ല്‍ഷൈമേഴ്‌സ്, ഡിമന്‍ഷ്യ രോഗികളില്‍ പലരിലും പല രോഗലക്ഷണങ്ങളാണ് സാധാരണമായി കണ്ടുവരുന്നത്. ചിലര്‍ക്ക് തുടക്കമായിരിക്കും, മറ്റു ചിലര്‍ക്ക് രോഗം മുന്നോട്ടുപോയ ഘട്ടത്തിലായിരിക്കും. ആദ്യം പ്രായം ചെല്ലുമ്പോഴുണ്ടാകുന്ന സ്വാഭാവിക മറവിയായി കരുതും. ഉറ്റവര്‍ രോഗം മനസ്സിലാക്കി വരുമ്പോഴേക്കും വൈകിപ്പോയിരിക്കും. മറ്റു രോഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഡിമന്‍ഷ്യ രോഗികള്‍ക്ക് ഓര്‍മശക്തി കുറവായിരിക്കും. അതുപോലെ ശ്രദ്ധ പിടിച്ചുനിര്‍ത്താനുള്ള കഴിവും ഏകാഗ്രതയും കുറയും. ബൗദ്ധികമായ കഴിവുകളും കുറഞ്ഞുവരും.

ആളുകള്‍, സ്ഥലം, സമയം ഇവയൊക്കെ തിരിച്ചറിയാനുള്ള കഴിവ് കുറയും. അതുകൊണ്ടാണ് അടുത്ത ബന്ധുക്കളെപ്പോലും ആളു തെറ്റി പറയുന്നതും രാവിലെ ആണെങ്കിലും സന്ധ്യയാണെന്ന മട്ടില്‍ പെരുമാറുന്നതും. മറ്റൊരു പ്രധാന കാര്യമാണ് ശുചിമുറി ഉപയോഗിക്കാന്‍ അറിയാതെ വരുന്നത്. ഇതിനൊക്കെ ഉറ്റവര്‍ക്ക് ചില കരുതല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാം. മറവിരോഗത്തിന്റെ തുടക്കത്തിലാണെങ്കില്‍ ചില കാര്യങ്ങളില്‍ നമുക്കവരെ പരിശീലിപ്പിച്ചെടുക്കാന്‍ കഴിയും.

ടോയ്‌ലറ്റ് പരിശീലനം

മൂത്രമൊഴിക്കാനും മലവിസര്‍ജനത്തിനും കൃത്യമായ ഇടവേളയിട്ട് രോഗിയെ ശീലിപ്പിക്കണം. രാവിലെ എണീറ്റാലുടന്‍ ടോയ്‌ലറ്റില്‍ കൊണ്ടുപോയാല്‍ രണ്ടു മണിക്കൂറിനു ശേഷം വീണ്ടും കൊണ്ടുപോകാം. വൈകുന്നേരം പാനീയങ്ങള്‍ അധികം കൊടുക്കാതിരിക്കുക. പകലൊക്കെ പഴച്ചാറുകളോ വെള്ളമോ ആവശ്യമനുസരിച്ച് കൊടുക്കാം. സന്ധ്യയ്ക്ക് ഏഴു മണി കഴിഞ്ഞാല്‍ ഇവ നല്‍കുന്നത് കുറയ്ക്കണം. ഇങ്ങനെ ശീലിപ്പിച്ചാലും രാത്രി ഇത്തിരി കഴിയുമ്പോള്‍ എഴുന്നേല്‍പ്പിച്ച് ശുചിമുറിയില്‍ കൊണ്ടുപോകണം.

