മോളിയമ്മയ്ക്ക് 88 വയസ്സായി. പക്ഷേ മറവി രോഗത്തിന്റെ വിഭ്രാന്തിയിലകപ്പെട്ട അവര്‍ ഇപ്പോള്‍ 'കുട്ടിക്കാലത്താണ് ' ജീവിക്കുന്നത്. ഒറ്റയടിക്ക് കാലങ്ങള്‍ പിറകോട്ട് പോകുമ്പോള്‍ രോഗിയുടേയും അവരെ പരിചരിക്കുന്നവരുടേയും ജീവിതം മാറിമറിയുകയാണ്

ബാബുവിന്റെയും ജിജിയുടെയും അമ്മച്ചി മോളി ഇപ്പോള്‍ ജീവിതത്തിലെ ഏറ്റവും സുന്ദരസുരഭിലമായ യൗവനകാലത്താണ്. 88- ആം വയസ്സില്‍ മധുരപ്പതിനേഴിന്റെ തുടിപ്പിലാണീ മനസ്സ്. ചുറ്റുമുള്ളതൊന്നും അമ്മച്ചിയെ ബാധിക്കുന്നില്ല. പോയ പ്രളയകാലവും ഇക്കൊല്ലത്തെ മഴയുമൊന്നും അമ്മച്ചിയെ വ്യാകുലമാക്കുന്നില്ല. കട്ടിലില്‍ തന്നോടുചേര്‍ന്ന് ഒരു കുഞ്ഞുവാവയും കിടപ്പുണ്ടെന്ന തോന്നല്‍. തോന്നലല്ല, ഉറപ്പ്. ഭൂതകാലത്ത് എത്തിപ്പോയ അമ്മച്ചിയ്ക്ക് തുണയായി മക്കളും മരുമകളും ഉണ്ടെങ്കിലും ആരെയും തിരിച്ചറിയുന്നില്ല. ഇടയ്‌ക്കെപ്പോഴോ ഒരു മിന്നല്‍ പോലെ ഓര്‍മകള്‍ വര്‍ത്തമാനകാലത്തെത്തി ഒന്നു മിന്നി മറഞ്ഞ് ഭൂതകാലത്തേക്ക് വീണ്ടും മടങ്ങും.

'അതാണ് ഏറ്റവും സങ്കടം. അമ്മച്ചിയ്ക്ക് മറവിരോഗമാണെന്നറിയാം. അതിന്റെ ലക്ഷണങ്ങളും അറിയാം. പക്ഷേ എന്നെ തിരിച്ചറിയുന്നില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ തോന്നുന്ന മനപ്രയാസമുണ്ടല്ലോ, അത് പറഞ്ഞാല്‍ ആര്‍ക്കും മനസ്സിലാവില്ല.'' മകന്‍ ബാബു അടുത്തിരുന്നു പറയുമ്പോഴും അമ്മച്ചിക്കു ഭാവഭേദമില്ല. ഓമനമക്കളുടെ മുഖങ്ങളും ബാല്യവും പോയ കാലങ്ങളുമൊന്നും അമ്മച്ചിയുടെ മനസ്സിലിപ്പോഴില്ല. ചുറ്റും കൂടിനില്‍ക്കുന്നവര്‍ ആരൊക്കെയാണെന്നറിയാതെ നിര്‍വികാരമായ മിഴികളോടെ എല്ലാവരേയും നോക്കിക്കിടന്നു.

'ഞാനമ്മച്ചിയുടെ ഏറ്റവും ഇളയ മോളാണ്. എന്നോടിത്തിരി ഇഷ്ടക്കൂടുതലുണ്ടായിരുന്നു. അമ്മച്ചിയെ കുളിപ്പിക്കുമ്പോഴും ഭക്ഷണം വാരിക്കൊടുക്കുമ്പോഴും എന്നെ നോക്കിയിരിക്കുമെന്നല്ലാതെ തിരിച്ചറിയുന്നില്ല. വല്ലാത്ത സങ്കടം വരും.'' അടുത്തിരുന്ന് ഭക്ഷണം വാരിക്കൊടുക്കുന്നതിനിടയില്‍ മകള്‍ പറഞ്ഞു.

