മറ്റെല്ലാ വൈറസ് രോഗങ്ങള്‍ പോലെ ഇതും ഒരു അണുബാധയാണ്. ഹ്യൂമണ്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ് എന്ന ഒരു രോഗാണുവാണ് ഈ അസുഖം പകര്‍ത്തുന്നത്. ഈ വൈറസ് നമ്മുടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ദുര്‍ബലമാക്കുന്നു.
T സെല്ലുകള്‍ എന്ന് അറിയപ്പെടുന്ന CD 4 കോശങ്ങളെയാണ് ഇത് നശിപ്പിക്കുന്നത്. അങ്ങനെ ഇവ രോഗപ്രതിരോധശേഷിയെ താറുമാറാക്കുന്നു. എച്ച്.ഐ.വി. ബാധിച്ച രോഗിക്ക് മറ്റു രോഗങ്ങളെ ചെറുത്തുനില്‍ക്കാനുള്ള കഴിവും നഷ്ടപ്പെടുന്നു. അങ്ങനെ അവര്‍ക്ക് അണുബാധ, കാന്‍സര്‍ എന്നീ രോഗാവസ്ഥകള്‍ വളരെ പെട്ടെന്ന് പിടിപെടുന്നു. ഈ രോഗത്തിന്റെ തീവ്രത നിശ്ചയിക്കുന്നത് CD 4 കോശങ്ങളുടെഅളവ് അനുസരിച്ചാണ്.
എല്ലാവര്‍ക്കും സുപരിചിതമായ വാക്കാണ് എയ്ഡ്‌സ്. അത് എച്ച്.ഐ.വി. അണുബാധയുടെ തീവ്രമായ ഘട്ടമാണ്. CD 4 കോശങ്ങള്‍ 200 ല്‍ താഴെ ആവുമ്പോഴാണ് ഈ രോഗാവസ്ഥയില്‍ എത്തിച്ചേരുന്നത്. ആരോഗ്യമുള്ള സാധാരണ വ്യക്തികളില്‍ ഈ കോശങ്ങള്‍ 500 മുതല്‍ 1500 വരെ കാണപ്പെടും.
ആര്‍.എന്‍.എ. വിഭാഗത്തില്‍ പെട്ട വൈറസാണ് എച്ച്.ഐ.വി. വൈറസ്. 1984 ല്‍ അമേരിക്കന്‍ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍ റോബര്‍ട്ട് ഗാലോ ആണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. എച്ച്.ഐ.വി. ആദ്യമായി തിരിച്ചറിഞ്ഞത് 1981 ഡിസംബര്‍ ഒന്നിനാണ്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ചില ആഫ്രിക്കന്‍ യുവാക്കളിലാണ് ഈ രോഗബാധ കണ്ടെത്തിയത്.
എച്ച്.ഐ.വി. ഇന്ത്യയില്‍
ഇന്ത്യയില്‍ ഈ വൈറസ് 1986 ല്‍ ചെന്നൈയില്‍ ചില ലൈംഗിക തൊഴിലാളികളിലാണ് ആദ്യമായി കണ്ടത്. ഇന്ന് ഇന്ത്യയില്‍ 5.13 മില്യണ്‍ രോഗബാധിതര്‍ ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലോക രാഷ്ട്രങ്ങളില്‍ എച്ച്.ഐ.വി. രോഗബാധിതര്‍ ഉള്ളതില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്ക്.
രോഗവ്യാപനം
രോഗം പടരുന്നത് പ്രധാനമായും നാല് വഴികളിലൂടെയാണ്.
1) സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം,
2) അണുബാധയേറ്റ സിറിഞ്ചും സൂചിയും,
3) മുലപ്പാല്‍,
4) പ്രസവസമയത്ത് അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് എന്നിങ്ങനെ.
