ലച്ചോറിനെ ബാധിക്കുന്ന മേധാക്ഷയങ്ങളില്‍ (Dementia) ഏറ്റവും സാധാരണമാണ് അല്‍ഷൈമേഴ്‌സ്. തലച്ചോറിലെ കോശങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടാവുകയോ നശിക്കുകയോ ചെയ്യുന്നു. ഇതുമൂലം തലച്ചോറിലെ കോശങ്ങളായ ന്യൂറോണുകള്‍ തമ്മിലുള്ള സംവേദനം സാധ്യമാവാതെ വരുന്നു. മസ്തിഷ്‌കം ചുരുങ്ങി വരുന്നതിനനുസരിച്ച് രോഗിക്ക് ക്രമേണ ഓര്‍മ്മ നശിക്കുകയും ബൗദ്ധികവും സാമൂഹികവും തൊഴില്‍പരവുമൊക്കെ ആയിട്ടുള്ള ദൈനംദിന പ്രവത്തികളില്‍ ഏര്‍പ്പെടാനാവതെവരുന്ന അവസ്ഥയാണ് അല്‍ഷൈമേഴ്‌സ് രോഗം.

ഒരാളിന്റെ ശാരീരികവും മാനസികവുമായ കഴിവുകള്‍ ക്രമേണ നശിച്ച് പരാശ്രയത്തോടെ ജീവിക്കേണ്ടിവരുന്ന ഈ അവസ്ഥ രോഗിക്കും അടുപ്പം ഉള്ളവര്‍ക്കും വെല്ലുവിളികള്‍ ഉയര്‍ത്തും. ഓര്‍മ്മ, ധിഷണാശക്തി, ഭാഷാപരമായ കഴിവുകള്‍, സ്ഥലകാലബോധം തുടങ്ങി തലച്ചോറിന്റെ സുപ്രധാനമായ കഴിവുകള്‍ ക്രമേണ കുറഞ്ഞു വരുമ്പോള്‍ വ്യക്തിയുടെ ഭൗതിക സാന്നിധ്യം ഉള്ളപ്പോള്‍ തന്നെ ആ വ്യക്തിയും അയാളുടെ വ്യക്തിത്വവും ഒക്കെ കൈവിട്ടു പോവുന്ന അവസ്ഥ വേദനാജനകമായിരിക്കും. ഇതോടൊപ്പംതന്നെ മറ്റുരോഗങ്ങളും പ്രവര്‍ത്തനവൈകല്യങ്ങളും പ്രകടമായെക്കാം.

രോഗത്തിന്റെ വ്യാപ്തി

ലോകത്ത് ഓരോ ഏഴു സെക്കന്‍ഡിലും ഒരാള്‍ വീതം ഈ രോഗബാധിതനാവുന്നു. ഇരുപതു വര്‍ഷം കഴിയുമ്പോള്‍ രോഗികളുടെ എണ്ണം ഇരട്ടിയാകും എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ അല്‍ഷൈമേഴ്‌സ് ബാധിച്ച 37 ലക്ഷം രോഗികളാണ് ഉള്ളത്. 2030 ആകുമ്പോഴേക്കും ഇത് 70 ലക്ഷമാകും എന്നാണ് നിഗമനം(അല്‍ഷൈമേഴ്‌സ് ആന്‍ഡ് റിലേറ്റഡ് ഡിസ്ഓര്‍ഡര്‍ സൊസൈറ്റി ഒഫ് ഇന്ത്യ നടത്തിയ പഠനമനുസരിച്ചുള്ള കണക്കുകളാണിത്).

65 വയസ്സിനു മുകളില്‍ ഉള്ളവരില്‍ ആണ് സാധാരണയായി രോഗം കണ്ടുവരുന്നത്. അപൂര്‍വമായി നേരത്തെതന്നെ അതായത് 4050 വയസ്സിലും രോഗം പ്രത്യക്ഷപ്പെടുന്നതായി കാണാം. പ്രായാധിക്യം അല്ലെങ്കില്‍ വാര്‍ദ്ധക്യം കൊണ്ട് മാത്രം ഉണ്ടാവുന്ന ഒരു അവസ്ഥ അല്ല അല്‍ഷൈമേഴ്‌സ്. അതിനെ പ്രത്യേക ഒരു രോഗാവസ്ഥതന്നെയായി പരിഗണിക്കേണ്ടതുണ്ട്.

