സ്തിഷ്‌കത്തെ ബാധിക്കുന്ന മേധാക്ഷയങ്ങളില്‍(ഡിമെന്‍ഷ്യ) ഏറ്റവും സാധാരണമായ അവസ്ഥയാണ് അല്‍ഷൈമേഴ്‌സ്. ഈ രോഗം ബാധിച്ചാല്‍ ആ വ്യക്തിയുടെ തലച്ചോറിലെ കോശങ്ങള്‍ക്ക് കേടുപാട് സംഭവിക്കുകയോ നശിക്കുകയോ ചെയ്യും. ഇതുവഴി തലച്ചോറിലെ കോശങ്ങളായ ന്യൂറോണുകള്‍ തമ്മിലുള്ള ആശയവിനിമയം സാധ്യമാവാതെ വരും. ഇങ്ങനെ മസ്തിഷ്‌കം ചുരുങ്ങി വരുമ്പോള്‍ രോഗിക്ക് ക്രമേണ ഓര്‍മ നശിക്കുകയും ബൗദ്ധികപരവും സാമൂഹികപരവും തൊഴില്‍പരവുമൊക്കെയായ ദൈനംദിന കാര്യങ്ങള്‍ കൃത്യമായി നടത്താനാകാതെ വരുന്നു. ഇത് ആ വ്യക്തിയുടെ ജീവിതത്തെ താളം തെറ്റിക്കാന്‍ ഇടയാക്കുന്നു. പൊതുവേ 65 കഴിഞ്ഞവരിലാണ് അല്‍ഷൈമേഴ്‌സ് രോഗം കണ്ടുവരുന്നത്. 

മസ്തിഷ്‌കത്തെയാണ് ബാധിക്കുന്നത് എന്നതിനാല്‍ രോഗം ബാധിക്കുന്ന വ്യക്തിയുടെ ശാരീരിക-മാനസിക കഴിവുകള്‍ പതുക്കെ പതുക്കെ നശിക്കും. ഓര്‍മയും ബുദ്ധിയും ഭാഷാപരമായ കഴിവുകളും സ്ഥലകാല ബോധവുമൊക്കെ പതുക്കെ കുറയും. സ്വന്തം വ്യക്തിത്വം പോലും മാറിമറയുന്ന അവസ്ഥയിലെത്തും. 

ലോകത്ത് ഓരോ ഏഴു സെക്കന്‍ഡിലും ഒരാള്‍ വീതം അല്‍ഷൈമേഴ്‌സ് ബാധിതരാവുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അല്‍ഷൈമേഴ്‌സ് ആന്‍ഡ് റിലേറ്റഡ് ഡിസോര്‍ഡര്‍ സൊസൈറ്റി ഓഫ് ഇന്ത്യ നടത്തിയ പഠനത്തില്‍ പറയുന്നത് ഇന്ത്യയില്‍ നിലവില്‍ അല്‍ഷൈമേഴ്‌സ് ബാധിച്ച 37 ലക്ഷം രോഗികളുണ്ട് എന്നാണ്. എന്നാല്‍ 2030 ആകുമ്പോഴേക്കും ഇത് 70 ലക്ഷമാകും എന്നാണ് കണക്കുകള്‍ പറയുന്നത്. 65 വയസ്സിന് മുകളിലുള്ളവരെയാണ് പൊതുവേ അല്‍ഷൈമേഴ്‌സ് ബാധിക്കുക. പ്രായം കുറഞ്ഞവരിലും രോഗം ബാധിക്കാറുണ്ട്. പക്ഷേ, അത് വളരെ അപൂര്‍വമാണ്. 

അല്‍ഷൈമേഴ്‌സ് രോഗത്തിന്റെ കാരണങ്ങള്‍

യഥാര്‍ഥ കാരണങ്ങള്‍ കൃത്യമായി ഇതുവരെ കണ്ടെത്തിയിട്ടില്ല. വാര്‍ധക്യം രോഗത്തിന്റെ വേഗത കൂട്ടും. ചില ജനിതകഘടകങ്ങളും രോഗബാധയെ സ്വാധീനിക്കും. ജീവിതശൈലി രോഗങ്ങളായ പ്രമേഹം, അമിത ബി.പി. എന്നിവയും വ്യായാമമില്ലാത്ത ജീവിതരീതിയും അല്‍ഷൈമേഴ്‌സിന് വഴിയൊരുക്കും. 

