ന്റെ ചില പ്രിയസ്നേഹിതരുടെ ഓര്‍മകള്‍ എന്റെ ഹൃദയത്തില്‍ ഉള്ളിടത്തോളം കാലം എന്റെ ജീവിതം നല്ലതാണെന്ന് ഞാന്‍ പറയും.' അന്ധയും ബധിരയുമായിരുന്ന അമേരിക്കന്‍ കഥാകൃത്ത് ഹെലന്‍ കെല്ലര്‍ പറഞ്ഞതാണിത്.

എന്നാല്‍ ഓര്‍മകള്‍ മാഞ്ഞുപോകുകയും നഷ്ടപ്പെടുകയും ചെയ്യുകയാണെങ്കില്‍ ജീവിതത്തിന് എന്തു സംഭവിക്കും? ഇതാണ് അല്‍ഷിമേഴ്സ് രോഗം ഉയര്‍ത്തുന്ന വെല്ലുവിളി. ഓര്‍മയും ചിന്തകളും യുക്തിയും സാവധാനത്തില്‍ നഷ്ടപ്പെടുന്ന ഏറ്റവും സാധാരണമായ മേധാക്ഷയ രോഗമാണിത്.

സെപ്റ്റംബറിലാണ് എല്ലാ വര്‍ഷവും അല്‍ഷിമേഴ്സ് മാസമായി ആചരിക്കുന്നത്. ഗുരുതരമായ ഓര്‍മക്കുറവിനെക്കുറിച്ചും ഈ സാഹചര്യത്തിലുണ്ടാകുന്ന അപമാനത്തെക്കുറിച്ചും അവബോധമുണ്ടാക്കുന്നതിനുള്ള പരിശ്രമത്തിന്റെ ഭാഗമാണിത്. 

തലച്ചോറിലെ കോശങ്ങള്‍ നശിക്കുന്നതുമൂലം ഓര്‍മയേയും ചിന്താശക്തിയേയും പെരുമാറ്റങ്ങളേയും വികാരപ്രകടനങ്ങളേയും ബാധിക്കുന്ന രോഗലക്ഷണങ്ങളെയാണ് മേധാക്ഷയം എന്നു വിളിക്കുന്നത്. ലോകമെങ്ങും അന്‍പത് ദശലക്ഷം ആളുകളെ ഓര്‍മക്കുറവ് ബാധിക്കുന്നുണ്ട്. 2050-ല്‍ ഇത് മൂന്നിരട്ടിയില്‍ അധികമായി 152 ദശലക്ഷമായി വര്‍ധിക്കുമെന്നാണ് കണക്കുകള്‍. 

60-80 ശതമാനം ഓര്‍മക്കുറവും അല്‍ഷിമേഴ്സ് രോഗമാണ്. ഓര്‍മകളേയും ചിന്തയേയും പെരുമാറ്റത്തേയും ബാധിക്കുന്നതാണിത്. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ അവ മാറ്റിയെടുക്കാനാവില്ല. മാസങ്ങള്‍ കഴിയുന്നതോടെ ചെറിയകാര്യങ്ങള്‍ പോലും ചെയ്യാനുള്ള കഴിവുകള്‍ രോഗിക്ക് നഷ്ടപ്പെട്ടുപോകും.

ഓര്‍മക്കുറവും ഭാഷ കൈകാര്യം ചെയ്യാനുള്ള പ്രശ്നങ്ങളും വിചിത്രമായ പെരുമാറ്റങ്ങളുമുള്ള ഒരു സ്ത്രീ മരിച്ചപ്പോള്‍ തലച്ചോറിലുണ്ടായിരുന്ന മാറ്റങ്ങള്‍ കണ്ടെത്തിയ ഡോ. 'അലോയ്‌സ് അല്‍ഷിമേഴ്സി'ന്റെ പേരിലാണ് ഈ രോഗം ഇന്ന് അറിയപ്പെടുന്നത്. അമിലോയ്ഡ് പ്ലേക്കുകള്‍ എന്നറിയപ്പെടുന്ന അസാധാരണമായ കോശസമൂഹങ്ങളും നാഡീകോശങ്ങളും കൂട്ടുകൂടിയിരിക്കുന്നതും അദ്ദേഹം ഈ സ്ത്രീയുടെ തലച്ചോറില്‍ കണ്ടെത്തിയിരുന്നു. ഇതുമൂലം സന്ദേശങ്ങള്‍ കൈമാറാന്‍ സാധിക്കുന്നില്ലെന്ന് തുടര്‍ന്നുള്ള ഗവേഷണ പഠനങ്ങളിലൂടെ കണ്ടെത്തി.

