ജീവിതത്തിലെ സൗഭാഗ്യമാണ് ഓര്‍മ്മകള്‍. എന്നാല്‍, ആ ഓര്‍മ്മകള്‍ നശിച്ച് സ്വന്തം അസ്തിത്വം അറിയാതെവരിക എന്നത് ഭയാനകമായ ഒരവസ്ഥയാണ്. മറവിരോഗം അഥവാ അല്‍ഷിമേഴ്സ് അത്തരം ഒരു അവസ്ഥയാണ്.

ലോകമെങ്ങും ഏതാണ്ട് 44 ദശലക്ഷം പേര്‍ക്ക് ഡിമെന്‍ഷ്യ അഥവാ മേധക്ഷയം ഉണ്ടന്നാണ് കണക്ക്. ഇന്ത്യയില്‍ ഇത് 4 ദശലക്ഷത്തിന് അടുത്തുവരും. നമ്മുടെ തലച്ചോറിന് ബൗദ്ധികമായ പലതരം കഴിവുകള്‍ ഉണ്ട്. ഓര്‍മ്മ, ഭാഷ കൈകാര്യം ചെയ്യുന്നത്, കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നത്, ദിശാബോധം, സ്വാഭാവ വിശേഷതകള്‍ ഇതെല്ലാം തലച്ചോറിന്റെ നിയന്ത്രണത്തിലാണ്.

ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഓര്‍മ്മ. നമുക്കുകിട്ടുന്ന പലവിധത്തിലുള്ള വിവരങ്ങള്‍ തലച്ചോറിലെ ടെമ്പറല്‍ ലോബ് എന്ന ഭാഗത്താണ് രേഖപ്പെടുത്തുന്നത്. അത് തലച്ചോര്‍ ശേഖരിച്ചുവയ്ക്കുകയും ഭാവിയില്‍ ആവശ്യമുള്ളസമയത്ത് അത് വീണ്ടും ഓര്‍മ്മപ്പെടുത്തുകയും ചെയ്യും.

ഓര്‍മ്മകള്‍ കൈകാര്യം ചെയ്യുന്ന ടെമ്പറല്‍ ലോബിലെ കോശങ്ങള്‍ നശിച്ചുപോകുന്നതു കാരണമാണ് മറവി ഉണ്ടാകുന്നത്. തലച്ചോറിലെ മുഴകള്‍ (ട്യൂമര്‍), സ്‌ട്രോക്ക്, അപസ്മാരം, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ പ്രത്യേകിച്ച് തൈറോയ്ഡിന്റെ അഭാവം, വിറ്റാമിന്‍ ബി 12 തുടങ്ങിയവുടെ അഭാവം, തലച്ചോറിന് ഏല്‍ക്കുന്ന ക്ഷതങ്ങള്‍ എന്നിവയെല്ലാം മറവിരോഗത്തിനു കാരണമാകാം.

പ്രധാന കാരണങ്ങള്‍

പ്രായം കൂടുന്നതിനനുസരിച്ച് അല്‍ഷിമേഴ്സ് വരാനുള്ള സാധ്യതയും കൂടുന്നു. 65-നു മേല്‍ പ്രായമുള്ള 10-ല്‍ ഒരാള്‍ക്കും 85-നു മേല്‍ പ്രായമുള്ളവരില്‍ 3-ല്‍ ഒരാള്‍ക്കും മറവിരോഗം ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

പ്രായം കൂടാതെ കുടുബത്തില്‍ മറവിരോഗം ഉണ്ടെങ്കിലോ, ചില ജനിതക ഘടകങ്ങള്‍ രക്തത്തില്‍ ഉണ്ടെങ്കിലോ മറവിരോഗം വരാനുള്ള സാധ്യത കൂടുതലാണ്. അമിതരക്തസമ്മര്‍ദം, ഹൃദ്രോഗം, പ്രമേഹം, അമിതമായ കൊഴുപ്പ്, അമിതവണ്ണം, അമിതമായ പുകവലിയും മദ്യപാനവും ഒക്കെ മറവിരോഗം വരാനുള്ള പ്രധാന കാരണങ്ങളാണ്.

എപ്പോഴാണ് മറവിരോഗം ഉണ്ടെന്ന് സംശയിക്കേണ്ടത്?

