കോഴിക്കോട്: കേരള സർക്കാർ നൽകുന്ന എച്ച്.ഐ.വി. ബാധിതർക്കുള്ള സഹായധനം മുടങ്ങിയിട്ട് 19 മാസം. എയ്‌ഡ്സ് കൺട്രോൾ സൊസൈറ്റിവഴി നൽകുന്ന സഹായധനമാണ് മുടങ്ങിയത്. മുമ്പ് തന്നെ നാലോ അഞ്ചോ മാസം ഇടവിട്ടാണ് സഹായം ലഭിച്ചിരുന്നതെന്ന് ഗുണഭോക്താക്കൾ പറയുന്നു. ഇതാണിപ്പോൾ 19 മാസമായിട്ടും ലഭിക്കാത്തത്.
മാസം 1000 രൂപയാണ് ഒരാൾക്ക് ലഭിച്ചിരുന്നത്. എച്ച്.ഐ.വി. ബാധിതരായവരിൽ വിധവകളും അവശരും മറ്റും ഇതിനെ മാത്രം ആശ്രയിച്ചാണ് ജീവിച്ചിരുന്നത്. കോവിഡ് കാലത്ത് പലർക്കും മറ്റ് ജോലികൾക്കും പോകാൻ കഴിയാതായതോടെ ഇവരുടെയൊക്കെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. മരുന്ന് വാങ്ങാൻ പോലും മറ്റ് മാർഗമില്ലാത്തവരുമുണ്ട്. 2011 മുതലാണ് ഇവർക്ക് സഹായം ലഭിച്ച് തുടങ്ങിയത്. ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടാണ് തുക എത്തിയിരുന്നത്.
ഫണ്ട് വരുന്ന മുറയ്ക്ക് വിതരണം ചെയ്യും
എച്ച്.ഐ.വി. പോസിറ്റീവായി എ.ആർ.ടി.കളിൽ ചികിത്സ നടത്തുന്നവർക്ക് നൽകുന്നതാണ് സഹായധനം. കേരളത്തിൽ മാത്രമാണ് ഇത് നൽകുന്നത്. സർക്കാർ നൽകിയ ഫണ്ട് വിതരണം ചെയ്ത് കഴിഞ്ഞതാണ് ഇപ്പോൾ വിതരണം മുടങ്ങാൻ കാരണം. ഫണ്ട് വരുന്ന മുറയ്ക്ക് വിതരണം പുനരാരംഭിക്കും.
- ഡോ. രമേഷ്,
പ്രോജക്ട് ഡയറക്ടർ,
എയ്‌ഡ്സ് കൺട്രോൾ സൊസൈറ്റി
Content Highlights:It has been 19 months since the relief for the HIV patients stopped, Health, World AIDS Day 2020