കഴിഞ്ഞ കാലത്തെക്കുറിച്ചോ ബന്ധുക്കളെയോ സുഹൃത്തുക്കളെയോകുറിച്ചോ തൊട്ടുമുമ്പു നടന്ന സന്ദര്‍ഭത്തെക്കുറിച്ചോ ഒന്നും ഒരു ധാരണയുമില്ലാതെ ജീവിക്കുന്നവരാണ് അല്‍ഷിമേഴ്സ് രോഗികള്‍. ദിവസങ്ങളെയും വ്യക്തികളെയുമൊക്കെ മറന്നു തുടങ്ങി അവസാനമെത്തുമ്പോഴേക്കും ആരെയും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ. അല്‍ഷിമേഴ്സ് രോഗികളില്‍ കാണപ്പെടുന്ന രോഗലക്ഷണങ്ങള്‍ക്കും മാറ്റമുണ്ടാകും.
പ്രധാനമായും മൂന്നു ഘട്ടങ്ങളിലൂടെയാണ് അല്‍ഷിമേഴ്സ് കടന്നുപോകുന്നത്. പ്രാരംഭഘട്ടം , മധ്യഘട്ടം, അവസാനഘട്ടം എന്നിങ്ങനെയാണത്.
അല്‍ഷിമേഴ്സിന്റെ ലക്ഷണങ്ങള്‍ കാലക്രമേണ വഷളായിക്കൊണ്ടിരിക്കും. രോഗം തിരിച്ചറിഞ്ഞ് നാലു മുതല്‍ എട്ടുവര്‍ഷത്തോളം രോഗി ജീവിച്ചിരിക്കാം, ചിലപ്പോഴത് ഇരുപതു വര്‍ഷത്തോളം നീളാനുമിടയുണ്ട്. അല്‍ഷിമേഴ്സിന്റെ മറ്റേതു ലക്ഷങ്ങണങ്ങളേക്കാളും മുമ്പ് തലച്ചോറിലെ മാറ്റങ്ങള്‍ സംഭവിക്കും. വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന ഈ അവസ്ഥയെയാണ് പ്രീക്ലിനിക്കല്‍ അല്‍ഷിമേഴ്സ് ഡിസീസ് എന്നു പറയുന്നത്.
പ്രാരംഭഘട്ടം
അല്‍ഷിമേഴ്സിന്റെ ആദ്യഘട്ടത്തില്‍ രോഗി പരാശ്രയം ഇല്ലാതെ തന്നെ തന്റെ കാര്യങ്ങള്‍ നിര്‍വഹിക്കും. ഡ്രൈവ് ചെയ്യാനോ ജോലി ചെയ്യാനോ സാമൂഹിക സേവനങ്ങളില്‍ ഏര്‍പ്പെടാനോ ബുദ്ധിമുട്ടുണ്ടാകില്ല. ഇതിനെല്ലാം പുറമേ ഓര്‍മക്കുറവുണ്ടെന്ന തോന്നല്‍ തുടങ്ങുന്നതും ഈ ഘട്ടത്തിലാണ്. പരിചിതമായ പേരുകള്‍ മറക്കുകയോ സാധനങ്ങള്‍ വച്ചസ്ഥലം മറന്നുപോവുകയോ ഒക്കെ ചെയ്യുന്നത് ഈ ഘട്ടത്തിലാണ്.
രോഗിയോട് അടുപ്പമുള്ള ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊക്കെ ഈ മാറ്റം തിരിച്ചറിയാനാകും. വിദഗ്ധ ഡോക്ടറുമായി സംസാരിച്ചശേഷം അല്‍ഷിമേഴ്സ് തന്നെയാണോ എന്ന് ഉറപ്പിക്കാവുന്നതാണ്. ഈ ഘട്ടത്തില്‍ കണ്ടുവരുന്ന പ്രധാന ബുദ്ധിമുട്ടുകളാണ് താഴെ.
* പേരോ വാചകമോ പറയാനുള്ള ബുദ്ധിമുട്ട്
* പുതിയ ആള്‍ക്കാരെ പരിചയപ്പെടുമ്പോള്‍ പേരുകള്‍ ഓര്‍ത്തുവെക്കാനുള്ള ബുദ്ധിമുട്ട്
* ജോലി സ്ഥലത്തും മറ്റും ജോലി ചെയ്തുതീര്ക്കാന് നേരിടുന്ന വെല്ലുവിളികള്‍
* വിലപ്പെട്ട വസ്തുക്കള്‍ നഷ്ടടമാവുകയോ തെറ്റായസ്ഥലത്തു വെക്കുകയോ ചെയ്യുന്നത്
* പലകാര്യങ്ങളെക്കുറിച്ചും പ്ലാന്‍ ചെയ്യുമ്പോഴും സംഘടിപ്പിക്കുമ്പോഴും ബുദ്ധിമുട്ട് ഏറുന്നത്.
