ്പോടെ കേട്ടിരുന്നു. നെറ്റിയിലേക്ക് ഊര്‍ന്നിറിങ്ങിയ, ഇടതൂര്‍ന്ന കറുത്ത മുടികള്‍ക്കിടയിലെ വെള്ളി രേഖകള്‍ ഒതുക്കി കൊണ്ട് വിതുമ്പുന്ന ചുണ്ടുകളോടെ അവര്‍ തുടര്‍ന്നു...എന്റെ അച്ഛന്റെ ഇപ്പോളത്തെ അവസ്ഥ കണ്ട് സഹിക്കാന്‍ പറ്റുന്നില്ല ഡോക്ടര്‍ ...! അച്ഛന്റെ ഏറ്റവും പ്രിയപ്പെട്ട മകളായ എന്നെ പോലും അദ്ദേഹം തിരിച്ചറിയുന്നില്ല,അപരിചിതനെ പോലെ മാത്രം പെരുമാറുന്നു. അമ്മയോടു പോലും ചിലപ്പോള്‍ അപരിചിത ഭാവം കാണിക്കുന്നു. തികച്ചും ശരിയെന്ന മട്ടില്‍ കൂടെയുള്ള ഭര്‍ത്താവും തല കുലുക്കി.

അല്‍ഷൈമേഴ്സ് രോഗമെന്നാണ് ഡോക്ടര്‍ പറഞ്ഞത്, നഗരത്തിലെ പ്രശസ്ത സൈക്യാട്രിസ്റ്റിന്റെ മരുന്നുശീട്ട് കാണിച്ചു കൊണ്ട് അവര്‍ പറഞ്ഞു. അത് മാത്രമല്ല, രാത്രി തീരെ ഉറക്കമില്ല. മുട്ടുവേദന ചികിത്സയിലുള്ള 80 വയസ്സ് പ്രായമുള്ള അച്ഛന്‍, ഒരുചെറുപ്പക്കാരനെ പോലെ രാത്രി പലതവണ കോണിപ്പടികള്‍ കയറി ഇറങ്ങുകയും ചെയ്യുന്നു. കൂടാതെ രാത്രി പലതവണ മുന്‍വാതില്‍ തുറന്ന് പുറത്ത് പോകാനും ശ്രമിക്കുന്നു. രാത്രി മുഴുവനും ഞങ്ങള്‍ക്കാര്‍ക്കും ഒരു പോള പോലും കണ്ണടക്കാന്‍ സാധിക്കുന്നില്ല. ഞാന്‍ വളരെ അസ്വസ്ഥയാണ്. ഒന്നിനും താല്പര്യവുമില്ല. ഓഫീസില്‍ പോകാന്‍ പറ്റുന്നില്ല. അമ്മ കിടപ്പിലായതിനാല്‍ കഴിഞ്ഞ ഒരു മാസക്കാലമായി അച്ഛനെ ശുശ്രൂഷിക്കാന്‍ ലീവിലാണ്. സങ്കടം കൊണ്ട് മനസ്സിനെ പിടിച്ചു നിര്‍ത്താന്‍ സാധിക്കുന്നില്ല.-രോഗിയെക്കാളുപരി പരിചരിക്കുന്നവര്‍ക്ക് കൗണ്‍സിലിങ് ആവശ്യമായി വരുന്ന സാഹചര്യമാണ് രേഖപ്പെടുത്തിയത്.
  
മുകളില്‍ പറഞ്ഞത് ഒരൊറ്റപ്പെട്ട സംഭവമല്ല. ഒരു പാട് പേര്‍ നാമറിയാതെ തന്നെ സമാനമായ അവസ്ഥാ വിശേഷവുമായി ജീവിക്കുന്നു. ഡിമെന്‍ഷ്യ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന രോഗമാണ് അല്‍ഷൈമേഴ്സ് അഥവാ സ്മൃതിനാശം. നിര്‍ഭാഗ്യകരമായ ഈ രോഗത്തെപ്പറ്റിയുള്ള ബോധവല്‍ക്കരണത്തിനും സാന്ത്വന സ്പര്‍ശനമേകാനുമാണ് സെപ്റ്റംബര്‍ 21 ന് ലോക അല്‍ഷൈമേഴ്സ്് ദിനമായി നമ്മള്‍ ആചരിച്ചു വരുന്നത്. 1906 ല്‍ ജര്‍മ്മന്‍ മാനസിക രോഗവിദഗ്ദനായ അലിയോസ് അല്‍ഷിമര്‍ ആണ് ഈ രോഗത്തെപ്പറ്റി ആദ്യമായി രേഖപ്പെടുത്തിയത്.