ഇന്നലെ വരെ മക്കള്‍ക്കൊപ്പം ഉണ്ടുറങ്ങിയ അമ്മയ്ക്ക് അടുത്ത ദിവസം അവരെ  തിരിച്ചറിയാനാവുന്നില്ലെന്നു വന്നാലുണ്ടാവുന്ന സങ്കടം, വീടിന്റെ അടിത്തറ കുലുക്കിക്കളയും. പേരക്കുട്ടികളെ താലോലിച്ച് ഗൃഹനാഥനെന്ന അന്തസ്സില്‍ വിരാജിച്ചിരുന്നൊരാള്‍ ചെറുമക്കളെ തിരിച്ചറിയുന്നേയില്ലെന്ന നിലയിലെത്തുമ്പോഴുള്ള വേദന ഭയങ്കരമാണ്. മറവിരോഗത്തിന്റെ തുടക്കത്തില്‍ വീട്ടുകാര്‍ക്ക് കൗതുകവും തമാശയുമൊക്കെയാണ്. ഇതെല്ലാം അഭിനയമാണോ എന്നുപോലും  കുടുംബാംഗങ്ങള്‍ക്കു തോന്നും. അതുകൊണ്ട് ആദ്യം അവഗണിക്കും. പുറത്തേക്കു പോയ ആള്‍ വീട്ടിലേക്കുള്ള വഴി മറന്ന് മടങ്ങി വരാതാവുമ്പോഴോ, ആരെങ്കിലും തക്കസമയത്ത് കണ്ട് കൂട്ടിക്കൊണ്ടു വരുമ്പോഴോ ആയിരിക്കും സംഗതി ഗൗരവമേറിയതാണെന്ന് തിരിച്ചറിയുന്നത്.

എല്ലാം വളരെ പെട്ടെന്ന്

കഴിഞ്ഞ വര്‍ഷം വരെ മോളിയമ്മച്ചി മേധാക്ഷയത്തിന്റെ ഒരു ലക്ഷണവും കാണിച്ചിരുന്നില്ലെന്ന് മകന്റെ ഭാര്യയും കോട്ടയത്തെ സാമൂഹിക പ്രവര്‍ത്തകയുമായ ആനി ബാബു പറഞ്ഞു. 84-ാം വയസ്സിന്റെ ചില്ലറ ഓര്‍മക്കുറവുകളൊഴിച്ച് മറ്റൊരു പ്രശ്നവുമുണ്ടായിരുന്നില്ല. ഒരു വര്‍ഷത്തിനിടെ കാര്യങ്ങള്‍ ആകെ മാറിമറിഞ്ഞു. 

'ഇപ്പോള്‍ കൂട്ടി വായിക്കുമ്പോള്‍ ചില ലക്ഷണങ്ങള്‍. ഒരു വര്‍ഷം മുമ്പ് പാതിരാത്രിയിലും അമ്മച്ചി ഉണര്‍ന്നിരിക്കുമായിരുന്നു. രാത്രിയില്‍ മുറിയില്‍ അങ്ങോട്ടും ഇങ്ങോട്ടും വെറുതെ നടക്കും. മടക്കിവെച്ച ചട്ടയും മുണ്ടുമെല്ലാം അലമാരയില്‍നിന്ന് എടുത്ത് പുറത്തു വയ്ക്കും. വീണ്ടും നിവര്‍ത്തിയും മടക്കിവച്ചും രാത്രി മുഴുവന്‍ ഉറങ്ങാതിരിക്കും. വര്‍ഷങ്ങളായി ജീവിക്കുന്ന വീടിന്റെ ഒരു ഭാഗത്ത് വലിയ താഴ്ചയാണെന്നോര്‍ക്കാതെ അങ്ങോട്ടേയ്ക്ക് ഇറങ്ങി മുഖമടിച്ചു വീണു. അതോടെ കിടപ്പിലായി. ഉറങ്ങിക്കിടന്ന മേധാക്ഷയം, രോഗി മുഖമടിച്ചു ശക്തമായി വീണപ്പോള്‍ സജീവമായിട്ടുണ്ടാവാം എന്നാണ് ഡോക്ടര്‍ പറയുന്നത്.'' ആനി ബാബുവിന്റെ വാക്കുകള്‍.

