ര്‍മകളെ കവര്‍ന്നെടുക്കുന്ന രോഗമാണ് അൽഷൈമേഴ്സ്.  ദൈനംദിനം നമ്മള്‍ ചെയ്തുകൊണ്ടിരുന്ന പ്രവൃത്തികള്‍ പോലും നമ്മുടെ ഓര്‍മകളില്‍ നിന്നുമത് മാച്ചുകളയും. ഡോ. അലോയിസ് അൽഷൈമര്‍ എന്ന ഡോക്ടറുടെ പേരില്‍നിന്നാണ്‌ രോഗത്തിന് അൽഷൈമേഴ്സ് എന്ന പേര് വന്നത്. know dementia, know alzheimster എന്നതാണ് ലോകാരോഗ്യ സംഘടനയുടെ ഈ വര്‍ഷത്തെ ലോക അൽഷൈമേഴ്‌സ് ദിനത്തിലെ തീം. ലോക അൽഷൈമേഴ്സ് ദിനത്തില്‍ അൽഷൈമേഴ്സിനെക്കുറിച്ചും അതുണ്ടാകാനുള്ള കാരണങ്ങളെക്കുറിച്ചും മാതൃഭൂമി ഡോട്ട്‌ കോമിനോട് പങ്ക് വെയ്ക്കുകയാണ് കോട്ടയം സി.എം.സി. ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് ന്യൂറോളജിസ്റ്റായ ഡോ. ഗുരുപ്രസാദ്.

എന്താണ് അൽഷൈമേഴ്‌സ് രോഗം ?

70 ശതമാനം മറവിരോഗം അഥവാ ഡെമെന്‍ഷ്യയ്ക്ക് കാരണം അൽഷൈമേഴ്‌സ് രോഗമാണ്. സാധാരണയായി 65 വയസ്സിനു മുകളിലുള്ളവര്‍ക്ക് കാണപ്പെടുന്ന മറവി അവരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുമ്പോള്‍ അത് ഡിമെന്‍ഷ്യ എന്ന രോഗാവസ്ഥയുണ്ടാക്കുന്നു. ലോകത്തിലെ ഏറ്റവും മാരകമായ രോഗങ്ങളില്‍ എട്ടാം സ്ഥാനം ഈ മറവിരോഗത്തിനാണ്.

എന്തുകൊണ്ടാണ് അൽഷൈമേഴ്‌സ് രോഗം ഉണ്ടാകുന്നത് ?

തലച്ചോറിലെ കോശങ്ങള്‍ക്ക് കാലക്രമേണയുണ്ടാകുന്ന നാശമാണ് അൽഷൈമേഴ്‌സ് എന്ന രോഗാവസ്ഥയ്ക്ക് കാരണം. തലച്ചോറിലെ കോശങ്ങളില്‍ രണ്ടു തരം പ്രോട്ടീനുകള്‍ അടിഞ്ഞു കൂടി കോശങ്ങള്‍ ദ്രവിക്കാന്‍ കാരണമാകുന്നു. ആദ്യം അടിഞ്ഞു കൂടുന്നത് അമലോയ്ഡ് ബീറ്റയാണ്. ഇത് തലച്ചോറിലെ കോശമായ ന്യൂറോണിന്റെ അകത്താണ് അടിഞ്ഞു കൂടുന്നത്. ന്യൂറോണിന്റെ പുറത്ത് ടാവു പ്രോട്ടീന്‍ അടിഞ്ഞു കൂടുന്നു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മരുന്നുപരീക്ഷണങ്ങളൊക്കെ ഈ പ്രോട്ടീനുകള്‍ എങ്ങനെ അടിഞ്ഞു കൂടുന്നത് തടയാം എന്നതിലാണ് ശ്രദ്ധ ചെലുത്തുന്നത്. എന്നാല്‍ മാത്രമേ ഈ രോഗാവസ്ഥയെ തടയാന്‍ കഴിയുകയുളളൂ. 