എച്ച്.ഐ.വി. അണുബാധയുള്ള വ്യക്തിയുടെ രക്തം, ബീജം, പ്രീസെമിനല്‍ ഫ്‌ളൂയിഡ്, റെക്ടല്‍ ഫ്‌ളൂയിഡ്, യോനീസ്രവങ്ങള്‍, മുലപ്പാല്‍ എന്നിവയിലൂടെയും എച്ച്.ഐ.വി. പകരാം. ഇതു കൂടാതെ രക്തം സ്വീകരിക്കുന്ന സമയത്ത് കാന്‍സര്‍ ബാധയുള്ള രക്തത്തിലൂടെയും ഇവ പകരാം. എന്നാല്‍ രക്തദാനം നടത്തുന്ന സമയത്ത് അക്കാര്യങ്ങള്‍ അറിയാനുള്ള പരിശോധനകള്‍ ഇന്ന് നിലവിലുണ്ട് അതിനാല്‍ ഒരു പരിധിവരെ രക്തദാനം വഴിയുള്ള രോഗബാധ തടയാന്‍ സാധിച്ചിട്ടുണ്ട്. സുരക്ഷിതമായ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള മാര്‍ഗങ്ങളെ കുറിച്ച് കൗണ്‍സലിങ് വഴി ബോധവത്ക്കരണം നല്‍കുന്നത് വഴിയും രോഗവ്യാപനത്തിന്റെ തോത് കുറക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
തൊട്ടാല്‍ പകരില്ല
രോഗം ബാധിച്ച വ്യക്തിയെ സ്പര്‍ശിക്കുന്നത് വഴി എച്ച്.ഐ.വി. പകരില്ല. അയാള്‍ ഉപയോഗിച്ച ഭക്ഷണം, വെള്ളം ഇവയിലൂടെ ഒന്നും രോഗം പകരില്ല.
രോഗലക്ഷണങ്ങള്‍
രോഗത്തിന്റെ തീവ്രത അനുസരിച്ചാണ് രോഗലക്ഷണങ്ങള്‍ കാണുക. പ്രധാന ലക്ഷണങ്ങള്‍ ഇവയാണ്.
- വിട്ടുമാറാത്ത പനി,
- തൊണ്ടവേദന,
- തലവേദന, വയറിളക്കം : അസാധാരണമായ ശരീരഭാരം കുറയല്‍,
- വിശപ്പില്ലായ്മ,
- ലിംഫ് ഗ്രന്ഥികളില്‍ വീക്കം എന്നിവ.
തീവ്രമായ രോഗലക്ഷണങ്ങള്‍
ക്ഷയം, ക്രിപ്‌റ്റോ കോക്കല്‍ മെനിഞ്ചൈറ്റിസ്, ഗുരുതരമായ ബാക്ടീരിയ അണുബാധ, കാന്‍സറുകളായ ലിംഫോമ, കാപ്പോസി സാര്‍ക്കോമ എന്നിവയാണ് തീവ്രമായ രോഗലക്ഷണങ്ങള്‍. ഏറ്റവും തീവ്രമായ സാഹചര്യത്തില്‍ ഈ രോഗികളില്‍ കാണുന്ന രണ്ടു രോഗങ്ങളാണ് ന്യൂമോ സിസ്റ്റി ക്യാരിനീ ന്യൂമോണിയ, കണ്ണിന്റെ അബുബാധയായ സി.എം.വി. റെറ്റിനൈറ്റിസ് എന്നിവ. ഇത്രയും ലക്ഷണങ്ങള്‍ ഈ രോഗത്തിന് ഉണ്ടാവാം.അതിനാല്‍ തന്നെ ഈ രോഗം ഏറ്റവും വേഗം തിരിച്ചറിഞ്ഞ് ചികിത്സിക്കുക എന്നത് ഏറ്റവും പ്രയാസമേറിയ ഘടകമാണ്.
