ഒരിക്കൽ ബാധിച്ചാൽ പിന്നീടൊരിക്കലും പൂർണമായും ഭേദമാവാത്ത രോഗമാണ് എച്ച്.ഐ.വി. എയ്‌ഡ്സ്. അതിനാൽ തന്നെ രോഗം ഇതാണെന്ന് തിരിച്ചറിഞ്ഞാൽ രോഗബാധിതരിൽ വലിയ തോതിൽ മാനസിക ബുദ്ധിമുട്ടുകൾ കണ്ടുവരാറുണ്ട്.
വിഷാദം, ഉത്‌കണ്ഠ, ബൈപോളാർ ഡിസോർഡർ, ലഹരി അടിമത്ത രോഗങ്ങൾ എന്നിവയാണ് പൊതുവേ കണ്ടുവരാറുള്ളത്. ഇവയിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്നത് വിഷാദരോഗങ്ങളാണ്. എച്ച്.ഐ.വി. നിർണയിക്കപ്പെടുന്നതോടു കൂടി ഇത് ഭേദമാകാത്ത രോഗമാണെന്ന ചിന്ത രോഗിയുടെ മനസ്സിലേക്കെത്തും. എച്ച്.ഐ.വി. അണുബാധയുണ്ടാകുന്നതോടുകൂടി സമൂഹത്തിലും തൊഴിൽമേഖലയിലും കുടുംബ ബന്ധങ്ങളിലുമെല്ലാം രോഗി ഒറ്റപ്പെടാൻ തുടങ്ങും. ഇത് രോഗിയിൽ വിഷാദം ശക്തിപ്പെടാൻ ഇടയാക്കും.
വിഷാദത്തിനുള്ള കാരണങ്ങൾ
- എച്ച്.ഐ.വി. ബാധിക്കുമ്പോൾ ഉണ്ടാകുന്ന മറ്റ് ചില അണുബാധകളും തലച്ചോറിനെ ബാധിക്കാനിടയാകും. ഇത് വിഷാദരോഗ ലക്ഷണങ്ങൾ പ്രകടമാകാൻ ഇടയാകും.
- എച്ച്.ഐ.വി. ചികിത്സയ്ക്കുള്ള ചില പ്രത്യേക മരുന്നുകൾ(ആന്റി റിട്രോവൈറൽ തെറാപ്പി) ചിലരിൽ വിഷാദ രോഗത്തിന് കാരണമായേക്കും.
എങ്ങനെ തിരിച്ചറിയാം
വിഷാദരോഗ ലക്ഷണങ്ങൾ ഉണ്ടോയെന്ന് തിരിച്ചറിയാൻ ചില വഴികളുണ്ട്. താഴെ പറയുന്ന ഒൻപത് ലക്ഷണങ്ങളിൽ ഏതെങ്കിലും അഞ്ചെണ്ണം രണ്ടാഴ്ചയിൽ കൂടുതൽ നിലനിൽക്കുന്നതായി കാണുകയാണെങ്കിൽ വിഷാദരോഗം സംശയിക്കാം. ആ ലക്ഷണങ്ങൾ ഇവയാണ്.
- രാവിലെ മുതൽ രാത്രി വരെ നീണ്ടുനിൽക്കുന്ന വിഷാദം.
- മുൻപ് ചെയ്തിരുന്ന കാര്യങ്ങൾ ചെയ്യുന്നതിൽ ആഹ്ലാദമില്ലായ്മയും താത്‌പര്യമില്ലായ്മയും.
- ദീർഘനേരം ചിന്തയിൽ മുഴുകിയിരിക്കൽ, ശുഭാപ്തി വിശ്വാസമില്ലായ്മ, അവനവന്റെ അവസ്ഥയെക്കുറിച്ചുള്ള പരിവേദനം.
- ഒറ്റപ്പെട്ട് ഇരിക്കൽ.
- തമാശ കേട്ടാൽ പോലും ചിരിക്കാത്ത, വൈകാരിക ഭാവങ്ങൾ വരാത്ത അവസ്ഥ.