ഇവര്‍ക്ക് തുടര്‍ച്ചയായ ഉറക്കം കിട്ടണമെന്നില്ല. അതുകൊണ്ട് ഉണര്‍ന്നു കിടക്കുമ്പോള്‍ മൂത്രമൊഴിക്കാനും സാധ്യതയുണ്ട്. പലര്‍ക്കും മൂത്രമൊഴിക്കണമെന്നു പറയാന്‍ തോന്നണമെന്നുമില്ല. അവരുടെ ചിലപ്രത്യേക പെരുമാറ്റരീതികളിലൂടെ നമുക്കത് മനസ്സിലാക്കാനാവും. ഞെരിപിരി കൊള്ളുക, കൈകള്‍ കൂട്ടി തിരുമ്മുക, എണീക്കാന്‍ ശ്രമിക്കുക എന്നിങ്ങനെ. അതു കാണുമ്പോള്‍ സാധാരണമായി നമ്മള്‍ ആശ്വസിപ്പിച്ചു പറയും, അച്ഛനവിടെ കിടന്നോ, ഞാനിവിടെയുണ്ട് എന്നൊക്കെ. പക്ഷേ മൂത്രമൊഴിക്കാന്‍ തോന്നുമ്പോഴോ ടോയ്‌ലറ്റില്‍ പോകാന്‍ നിര്‍ബന്ധിതമാകുമ്പോഴോ ആയിരിക്കും ഈ വെപ്രാളം കാട്ടുക. ഇനി ഇതുകണ്ട് അവരെ ശുചിമുറിയില്‍ കൊണ്ടു പോയാലും ചിലപ്പോള്‍ മൂത്രം ഒഴിക്കണമെന്നില്ല. എന്തിനു അവിടെ വന്നു എന്നുപോലും ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് കഴിയണമെന്നില്ല. അപ്പോള്‍ ചില പൊടിക്കൈകള്‍ പ്രയോഗിക്കാം. കാലില്‍ ഇത്തിരി വെള്ളം ഒഴിച്ചു കൊടുക്കുക, പൈപ്പ് തുറന്നിടുക എന്നിങ്ങനെ.

ശുചിമുറിയുടെ വാതിലില്‍ വലിയ അക്ഷരത്തില്‍ ടോയ്‌ലറ്റ് എന്ന് എഴുതി വയ്ക്കാം. അത് അവരുടെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു കിടക്കും. ശുചിമുറി എപ്പോഴും തുറന്നിടാം. വാഷ് ബേസിനും മറ്റും നിരന്തരം കാണുമ്പോള്‍ അവര്‍ക്ക് മെല്ലെ അത് ഉള്‍ക്കൊള്ളാനായേക്കാം. ടോയ്‌ലറ്റിലേക്കുള്ള വഴിയില്‍ നല്ല വെളിച്ചമുണ്ടാകണം. തട്ടി വീഴാനുള്ള സാധ്യതകള്‍ ഒഴിവാക്കുക.

അറിയാതെ മൂത്രം പോയാല്‍ ഉടന്‍ രോഗിയെ ചൂടുവെള്ളത്തില്‍ ബേബി സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കണം.   കൃത്യമായ ഇടവേളയില്‍ പാംപേഴ്സ് മാറ്റി വൃത്തിയാക്കണം. രോഗികളില്‍ പലര്‍ക്കും പ്രമേഹം ഉണ്ടാവാം, മൂത്രത്തിന്റെ അംശം ചര്‍മത്തില്‍ അണുബാധയുണ്ടാക്കും. സ്ത്രീകളാണെങ്കില്‍ മൂത്രത്തില്‍ അണുബാധയുണ്ടാവാനുള്ള സാധ്യതകൂടുതലാണ്.

ആശയ വിനിമയം

നമ്മള്‍ പറയുന്നതൊക്കെ രോഗി കേള്‍ക്കുന്നുണ്ടെങ്കിലും എന്താണ് പറയുന്നതെന്ന് അവര്‍ക്ക് മനസ്സിലാവണമെന്നില്ല. അവരോട് സംസാരിക്കുമ്പോള്‍ അല്‍പം ഉറക്കെത്തന്നെ, ചെറിയ ചെറിയ വാക്കുകള്‍ ഉപയോഗിച്ച്, നിര്‍ത്തി നിര്‍ത്തി സംസാരിക്കണം. ഉദാഹരണത്തിന് 'അമ്മേ കഞ്ഞി കുടിക്കാം', അച്ഛാ എണീക്കാം..എന്നിങ്ങനെ. രോഗിക്ക് കാഴ്ചശക്തിയുണ്ടെങ്കില്‍ അവരുടെ കണ്ണുകളില്‍ നോക്കി വേണം സംസാരിക്കാന്‍. അത് ശക്തമായ ആശയവിനിമയമാണ്.

ചോദ്യത്തില്‍ത്തന്നെ ഉത്തരം അടങ്ങിയിരിക്കുന്ന രീതിയിലേ മറവിരോഗമുള്ളവരോട് ചോദിക്കാവൂ. ഉദാ:  അമ്മേ ബാബുവല്ലേ ഈ നില്‍ക്കുന്നത്, അച്ഛാ, കഞ്ഞിയല്ലേ നമ്മള്‍ കുടിച്ചത്, അമ്മേ, ഇത് ഉപ്പുമാവല്ലേ എന്നിങ്ങനെ. അതിനു പകരം, പെട്ടെന്നു മുന്‍പില്‍ ചെന്ന് അമ്മയ്‌ക്കെന്നെ മനസ്സിലായോ, ഓര്‍ത്തു നോക്കിക്കേ എന്നൊക്കെ ചോദിച്ചാല്‍ അവര്‍ കുഴഞ്ഞുപോകും. തൊട്ടുകൊണ്ടു വര്‍ത്തമാനം പറയുക. അവര്‍ക്ക് പരിചിതമായ വിളികള്‍ വിളിക്കാം. ടീച്ചറായിരുന്നു അമ്മ എന്നിരിക്കട്ടെ, ടീച്ചറേന്നു വിളിച്ചു സംസാരിക്കുക. അത് അവരുടെ ഓര്‍മകളെ തൊടും. രോഗി കേട്ടു പരിചയിച്ച പേരു വിളിക്കണമെന്നു സാരം.

