കോഴിക്കോട് ജില്ലയിൽ എച്ച്.ഐ.വി. ബാധിതരുടെയും അണുബാധയേറ്റ കുട്ടികളുടെയും എണ്ണം കുറയുമ്പോഴും യുവാക്കളുടെ എണ്ണം മാറ്റമില്ലാതെ തുടരുന്നു. 18നും 30നും ഇടയിൽ പ്രായമുള്ളവരുടെ എണ്ണമാണ് ഓരോ വർഷവും വലിയ മാറ്റമില്ലാതെ തുടരുന്നത്. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആന്റി റിട്രോ വൈറൽ ട്രീറ്റ്മെന്റ് സെന്ററി (എ.ആർ.ടി.) ൽ രജിസ്റ്റർ ചെയ്ത എച്ച്.ഐ.വി. ബാധിതരുടെ കണക്കുകളിലാണ് ആശങ്കജനിപ്പിക്കുംവിധം യുവാക്കളുടെ എണ്ണം ഉയർന്നുതന്നെ നിൽക്കുന്നത്.

2020 ഒക്ടോബർവരെ എച്ച്.ഐ.വി. ബാധിതരായ 111ൽ 15 പേർ 18നും 30നും ഇടയിൽ പ്രായമുള്ളവരാണ്. 2019ൽ രജിസ്റ്റർ ചെയ്ത 161 പേരിൽ 17 പേർ ഈ പ്രായ പരിധിയിൽപ്പെട്ടവരാണ്.

ഇതിൽത്തന്നെ സ്വവർഗാനുരാഗികളായ പുരുഷൻമാരാണ് കൂടുതൽ. ഗർഭകാലത്ത് നടത്തുന്ന എച്ച്.ഐ.വി. ടെസ്റ്റിലാണ് പല സ്ത്രീകൾക്കും അണുബാധ കണ്ടെത്തുന്നത്. യുവതലമുറയുടെ അനാരോഗ്യകരമായ ബന്ധങ്ങളാണ് പലരെയും എച്ച്.ഐ.വി. ബാധിതരാക്കുന്നതെന്നാണ് കൗൺസലിങ്ങിൽനിന്ന് മനസ്സിലാക്കാനാവുന്നതെന്ന് എ.ആർ.ടി. മെഡിക്കൽ ഓഫീസർ ഡോ. പി.സി. അന്നമ്മ പറഞ്ഞു.

ബോധവത്‌കരണത്തിലൂടെയും മറ്റും എച്ച്.ഐ.വി. ബാധിതരാകുന്നവരുടെ എണ്ണം എല്ലാവർഷവും കുറച്ചുകൊണ്ടുവരാൻ സാധിക്കുന്നുണ്ട്.

അമ്മയിൽനിന്നും മറ്റും അണുബാധയേൽക്കുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ കുറവുവരുത്താനും കഴിഞ്ഞു. എന്നാൽ യുവാക്കളുടെ എണ്ണം മാത്രമാണ് മാറ്റമില്ലാതെ തുടരുന്നത്- ഡോ. അന്നമ്മ പറയുന്നു.

Content Highlights:World AIDS Day 2020, number of HIV patients are lowering but not in youth people, Health