സാധാരണ മേധാക്ഷയങ്ങളെക്കാള്‍ വേഗത്തില്‍ രോഗിയെ കീഴ്‌പ്പെടുത്തും. ഒട്ടു മിക്ക ആള്‍ക്കാരും രോഗബാധിതര്‍ ആയി 7 വര്‍ഷത്തിനുള്ളില്‍ മരണത്തിന് കീഴടങ്ങും. ദ്രുതഗതിയില്‍ ഗവേഷണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും പൂര്‍ണ്ണമായി തടയാനോ ഭേദമാക്കാനോ ഉള്ള മരുന്നുകള്‍ കണ്ടു പിടിക്കപ്പെട്ടിട്ടില്ല. രോഗത്തിന്റെ കാഠിന്യം കുറയ്ക്കാനും വേഗതയില്‍ രോഗം മുന്നേറുന്നത് തടയാനുമൊക്കെ ഉതകുന്ന മരുന്നുകള്‍ മാത്രമാണ് നിലവിലുള്ളത്. മരുന്നുകളെക്കാള്‍ ശ്രദ്ധയോടെയുള്ള പരിചരണവും പരിചരിക്കുന്നവരില്‍ രോഗത്തെ കുറിച്ചുള്ള അവബോധവും പ്രാധാന്യം അര്‍ഹിക്കുന്നു.

കാരണങ്ങള്‍

രോഗത്തിന്റെ കാരണങ്ങള്‍ സംശയ രഹിതമായി ഇനിയും കണ്ടുപിടിക്കപ്പെട്ടിട്ടില്ല. വാര്‍ധക്യം രോഗത്തെ ത്വരിതപ്പെടുത്തും. ചില ജനിതക ഘടകങ്ങള്‍ രോഗബാധയെ സ്വാധീനിക്കും. പ്രമേഹം, രക്തസമര്‍ദ്ദം, വ്യായാമം ഇല്ലായ്മ എന്നിവയും അല്‍ഷൈമേഴ്‌സിനെ സ്വാധീനിക്കുന്നു എന്നും കരുതപ്പെടുന്നു.

രോഗലക്ഷണങ്ങള്‍

ഓര്‍മ്മ നഷ്ടമാവല്‍

സമീപകാലത്ത് സംഭവിച്ച കാര്യങ്ങള്‍ ആയിരിക്കും തുടക്കത്തില്‍ മറന്നു പോവുക. പിന്നീട് പതുക്കെ പതുക്കെ ആയിരിക്കും പഴയ ഓര്‍മ്മകളിലെക്കും മറവിയുടെ മാറാല നിറഞ്ഞു എല്ലാ ഓര്‍മ്മയും മൂടി പോവുന്നത്.

തൊട്ടുമുമ്പ് പറഞ്ഞതും ചെയ്തതും ഒക്കെ മറന്നു പോവുക, പരിചിതമായ സ്ഥലത്ത് വഴിതെറ്റി പോവുക, മറുപടി കിട്ടിയത് മറന്നിട്ട് ഒരേകാര്യം വീണ്ടും വീണ്ടും ചോദിക്കുക, എന്നിവയാണ് ആദ്യ ലക്ഷണങ്ങള്‍.

ഏറ്റവും അടുപ്പം ഉള്ളവരെതന്നെ മറക്കുകയും, ദൈനംദിന കൃത്യങ്ങള്‍ എങ്ങനെ ചെയ്യണം എന്നുപോലും മറക്കുകയും ചെയ്യുന്ന ദുരവസ്ഥയില്‍വരെ അവാസനം രോഗി എത്തും. എല്ലാത്തിനെയും കുറിച്ചുള്ള ഓര്‍മ്മയും പൂര്‍ണ്ണമായി മാഞ്ഞു പോവുന്ന അവസ്ഥവരെ.

കാര്യങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പാക്കാനും ദൈനം ദിന ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഉള്ള കഴിവ്‌നഷ്ടപ്പെടുന്ന അവസ്ഥ

ആദ്യമാദ്യം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുകയും സമയം കൂടുതല്‍ എടുക്കുകയും ആണ് ചെയ്യുന്നത് എങ്കില്‍ പിന്നീട് ഇത് ഒട്ടും നടപ്പാക്കാന്‍ പറ്റാത്ത അവസ്ഥയില്‍ എത്താം.