പ്രായമേറിയവരില്‍ ആണ് അല്‍ഷൈമേഴ്സ് രോഗം കൂടുതല്‍ കാണപ്പെടുന്നത്. 65 വയസ്സിനു മുകളില്‍ ഓരോ അഞ്ച് വര്‍ഷത്തിലും രോഗസാധ്യത ഇരട്ടിയായി വര്‍ധിക്കുമത്രെ! നമ്മുടെ സംസ്ഥാനത്തില്‍ തന്നെ 65 വയസ്സിനു മുകളിലുള്ള ഏകദേശം മൂന്ന് ശതമാനത്തോളം ആളുകള്‍ ഈ രോഗത്താല്‍ കഷ്ടപ്പെടുന്നുണ്ട്.   അല്‍ഷൈമേഴ്‌സ് രോഗം വളരെ സാവധാനത്തിലാണ് ആരംഭിക്കുന്നത്. തലച്ചോറിലെ അടിസ്ഥാന കോശങ്ങളാണല്ലൊ ന്യൂറോണുകള്‍.ഈ കോശങ്ങള്‍ക്കിടയില്‍ അമൈലോയിഡ് (amyloid beta) എന്ന പ്രോട്ടീന്‍ അടിഞ്ഞുകൂടുന്നതും, tau എന്ന് പ്രോട്ടീനുകളുടെ കരടുകള്‍ നിറയുന്നതുമൊക്കെ അല്‍ഷൈമേഴ്സിന് കാരണമാകുന്നുവെന്ന് ഗവേഷണങ്ങള്‍ പറയുന്നു. ഇങ്ങനെ ഏതെങ്കിലും കാരണങ്ങളാല്‍ ന്യൂറോണുകള്‍ ക്ഷയിക്കുമ്പോള്‍ തലച്ചോറിലെ പ്രവര്‍ത്തനങ്ങള്‍ മുടങ്ങുന്നു. ഇത് ഓര്‍മ്മശക്തിയേയും ബുദ്ധിശക്തിയേയും ബാധിക്കുന്നു.

ലക്ഷണങ്ങള്‍

തുടക്കത്തില്‍ ഓര്‍മ്മക്കുറവാണ് സാധാരണ കണ്ടു വരുന്നത്.അടുത്ത കാലത്ത് നടന്ന കാര്യങ്ങള്‍ ഓര്‍മ്മിക്കാന്‍ കഴിയാതിരിക്കുക, പേരുകള്‍ തിയ്യതികള്‍ പ്രധാനപ്പെട്ട സംഭവങ്ങള്‍ തുടങ്ങിയ ഓര്‍ത്തെടുക്കാന്‍ പരസഹായം തേടുക.ഈ ഘട്ടത്തില്‍ തന്നെ വിദഗ്ധ ഡോക്‌റെ സമീപിച്ച് അല്‍ഷൈമേഴ്സ് ആണോ എന്ന് ഉറപ്പു വരുത്തേണ്ടതാണ്.

