നീറുന്ന, നൊമ്പരപ്പെടുത്തുന്ന പല ഓര്‍മകളെയും തുടച്ചു നീക്കുമ്പോള്‍ നാം പറയാറുണ്ട് 'എന്തൊരനുഗ്രഹമാണ് മറവി' എന്ന്.. എന്നാല്‍ ഒരിക്കലും മറക്കണമെന്ന് ആഗ്രഹിക്കാത്ത, എന്നെന്നും നെഞ്ചോടു ചേര്‍ത്തുവെക്കുമെന്നുറപ്പുണ്ടായിരുന്ന ഓര്‍മകള്‍ ഓരോ പുലരികള്‍ പിറക്കുമ്പോഴും സ്മൃതിയടഞ്ഞുപോയാലോ? നൊന്തു പ്രസവിച്ച മക്കളെയും കരുതലായ് കൂടെനിന്ന നല്ലപാതിയെയുമൊക്കെ മറന്ന് മറവിയുടെ മാത്രം മറ്റേതോ ലോകത്തു ജീവിക്കുന്നവര്‍.. ലോക അല്‍ഷൈമേഴ്‌സ് ദിനമെത്തുമ്പോള്‍ ഓര്‍ക്കുന്നതും സ്വന്തം ജീവിതത്തിലെ ഒരോര്‍മ നഷ്ടത്തെക്കുറിച്ചാണ്. മാമ്പഴമണമുളള ഞങ്ങളുടെ അമ്മൂമ്മ.
എണ്ണയുടെയും രാസ്‌നാദിപ്പൊടിയുടെയും മണമായിരുന്നു അമ്മൂമ്മയ്ക്ക്.. എഴുപതുകളെത്തിയപ്പോഴും ചെമ്പരത്തിയിലകളും മൊട്ടും പറിച്ച് താളിയരച്ച് പുഴയില്‍ പോയി കുളിച്ചിരുന്ന അമ്മൂമ്മ. ഒരിക്കലും പേരക്കുട്ടികളിലൊരാളുടെയും കാര്യത്തില്‍ ഒരു നിര്‍ബന്ധങ്ങളും ശാഠ്യവും കാണിച്ചിരുന്നില്ല. വെളുത്തു പഞ്ഞിക്കെട്ടുപോലുള്ള മുടി ഞങ്ങള്‍ ചീകിവെക്കുമ്പോള്‍ അമ്മൂമ്മ എപ്പോഴും പറയുമായിരുന്നു മുട്ടൊപ്പം മുടിയുണ്ടായിരുന്നതാ 'ക്ടാങ്ങളേ' എന്ന്.
അമ്മൂമ്മയുണ്ടാക്കുന്ന മീന്‍കറിയുടെയും തക്കാളിക്കറിയുടെയും രുചിയൊന്നു വേറെ തന്നെയായിരുന്നു. മാമ്പഴക്കാലങ്ങളിലാണ് അമ്മൂമ്മയിലെ കുട്ടിത്തവും തിരിച്ചറിയുന്നത്. പഴുത്ത മാങ്ങ അതിപ്പോ അണ്ണാനോ കാക്കയോ കൊത്തിയതാണെങ്കിലും ആ വശം നന്നായി കഴുകി ചെത്തി മറുവശം പൂളി ഞങ്ങള്‍ക്കു തരും. നിപ്പയൊന്നും ഏഴയലത്തു വരാതിരുന്ന കാലമായിരുന്നതുകൊണ്ട് ഒരാശങ്കയ്ക്കും ഇടയുണ്ടായിരുന്നില്ല. നന്നായി പഴുത്ത മാങ്ങയുടെ അണ്ടി അമ്മൂമ്മ ചപ്പിക്കഴിക്കുന്നതു തന്നെ കാണാന്‍ ഒരു ചേലായിരുന്നു. പഴുത്ത മാങ്ങതന്നെ വേണമെന്നൊന്നും അമ്മൂമ്മയ്ക്കു നിര്‍ബന്ധമില്ല, ആ പ്രായത്തിലും ഞങ്ങള്‍ പേരക്കുട്ടികളുടെ കൂടെ കടിച്ചുമുറിച്ച് കണ്ണിമാങ്ങയും തിന്നും.