കാരണങ്ങള്‍

അൽഷൈമേഴ്‌സ് എന്ന രോഗാവസ്ഥയ്ക്ക് മോഡിഫൈയിബിള്‍, നോണ്‍ മോഡിഫൈയിബിള്‍ എന്നിങ്ങനെ പ്രധാനമായും രണ്ടു കാരണങ്ങളാണുള്ളത്. വ്യായാമമില്ലായ്മ, അമിതവണ്ണം, പുകവലി, മദ്യപാനം, അമിത ഉത്കണ്ഠ, അമിത രക്ത്‌സമ്മര്‍ദ്ദം, പ്രമേഹം, സമ്പൂര്‍ണ്ണാഹാരകുറവ്, വിദ്യാഭ്യാസ കുറവ് എന്നിവ മാറ്റം വരുത്താവുന്ന അഥവാ മോഡിഫൈയിബിളിന്റെ കീഴില്‍ വരും. പ്രായാധിക്യം, കുടുംബചരിത്രം, ജനതികം എന്നിവ മാറ്റാന്‍ പറ്റാത്ത കാരണങ്ങള്‍ അഥവാ നോണ്‍ മോഡിഫൈയിബിളിന്റെ കീഴില്‍ വരുന്നത്. 

രോഗവ്യാപ്തി

ലോകമെമ്പാടും 55 ദശലക്ഷം രോഗികളാണുള്ളത്. ഇന്ത്യയില്‍ 5 ദശലക്ഷം രോഗികളുണ്ട്. കേരളത്തില്‍ 2 ലക്ഷത്തോളം രോഗികളാണുള്ളത്. കേരളത്തിലെ രോഗികളില്‍ 16 ശതമാനവും 65 വയസ്സിനുമുകളിലുള്ളവരാണ്. ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം 2030 ഓടെ 78 മില്ല്യണ്‍ രോഗികള്‍ ലോകമെമ്പാടുമുണ്ടാകുമെന്ന് പറയുന്നു.

രോഗലക്ഷണങ്ങള്‍

അൽഷൈമേഴ്‌സ് രോഗത്തിന് അഞ്ച് ഘട്ടങ്ങളാണുള്ളത്.

1) പ്രിക്ലിനിക്കല്‍ സ്റ്റേജ്

ഇത് രോഗലക്ഷണങ്ങള്‍ തുടങ്ങുന്നതിന് 20 വര്‍ഷം മുമ്പ് തലച്ചോറില്‍ കാണപ്പെടുന്നു. അമിലോയിഡ് പെറ്റ് സ്‌കാനിലൂടെയും തലച്ചോറിലെ സ്രവപരിശോധനയിലൂടെയും കണ്ടെത്താം.

2) മിനിമല്‍ കോഗ്നിഫിറ്റീവ് ഇംപയര്‍മേന്റ്

ഈ ഘട്ടത്തില്‍ ചെറിയ ഓര്‍മകുറവിന്റെ ലക്ഷണങ്ങള്‍ കാണാം. പെട്ടെന്ന് മറന്നു പോവുക, സാധനങ്ങള്‍ വെച്ച സ്ഥലം മറന്നു പോവുക ഇതൊക്കെയാണ് ലക്ഷണങ്ങള്‍. പക്ഷേ ഇത് അവരുടെ ദൈനംദിന ജീവിതത്തെയോ സാമൂഹിക ജീവിതത്തെയോ ജോലിയെയോ ബാധിക്കില്ല. ഈ രോഗാവസ്ഥയിലുള്ള 12 ശതമാനം ആളുകള്‍ അൽഷൈമേഴ്‌സ് രോഗബാധിതരാകാനുള്ള സാധ്യതയുണ്ട്. വ്യായാമത്തിലൂടെയും, ടെന്‍ഷന്‍ സ്‌ട്രെസ്, ബി.പി, ഷുഗര്‍, കൊള്‌സ്‌ട്രോള്‍ എന്നിവ കണ്‍ട്രോള്‍ ചെയ്യുന്നതിലൂടെ ഒരു പരിധി വരെ രോഗാവസ്ഥ അൽഷൈമേഴ്‌സായി മാറുന്നത് തടയാന്‍ കഴിയും.