സഥല കാല ബോധം നഷ്ടപ്പെടല്‍

സമയവും കാലവും എവിടെ ആണ് ഉള്ളത് എന്നും എങ്ങനെ എത്തിപ്പെട്ടു എന്നതുമൊക്കെ ചിലപ്പോള്‍ നിന്നനില്‍പ്പില്‍ മറന്നു പോകാം. പരിചരിക്കുന്ന ആള്‍ ഇത് മനസ്സില്‍ വെച്ചില്ലെങ്കില്‍ രോഗികള്‍ എവിടെ എങ്കിലും ഇറങ്ങി പോവുകയും തിരിച്ചു വരാന്‍ ആവാതെ, വഴിയറിയാതെ ഉഴറുകയും ചെയ്യാം.

ദൃശ്യങ്ങളും അവയുടെ ഘടനയും മനസ്സിലാക്കാന്‍ ഉള്ള പ്രയാസം

ചിലര്‍ക്ക് വായിക്കാനും മനസ്സില്‍ ഏകദേശം അകലം അളക്കാനും നിറം മനസ്സിലാക്കാനും പയാസം നേരിടും. ഡ്രൈവിംഗില്‍ പ്രയാസം നേരിടുമ്പോള്‍ ആയിരിക്കും ഇത് ആദ്യം മനസ്സിലാക്കുക.

സംസാരിക്കാനും എഴുതാനും പ്രയാസം നേരിടുക

ഒരു ചര്‍ച്ചയില്‍ പങ്കുചേരാനോ അതില്‍ തുടരാനോ ഉള്ള പ്രയാസം ആയിരിക്കും ചിലര്‍ക്ക്. സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇടയ്ക്ക് നിര്‍ത്തുക എന്നിട്ട് മുന്‍പ് പറഞ്ഞു കൊണ്ടിരുന്നത് എന്തെന്ന് ഓര്‍ത്തെടുക്കാന്‍ ആവാതെ വരുക, ഉചിതമായ വാക്കുകള്‍ എത്ര ഓര്‍ത്തിട്ടും കിട്ടാതെ വരിക, പകരം സമാനം ആയ വാക്കുകള്‍ ഉപയോഗിച്ച് പോവുക എന്നിങ്ങനെ കാണാം.

വസ്തുക്കള്‍ സ്ഥാനം തെറ്റിച്ചുവെക്കുക

സ്ഥിരമായി ഉപയോഗിക്കുന്ന വസ്തുക്കള്‍ സ്ഥാനംതെറ്റിച്ച് വെയ്ക്കുക. അസാധാരണമായ സ്ഥലത്ത് വെക്കുകയും, പിന്നീട് ഇത് എത്ര വിചാരിച്ചാലും ഓര്‍മ്മിക്കാന്‍ സാധിക്കാതെ വരികയും ചെയ്യുക. കൂടെയുള്ളവര്‍ അത് എടുത്തു എന്നായിരിക്കും ചിലപ്പോള്‍ രോഗി ആരോപിക്കുക.

വസ്തുതകള്‍ ഗ്രഹിക്കാനും തീരുമാനം എടുക്കാനും ഉള്ള കഴിവ് നഷ്ടപ്പെടുക

ഉദാഹരണത്തിന് പണം കൈകാര്യം ചെയ്യുമ്പോള്‍ ചെറിയ തുക വേണ്ടിടത്ത് കൂടുതല്‍ നോട്ടുകള്‍ നല്‍കുക.

സാമൂഹിക ഇടപെടലുകളില്‍ നിന്ന് ഉള്‍വലിയല്‍

സ്വന്തം വൃത്തി, തലമുടി ചീകല്‍ പോലെയുള്ള കാര്യങ്ങളില്‍ പോലും ശ്രദ്ധ ഇല്ലാതെ വരുന്നത് കാണാം. മുന്‍പ് താല്പര്യം ഉണ്ടായിരുന്ന ഹോബികള്‍, സ്‌പോര്‍ട്‌സിലും മറ്റും ഉള്ള ശ്രദ്ധ, പൊതുപ്രവര്‍ത്തികളിലുള്ള താല്പര്യം നഷ്ടപ്പെടുക, മറ്റുള്ളവരുമായുള്ള ഇടപെടല്‍ കുറയല്‍ എന്നിവയും ഉണ്ടാകുന്നു.

സ്വഭാവത്തിലും മനസികാവസ്ഥയിലുമുള്ള വ്യതിയാനങ്ങള്‍

പരിചിതവും അല്ലാത്തതുമായ സാഹചര്യങ്ങളിലെല്ലാം ആശയക്കുഴപ്പങ്ങളും സംശയങ്ങളും ദേഷ്യവും ഉല്‍ക്കണ്ഠയും നിരാശയും ഭീതിയുമൊക്കെ ഇവരില്‍ പ്രത്യക്ഷപ്പെടാം. പെട്ടന്ന് ദേഷ്യം വരികയും, അപൂര്‍വം ചിലര്‍ മറ്റുള്ളവരെ ഉപദ്രവിക്കാന്‍ തുനിയുകയും ചെയ്യാം.