വീഴാതിരിക്കാന്‍

രോഗി കിടക്കുന്ന കട്ടില്‍ ഉയരം കുറഞ്ഞതു മതി. ഇരിക്കുമ്പോള്‍ പാദം താഴെ മുട്ടണം. എഴുന്നേറ്റാല്‍  വീഴാനിടയാകരുത്. തറ പരുക്കനാവണം. മിനുസമുള്ള ടൈലുകള്‍ വേണ്ട. പിടിച്ചു നടക്കാന്‍ ഭിത്തിയില്‍ റെയില്‍ ഉണ്ടായാല്‍ ഏറെ നല്ലത്. വിസ്താരമുള്ള ജനാലകള്‍ മുറിയ്ക്കുണ്ടാകുന്നത് നല്ലതാണ്. സൂര്യവെളിച്ചത്തില്‍ രാപകലുകളെ തിരിച്ചറിയാന്‍ സഹായിക്കും. പാലുകാരന്റെ ശബ്ദം, മീന്‍കാരന്റെ സൈക്കിളിന്റെ ഒച്ച, പത്രക്കാരന്റെ ശബ്ദം.. ഇതൊക്കെ രാവിലെയാണെന്ന തോന്നല്‍ ഉണ്ടാക്കും.

മുറിയില്‍ ഇത്തിരി വലിയ ക്ലോക്ക് വയ്ക്കാം. മണിക്കൂറുകള്‍ കൂടുമ്പോള്‍ അടിക്കുന്ന ക്ലോക്കാണെങ്കില്‍ അതനുസരിച്ച് സമയം തിരിച്ചറിയാന്‍ അവരെ സഹായിക്കും. ടി.വിയേക്കാള്‍ റേഡിയോയാണ് നല്ലത്. റേഡിയോയില്‍ സമയം പറയുന്നതിനാല്‍ അതവര്‍ക്ക് സമയക്രമത്തെപ്പറ്റി ധാരണ നല്‍കും.

വേഗം ദഹിക്കുന്ന ഭക്ഷണം നല്‍കാം

എളുപ്പം ദഹിക്കുന്ന ആഹാരമാണ് നല്ലത്. ഭക്ഷണം അളവു കുറച്ച് കൂടുതല്‍ തവണ കൊടുക്കണം. ഭക്ഷണം സ്വയം കഴിക്കാന്‍ കഴിയുന്നവരാണെങ്കില്‍ തനിയെ കഴിക്കാന്‍ പ്രേരിപ്പിക്കണം. ഒരു പാട് വിഭവങ്ങള്‍ പാടില്ല. ധാരാളം വിഭവങ്ങളാവുമ്പോള്‍ ഏതു കഴിക്കണമെന്ന ആശയക്കുഴപ്പം വരാം. ചോറും ഒരു കറിയും മതി. രണ്ടു മണിക്കൂര്‍ കഴിഞ്ഞ് മറ്റെന്തെങ്കിലും ആഹാരം നല്‍കാം. പഴച്ചാറുകള്‍ കൊടുക്കാം. ദന്തശുദ്ധി പ്രത്യേകം ശ്രദ്ധിക്കണം.

ചില രോഗികള്‍ ഡിമന്‍ഷ്യരോഗത്തിനൊപ്പം ദേഷ്യവും അരിശവും പ്രകടിപ്പിക്കാറുണ്ട്.  അതു നീണ്ടുനിന്നാല്‍ മരുന്നു കൊടുക്കണം. ഓര്‍മ കൂട്ടാനുള്ള മരുന്നു നല്‍കുന്നതിനൊപ്പം പഴയകാര്യങ്ങള്‍ ഓര്‍മപ്പെടുത്തുകയും ആവാം. മരുന്ന് കഴിപ്പിക്കുന്ന കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. കൈയെത്തും ദൂരത്തു നിന്ന് മരുന്ന് മാറ്റിവയ്ക്കണം. അല്ലെങ്കില്‍ തനിയെ എടുത്തു കഴിച്ചേക്കാം.