ഓര്‍മക്കുറവ്, സംസാരത്തില്‍ ശരിയായ വാക്ക് കണ്ടെത്താന്‍ സാധിക്കാതെ വരിക, ആളുകള്‍ പറയുന്നത് ശരിയായി മനസ്സിലാക്കാന്‍ സാധിക്കാതെ വരിക, ദൈനംദിന കാര്യങ്ങള്‍ ചെയ്യുന്നതിന് ബുദ്ധിമുട്ട് നേരിടുക, വ്യക്തിത്വത്തിലും വൈകാരിക നിലയിലും മാറ്റങ്ങളുണ്ടാകുക എന്നിവയെല്ലാമാണ് ലക്ഷണങ്ങള്‍. മിക്ക കേസുകളിലും അറുപത്തഞ്ച് വയസ്സിനു മുകളിലായിരിക്കും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക. ചില സൂചനകളും രോഗലക്ഷണങ്ങളും വിവിധ നിലകളില്‍ കാണാന്‍ സാധിക്കും. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ ഒരു ഫിസിഷ്യനെ കാണണം. സമയം, ദിവസങ്ങള്‍ എന്നിവ സംബന്ധിച്ച ആശയക്കുഴപ്പമുണ്ടാകാം. എവിടെയാണെന്നും എങ്ങനെ അവിടെ എത്തി എന്നതുസംബന്ധിച്ച് ആശയക്കുഴപ്പങ്ങളുണ്ടാകാം.

ചില രോഗികള്‍ക്ക് കാഴ്ചയുടെ കാര്യത്തിലും വായനയ്ക്കും ബുദ്ധിമുട്ടുണ്ടാവുകയും ഡ്രൈവ് ചെയ്യുമ്പോള്‍ ദൂരം കൃത്യമായി മനസ്സിലാക്കാന്‍ പ്രയാസമുണ്ടാവുകയും ചെയ്യും. സംസാരിക്കുമ്പോള്‍ പ്രയാസമുണ്ടാവുക, വാക്കുകള്‍ക്കായി തപ്പിത്തടയുക, സംസാരം പെട്ടെന്നു നിന്നുപോകുക, ഒരേ കാര്യംതന്നെ ആവര്‍ത്തിക്കുക തുടങ്ങിയ പ്രശ്നങ്ങളും കണ്ടേക്കാം. അവര്‍ക്ക് ചിലപ്പോള്‍ എഴുതാന്‍ സാധിക്കില്ല. വസ്തുക്കള്‍ നഷ്ടപ്പെട്ടുപോകുക, വീടിന് പുറത്തുപോയാല്‍ വീട്ടില്‍ തിരിച്ചെത്താന്‍ വഴി അറിയാതെ പോകുക, ജോലിയില്‍നിന്നും പൊതുപരിപാടികളില്‍നിന്നും പതിയെ വിട്ടുനില്‍ക്കുക, വൈകാരിക - വ്യക്തിത്വ മാറ്റങ്ങള്‍, ആശയക്കുഴപ്പമുണ്ടാകുക, വിഷണ്ണരായിരിക്കുക, സംശയം, ഭയം എന്നിവയും കണ്ടേക്കാം.

നിലവില്‍ അല്‍ഷിമേഴ്സ് രോഗത്തിന് ചികിത്സയില്ല. ഓര്‍മക്കുറവ് എന്നത് സാധാരണഗതിയില്‍ പ്രായമാകുന്നതിന്റെ ഭാഗമല്ല എന്ന കാര്യവും മനസ്സിലാക്കണം. ഓര്‍മക്കുറവ് ബാധിച്ചവര്‍ക്ക് ജീവിക്കാനുള്ള അവകാശമുണ്ട്. അതുകൊണ്ടുതന്നെ ശരിയായ രോഗനിര്‍ണയവും അവബോധവും വളര്‍ത്തിക്കൊണ്ടുവരണം.

നേരത്തെ രോഗം കണ്ടെത്തിയാല്‍ രോഗികള്‍ക്ക് ചികിത്സയിലൂടെ പരമാവധി നേട്ടങ്ങള്‍ കൈവരിക്കുന്നതിനും രോഗലക്ഷണങ്ങളില്‍നിന്ന് അവര്‍ക്ക് ആശ്വാസം ലഭിക്കുന്നതിനും സാധിക്കും. പെരുമാറ്റത്തിലും ധാരണയിലും ദീര്‍ഘകാലത്തേക്ക് പരാശ്രയമില്ലാതെ നിലനിര്‍ത്തുന്നതിന് ഇതുവഴി സാധിക്കും. ഓര്‍മരോഗങ്ങളെ മനസ്സിലാക്കുന്നത് കൂടുതല്‍ ഗവേഷണങ്ങളിലേക്കും ഫലപ്രദമായ ചികിത്സാരീതികളിലേക്കും നയിക്കുമെന്ന് കരുതപ്പെടുന്നു.

(കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ന്യൂറോളജിസ്റ്റ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ആണ് ലേഖകന്‍)

Content Highlights: alzheimer's disease symptoms and treatment