അമ്മയ്‌ക്കൊപ്പം ആനിയും ബാബുവും ജിജിയും ഉണ്ടെങ്കിലും അവര്‍ കൂടെയുള്ളതിന്റെ ഓര്‍മയോ ആഹ്ലാദമോ അമ്മയ്ക്കില്ല. ആറു മക്കളാണ് മോളിയമ്മയ്ക്ക്. ബോബി, രാജു, സൂസന്‍, ബാബു, പ്രസാദ്, ജിജി. നാലാണും രണ്ടു പെണ്ണും. രാജു മരിച്ചുപോയി. അഞ്ചു മക്കളും ഇടയ്ക്കിടെ അരികിലെത്തുമെങ്കിലും അമ്മ മക്കളില്‍നിന്ന് മനസ്സുകൊണ്ട് ഒരു പാട് അകലെയാണ്.

ജീവിതം റിവേഴ്‌സില്‍

കോട്ടയം കുമ്മനം സ്വദേശിയായ മോളിയെ പി.ആന്‍.ഡി. ജീവനക്കാരനായ കോട്ടയം അടിച്ചിറ സ്വദേശി വര്‍ഗീസ് കല്യാണം കഴിക്കുന്നത്18 -ാം വയസ്സില്‍. പക്ഷേ അക്കാലത്തിനും പിന്നിലാണ് അമ്മയുടെ മനസ്സിന്റെ  പ്രായമിപ്പോള്‍. കൈയില്‍ കിട്ടുന്നതെന്തായാലും കുട്ടികള്‍ കളിക്കുമ്പോലെ ചുരുട്ടി പാവയുടെ രൂപത്തിലാക്കി ചേര്‍ത്തു പിടിച്ചാണ് കിടപ്പ്. പുതപ്പു കിട്ടിയില്ലെങ്കില്‍ ഇട്ടിരിക്കുന്ന ഉടുപ്പൂരി പാവയുണ്ടാക്കും. തന്റെ കട്ടിലില്‍ ഇരിക്കുന്നവരോട് പറയും, കുഞ്ഞു കിടപ്പുണ്ട്, ദേഹത്ത് ഇരിക്കരുത്, ഉണര്‍ത്തരുതെന്ന്. 

''ഇതു പതിവു പല്ലവിയായപ്പോള്‍ കുഞ്ഞിന്റെ പേരെന്താണെന്നു ഞാനൊരിക്കല്‍ ചോദിച്ചു. ഇളയ ആങ്ങളയുടെ പേരു പറഞ്ഞു. അമ്മച്ചിയുടെ അനുജത്തിയാണ് പറഞ്ഞു തന്നത്, ഇളയ സഹോദരനെ അമ്മച്ചി ഒപ്പമാണ് ഉറക്കിയിരുന്നതെന്ന്. അവര്‍ തമ്മില്‍ 15 വയസ്സോളം പ്രായവ്യത്യാസം ഉണ്ടായിരുന്നതിനാല്‍ കുഞ്ഞിനെ വളര്‍ത്തിയത് മൂത്ത പെങ്ങളായ അമ്മച്ചിയായിരുന്നെന്ന്'. ആനി പറഞ്ഞു. 