- സദാസമയവും ഭയം നിറഞ്ഞ മുഖഭാവം, കരച്ചിൽ വരുന്ന അവസ്ഥ.
- ചിന്തകളുടെയും പ്രവർത്തികളുടെയും ഗതിവേഗത്തിലുള്ള കുറവ്.
- വിഷാദ ചിന്തകൾ, നിരാശ, പ്രതീക്ഷയില്ലായ്മ, തന്നെയാരും സഹായിക്കാനില്ലെന്ന തോന്നൽ, അകാരണമായ കുറ്റബോധം, താൻ ഉപയോഗശൂന്യമാണെന്ന തോന്നൽ.
- മരിക്കണമെന്ന തോന്നൽ, ആത്മഹത്യാപ്രവണത.
ഈ ലക്ഷണങ്ങളിൽ അഞ്ചെണ്ണമെങ്കിലും രണ്ടാഴ്ചയിൽ കൂടുതൽ നിലനിൽക്കുന്നുണ്ടെങ്കിൽ ആ വ്യക്തിയ്ക്ക് വിഷാദമുണ്ടെന്ന് മനസ്സിലാക്കാം.
വിഷാദരോഗ ബാധിതരായ വ്യക്തികളുടെ തലച്ചോറിലെ സെറാട്ടോണിൻ, നോർ എപ്പിനെഫ്രിൻ തുടങ്ങിയ രാസവസ്തുക്കളുടെ അളവ് കുറഞ്ഞതായി കാണാം. അണുബാധകൾ തലച്ചോറിനെ ബാധിച്ചും, ചികിത്സയുടെ ഭാഗമായി ഉപയോഗിക്കുന്ന മരുന്നുകളുടെ പാർശ്വഫലമായും ജീവിതസാഹചര്യങ്ങളിലെ വ്യത്യാസങ്ങളും മൂലം വിഷാദരോഗം ബാധിക്കാം.
ചികിത്സ
വിഷാദലക്ഷണങ്ങൾ തീവ്രമായാൽ ചികിത്സ തേടണം. രോഗത്തിന് കാരണമായ ഘടകങ്ങളെ വിലയിരുത്തിയാണ് ചികിത്സ നിശ്ചയിക്കേണ്ടത്. തലച്ചോറിലെ സെറാട്ടോണിൻ, നോർ എപ്പിനെഫ്രിൻ എന്നിവയുടെ അളവ് ക്രമീകരിക്കാൻ സഹായിക്കുന്ന മരുന്നുകൾ വിഷാദരോഗ ചികിത്സയ്ക്ക് വളരെ ഫലപ്രദമാണ്. ചിന്താവൈകല്യങ്ങൾ തിരുത്താനാവശ്യമായ ബൗദ്ധിക പെരുമാറ്റ ചികിത്സ, മാനസിക സമ്മർദം കുറയ്ക്കാൻ സഹായിക്കുന്ന റിലാക്സേഷൻ വ്യായാമങ്ങൾ, ഉറക്കം ക്രമീകരിക്കാൻ സഹായിക്കുന്ന നിദ്രാശുചിത്വ വ്യായാമങ്ങൾ ഇവയൊക്കെ വിഷാദരോഗ ബാധിതർക്ക് സഹായമേകും.