കഥ പറയലായിരുന്നു അമ്മൂമ്മയുടെയും ഞങ്ങളുടെയും മറ്റൊരു വിനോദം. രാത്രി കിടക്കാന്‍ നേരത്ത് അമ്മൂമ്മയുടെ ചൂടുള്ള വയറില്‍ കൈവച്ചങ്ങനെ കിടന്നുകഴിഞ്ഞാല്‍ പിന്നെ കഥകേള്‍ക്കാനുള്ള കാത്തിരിപ്പാണ്. കുറൂരമ്മയുടെയും ദാരികനെ തോല്‍പിച്ച ഭദ്രകാളിയുടെയുമൊക്കെ കഥകളിങ്ങനെ പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയില്‍ ഞങ്ങള്‍ ഉറങ്ങിപ്പോകും. ഞങ്ങള്‍ക്കൊപ്പം കളികളില്‍ കൂടാനും അമ്മൂമ്മയ്ക്ക് ഒരു മടിയും ഇല്ലായിരുന്നു. സേഫ്റ്റിപിന്നിട്ട് തപ്പുന്ന കളിയും വളപ്പൊട്ടു കളിയും ഈര്‍ക്കിലകൊണ്ടുള്ള കളിയുമൊക്കെ ഞങ്ങളില്‍ ഒരാളായി അമ്മൂമ്മയും കളിച്ചു.
കുളിയുടെയും ജപത്തിന്റെയും കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയും ചെയ്യാതിരുന്ന അച്ഛച്ഛന്റെയും മക്കളുടെയും പേരക്കുട്ടികളുടെയുമൊക്കെ ഇഷ്ടങ്ങളറിഞ്ഞിരുന്ന പുഴയില്‍ പോക്ക് മുടക്കാതിരുന്ന ചക്കയും മാങ്ങയുമൊക്കെ ഞങ്ങള്‍ക്കൊപ്പം കഴിച്ചിരുന്ന ഞങ്ങള്‍ക്കൊപ്പം കളികളില്‍ പങ്കിട്ടിരുന്ന ആ അമ്മൂമ്മ പതിയെ നഷ്ടമായിക്കൊണ്ടിരുന്നു. ഓരോ ദിനങ്ങള്‍ കഴിയുംതോറും അമ്മൂമ്മ ഭര്‍ത്താവിനെ മറന്നു.. മക്കളെ മറന്നു... പേരക്കുട്ടികളെ മറന്നു..
കറികളില്‍ ഉപ്പിടാതെയോ വീണ്ടുംവീണ്ടും ഉപ്പിട്ടോ ഒക്കെയായിരുന്നു തുടക്കം.. കഥകള്‍ പറയുമോ അമ്മൂമ്മേ എന്നു ചോദിച്ചാല്‍ തുടങ്ങുമെങ്കിലും അവസാനിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.. അപ്പോഴേക്കും അമ്മൂമ്മ തുടങ്ങിയ കഥ മറന്നു കാണും. അല്ലെങ്കില്‍ അവസാനിപ്പിക്കുന്നത് മറ്റൊരു കഥയിലായിരിക്കും.. പേരക്കുട്ടികള്‍ വരുമ്പോഴേക്കും പലഹാരപ്പൊതികള്‍ നീട്ടിയിരുന്ന അമ്മൂമ്മ അവയിലേറെയും എടുക്കാന്‍ മറന്ന് കേടുവരാന്‍ തുടങ്ങി.
മറവിയുടെ കാലത്ത് അമ്മൂമ്മ ഏറ്റവുമധികം ഓര്‍ത്തിരുന്ന ചില കാര്യങ്ങളുമുണ്ടായിരുന്നു.. അത് കൗമാരത്തിനും യൗവനത്തിനും വിവാഹത്തിനുമൊക്കെ ഏറെ മുമ്പുള്ളതായിരുന്നു. ആങ്ങളമാര്‍ക്കൊപ്പം അത്തിപ്പഴം പെറുക്കാന്‍ പോയിരുന്ന കഥയാണ് പിന്നെയും പിന്നെയും പറയുമായിരുന്നത്.. ഇടയ്ക്ക് ഞങ്ങളെ നോക്കി ഒരര്‍ഥവുമില്ലാതെ ചിരിക്കും. സംശയത്തോടെ നോക്കും. മിതത്വത്തോടെ മാത്രം ഭക്ഷണം കഴിച്ചിരുന്ന അമ്മൂമ്മ എന്തുകിട്ടിയാലും വാരിവലിച്ചു കഴിക്കാന്‍ തുടങ്ങി. എത്രകഴിച്ചാലും ആരെയെങ്കിലും കണ്ടാല്‍ 'എനിക്കാരും ഒന്നും തന്നില്ല, വിശന്നിട്ടു വയ്യ' എന്നു പറയാന്‍ തുടങ്ങി.