എയ്ഡ്‌സ് ദിനാചരണം
ലോകമെമ്പാടും എല്ലാ വര്‍ഷവും ഡിസംബര്‍ 1 എയ്ഡ്സ് ദിനമായി ആചരിക്കുന്നു. എയ്ഡ്‌സ് പകരുന്ന വഴികള്‍, പ്രതിരോധ മാര്‍ഗങ്ങള്‍, ചികിത്സ എന്നിവയെ കുറിച്ച് രാജ്യാന്തര തലത്തില്‍ അവബോധം നല്‍കുന്നതിനും ഈ രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ നീക്കുന്നതിനും, ദേശീയ-സംസ്ഥാന തലത്തില്‍ ഇതിനുള്ള സഹകരണം ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് രാജ്യാന്തര തലത്തില്‍ ഈ ദിനം ആചരിക്കുന്നത്. 1988 ലാണ് ഇത്തരമൊരു ആശയത്തിന് തുടക്കമിട്ടത്. ഇതിനായി രാജ്യത്ത് നേതൃത്വം വഹിക്കുന്നത് ദേശീയ എയ്ഡ്‌സ് നിയന്ത്രണ സംഘടനയാണ് (NACO). കേരളത്തില്‍ കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സംഘമാണ് (KSACS) നേതൃത്വം നല്‍കുന്നത്.
രോഗനിര്‍ണയവും ചികിത്സയും
രോഗനിര്‍ണയത്തിനും ചികിത്സയ്ക്കുമായി ചില പ്രോഗ്രാമുകള്‍ ദേശീയ-സംസ്ഥാന തലത്തില്‍ നിലവിലുണ്ട്.1992 ലാണ് നാഷണല്‍ എയ്ഡ്സ് കണ്‍ട്രോള്‍ പ്രോഗ്രാം ആരംഭിച്ചത്. മേല്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ടി തുടങ്ങിയ ദൗത്യം ഇപ്പോള്‍ അഞ്ചാം ഘട്ടത്തില്‍ എത്തിയിരിക്കുന്നു. കേരളത്തില്‍ ഈ ദാത്യത്തില്‍ ഉള്‍പെടുത്തിയിരിക്കുന്ന ചില സേവനങ്ങള്‍ ഇവയാണ്.
ജ്യോതിസ്: എച്ച്.ഐ.വി. കൗണ്‍സിലിംഗ്, പരിശോധന, ചികിത്സ, റഫറല്‍ എന്നിവ സൗജന്യമായി ലഭ്യമാകുന്ന സ്ഥലങ്ങളാണ് ഇവ.
സുരക്ഷ: എച്ച്.ഐ.വി. വരാന്‍ സാധ്യതയുള്ള ആളുകളെ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനുള്ള ക്ലിനിക്കുകളാണിവ.
ഉഷസ്: എച്ച്.ഐ.വി. ചികിത്സക്കുള്ള ആന്റി റിട്രോ വൈറല്‍ മരുന്നുകള്‍ സൗജന്യമായി കൊടുക്കുന്ന ക്ലീനിക്കുകള്‍ ആണ്.
എച്ച്.ഐ.വി. ടെസ്റ്റിങ്ങ്
എച്ച്.ഐ.വി. വൈറസ് ശരീരത്തില്‍ എത്തിയ ഉടനെ രോഗലക്ഷണങ്ങള്‍ ഉണ്ടാവുന്നില്ല. വര്‍ഷങ്ങളോളം ഇവ ശരീരത്തില്‍ നിഷ്‌ക്രിയമായിരിക്കും.
എച്ച്.ഐ.വി. ടെസ്റ്റിങ്ങ് പലതരമുണ്ട്. പ്രധാനമായും മൂന്നു മാര്‍ഗ്ഗങ്ങള്‍ ആണുള്ളത്.
1. രക്തത്തില്‍ വൈറസ് ആന്റിജന്‍ കണ്ടുപിടിക്കുക
2. വൈറസിന് എതിരെയുള്ള ആന്റിബോഡികള്‍ രക്തത്തില്‍ കണ്ടുപിടിക്കുക
3. രക്തത്തില്‍ നിന്നും വൈറസിനെ കൃത്‌റിമമായി വളര്‍ത്തിയെടുക്കുക. കാര്‍ഡ് ടെസ്റ്റ്, എലിസ ടെസ്റ്റ് എന്നാണ് ഇതിനെ പറയുന്നത്.