മിതഘട്ടം അഥവാ മധ്യഘട്ടം
അല്‍ഷിമേഴ്സ് രോഗികളില്‍ ഏറെനീണ്ടു നില്ക്കുന്ന ഘട്ടമാണിത്. വര്‍ഷങ്ങളോളം നീണ്ടുനിന്നേക്കാം. രോഗാവസ്ഥ കൂടുംതോറും രോഗിക്ക് പരാശ്രയമില്ലാതെ കഴിയില്ലെന്ന അവസ്ഥയാണിത്. വാക്കുകള്‍ പറയുമ്പോഴുള്ള ആശങ്ക, പെട്ടെന്ന് ദേഷ്യമോ നിരാശയോ വരിക, അപ്രതീക്ഷിതമായി പെരുമാറുക, കുളിക്കാന്‍ മടി കാണിക്കുക എന്നിവയെല്ലാം ഈ ഘട്ടത്തില്‍ കാണിച്ചേക്കാം. തലച്ചോറിലെ നാഡീകോശങ്ങള്‍ക്കുണ്ടാകുന്ന ക്ഷതമാണ് ദൈനംദിനചര്യകള്‍ പാലിക്കാനും മനസ്സിലുള്ളത് പ്രകടിപ്പിക്കാനും തടസ്സമാകുന്നത്. ലക്ഷണങ്ങള്‍ കൂടുതല്‍ പ്രകടമാകുന്ന ഘട്ടമാണിത്.
* ഒരാളെക്കുറിച്ചുള്ള മുന്‍കാലവിവരങ്ങളോ സംഭവങ്ങളോ മറക്കുക.
* മാനസികവും സാമൂഹികവുമായി വെല്ലുവിളി നേരിടുന്ന സാഹചര്യങ്ങളില്‍ തീര്‍ത്തും നിരാശ തോന്നുക.
* സ്വന്തം മേല്‍വിലാസമോ ഫോണ്‍നമ്പറോ മറന്നുപോവുക, പഠിച്ച സ്കൂളും കോളേജും ഏതാണെന്ന് ഓര്‍ത്തെടുക്കാന്‍ കഴിയാതെ വരിക.
* എവിടെയാണെന്നോ എന്തു ദിവസമാണെന്നോ സംബന്ധിച്ച് ആശയക്കുഴപ്പം തോന്നുക
* മലമൂത്ര വിസര്‍ജനം നിയന്ത്രിക്കാന്‍ കഴിയാതെ വരിക
* ഉറക്കത്തിലുണ്ടാകുന്ന മാറ്റം, പകല്‍സമയങ്ങളില്‍ കൂടുതല്‍ ഉറങ്ങുകയും രാത്രികാലങ്ങളില്‍ ഉറക്കമില്ലാതെയിരിക്കുകയും ചെയ്യുന്ന അവസ്ഥ
* വ്യക്തിത്വത്തിലും സ്വഭാവത്തിലുമുള്ള മാറ്റം, സംശയം വഞ്ചിക്കപ്പെടുന്നുവെന്ന തോന്നല്‍
മൂന്നാംഘട്ടം
അല്‍ഷിമേഴ്സിന്റെ അവസാന ഘട്ടമാകുന്നതോടെ രോഗികള്‍ക്ക് തങ്ങളുടെ ചുറ്റുപാടിനോട് പ്രതികരിക്കാനുള്ള ശേഷി തന്നെ നഷ്ടപ്പെടും. ഒരു സംഭാഷണത്തില്‍ ഏര്‍പ്പെടാനോ സ്വന്തം ചലനത്തെ നിയന്ത്രിക്കാനോ കഴിയാതാകും. വാക്കുകളോ വാചകങ്ങളോ ഒക്കെ പറഞ്ഞേക്കാമെങ്കിലും സ്വന്തം വേദന പങ്കുവെക്കാന്‍ കഴിയാതെവരും. ഓര്‍മശക്തിയും ഗ്രഹിക്കാനുള്ള കഴിവും കൂടുതല്‍ വഷളായിക്കൊണ്ടിരിക്കും.
വ്യക്തിത്വത്തിലും പെരുമാറ്റത്തിലും കാതലായ മാറ്റങ്ങള്‍ വരുന്ന അവസ്ഥയാണിത്. ഈ ഘട്ടത്തില്‍ പരാശ്രയമില്ലാതെ രോഗികള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. ചുറ്റുപാടിനെക്കുറിച്ചോ തൊട്ടുമുമ്പു നടന്ന സന്ദര്‍ഭത്തെക്കുറിച്ചോ ഓര്‍മയുണ്ടാകില്ല. നടക്കാനും ഇരിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെയുള്ള ബുദ്ധിമുട്ട്, ന്യൂമോണിയ പോലുള്ള ഇന്ഫെക്ഷനുകള് പെട്ടെന്നു ബാധിക്കാനുള്ള സാധ്യത എന്നിവയൊക്കെ ഈ ഘട്ടത്തില്‍ ഉണ്ടായേക്കാം.
Content Highlights: stages and symptoms of Alzheimer's