കോഴിക്കോട് ജില്ലയിലെ മലയോരഗ്രാമമായ വിലങ്ങാട് ആണ് അമ്മയുടെ നാട്. ശരിക്കും ഒരു മലമ്പ്രദേശം. ഒരു കുന്നിനു മുകളിലാണ് അന്ന് അമ്മയുടെ വീട്. അവധിക്കാലമാകുമ്പോള്‍ ഞാനുള്‍പ്പടെയുള്ള കൊച്ചുമക്കളില്‍ മിക്കവരും അമ്മവീട്ടില്‍ എത്തിയിട്ടുണ്ടാകും. ആണും പെണ്ണുമായി എട്ടുമക്കളാണ് അമ്മയുടെ വീട്ടില്‍.

അമ്മയുടെ അച്ഛനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ (ചാച്ചനെന്നാണ് ഞങ്ങള്‍ മക്കളും കൊച്ചുമക്കളും വിളിക്കുന്നത്) എന്റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞുപോകും. ചെറിയ കുട്ടിയായിരിക്കുമ്പോഴേ അമ്മയുടെ വീട്ടിലായിരുന്നു ഞാന്‍. അതുകൊണ്ട് അമ്മ വീടിനോടും ചാച്ചനോടുമുള്ള അടുപ്പം കുറച്ചധികമുണ്ട്. 

ചാച്ചന്‍ എന്നും രാവിലെ വിലങ്ങാട് അങ്ങാടിയില്‍ പോകും(സിറ്റി എന്നാണ് എല്ലാവരും പറയുക). പ്രഭാകരന്‍ ചേട്ടന്റെ ചായക്കടയില്‍നിന്ന് ഒരു ചായ എന്നും കുടിക്കും. പോയിട്ട് വരുമ്പോ ഞങ്ങള്‍ക്കും കൊണ്ടുവരും ഒരു പൊതി. സുഖിയനോ ബോണ്ടയോ ഒക്കെയായിരിക്കും അതില്‍. അതിനാല്‍, ചാച്ചന്‍ സിറ്റിയില്‍ പോയി വരാന്‍ നോക്കിയിരിക്കും ഞങ്ങള്‍. വന്നുകഴിയുമ്പോള്‍ പൊതിയഴിച്ച് ഓരോന്നെടുത്ത് ഞങ്ങള്‍ക്കു തരും. പ്രത്യേക സ്‌നേഹമായിരുന്നു കൊച്ചുമക്കളോട് ചാച്ചന്. ബബിള്‍ഗത്തിന്റെ രുചിയൊക്കെ ഞാന്‍ ആദ്യമായി അറിയുന്നത് ചാച്ചന്‍ മേടിച്ചു തരുമ്പോഴാണ്. 

ചെറിയ കുട്ടിയായിരിക്കുമ്പോള്‍ എനിക്ക് പനി വരുന്നുണ്ടെന്ന് നേരത്തെ അറിയാമെന്ന് അമ്മയുടെ അമ്മ(അമ്മച്ചി) പറയാറുണ്ട്. കാരണം, അന്ന് ഞാന്‍ ചാച്ചനെക്കുറിച്ച് വാതോരാതെ സംസാരിക്കുമായിരുന്നുവത്രേ. രാത്രിയാകുമ്പോഴേക്കും എന്നെ പനിച്ചു തുടങ്ങും. 