65-നു മേല്‍ പ്രായമുള്ളവരില്‍ പലര്‍ക്കും ചെറിയ മറവികള്‍ സ്വാഭാവികമാണ്. പ്രത്യേകിച്ച് വസ്തുക്കള്‍ എവിടെവെച്ചുവെന്ന് മറന്നുപോകുക. പ്രായംമൂലമുള്ള മറവിയാണെങ്കില്‍ കുറച്ചുനേരം ആലോചിച്ചാലോ ചെറിയ സൂചനകള്‍ കൊടുത്താലോ അവര്‍ക്ക് അത് എവിടെവെച്ചു എന്ന് ഓര്‍മ്മ വരും. എന്നാല്‍, അല്‍ഷിമേഴ്സ് രോഗികള്‍ക്ക് സൂചനകള്‍ കൊടുത്താലും അത് ഓര്‍ത്തെടുക്കാന്‍ കഴിയില്ല. അധികം പരിചയമില്ലാത്തവരുടെ പേരുകള്‍ മറന്നുപോകുന്നതും പ്രായമായവരില്‍ സാധാരണമാണ്. എന്നാല്‍, അല്‍ഷിമേഴ്സ് രോഗികള്‍ സ്വന്തം കുടുംബങ്ങളുടെ പേരുകള്‍ തന്നെ മറന്നുപോയേക്കാം. കൂടാതെ അവര്‍ക്കു വാക്കുകള്‍ കിട്ടാനും ബുദ്ധിമുട്ടായിരിക്കും. കണക്കുകള്‍ കൈകാര്യം ചെയ്യുന്നതിലും കാര്യങ്ങള്‍ ആലോചിച്ച് കൃത്യമായ തീരുമാനങ്ങള്‍ എടുക്കാനും അല്‍ഷിമേഴ്സ് രോഗികള്‍ക്ക് ബുദ്ധിമുട്ടായിരിക്കും. പരിചിതമായ സാഹചര്യങ്ങളില്‍പ്പോലും അവര്‍ക്ക് വഴിതെറ്റിപ്പോകാം. പെട്ടെന്നുള്ള ദേഷ്യവും സങ്കടവും അമിതമായ കോപവുമൊക്കെ അസുഖത്തിന്റെ ഭാഗമാണ്. കൂടെ ഉള്ളവരെ സംശയത്തോടെ വീക്ഷിക്കുന്നതും പെരുമാറുന്നതും സ്വാഭാവികമാണ്.

അല്‍ഷിമേഴ്സ് രോഗനിര്‍ണയം

രോഗലക്ഷണങ്ങള്‍ വിശകലനം ചെയ്താണ് അല്‍ഷിമേഴ്സ് രോഗനിര്‍ണയം ചെയ്യുന്നത്. മറവിരോഗത്തിന്റെ മറ്റു കാരണങ്ങള്‍ ഉണ്ടോയെന്ന് കണ്ടെത്താനായി രക്തപരിശോധനകളും തലച്ചോറിന്റെ സ്‌കാനിങ്ങും ആവശ്യമായി വരും. പാരമ്പര്യമായി മറവിരോഗം ഉണ്ടെങ്കില്‍ അതിനുള്ള ജനിതകപരിശോധനകളും വേണ്ടിവരും

എങ്ങനെ പ്രതിരോധിക്കാം?

കൃത്യമായ വ്യായാമം, ജീവിതശൈലീരോഗങ്ങള്‍വരാതെ നോക്കുക, അമിതവണ്ണം തടയുക, ആരോഗ്യപരമായ ഭക്ഷണരീതി എന്നിവയൊക്കെ മറവിരോഗം വരാതെ സഹായിക്കും. സാമൂഹികജീവിതത്തില്‍ കൂടുതല്‍ ഇടപെടുന്നതും അര്‍ത്ഥവത്തായ സംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്നതും നല്ലതാണ്.

ബുദ്ധിയെ ഉത്തേജിപ്പിക്കുന്ന പസ്സില്‍ ഗെയിംസ്, വേര്‍ഡ് ഗെയിംസ് എന്നിവ പരിശീലിക്കുന്നതും മറവിയെ തടയാന്‍ സഹായിക്കും. നല്ല ഉറക്കവും ഏറ്റവും പ്രധാനപ്പെട്ടതാണ്. മറവിരോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍തന്നെ വൈദ്യസഹായം തേടുന്നത് രോഗത്തിന്റെ തീവ്രത കുറയ്ക്കാന്‍ വളരെയേറെ സഹായിക്കും.

Content Highlights: Alzheimer's disease Symptoms and causes