എച്ച്.ഐ.വി. അണുബാധയെ തുടർന്നോ അല്ലെങ്കിൽ മറ്റെന്തെങ്കിലും അണുബാധയോ മൂലമുള്ള വിഷാദരോഗമാണെങ്കിൽ അവയ്ക്കുള്ള കൃത്യമായ ചികിത്സ കൃത്യമായ രോഗനിർണയത്തിനു ശേഷം നൽകണം. എച്ച്.ഐ.വി. ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്നുകളുടെ പാർശ്വഫലമായി ഉണ്ടായ വിഷാദമാണെങ്കിൽ ആ മരുന്നുകൾക്കൊപ്പം വിഷാദവിരുദ്ധ മരുന്നുകൾ കൂടി നൽകി ചികിത്സിക്കേണ്ടതാണ്. കാരണം, എച്ച്.ഐ.വി. ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകൾ വിഷാദമുണ്ടാക്കി എന്ന കാരണം കൊണ്ട് അവ ഉപയോഗിക്കാതിരിക്കാൻ സാധിക്കില്ല. അക്കാര്യം ചികിത്സിക്കുന്ന ഡോക്ടറുമായി സംസാരിച്ച് പ്രതിപ്രവർത്തനം ഇല്ലാത്ത, വിഷാദം പാർശ്വഫലമുണ്ടാകാത്ത മരുന്നുകൾ ഉപയോഗിക്കേണ്ടതാണ്.
മാനസിക പിന്തുണ നൽകണം
എച്ച്.ഐ.വി. ബാധിതനായ വ്യക്തിയ്ക്ക് ശക്തമായ മാനസിക പിന്തുണ സമൂഹത്തിൽ നിന്നും കുടുംബത്തിൽ നിന്നും നൽകണം. ചികിത്സിക്കുന്ന ഡോക്ടറും കുടുംബവും സമൂഹവും രോഗിക്ക് മാനസിക പിന്തുണ നൽകണം. രോഗിക്ക് മാനസിക സമ്മർദം വരുമ്പോൾ ആ മാനസിക സംഘർഷം പരിഹരിക്കാൻ ആവശ്യമായ മാനസികാരോഗ്യ പ്രഥമശുശ്രൂഷ നൽകാൻ കുടുംബവും സമൂഹവും ആരോഗ്യപ്രവർത്തകരും തയ്യാറാകണം. ഈ ഇടപെടലുകൾ കൊണ്ട് പരിഹരിക്കാൻ സാധിക്കാത്ത അത്രയും മാനസിക സംഘർഷമുണ്ടെങ്കിൽ എത്രയും വേഗം ഒരു സൈക്യാട്രിസ്റ്റിനെ കണ്ട് ചികിത്സ തേടണം.
ഉത്‌കണ്ഠാരോഗങ്ങൾ
എച്ച്.ഐ.വി.രോഗികൾക്കുണ്ടാകാനിടയുള്ള മറ്റൊരു രോഗമാണ് ഉത്‌കണ്ഠാരോഗങ്ങൾ. ഇതിൽ തന്നെ പ്രത്യേകിച്ചും പാനിക് ഡിസോർഡർ. വെറുതെയിരിക്കുമ്പോൾ അമിത ഉത്‌കണ്ഠയുടെ ലക്ഷണങ്ങൾ വന്ന് കുഴഞ്ഞുവീണ് മരിക്കുമെന്ന ഭീതിയാണ് പ്രധാന ലക്ഷണം. ഉറക്കക്കുറവ്, മദ്യവും മറ്റ് ലഹരി വസ്തുക്കളോടുമുള്ള അടിമത്തം, വിഷാദവും ഉൻമാദവും മാറിമാറി വരുന്ന അവസ്ഥയായ ബൈപോളാർ ഡിസോർഡർ എന്ന അവസ്ഥ ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ രോഗാവസ്ഥകൾക്കെല്ലാം മികച്ചതും ഫലപ്രദവുമായ ചികിത്സകൾ ലഭ്യമാണ്. അത് കൃത്യസമയത്ത് നൽകിയാൽ ഇത്തരം മാനസിക പ്രശ്നങ്ങൾ കൃത്യമായി പരിഹരിക്കാൻ സാധിക്കും. അതുവഴി എച്ച്.ഐ.വി. ബാധിതരുടെ ജീവിത ഗുണനിലവാരം മെച്ചപ്പെടുത്താനും സാധിക്കും.
(തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലെ സൈക്യാട്രിസ്റ്റാണ്
ലേഖകൻ)
Content Highlights;How to solve the mental problems of people living with HIV AIDS, World AIDS Day 2020, Health, Mental Health