ടാക്സി- ബൈക്ക് റൈഡേഴ്സുമായി ചേർന്ന് യാത്രക്കാർക്ക് സൗജന്യമായി കോണ്ടം നൽകി എയ്‌ഡ്സ് ബോധവത്‌ക്കരണവുമായി മിസോറാം സർക്കാർ. രാജ്യത്ത് എച്ച്.ഐ.വി.എയ്‌ഡ്സ്. നിരക്ക് ഏറ്റവും ഉയർന്ന തോതിലുള്ള സംസ്ഥാനമാണ് മിസോറാം. അതിനാൽ തന്നെ രോഗത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാനാണ് 'ലവ് ബ്രിഗേഡ്' എന്നൊരു ക്യാംപെയിൻ സംസ്ഥാന സർക്കാർ ആരംഭിച്ചത്. മിസോറാം സ്റ്റേറ്റ് എയ്‌ഡ്സ് കൺട്രോൾ സൊസൈറ്റിയും എയ്‌ഡ്സ് ഹെൽത്ത്കെയർ ഫൗണ്ടേഷനും ചേർന്നാണ് മിസോറാം തലസ്ഥാനമായ ഐസ്വാളിൽ ഇത്തരമൊരു ക്യാംപെയിന് തുടക്കമിട്ടത്.
15-49 പ്രായക്കാർക്കിടയിൽ എയ്‌ഡ്സ് വ്യാപനം 2019 ഒക്ടോബറിലെ കണക്കനുസരിച്ച് 2.04 ശതമാനമാണെന്നാണ് മിസോറാം സ്റ്റേറ്റ് എയ്‌ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ റിപ്പോർട്ട്. ഇത് രാജ്യ ശരാശരിയേക്കാൾ കൂടുതലാണ്. 0.22 ശതമാനമാണ് രാജ്യത്തെ എയ്‌ഡ്സ് രോഗികളുടെ നിരക്ക്. വർഷംതോറും ഉണ്ടാകുന്ന എയ്‌ഡ്സ് രോഗികളുടെ നിരക്ക് 1.32 ശതമാനമായും ഉയർന്നു. ഇത് രാജ്യശരാശരിയായ 0.07 ശതമാനത്തിന്റെ ഇരുപത് ഇരട്ടി വരും.
സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെയാണ് 78 ശതമാനം എച്ച്.ഐ.വി. എയ്‌ഡ്സും വ്യാപിക്കുന്നത്. അതിനാൽ തന്നെ സൗജന്യ കോണ്ടം പദ്ധതി വർഷങ്ങളായി സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. തിരക്കേറിയ മാർക്കറ്റ് പരിസരങ്ങളിലും സൗജന്യ കോണ്ടം പുൾഔട്ട് കിയോസ്ക്കുകളും സ്ഥാപിച്ചിരുന്നു. മിസോറാമിന് പുറമെ മണിപ്പൂർ, നാഗാലാൻഡ് എന്നീ മറ്റ് രണ്ട് വടക്കു കിഴക്കൻ സംസ്ഥാനങ്ങളും ഈ രീതി പിന്തുടരുന്നുണ്ട്.
കോണ്ടം സൗജന്യവിതരണം നടത്തുന്നത് ടാക്സി ഡ്രൈവർമാരും ബൈക്ക് റൈഡർമാരുമാണ്. ചുവന്ന ജാക്കറ്റ് ധരിച്ചാണ് ഇവർ ക്യാംപെയിൻ നടത്തുന്നത്. വാഹനത്തിന്റെ മുൻസീറ്റിന്റെ ബാക്ക് പോക്കറ്റിലാണ് ടാക്സികളിൽ കോണ്ടം സൂക്ഷിക്കുന്നത്. ഇത് യാത്രക്കാർക്ക് എടുക്കാം.
ഫ്രീ ലവ് കോണ്ടംസ് എന്ന പേരിലാണ് ഈ ക്യാംപെയിൻ നടക്കുന്നത്. കോണ്ടം സൗജന്യമായി വിതരണം ചെയ്യുക മാത്രമല്ല യാത്രക്കാർക്ക് എയ്‌ഡ്സ് രോഗത്തെക്കുറിച്ച് കൗൺസലിങ് നൽകാനും ഈ ഡ്രൈവർമാരെ പരിശീലിപ്പിച്ചിട്ടുണ്ട്. മിസോറാം സ്റ്റേറ്റ് എയ്‌ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ ഫ്രീ എച്ച്.എച്ച്.ഐ.വി. ടെസ്റ്റുകളെക്കുറിച്ച് വിവരം നൽകുന്ന ലഘുലേഖകളും പൊതുജനങ്ങൾക്ക് സൗജന്യമായി നൽകുന്നുണ്ട്.
പൊതുജന മധ്യത്തിൽ ഈ വിഷയം ചർച്ച ചെയ്യാനുള്ള ബുദ്ധിമുട്ട് നീക്കുക എന്ന ലക്ഷ്യത്തോടെയാണ് ബൈക്ക് റൈഡർമാരുടെ അസോസിയേഷനുമായി കൂടി യോജിച്ച് ദ ലവ് ബ്രിഗേഡ് എന്ന പേരിൽ ക്യാംപെയിൻ നടത്തുന്നത്. ഡിസംബർ ഒന്നു മുതൽ പതിമൂന്ന് വരെയുള്ള ദിവസങ്ങളിൽ ബോധവത്‌ക്കരണത്തിനായി നിരവധി പരിപാടികളാണ് തയ്യാറാക്കിയിരിക്കുന്നത്.
കോവിഡ് 19 മഹാമാരിയെത്തുടർന്ന് എച്ച്.ഐവി.എയ്‌ഡ്സിൽ നിന്നും ശ്രദ്ധ വഴിമാറിപ്പോയ സാഹചര്യമുണ്ടെന്ന് മിസോറാം ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി ആർ. ലാൽ താങ്ക്ളിയാന പറഞ്ഞു
Content Highlights:Mizoram launches love brigade to create HIVAIDS awareness distributes free condoms to public, World Aids Day 2020, Health