എപ്പോഴും ഒരു കണ്ണുണ്ടാവണം

വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുന്ന സ്വഭാവം ചിലര്‍ കാണിക്കാറുണ്ട്. എപ്പോഴും ഒരു കണ്ണുണ്ടാവണമെന്നു സാരം. പണവും മറ്റും കൈകാര്യ ചെയ്യാന്‍ കൊടുക്കുന്നതിലും ശ്രദ്ധ വേണം. എവിടെ വയ്ക്കുന്നു, ആര്‍ക്കു കൊടുക്കുന്നു, എത്ര കൊടുക്കുന്നു എന്നൊന്നും അവര്‍ക്ക് ഒരു ധാരണയുമുണ്ടാവില്ല. കൂനിക്കൂടിയിരിക്കാന്‍ രോഗിയെ അനുവദിക്കരുത്. നീണ്ടുനിവര്‍ന്നിരിക്കാന്‍ 'എല്‍'ഷേപ്പ് കസേരയാണ് നല്ലത്. തടി കസേര ഏറെ നന്ന്. ശ്വാസം എടുക്കാനും ഭക്ഷണം വിഴുങ്ങുന്നതിനും നീണ്ടു നിവര്‍ന്ന് ഇരിക്കുമ്പോള്‍ എളുപ്പമാകും.

ശാന്തമായ സംഗീതം രോഗിയെ കേള്‍പ്പിക്കാം. തട്ടുപൊളിപ്പന്‍ പാട്ടുകള്‍ വേണ്ട. പത്രങ്ങള്‍, ബാലകഥകള്‍ എന്നിവ ഉറക്കെ വായിച്ചു കേള്‍പ്പിക്കാം. കുഴഞ്ഞു മറിഞ്ഞ വാര്‍ത്തകള്‍ ഒഴിവാക്കണം. ചെറുപ്പത്തിലെ കൂട്ടുകാരെപ്പറ്റിയും മറ്റും ഇടയ്ക്കിടെ ഓര്‍മിപ്പിക്കുന്നത് നല്ലതാണ്. ചെറിയ വ്യായാമങ്ങള്‍ മറ്റുള്ളവരുടെ കൂട്ടത്തില്‍ ചെയ്യിക്കാം. പൂന്തോട്ടത്തില്‍ ഒപ്പം കൂട്ടാം, കുട്ടികളുമായുള്ള കളിയും ചിരിയും അവര്‍ക്ക്  ഉന്‍മേഷം പകരും.

മറവിരോഗത്തെ മറികടക്കാന്‍

മറവിരോഗത്തെ നേരിടാന്‍ ചില കുറുക്കുവഴികളുണ്ട്. അവ നേരത്തെ തന്നെ പരിശീലിക്കുന്നത് ഫലം ചെയ്യും. ധാരാളം വായിക്കുക. അത് തലച്ചോറിനു വ്യായാമം നല്‍കും. കോശങ്ങളുടെ കണക്ടിവിറ്റി കൂട്ടും. തലച്ചോറിനെ ഉത്തേജിപ്പിക്കും. കൈയില്‍ കിട്ടുന്നതെന്തും വായിക്കുക. യാത്ര പോകുമ്പോള്‍ വഴിയില്‍ കാണുന്ന ബോര്‍ഡുകള്‍ വായിക്കുന്നതു പോലും നല്ല വ്യായാമമാണ്. സാമൂഹിക കാര്യങ്ങളില്‍ ഇടപെടാം. രാഷ്ട്രീയത്തില്‍ സജീവമായി നില്‍ക്കുന്ന ചിലരുടെ ഓര്‍മശക്തി വാര്‍ധക്യത്തിലും മിന്നിത്തിളങ്ങി നില്‍ക്കുന്നത് കണ്ടിട്ടില്ലേ. ആനുകാലിക സംഭവങ്ങളിലെല്ലാം ഇടപെട്ടു നടത്തുന്ന പോരാട്ടങ്ങള്‍, വായന, പ്രസംഗം, പൊതുജനപ്രശ്‌നങ്ങളിലുള്ള ഇടപെടല്‍. ഇവയെല്ലാം അവരെ സക്രിയമാക്കുകയാണ്. 

കോട്ടയം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ സൈക്യാട്രി വിഭാഗം മേധാവിയാണ് ലേഖകന്‍

( സെപ്തംബര്‍ ലക്കം ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്) 

 

Content Highlights: Dealing with Dementia patients