പതിയെ അമ്മൂമ്മ ഇതെന്റെ വീടല്ല എന്നു പറഞ്ഞ് സ്വന്തം വീട്ടില്‍ നിന്ന് ഇറങ്ങാന്‍ തുടങ്ങി. മലമൂത്ര വിസര്‍ജനം മുറിക്കുള്ളില്‍ തന്നെയാക്കി. ചിലപ്പോഴൊക്കെ വസ്ത്രം ഊരിക്കളഞ്ഞ് പുറത്തേക്കോടി. വിസജര്‍നം ശരീരത്തിലും മുടിയിലുമൊക്കെ തേച്ചിരുന്ന കാലത്താണ് അമ്മൂമ്മയുടെ മുടി പറ്റെവെട്ടുന്നത്. മുട്ടൊപ്പം മുടിയുണ്ടായിരുന്ന അമ്മൂമ്മ ഓര്‍മയുള്ള കാലത്താണ് ഇങ്ങനെ സംഭവിച്ചതെങ്കില്‍ ഇടനെഞ്ചുപൊട്ടുമായിരുന്നുവല്ലോ എന്നു തോന്നി.
രാത്രിയില്‍ അമ്മൂമ്മയ്‌ക്കൊപ്പം കിടക്കുമ്പോള്‍ പലതവണ എഴുന്നേറ്റു പോയിരുന്ന അമ്മൂമ്മയെ വിളിച്ചു കിടത്തി. വാതിലിന്റെ കുറ്റി ഒരിക്കലും കിട്ടാത്തവണ്ണം മുറുക്കെ പൂട്ടി. ഓര്‍മയില്ലാത്ത അമ്മൂമ്മ മറ്റാരെങ്കിലുമാകുമോ എന്നോര്‍ത്ത് ഉപദ്രവിക്കുമോ എന്നൊക്കെ ആദ്യം പേടി തോന്നിയിരുന്നു. പക്ഷേ കൈത്തണ്ടയില്‍ താലോലിച്ചു വളര്‍ത്തിയവരെ അമ്മൂമ്മയ്ക്കങ്ങനെ ചെയ്യാന്‍ കഴിയുന്നതെങ്ങനെ..?
പിന്നീട് മരണത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു അമ്മൂമ്മയെന്നു തോന്നിപ്പോയി..ഒന്നിനെയും കുറിച്ചോര്‍ക്കാതെ ആരെയും കാണാനിഷ്ടപ്പെടാതെ എന്തൊക്കെയോ പിറുപിറുത്ത് ഇടയ്ക്കു നോക്കിചിരിച്ച് കിടപ്പിലേക്കായി. തടിച്ചുസുന്ദരിയായിരുന്ന ഞങ്ങളുടെ അമ്മൂമ്മ മെലിഞ്ഞുണങ്ങി അസ്ഥികൂടമായി. എല്ലിനുമുകളില്‍ തൊലി ഒരാവരണം മാത്രമായി
അന്ന് ഞാന്‍ ഒമ്പതാം ക്ലാസിലാണ് പഠിക്കുന്നത്. രണ്ടുവര്‍ഷത്തോടെ ഓര്‍മയില്ലാത്ത ലോകത്തോടു പൊരുതിയിരുന്ന അമ്മൂമ്മയുടെ അവസാനനാളുകള്‍. വീട്ടുകാരും അയല്‍ക്കാരുമൊക്കെ അമ്മൂമ്മയ്ക്കരികിലുണ്ട്. ആരോടും ഒന്നും പറയാതെ ഓര്‍മയുടെ തരിമ്പുപോലും അവശേഷിക്കാതെ അമ്മൂമ്മ ഈ ലോകത്തോടു വിട്ടുപോയി.
വര്‍ഷങ്ങള്‍ക്കുശേഷം തന്മാത്ര സിനിമ കണ്ടപ്പോള്‍ അതൊരു സിനിമ മാത്രമായി കാണാന്‍ കഴിയാതിരുന്നതും ജീവിതത്തോട് അത്രയേറെ ഇഴചേര്‍ന്നു കിടക്കുന്നതുകൊണ്ടായിരുന്നു. മോഹന്‍ലാലിന്റെ കഥാപാത്രത്തോട് ഒട്ടും അതിശയോക്തി തോന്നിയില്ല. മറ്റൊരാളായി മറ്റൊരു ജീവിതമായി എന്നും കൂടെയുണ്ടായിരുന്നു അങ്ങനെയൊരാള്‍.
അന്നൊക്കെ ആ നഷ്ടത്തെ അത്രത്തോളം തിരിച്ചറിഞ്ഞിരുന്നോ എന്നു സംശയമുണ്ട്. അമ്മൂമ്മയുടെ നഷ്ടത്തിന്റെ വ്യാപ്തി വലുതാകുംതോറും കൂടിക്കൂടി വരികയായിരുന്നു. നഷ്ടങ്ങളേക്കാള്‍ എന്തെങ്കിലും നേട്ടങ്ങള്‍ വരുമ്പോഴാണ് 'ഇപ്പോള്‍ അമ്മൂമ്മ കൂടെയുണ്ടായിരുന്നെങ്കില്‍' എന്നാഗ്രഹിക്കാറുള്ളത്..
Content Highlights: remembering grandmother world alzheimer's day 2020