ദൈനംദിന കാര്യങ്ങള്‍ ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാകും. എങ്ങിനെയാണ് പല്ലു തേക്കുന്നതും മുടി ചീകുന്നതുമൊക്കെ മറന്നു പോകുന്നു. സ്ഥലകാലബോധമില്ലാതെ വരുന്നു. ഭക്ഷണം കഴിച്ചത് പോലും മറന്നു പോകുന്നു. സാധനങ്ങള്‍ എവിടെയാണ് വെച്ചതെന്ന് ഓര്‍ക്കാന്‍ പറ്റാതെ വരിക. എല്ലാറ്റിലും ആശയക്കുഴപ്പം, ഭയം, സംശയം, വിഷാദം, എന്നിവ കൂടി കൂടി വരുന്നു. തീരുമാനമെടുക്കാന്‍ കഴിയാതെ വരുന്നു. വായിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുകയും വാക്കുകള്‍ കിട്ടാതെ വരികയുമൊക്കെ കാണാറുണ്ട്. ക്രമേണെ സാമൂഹ്യ ജീവിതത്തില്‍ നിന്നകന്നു പോകുന്നു.

രോഗം മൂര്‍ച്ഛിക്കുമ്പോള്‍ പല പെരുമാറ്റ വൈകല്യങ്ങളും കാണിക്കാറുണ്ട്. ഉചിതമല്ലാത്ത ലൈംഗിക സ്വഭാവങ്ങള്‍, മിഥ്യാ ധാരണങ്ങള്‍, ഭ്രമാത്മകമായ പെരുമാറ്റങ്ങള്‍ എന്നിവയും പ്രകടിപ്പിക്കാറുണ്ട്. മെല്ലെ മെല്ലെ ഗുരുതരാവസ്ഥയിലേക്ക് മാറി കിടപ്പിലാകുകയും ചെയ്യുന്നു. അതോടെ പരാശ്രയമില്ലാതെ ഒന്നും ചെയ്യാന്‍ കഴിയാതെ വരുന്നു. അമേരിക്കന്‍ മുന്‍ പ്രസിഡന്റ്് റൊണാള്‍ഡ് റീഗന്‍, ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ഹരോള്‍ഡ് വില്‍സണ്‍, മുന്‍ കേന്ദ്രമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ്, മലയാള കവയിത്രി ബാലാമണിയമ്മ തുടങ്ങിയവര്‍ ഈ രോഗത്താല്‍ കഷ്ടതയനുഭവിച്ചരാണ്. റൊണാള്‍ഡ് റീഗന് തന്റെ പേരു പോലും ഓര്‍ക്കാന്‍ പറ്റാതെ വന്നുവത്രെ!

ചികിത്സയും പ്രതിരോധവും

ഇന്ന് ഓര്‍മ്മക്കുറവിന്റെ ലക്ഷണങ്ങള്‍ക്ക് ഫലപ്രദമായ ചികിത്സ അസറ്റൈല്‍ കോളിന്‍ വര്‍ധിപ്പിക്കാനുതകുന്ന മരുന്നുകള്‍ ഉപയോഗിക്കുക എന്നു മാത്രമാണ്. രോഗലക്ഷണങ്ങള്‍ കുറയ്ക്കാനുള്ള മരുന്നുകളാണ് നല്‍കി വരുന്നത്.  അസുഖം ചികിത്സിച്ച് ഭേദമാക്കാനുള്ള മരുന്നുകള്‍ ഇതുവരെ കണ്ടു പിടിക്കപ്പെട്ടില്ലയെന്നത് വളരെ വിഷമമുണ്ടാക്കുന്നു. പല ഗവേഷണങ്ങളും ഉര്‍ജ്ജിതമായി നടന്നു വരുന്നു. അമൈലോയ്ഡ് ബീറ്റാ പെപ്‌റ്റൈഡുകള്‍ കൊണ്ട് ട്രീറ്റ് ചെയ്ത ഹിപ്പോക്യാമ്പസില്‍ miRNA കളുടെ പ്രവര്‍ത്തങ്ങളെ പറ്റിയാണ് ഗവേഷക സംഘം പഠനം നടത്തിയിട്ടുണ്ടെന്നറിയാന്‍ സാധിച്ചു. miRNA 134 5p എന്ന മൈക്രോ RNA നിയന്ത്രിക്കുന്നതിലൂടെയോ (Regulation) അവയുടെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കുന്നതിലൂടെയോ (Inhibition) PRP കളുടെ ഉത്പാദനം പുനരാരംഭിക്കാമെന്നും നാഡീകോശങ്ങളുടെ പ്രവര്‍ത്തനം പൂര്‍വ്വസ്ഥിതിയിലാക്കാമെന്നുമാണ് പഠനം പറയുന്നത്. ഇത് പ്രതീക്ഷാനിര്‍ ഭരമാണ്.

