ല്ലാ വർഷവും ഡിസംബർ 1 ലോക എയ്‌ഡ്സ് ദിനമായി ആചരിക്കുന്നു. ലോകം മുഴുവനുമുള്ള ജനത എയ്‌ഡ്സിനെതിരെയുള്ള പോരാട്ടത്തിൽ പങ്കുചേരുന്നതിനും, എച്ച്.ഐ.വി. എയ്‌ഡ്സ് ബാധിതരായ ആളുകളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനുമുള്ള അവസരമാണ് ഓരോ എയ്‌ഡ്സ് ദിനവും. എച്ച്.ഐ.വി. അണുബാധ പകരുന്നതെങ്ങനെ, അണുബാധ എങ്ങനെ പ്രതിരോധിക്കാം, ലഭ്യമാകുന്ന ചികിത്സ, പരിശോധനാ സൗകര്യങ്ങൾ, മറ്റ് സാമൂഹിക പിന്തുണാ സംവിധാനങ്ങൾ ഇവയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക, എച്ച്.ഐ.വി. ബാധിതരോടുള്ള അവഗണനയ്ക്കെതിരെ പോരാടുക, അവരുടെ ആരോഗ്യം സംരക്ഷിച്ച് സാധാരണ ജീവിതത്തിലേക്ക് അവരെ കൊണ്ടുവരാനുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങിയവയാണ് ലോക എയ്‌ഡ്സ് ദിനാചരണം കൊണ്ട് ലക്ഷ്യമിടുന്നത്.

ആഗോളതലത്തിൽ ഏകദേശം 38 മില്യൺ ആളുകൾ എച്ച്.ഐ.വി. ബാധിതരാണ്.1984ൽ മാത്രമാണ് ഈ വൈറസിനെ തിരിച്ചറിഞ്ഞത് എങ്കിലും 35 മില്യണിലധികം ആളുകൾ എച്ച്.ഐ.വി. എയ്‌ഡ്സ് ബാധിതരായി ഇതിനോടകം മരണമടഞ്ഞു കഴിഞ്ഞു. കേരളത്തിൽ 24200 ഓളം എച്ച്.ഐ.വി. ബാധിതരാണുള്ളത്. ഒരുവർഷം 1200ന് അടുത്ത് പുതിയ കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നത്.

2020ൽ ലോകശ്രദ്ധ മുഴുവൻ കോവിഡ് 19 മഹാമാരിയിൽ കേന്ദ്രീകരിക്കപ്പെട്ടിരിക്കുകയാണ്. ആരോഗ്യം എങ്ങനെ മറ്റു സാമൂഹ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്ന് കോവിഡ് 19 നമുക്കു കാണിച്ചു തരുന്നു. അസമത്വം കുറയ്ക്കുന്നതിനും, മനുഷ്യാവകാശങ്ങൾ ഉറപ്പാക്കുന്നതിനും, സാമൂഹ്യ പുരോഗതി കൈവരിക്കുന്നത്തിനുമെല്ലാം ഒരു സമൂഹത്തിൽ മെച്ചപ്പെട്ട ആരോഗ്യമേഖല അത്യാവശ്യമാണ്.
''ഉത്തരവാദിത്തം പങ്കുവെയ്ക്കാം ഐക്യദാർഢ്യം പ്രഖ്യാപിക്കാം'' എന്നതാണ് ഈ വർഷത്തെ എയ്‌ഡ്സ്ദിന സന്ദേശം.

പുരോഗതിയിലേക്കുള്ള പാതയിൽ കൂടെയുള്ളവരെക്കൂടി പരിഗണിക്കേണ്ടത് അനിവാര്യമാണ്. എല്ലാവരും സുരക്ഷിതരാകും വരെ ആരും സുരക്ഷിതരല്ല എന്നത് മറന്നുപോകരുത്.
എച്ച്.ഐ.വി. അണുബാധ പോലെതന്നെ രക്തത്തിൽ കൂടി പകരുന്ന രോഗമാണ് വൈറൽ ഹെപ്പറ്റൈറ്റിസ്.

ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പരിപാടിയുടെയും എയ്‌ഡ്സ് നിയന്ത്രണ പരിപാടിയുടെയും ലക്ഷ്യം രക്തത്തിലൂടെ പകരുന്ന അണുബാധ തടയുക എന്നതായതുകൊണ്ട് ഈ പരിപാടികളുടെ ഉഭയദിശാത്മകത മനസിലാക്കി ഇതിൽ ഭാഗഭാക്കാകുന്നവർക്കിടയിൽ ശീലവത്‌കരണത്തിനുതകുന്ന ബോധവത്‌കരണം നടത്തേണ്ടത് ആവശ്യമാണ്.

ഹെപ്പറ്റൈറ്റിസ് ബി യോ സി യോ സ്ഥിരീകരിക്കപ്പെടുന്നവർ ഇന്റഗ്രേറ്റഡ് കൗൺസലിംഗ് ആന്റ് ടെസ്റ്റിംഗ് സെന്ററിലൂടെ എച്ച്.ഐ.വി. പരിശോധനയ്ക്കും കൗൺസലിങ്ങിനും വിധേയരാകേണ്ടതാണ്. എച്ച്.ഐ.വി. അണുബാധ സ്ഥിരീകരിക്കുന്നവർ ഹെപ്പറ്റൈറ്റിസ് ബിയും സിയും പരിശോധിക്കേണ്ടതാണ്. എച്ച്.ഐ.വി. എയ്‌ഡ്സിനും ഹെപ്പറ്റൈറ്റിസ് ബി,സി എന്നിവയ്ക്കും ചികിത്സ ലഭ്യമാണ്. ഗർഭിണി ആയിരിക്കുമ്പോൾ എച്ച്.ഐ.വി., ഹെപ്പറ്റൈറ്റിസ് ബി,സി എന്നീ പരിശോധനകൾ നടത്തുന്നത് വഴി അമ്മയിൽ നിന്നും കുഞ്ഞിലേക്ക് രോഗം പകരുന്നത് തടയാൻ സാധിക്കും. കാലേകൂട്ടിയുള്ള പരിശോധന, രോഗനിർണയം, ചികിത്സ എന്നിവ കൂട്ടുത്തരവാദിത്തത്തോടെ നടപ്പിലാക്കുന്നത് വഴി ഭാവിതലമുറയെ ഈ രോഗങ്ങളിൽ നിന്നും മുക്തരാക്കാം. പ്രതിരോധമാണ് ഏറ്റവും വലിയ കവചം. നമുക്ക് ജാഗ്രത പുലർത്താം, എച്ച്.ഐ.വി. എയ്‌ഡ്സിനെതിരെയും മറ്റ് പകർച്ചവ്യാധികൾകൾക്കെതിരെയും.

വിവരങ്ങൾക്ക് കടപ്പാട്:
ആരോഗ്യകേരളം
Content Highlights:world aids day 2020, HIV AIDS and Viral Hepatitis, Health