അല്‍ഷൈമേഴ്‌സിന്റെ ലക്ഷണങ്ങള്‍

ഓര്‍മ നഷ്ടമാവലാണ് പ്രധാന ലക്ഷണം. അടുത്തിടെ നടന്ന കാര്യങ്ങളാണ് രോഗാരംഭത്തില്‍ മറന്നുപോവുക. പിന്നീട് പതുക്കെ പതുക്കെ ഓര്‍മകള്‍ മാഞ്ഞുതുടങ്ങും. തൊട്ടുമുന്‍പ് ചെയ്തതും പറഞ്ഞതുമായ കാര്യങ്ങള്‍ മറന്നുപോവുക, സ്ഥിരം പോകുന്ന വഴികള്‍ തെറ്റിപ്പോവുക, ഒരു കാര്യം ചോദിച്ച് അതിന് ഉത്തരം കിട്ടിയാലും അത് വീണ്ടും വീണ്ടും ചോദിക്കുക, മൂഡ്മാറ്റം, ഒരു കാര്യം ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ സാധിക്കാത്ത അവസ്ഥ, സ്ഥലകാല ബോധം നഷ്ടപ്പെടല്‍, ദൂരം, നിറം എന്നിവയില്‍ ആശയക്കുഴപ്പം, ഡ്രൈവിങില്‍ ബുദ്ധിമുട്ട് അനുഭവപ്പെടല്‍, സംസാരിക്കാനും എഴുതാനും ബുദ്ധിമുട്ട്, വാക്കുകള്‍ കിട്ടാത്ത അവസ്ഥ, എടുത്ത സാധനങ്ങള്‍ മറ്റെവിടെയെങ്കിലും വെച്ച് അത് അന്വേഷിച്ച് നടക്കലും അത് മറ്റാരെങ്കിലും എടുത്തെന്ന് പറഞ്ഞ് വഴക്കുണ്ടാക്കലും, മറ്റുള്ളവരുമായുള്ള ഇടപഴകലുകള്‍ കുറയല്‍, പെട്ടെന്ന് ദേഷ്യം വരല്‍, പ്രാഥമിക കാര്യങ്ങള്‍ പോലും ചെയ്യാനാവാത്ത അവസ്ഥ തുടങ്ങിയവയൊക്കെ ലക്ഷണങ്ങളാണ്. 

അല്‍ഷൈമേഴ്‌സ് കണ്ടെത്താന്‍ ടെസ്റ്റുകള്‍ ഉണ്ടോ?

അല്‍ഷൈമേഴ്‌സ് നിര്‍ണയിക്കാന്‍ പ്രത്യേകമായി ഒരു ടെസ്റ്റ് ഇല്ല. ലക്ഷണങ്ങളുടെ കാരണം കണ്ടെത്താന്‍ പൂര്‍ണമായ മെഡിക്കല്‍ പരിശോധന, രക്തപരിശോധനകള്‍, മാനസികനില അളക്കാനുള്ള പരിശോധനകള്‍, ബ്രെയിന്‍ ഇമേജിങ് എന്നിവ പൊതുവേ നടത്താറുണ്ട്. 

ചികിത്സയുണ്ടോ?

മരുന്നുകള്‍ക്കായി ഗവേഷണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും രോഗത്തെ പൂര്‍ണമായും തടയാനോ ഭേദമാക്കാനോ ഉള്ള മരുന്നുകള്‍ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. രോഗത്തിന്റെ തീവ്രത കുറയ്ക്കാനും രോഗം വേഗത്തില്‍ മസ്തിഷ്‌കത്തെ കീഴ്‌പ്പെടുത്താതിരിക്കാനുമുള്ള മരുന്നുകളാണ് നിലവിലുള്ളത്. ഇത്തരം മരുന്നുകളും അതീവ ശ്രദ്ധയോടെയുള്ള പരിചരണവും ആണ് രോഗിയുടെ ജീവിതം മെച്ചപ്പെടുത്തിക്കൊണ്ട് മുന്നോട്ട് പോകാന്‍ സഹായിക്കുന്നത്. 

ചെയ്യേണ്ട കാര്യങ്ങള്‍

മസ്തിഷ്‌കത്തെ ആക്ടീവായി നിര്‍ത്തുകയാണ് രോഗത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗം. ഇക്കാര്യങ്ങള്‍ ശീലിക്കാം.