രോഗീപരിചരണം വലിയൊരു വെല്ലുവിളി തന്നെയാണ്. മറവിരോഗം ആരംഭത്തില്‍ തിരിച്ചറിയാതെ പോകരുത്. ഡോക്ടറുടെ സഹായത്തോടെ ശരിയായ ചികിത്സ ഉറപ്പാക്കി സഹാനുഭൂതിയോടെ മുന്നോട്ടു കൊണ്ടു പോകണം. നമ്മളെ തിരിച്ചറിയുന്നില്ലെന്ന കാരണത്താന്‍ അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്യാതിരിക്കരുത്. അവരുടെ ദേഹ സുരക്ഷ ഉറപ്പാക്കണം. രോഗിയുടെ ചോദ്യങ്ങള്‍ക്ക് ചിലപ്പോള്‍ ആവര്‍ത്തിച്ച് ഉത്തരം പറയേണ്ടതായി വരും. ക്ഷമ നശിക്കരുത്. സഹാനുഭൂതിയോടെയുള്ള നമ്മുടെ നല്ല ഇടപെടലുകള്‍ രോഗിയില്‍ പോസിറ്റീവ് വികാരങ്ങള്‍ ഉണ്ടാക്കി അവരുടെ ദിവസത്തില്‍ തന്നെ മാറ്റം വരുത്താന്‍ സാധിക്കും.

ലഘു വ്യായാമങ്ങള്‍ പരിശീലിപ്പിക്കുന്നത് നന്നായിരിക്കും. സംഗീതം, പൂന്തോട്ടങ്ങള്‍ക്ക് സമീപം നടത്തുന്നത്, തമാശകള്‍ എന്നിവ ഇവരില്‍ ശുഭചിന്തകള്‍ വരുത്താന്‍ സഹായകരമായേക്കും. കൃത്യമായ പ്രതിരോധ നടപടികളൊന്നും തെളിയക്കപ്പെട്ടിട്ടില്ല. പാരമ്പര്യം ഈ രോഗം വരാനുള്ള ഒരു സാധ്യതയാണ്.

ആരോഗ്യകരമായ ജീവിത ശൈലിയും ഭക്ഷണ രീതികളും രോഗം വരാതിരിക്കാനുള്ള മുന്‍കരുതലായി സ്വീകരിക്കാവുന്നതാണ്. പച്ച ഇലക്കറികള്‍, സ്‌ട്രോബെറി, ബ്‌ളൂബെറി, നട്‌സ്, മുട്ട എന്നിവ പതിവായി കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിനും സഹായകരമാകും.

വായന, എഴുത്ത്, പ്രശ്‌നോത്തരികള്‍ എന്നിവയും തലച്ചോറിന്റെ വ്യായാമത്തിന് നല്ലതാണ്. സാമൂഹ്യ ഇടപെടലുകള്‍ വര്‍ധിപ്പിക്കുക, പ്രതിദിനം 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുക എന്നതും രോഗ പ്രതിരോധനത്തിന് സഹായകരമാകും.
സഹാനുഭൂതിയോടെയുള്ള രോഗീപരിചണമാണ് ഈ രോഗത്തിനുള്ള മുഖ്യ ചികിത്സ. ഇവര്‍ക്ക് സാന്ത്വന സ്പര്‍ശമേ കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്.
ഓര്‍മ്മകള്‍ മരിക്കാതിരിക്കട്ടെ!

(രാമനാട്ടുകര ഡോക്ടര്‍ ലാല്‍സ് ഹോമിയോപ്പതി & കൗണ്‍സലിംഗ് സെന്ററിലെ കൗണ്‍സലിംഗ് സൈക്കോളജിസ്റ്റും ചീഫ് കണ്‍സള്‍ട്ടന്റുമാണ് ലേഖകന്‍)

Content Highlights: World Alzheimer's Day 2021, Alzheimer's patient care, Health