ചില ദിവസങ്ങളില്‍, മാതാപിതാക്കളെ കാണാന്‍ കൊതിക്കുന്ന കൗമാരക്കാരിയുടെ വ്യാകുലതകളോടെ ഇടയ്ക്കിടെ വാവിട്ട് കരയും. അപ്പനെയും അമ്മയെയും കാണണം, അവരെവിടെ പോയി, എന്നു പറഞ്ഞാണ് കരച്ചില്‍. അടുത്തിടെ അമ്മയുടെ മൂത്ത സഹോദരന്‍ കാണാനെത്തിയ രംഗം വീട്ടുകാര്‍ക്ക് കൗതുകമായി. സഹോദരനെ കണ്ടതും 'അപ്പച്ചീ' എന്നു നീട്ടി വിളിച്ച് ചാടി എണീക്കാനുള്ള ശ്രമമായി. പിതാവിനെ അമ്മ വിളിച്ചിരുന്നത് അപ്പച്ചി എന്നായിരുന്നു. ആങ്ങളയ്ക്ക് അപ്പന്റെ നല്ല ഛായയുണ്ട്. അപ്പനല്ല, ആങ്ങള അച്ചക്കുട്ടിയല്ലേ എന്നൊക്കെ എല്ലാവരും പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടും സമ്മതിച്ചുകൊടുത്തില്ല. സഹോദരന്‍ തന്നെ പറഞ്ഞു, 'ഞാന്‍ ആങ്ങളയല്ലേ, നമ്മുടെ അപ്പന്‍ മരിച്ചിട്ട് എത്രയോ വര്‍ഷങ്ങളായി, അതൊന്നും ഓര്‍ക്കുന്നില്ലേ 'എന്നൊക്കെ. പക്ഷേ അപ്പനെ കണ്ടതിന്റെ വലിയ ഉത്സാഹത്തിലായിരുന്നു അന്നു മുഴുവന്‍ മോളിയമ്മ. അതോടെ മക്കള്‍ക്കും ഉറ്റവര്‍ക്കും മനസ്സിലായി അമ്മയിപ്പോള്‍ സ്വന്തം വീട്ടിലാണെന്ന്.

ആഹാരം കഴിച്ചത് കഴിഞ്ഞ ഓണത്തിന്

മറവി രോഗമുള്ളവരുടെ സംസാരം കേട്ടാല്‍ നുണപറയുകയാണെന്നേ തോന്നൂ. തന്റെ ആഭരണവും പണവും കൂടെയുള്ളവരെടുത്തു, ആഹാരം തരുന്നേയില്ല തുടങ്ങി മറ്റുള്ളവരെ പ്രതിക്കൂട്ടിലാക്കുന്ന സംസാരം. കേള്‍വിക്കാര്‍ തെറ്റിദ്ധരിക്കുന്നതിനേക്കാള്‍ പരിചരിക്കുന്ന ഉറ്റവരെ മുറിപ്പെടുത്തുന്ന സംസാരം. മോളിയമ്മയുടെ മരുമകള്‍ ആനി ബാബുവിന് പറയാനുള്ളത് മേധാക്ഷയമുള്ള രോഗിയുടെ ഒപ്പമുള്ളവര്‍ നേരിടുന്ന അത്തരം പ്രശ്‌നങ്ങളാണ്.
അമ്മയെ നോക്കാന്‍ ഹോംനഴ്‌സുണ്ട്. ഭക്ഷണം മിക്കപ്പോഴും വാരിക്കൊടുക്കുന്നത് മകളാണ്. മകനും മകളും സദാ കൂടെയുണ്ട്.

'ചില ദിവസം ഓഫീസിലേക്ക് പോകാനിറങ്ങും മുമ്പ് ഞാന്‍ ചെന്നു ചോദിക്കും, അമ്മച്ചി ഭക്ഷണം കഴിച്ചോ, എന്താണിന്നു കഴിച്ചതെന്ന്. ഓണത്തിനു കഴിച്ചതാ, പിന്നെ ഒന്നും കഴിച്ചില്ലെന്നാണ് മറുപടി. എന്നാല്‍ കഴിക്കാന്‍ എടുക്കട്ടെ എന്നു ചോദിച്ചാല്‍ വേണ്ട, വിശപ്പില്ലെന്നാണു പറയുക. വിശപ്പുണ്ടാവും എന്നു കരുതി വീണ്ടും കൊടുത്താല്‍ തുപ്പിക്കളയും. കാര്യമറിയാവുന്ന ഞങ്ങളെല്ലാവരും കൂടെ ചിരിക്കും. കഴിച്ച കാര്യം അപ്പോഴേ മറന്നുപോയി. പക്ഷേ മരുമകള്‍ മാത്രമുള്ള വീട്ടിലെ മറവിരോഗമുള്ള മാതാപിതാക്കള്‍,  കാണാനെത്തുന്നവരോട് ഒന്നും കഴിക്കാന്‍ കിട്ടിയില്ലെന്നു പറയുമ്പോഴുണ്ടാവുന്ന പ്രശ്‌നങ്ങള്‍ വലുതാണ്. അത്തരം സംഭവങ്ങള്‍ സാമൂഹ്യപ്രവര്‍ത്തകയായ എന്നോട് പങ്കു വയ്ക്കുന്നവരുണ്ട്. അമ്മയെ നോക്കുന്നില്ല, അവരെ പട്ടിണിക്കിടുന്നുവെന്നാവും മറ്റുള്ളവര്‍ പറഞ്ഞു പരത്തുക. കുടുംബജീവിതം പോലും തകരാന്‍ അതു മതിയാവും'' ആനി ബാബു പറയുന്നു.