ചാച്ചനെക്കുറിച്ചുള്ള ഓര്‍മകള്‍ ഏറെയുണ്ട്. എനിക്ക് നാലോ അഞ്ചോ വയസ്സുമാത്രമാണ് പ്രായം. പതിവുപോലെ അമ്മയുടെ വീട്ടിലെത്തിയതാണ് ഞാന്‍. ചാച്ചന്‍ രാവിലെ സിറ്റിയിലേക്ക് പോയി. തിരിച്ചു വന്നപ്പോള്‍ അലൂമിനിയത്തിന്റെ ചെറിയൊരു കലവുമായാണ് വരവ്. കലം കണ്ടപ്പോള്‍ എനിക്ക് ഇഷ്ടപ്പെട്ടു. പിന്നെ അതുവേണമെന്ന് പറഞ്ഞായി കരച്ചില്‍. ചാച്ചന്‍ കൊണ്ടുവന്ന കലം എന്നോട് എടുത്തോളാന്‍ പറഞ്ഞു എല്ലാവരും. പക്ഷേ, എനിക്കത് പറ്റില്ല. വേറെ കലം തന്നെ വേണം. പിറ്റേദിവസം സിറ്റിയില്‍ പോയി ചാച്ചന്‍ പുതിയ കലം മേടിച്ചു കൊണ്ടുവരുന്നതുവരെ ഞാന്‍ പിണങ്ങി ഇരുന്നു. ഈ അടുത്തകാലത്തുവരെ എന്റെ വീട്ടില്‍ പാലു തിളപ്പിച്ചിരുന്നത് ആ കലത്തിലാണ്. 

പെട്ടെന്നാണ് ചാച്ചന്റെ ഓര്‍മ്മയ്ക്ക് പിശക് സംഭവിക്കുന്നത്. മക്കളെയും കൊച്ചുമക്കളെയൊന്നും തിരിച്ചറിയുന്നില്ല. മക്കളും കൊച്ചുമക്കളും വരുന്നതും നോക്കി വീടിന്റെ തിണ്ണയില്‍ നോക്കിയിരിക്കുന്ന ചാച്ചനായിരുന്നില്ല പിന്നീടങ്ങോട്ട്. ഞാനാരാണെന്ന് ചോദിച്ചാല്‍ നീ അഞ്ജു അല്ലേയെന്ന് പറയും (അഞ്ജു  അമ്മയുടെ ചേച്ചിയുടെ മകള്‍). അല്ലെന്ന് പറഞ്ഞാല്‍ സമ്മതിക്കില്ല. നീ നുണ പറയുകയാണെന്ന് പറയും. അവസാനം അഞ്ജുവാണെന്ന് സമ്മതിച്ചു കൊടുക്കും. ആ ചോദ്യം നമ്മള്‍ അവിടുന്ന് തിരിച്ചു പോരുന്നതുവരെ തുടര്‍ന്നുകൊണ്ടിരിക്കും. മക്കളോടും ഇങ്ങനെയാണ്. പക്ഷേ, എന്നും കൂടെയുള്ളവരെ ചാച്ചന് അറിയാം. വല്ലപ്പോളും കണ്ടുമുട്ടുന്നവരെ ഓര്‍മയേ ഇല്ലായിരുന്നു. സ്വന്തം കാര്യങ്ങളൊക്കെ കുറെയേറെ ചെയ്യുമായിരുന്നു. എന്നാലും ചില കാര്യങ്ങള്‍ മറന്നുപോകും. വയറുനിറയെ ഭക്ഷണം കഴിച്ചാലും പിന്നെയും വന്ന് ഭക്ഷണം വേണമെന്ന് പറയും. പറഞ്ഞ കാര്യങ്ങള്‍ വീണ്ടും പറയും. എപ്പോഴും വെള്ളം ചോദിച്ചുകൊണ്ടിരിക്കും. ചോദിക്കുന്ന അപ്പോള്‍ തന്നെ കിട്ടിയില്ലെങ്കില്‍ ദേഷ്യപ്പെടും. 

ചാച്ചന് ഓര്‍മക്കുറവ് വന്നതോടെ അമ്മച്ചിക്കും മക്കള്‍ക്കും ആകെ വിഷമമായി. ചാച്ചന്റെ കാര്യങ്ങളെല്ലാം താളം തെറ്റി. എല്ലാകാര്യങ്ങളും മറന്നുപോകുന്നു. ഒരു സാധനമെടുത്താല്‍ അത് എവിടെ വെച്ചിരിക്കുന്നതെന്ന് പിന്നെ ഓര്‍മയുണ്ടാകില്ല. 