 • ചിട്ടയായി വ്യായാമം ചെയ്യുക.
 • ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ പാലിക്കുക.
 • പച്ചക്കറികള്‍, പഴങ്ങള്‍, മുഴുധാന്യങ്ങള്‍, മത്സ്യം എന്നിവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
 • മധുരപാനീയങ്ങള്‍, ഉപ്പ്, ചുവന്ന മാംസം, അമിത കൊഴുപ്പ് എന്നിവ കുറവുള്ള ഭക്ഷണങ്ങള്‍ കഴിക്കുക. 
 • പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കുക. 
 • ശരീരത്തിന് വ്യായാമം എന്ന പോലെ മനസ്സിനും തലച്ചോറിനും വ്യായാമം ആവശ്യമാണ്. 
 • പ്രായമായാലും പുതിയ കാര്യങ്ങള്‍ എന്തെങ്കിലും പഠിക്കുക. പുതിയ ഭാഷ പഠിക്കാം, സംഗീതോപകരണങ്ങളില്‍ വൈദഗ്ധ്യം നേടുക, ചിത്രരചന, തുന്നല്‍, പുസ്തകവായന, സുഡോക്കു, പദപ്രശ്‌നങ്ങള്‍, ചെസ്സ് പോലുള്ള വിനോദങ്ങള്‍ എന്നിവ ദിവസവും പരിശീലിക്കുക.
 • പ്രായമായല്ലോ, ജോലിയില്‍ നിന്ന് വിരമിച്ചല്ലോ എന്നൊക്കെ ചിന്തിക്കാതെ പ്രായമായാലും ആക്ടീവായി ജീവിക്കുക. ക്ലബുകള്‍, പൊതുപരിപാടികള്‍, സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൊക്കെ ആക്ടീവാകുക. 
 • എപ്പോഴും മാനസിക സന്തോഷം നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക. 
 • നന്നായി ഉറങ്ങുക. 
 • മാനസിക സമ്മര്‍ദം അകറ്റുക. 
 • എഴുത്ത് ശീലമാക്കുക.
 • നീന്തല്‍, സംഘം ചേര്‍ന്നുള്ള കളികള്‍, നടത്തം എന്നിവ പരിശീലിക്കുക.
 • യോഗ, ധ്യാനം പോലുള്ളവയും മികച്ച ഫലം തരും. 

അല്‍ഷൈമേഴ്‌സ് ദിനാചരണം

ജര്‍മന്‍ സൈക്യാട്രിസ്റ്റും ന്യൂറോപാത്തോളജിസ്റ്റുമായ ഡോ. അല്‍ഷൈമറാണ് 1906 ല്‍ അല്‍ഷൈമേഴ്‌സ് രോഗത്തെ തിരിച്ചറിഞ്ഞത്. അസാധാരണമായ മാനസിക പ്രശ്‌നത്തെത്തുടര്‍ന്ന് മരിച്ച ഒരു സ്ത്രീയുടെ മസ്തിഷത്തില്‍ നടത്തിയ പഠനത്തിലാണ് അവരുടെ മസ്തിഷ്‌ക കോശങ്ങളില്‍ ചില മാറ്റങ്ങള്‍ ഉള്ളതായി അദ്ദേഹം ശ്രദ്ധിച്ചത്. ഇതിനെത്തുടര്‍ന്ന് നടത്തിയ പഠനത്തിലാണ് അല്‍ഷൈമേഴ്‌സ് രോഗത്തെ തിരിച്ചറിഞ്ഞത്. 2012 മുതലാണ് അല്‍ഷൈമേഴ്‌സ് ദിനാചരണം ആരംഭിച്ചത്. എല്ലാ വര്‍ഷവും ഒരു പ്രമേയത്തെ മുന്‍നിര്‍ത്തിയാണ് ദിനാചരണം നടത്തുക. 

ഈ വര്‍ഷത്തെ അല്‍ഷൈമേഴ്‌സ് ദിനാചരണത്തിന്റെ പ്രമേയം 'ഡിമെന്‍ഷ്യയെ അറിയാം, അല്‍ഷൈമേഴ്‌സിനെ അറിയാം'(Know Dementia, Know Alzheimer's) എന്നതാണ്. 

കടപ്പാട്: സി.ഡി.സി., എ.ആര്‍.ഡി.എസ്.ഐ.

Content Highlights: What is Alzheimer's Disease? Symptoms, Causes and treatments, Health, World Alzheimer's Day 2021