രോഗനിര്‍ണ്ണയം

ഡോക്ടറുടെ വിവിധതരം പരിശോധനകളിലൂടെയും വിലയിരുത്തലിലൂടെയും ആണ് രോഗനിര്‍ണ്ണയം സാധ്യമാകുന്നത്. രോഗം നിര്‍ണ്ണയിക്കാന്‍ ഒരേഒരു ടെസ്റ്റ് അല്ല ആസ്പദമാക്കുന്നത്. ഒരു ഫിസിഷ്യന്റെ സഹായം തേടുകയാണ് ഉചിതം.

ചികില്‍സ

മുമ്പ് പറഞ്ഞതുപോലെ രോഗം പരിപൂര്‍ണ്ണമായി ഭേദമാക്കാന്‍ നിലവില്‍ സാധ്യമല്ലാത്തതിനാല്‍, രോഗിയുടെ ബന്ധുമിത്രാദികള്‍ പൊരുത്തപ്പെടുകയും രോഗിക്ക് ആവശ്യം ആയ പരിചരണം കൊടുക്കുകയും ചെയ്യുക എന്നതാണ് പ്രധാനം.

തുടക്കത്തില്‍തന്നെ രോഗത്തെ മനസ്സിലാക്കാന്‍ പലപ്പോഴും ബന്ധുക്കള്‍ പരാജയപ്പെടും. വീടുകളില്‍ വാര്‍ധക്യത്തില്‍ എത്തുന്നവരെ അവഗണിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഈ രോഗത്തിന്റെ ലക്ഷണങ്ങളെ മനസ്സിലാക്കാതെ രോഗി അഭിനയിക്കുന്നതായും,'വേല ഇറക്കുന്നതായും' ,ഒരു വേള മാനസിക രോഗം ആയും തെറ്റിദ്ധരിക്കുന്നത് അസാധാരണമല്ല.

രോഗിയെ ഭാരമായോ ശല്യമായോ കാണാതെ ശ്രദ്ധയോടെ, ക്ഷമാ പൂര്‍വമുള്ള പരിചരണം, ജീവിതക്രമവും പരിസരവും ചിട്ടപ്പെടുത്തുക അതോടൊപ്പം രോഗിയ്ക്ക് ആവുന്ന രീതിയില്‍ ഉള്ളപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള സ്വാതന്ത്ര്യവും, അര്‍ഹമായ പരിഗണനയും നല്‍കി ആത്മവിശ്വാസം നില നിര്‍ത്തുക എന്നിവയാണ് പ്രധാനം.

രോഗപരിചരണത്തെക്കുറിച്ചുള്ള ശാസ്ത്രീയ അവബോധം ശുശ്രൂഷകര്‍ക്ക് ഉണ്ടാവണം. മറ്റുരോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത ഏറെ ആണ് എന്നത് മനസിലാക്കിവേണം പരിചരിക്കാന്‍.

ആരോഗ്യപരമായ ജീവിതശൈലി ആരോഗ്യത്തെ സംരക്ഷിക്കും. രോഗമില്ലാത്തവരും അമിത രക്തസമ്മര്‍ദ്ദം, പ്രമേഹം, രക്തത്തിലെകൊഴുപ്പ് എന്നിവ നിയന്ത്രിക്കുകയും പുകവലി മദ്യപാനങ്ങള്‍ പോലുള്ള ദുശ്ശീലങ്ങള്‍ ഉപേക്ഷിക്കുന്നതും ക്രമമായി വ്യായാമം ചെയ്യുന്നതും കരണീയം ആയിരിക്കും.

വാല്‍ക്കഷ്ണം : എല്ലാ മറവിയിയും അല്‍ഷൈമേഴ്‌സ് അല്ല. വല്ലപ്പോഴുമുള്ള മറവിയും, ചെറിയ രീതിയിലുള്ള സമാന ലക്ഷണങ്ങളും ഇതുമായി ചേര്‍ത്തുവെച്ച് അമിത ആശങ്കയില്‍ അകപ്പെടേണ്ടതില്ല. കരുതല്‍ ആണ് ആകാംഷ അല്ല വേണ്ടത്.

Content Highlights: Things to know about Alzheimer's World Alzheimer's Day 2021, Health