'എന്റെ മാലയല്ലേ നിന്റെ കഴുത്തില്‍'

മറവി രോഗമുള്ളവര്‍ക്ക് സംശയങ്ങള്‍ അടക്കി വയ്ക്കാനറിയില്ല. കള്ളവും ചതിയുമില്ലാത്തൊരു മനസ്സാണവര്‍ക്ക്. തോന്നുന്ന കാര്യം വിളിച്ചു പറയും. അടുത്തൊരു ബന്ധു ഈയിടെ മോളിയമ്മയെ കാണാനെത്തി. അവരെ കണ്ടയുടന്‍ 'എന്റെ മാലയല്ലേ നിന്റെ കഴുത്തില്‍ കിടക്കുന്നതെ'ന്നായി. എന്തായാലും രോഗാവസ്ഥ അറിയാവുന്ന അവര്‍ ചിരിച്ചതല്ലാതെ ദേഷ്യം പ്രകടിപ്പിച്ചില്ല.

മോളിയമ്മയ്ക്ക് ഭര്‍ത്താവിന്റെ ഫാമിലി പെന്‍ഷന്‍ കിട്ടുന്നുണ്ട്. പണം എവിടെയെങ്കിലും സൂക്ഷിച്ചു വയ്ക്കും. പിന്നീട് തപ്പുന്നത് മറ്റെവിടെങ്കിലുമായിരിക്കും. ആരാണെന്റെ കാശെടുത്തതെന്നൊക്കെ ബഹളമാവും. അലമാരയുടെ ഏതെങ്കിലും കോണില്‍നിന്ന് പിന്നീട് പണം കണ്ടെടുത്താലും സംശയിച്ചതിനെ പറ്റി ഓര്‍മയുണ്ടാവില്ല. കൈയില്‍ കിട്ടുന്നതെന്തും കിടക്കുന്ന കട്ടിലിനു ചേര്‍ന്നുള്ള ജനാലവഴി പുറത്തേക്കെറിയുന്നതും പതിവാണ്. സ്വന്തം വളയും മലയും മോതിരവുമൊക്കെ ഊരി എറിഞ്ഞതൊടെ അതെല്ലാം മക്കള്‍ ഊരിമാറ്റിവച്ചു. എപ്പോഴും കുഞ്ഞിനെ തിരക്കുന്നതിനാല്‍ മകന്‍ അമ്മച്ചിയ്ക്ക് ചേര്‍ത്തു പിടിക്കാനും കൂടെക്കിടത്തി ഉറക്കാനും പാവകളെ വാങ്ങി കൊടുത്തു തുടങ്ങി. ഒരിക്കല്‍ മക്കള്‍ക്കു ചെയ്തു കൊടുത്തതെല്ലാം തിരിച്ചു ചെയ്തുകൊടുക്കാന്‍ പ്രകൃതി നല്‍കുന്ന അവസരം.