മരുന്നുകളും ചികിത്സയും
എച്ച്.ഐ.വി. വൈറസിന് എതിരെയുള്ള ചികിത്സയാണ് എ.ആര്‍.ടി., ആന്റി റിട്രോ വൈറല്‍ ചികിത്സ. മൂന്നോ നാലോ ആന്റി വൈറല്‍ മരുന്നുകളുടെ കോമ്പിനേഷന്‍ ആണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. ടിനോഫോവിര്‍, ലാമിവുഡിന്‍, ഇഫാവിറന്‍സ് എന്നീ മരുന്നുകളാണ് പ്രധാനമായും ഇപ്പോള്‍ ഉപയോഗിച്ചു വരുന്നത്. രോഗത്തിന്റെ തീവ്രത കൂടുമ്പോള്‍ മറ്റു മരുന്നുകളും ഇവയോടു കൂടെ കൊടുക്കാറുണ്ട്.എയ്ഡ്സിന് എതിരെ ഫല പ്രദമായ വാക്‌സിനുകള്‍ ഒന്നും നിലവില്‍ ലഭ്യമല്ല. എന്നാല്‍ ഇവ ഉത്പാദിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
എയ്ഡ്‌സ് രോഗമുക്തി നേടിയവരുണ്ട്
ലോകത്ത് ഇതുവരെ എയ്ഡ്സ് രോഗത്തില്‍ നിന്നും രണ്ടു പേര്‍ മുക്തി നേടിയിട്ടുണ്ട്. എച്ച്.ഐ.വി.യോട് പ്രതിരോധ ശേഷിയുള്ള ആളുടെ മജ്ജ മാറ്റിവെച്ചാണ് ഇത് സംഭവിച്ചത്. 2007 ല്‍ തിമോത്തി ബ്രൗണ്‍ എന്ന ജര്‍മ്മനിക്കാരനും. 2020 ല്‍ ആഡം കാസ്റ്റിലെജോ എന്ന ലണ്ടന്‍ സ്വദേശിയും. തിമോത്തി കാന്‍സര്‍ സംഭവിച്ച് 2020 സെപ്റ്റംബറില്‍ മരണപ്പെട്ടു.
ഇത്രയൊക്കെ സംവിധാനങ്ങള്‍ ആയെങ്കിലും എച്ച്.ഐ.വി. രോഗബാധ ഇപ്പോഴും ഇന്ത്യയില്‍ പടരുന്നുണ്ട് മരണങ്ങളും സംഭവിക്കുന്നുണ്ട്. സമൂഹത്തില്‍ ഈ രോഗബാധിതരോടുള്ള സമീപനം ഇനിയും മാറേണ്ടിയിരിക്കുന്നു. എന്നാല്‍ മാത്രമേ രോഗം സംശയിക്കുന്ന ആളുകള്‍ ടെസ്റ്റിങ്ങിനും ചികിത്സയ്ക്കും തയ്യാറാവുകയുള്ളൂ. കൃത്യസമയത്തെ രോഗനിര്‍ണയത്തിലൂടെയും ചിട്ടയായ പ്രതിരോധ പ്രവര്‍ത്തങ്ങളിലൂടെയും രോഗത്തെ വരുതിയിലാക്കാന്‍ കഴിയും.ഈ വര്‍ഷത്തെ ലോക എയ്ഡ്‌സ് ദിനത്തിന്റെ പ്രമേയം ഇതാണ്. എച്ച്.ഐ.വി/എയ്ഡ്‌സ് പകര്‍ച്ചവ്യാധി അവസാനിപ്പിക്കുക; പ്രതിരോധവും സ്വാധീനവും. പ്രതിരോധിക്കാം പ്രവര്‍ത്തിക്കാം ഈ രോഗത്തിനെതിരെ ഒരുമയോടെ.
Content Highlights: World AIDS Day 2020, what is HIV AIDS and symptoms treatments how to cure it, Health