3) മൈല്‍ഡ് അൽഷൈമേഴ്‌സ് ഡിസീസ്

കുറച്ചു മുമ്പ് പറഞ്ഞ കാര്യങ്ങള്‍ മറന്നുപോവുക, വാക്കുകള്‍ കിട്ടാനുള്ള പ്രയാസം, പേര് ഓര്‍ത്തുവെയ്ക്കാനുള്ള ബുദ്ധിമുട്ട്, കാര്യങ്ങള്‍ പ്ലാന്‍ ചെയ്യാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് ലക്ഷണങ്ങള്‍. അൽഷൈമേഴ്‌സിന്റെ പ്രാരംഭ ഘട്ടം കൂടിയാണിത്.

4) മോഡറേറ്റ് സ്റ്റേജ് അൽഷൈമേഴ്‌സ് ഡിസീസ്

വ്യക്തിപരമായ കാര്യങ്ങള്‍ മറന്നുപോവുക, ആളുകളുമായി ഇടപഴകുമ്പോളുള്ള സ്വഭാവമാറ്റം, സമയത്തെ പറ്റിയുണ്ടാകുന്ന കണ്‍ഫ്യൂഷന്‍, സംശയരോഗം, വ്യക്തിത്വങ്ങളിലുണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവ ഈ മധ്യഘട്ടത്തിലുണ്ടാകാം. 

5) സിവിയര്‍ അൽഷൈമേഴ്‌സ് ഡിസീസ്

നടക്കാനും ഇരിക്കാനും ആഹാരം കഴിക്കാനുമുള്ള ബുദ്ധിമുട്ട്, സ്വയം അറിയാതെയുള്ള മലമൂത്രവിസര്‍ജനം, ആളുകളോട് സംസാരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് ലക്ഷണങ്ങള്‍. ഈ ഘട്ടത്തില്‍ ന്യുമോണിയ വരാനുള്ള സാധ്യതയുണ്ട്. ചിലപ്പോള്‍ രോഗി പൂര്‍ണമായും കിടപ്പിലാകാം.

ചികിത്സ

ലക്ഷണങ്ങള്‍ തോന്നിയാലുടനെ ന്യൂറോളജിസ്റ്റിനേ കണ്ട്  രോഗം ഉറപ്പ് വരുത്തുക. അൽഷൈമേഴ്‌സ് രോഗത്തിന് പൂര്‍ണമായ ഒരു ചികിത്സ ഇപ്പോള്‍ നിലവിലില്ല. അതിനായുള്ള പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പ്രധനമായും അമലോയ്ഡ് പ്രോട്ടീനും, ടാവു പ്രോട്ടീനുമെതിരായുള്ള  പഠനങ്ങളാണ് നടക്കുന്നത്. രോഗലക്ഷണങ്ങള്‍ കുറച്ചു കാലത്തേക്ക് കുറയ്ക്കാനുള്ള മരുന്നുകളാണ് നിലവില്‍ ലഭ്യമായത്. മരുന്ന് കൂടാതെയുള്ള ചികിത്സ രോഗിയുടെ ലക്ഷണങ്ങള്‍ ലഘൂകരിക്കാന്‍ സഹായകമാണ്. ഓര്‍മയെ ഉണര്‍ത്തുന്ന ചെസ്, പസിൽ ഗെയിമുകള്‍ നല്ലതാണ്.മ്യൂസിക് തെറാപ്പി, വ്യായാമം, അരോമാ തെറാപ്പി, ഫോട്ടോതെറാപ്പി തുടങ്ങിയവയും ഗുണം ചെയ്യും. ബിഹേവിറയല്‍ തെറാപ്പി മാനസികസമ്മര്‍ദ്ദമുള്ള രോഗികളില്‍ ഫലപ്രദമാണ്. അൽഷൈമേഴ്‌സ്  അസോസിയേഷന്റെ ഓണ്‍ലൈന്‍ സപ്പോര്‍ട്ട് ഗ്രൂപ്പിലൂടെ രോഗികള്‍ക്കും, കെയര്‍ഗിവേഴ്‌സിനും, കുടുംബത്തിനും ആവശ്യമായ ഉപദേശങ്ങളും സപ്പോര്‍ട്ടും ലഭ്യമാണ്.

തയ്യാറാക്കിയത്

സരിൻ എസ്.രാജൻ

Content Highlights: world alzheimer's day 2021, world alzheimer's day 2021 theme