നാണമറിയാത്ത മനസ്സ്

രോഗികളെ കാണാന്‍ ബന്ധുക്കളും അയല്‍ക്കാരും സ്‌നേഹിതരുമൊക്കെ എത്തുന്നത് പതിവാണല്ലോ. പക്ഷേ മറവി രോഗമുള്ളവരെ മറ്റുള്ളവര്‍ കാണാനെത്തുമ്പോള്‍ ഒരു ശ്രദ്ധ വേണം. കുഞ്ഞുങ്ങളെ പോലെയാണ് ഇത്തരം രോഗികള്‍. നാണമോ നാണക്കേടോ, അഭിമാന ബോധമോ അവരുടെ ബോധതലത്തില്‍ നിന്നും മറഞ്ഞു കഴിഞ്ഞു. കുഞ്ഞുങ്ങളെപ്പോലെ വസ്ത്രമൂരിക്കളയുന്നതൊക്കെ സാധാരണ സംഭവം. മറ്റുള്ളവര്‍ മുറിയില്‍ വന്നാലും അവരെ ബാധിക്കുന്നില്ല. അതു കൊണ്ട് രോഗിയെ ഒന്നു നിരീക്ഷിച്ച ശേഷമേ സന്ദര്‍ശകരെ മുറിയിലേക്കു പ്രവേശിപ്പിക്കാവൂ. ചിലപ്പോള്‍ വസ്ത്രമേ ശരീരത്തു കാണില്ല. സ്വയം ടോയ്‌ലറ്റില്‍ പോകാനോ, വൃത്തിയാകാനോ ഓര്‍മ നഷ്ടമായവര്‍ക്ക് കഴിയാറില്ല. 'ശങ്ക' തോന്നിയാല്‍ അപ്പോള്‍ കാര്യം സാധിക്കുന്ന ശിശുക്കളാവും അവര്‍. കിടപ്പു മുറിയെന്നോ സ്വീകരണ മുറിയെന്നോ ഉള്ള ചിന്തയും ബാധിക്കുന്നില്ല. പാംപേഴ്‌സിന്റെ വരവ് കുറച്ചൊന്നുമല്ല ഇവരുടെ ബന്ധുക്കള്‍ക്ക് ആശ്വാസമാകുന്നത്.

ഒരിക്കലും മടക്കമില്ലാത്ത യാത്രകള്‍

കണ്ണുവെട്ടിച്ചാല്‍ ഓടിപ്പോകുന്ന കുസൃതിക്കുരുന്നുകളുടെ നേര്‍പതിപ്പാണ് ഡിമന്‍ഷ്യാരോഗികള്‍. തുറന്നു കിടക്കുന്ന ഗേറ്റിലൂടെ, കാണുന്ന വഴിയിലൂടെ നടന്നു നീങ്ങും. കിട്ടുന്ന ബസ്സില്‍ കയറിയിരുന്ന് ഏതെങ്കിലും സ്റ്റോപ്പിലിറങ്ങി ഏങ്ങോട്ടെന്നറിയാതെ.. മറവിരോഗമുള്ള ആളെ കാണാനില്ലെന്ന ഉറ്റവരുടെ പത്ര പരസ്യം വ്യാപകമായി തുടങ്ങിയിട്ടുണ്ടിപ്പോള്‍. ഹോംനഴ്‌സില്ലെങ്കില്‍ രോഗി കിടക്കുന്ന മുറി പുറത്തു നിന്നടച്ച് കുറ്റിയിട്ടു സുരക്ഷിതമാക്കുകയേ വഴിയുള്ളൂ. പക്ഷേ അങ്ങനെ ചെയ്യുമ്പോള്‍ പലപ്പോഴും മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകള്‍  നേരിടേണ്ടിവരും.

മോളിയമ്മ നാളുകളായി കിടപ്പിലായതിനാല്‍ നടക്കാന്‍ കാലിന്റെ മസിലുകള്‍ക്ക് ബലമില്ലാതായി. അതുകൊണ്ട് അമ്മയ്ക്ക് പുറത്തിറങ്ങി പോകാനാവില്ല. സ്വന്തം പേരും വീട്ടുപേരും നാടും മക്കളും ഒന്നും മനസ്സിലില്ലാത്ത അമ്മ പുറത്തേക്കിറങ്ങി പോയാല്‍.. മേധാക്ഷയമുള്ളവരുടെ മക്കള്‍ക്കതൊരു പേടി സ്വപ്നമാണല്ലോ. 

(സെപ്തംബര്‍ ലക്കം ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്‌)

 

Content Highlights: dementia, dementia experiences , alzheimer's disease