ഓര്‍മയില്ലെങ്കിലും വിലങ്ങാട്ടെ വീട്ടിലെത്തുമ്പോള്‍ ഭക്ഷണം കഴിച്ചോ എന്നൊക്കെ ചോദിച്ച് ചാച്ചന്‍ അടുത്തുവരുമായിരുന്നു. ഞങ്ങള്‍ തമാശ പറയുമ്പോള്‍ പല്ലില്ലാത്ത മോണ കാട്ടി ചിരിക്കും. ഇടക്ക് എന്തൊക്കെയോ ആലോചിച്ച് ഒന്നും മിണ്ടാതെ ഇരിക്കുന്നത് കാണാം. ചില സമയത്ത് കണ്ണ് നിറയുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. എന്താണ് ആലോചിക്കുന്നതെന്ന് ചോദിച്ചാല്‍ ഞാന്‍ ഒന്നും ചിന്തിച്ചില്ല എന്നു പറഞ്ഞ് ദേഷ്യപ്പെടും. ഏകദേശം ആറു വര്‍ഷത്തോളം ചാച്ചന്‍ രോഗവുമായി മല്ലിട്ടു. ഒര്‍ത്ഥത്തില്‍ പറഞ്ഞാല്‍ തനിക്ക് ഇങ്ങനൊരു അസുഖമുണ്ടെന്നുപോലും മരിക്കുന്നതുവരെ ചാച്ചന് അറിഞ്ഞിട്ടില്ല. അത് ഈ രോഗത്തിന്റെ മാത്രം പ്രത്യേകതയാണെന്ന് തോന്നുന്നു.

എന്റെ അമ്മ കാന്‍സര്‍ ബാധിച്ച് അസുഖം വല്ലാതെ മൂര്‍ച്ഛിച്ച ഒരു ദിവസം ബന്ധുക്കളെല്ലാവരും വീട്ടിലെത്തിയിരുന്നു. അന്ന് കാര്യമെന്താണെന്നോ സ്വന്തം മകളാണ് വയ്യാതെ കിടക്കുന്നതെന്നോ അറിയാതെ മുറ്റത്ത് നില്‍ക്കുന്ന ചാച്ചനെയാണ് ഓര്‍മ വരുന്നത്. 

89-ാമത്തെ വയസ്സിലാണ് ചാച്ചന്‍ മരിക്കുന്നത്. പെട്ടെന്ന് വയ്യാതായി കുറച്ച് ദിവസം ആശുപത്രിയില്‍ കിടന്നു. അന്ന് എനിക്ക് കൊച്ചിയിലാണ് ജോലി. ചാച്ചന് സുഖമില്ല, ആശുപത്രിയിലാണ്, വേഗം വരാന്‍ പറഞ്ഞ് പപ്പ വിളിക്കുന്നത് ഞാന്‍ ഓഫീസിലിരിക്കുമ്പോഴാണ്. പെട്ടെന്ന് ട്രെയിന്‍ ബുക്ക് ചെയ്ത് കോഴിക്കോട്ടേക്ക് പോരുകയായിരുന്നു. തൃശ്ശൂര്‍ എത്തിയപ്പോഴേക്കും പപ്പ വിളിച്ചു, ചാച്ചന്‍ പോയെന്നും പറഞ്ഞ്. ആകെപ്പാടെ ഒരു മരവിപ്പായിരുന്നു പിന്നീട്.

ചാച്ചന് ഓര്‍മക്കുറവ് വന്നതിനുശേഷമാണ് സമാനമായ അസുഖമുള്ളവരെപറ്റി കൂടുതല്‍ അറിയുന്നത്. ചാച്ചന്റെ രണ്ടു പെങ്ങന്മാര്‍ക്കും സമാനമായ അസുഖമായിരുന്നു. എന്റെ ചേച്ചിയുടെ ഭര്‍ത്താവിന്റെ അച്ഛനും അടുത്തവീട്ടിലെ ചേച്ചിയുടെ അച്ഛനും ഇതേ രോഗമായിരുന്നു. പക്ഷേ, ഓരോരുത്തരിലും അസുഖത്തിന്റെ വ്യാപ്തി വ്യത്യാസപ്പെട്ടിരുന്നു.  

Content highlights: Alzheimer's day special memory of grand father