ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലമാണ് ​ഗർഭധാരണം. ശരീരത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുന്ന സമയവും കൂടിയാണിത്. ഈ സമയത്ത് പലതരം അസ്വസ്ഥതകൾ ​ഗർഭിണികൾക്ക് ഉണ്ടാകാനിടയുണ്ട്. ചൂടുകാലത്ത് ഇത്തരം അസ്വസ്ഥതകൾ വർധിക്കാം. വേനൽക്കാലത്ത് രാജ്യത്തിന്റെ എല്ലാ ഭാ​ഗങ്ങളിലും കടുത്ത ചൂടാണ് അനുഭവപ്പെടുക. ഇത് ​ഗർഭിണികൾക്ക് അസ്വസ്ഥതകളുണ്ടാക്കും. 

​ഗർഭകാലത്തുണ്ടാകുന്ന ശാരീരിക- മാനസിക അസ്വസ്ഥതകൾ ഇവയാണ്:

* ​ഗർഭകാലത്തിന്റെ ആദ്യസമയങ്ങളിൽ ഓക്കാനം, ഛർദി
* ​ദഹന പ്രശ്നങ്ങൾ, ​ഗ്യാസിന്റെ പ്രശ്നം, വിശപ്പില്ലായ്മ
* ​ഭാരം 10-12 കിലോ ​ഗ്രാം കൂടൽ
* കാലുകളിലും കാൽപാദങ്ങളിലും ആദ്യ മൂന്ന് മാസങ്ങൾ കഴിയുമ്പോൾ ഫ്ളൂയിഡ് കൂടുന്നു
* ​​ഗർഭപാത്രം വലുതാകുന്നതിനാൽ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ടാകുന്നു
* ​ചൂട് കൂടുന്നതുപോലെയുള്ള തോന്നൽ

​ഇക്കാര്യങ്ങൾ ചെയ്യാം

 ധാരാളം വെള്ളം കുടിക്കുക: ദിവസവും കുറഞ്ഞത് മൂന്ന് ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. ഇളനീർ വെള്ളവും ഫ്രഷ് ജ്യൂസും കുടിക്കാം (​ഗർഭകാല പ്രമേഹമുള്ളവർ ഇത് ഒഴിവാക്കണം). നന്നായി വെള്ളം കുടിക്കുന്നത് നിർജ്ജലീകരണത്തെയും ഹീറ്റ് സ്ട്രോക്കിനെയും മാറ്റും. 

ഭക്ഷണത്തിൽ ശ്രദ്ധിക്കാം: ധാരാളം പച്ചക്കറികളും, സ്പ്രൗട്ടട് സാലഡുകളും തണ്ണിമത്തൻ പോലുള്ള പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. യോ​ഗർട്ട്, ബട്ടർമിൽക്ക് എന്നിവ കഴിക്കുന്നതും ശരീരത്തിന് തണുപ്പേകും. അമിതമായി എണ്ണ, നെയ്യ്, മസാല എന്നിവ ഭക്ഷണം പാകം ചെയ്യുന്നതിൽ ഉൾപ്പെടുത്തരുത്. അമിതമായി ഉപ്പും വേണ്ട. 

വ്യായാമം: ​ഗർഭകാലത്തും സാധാരണ ചെയ്യുന്ന ലഘുവായ വ്യായാമങ്ങൾ ചെയ്യാം.  നീന്തൽ പതിവായി ചെയ്യാറുണ്ടെങ്കിൽ അത് ചെയ്യാം. പതിവായി ചെയ്യുന്ന വ്യായാമങ്ങൾ രാവിലെ നേരത്തെയും അല്ലെങ്കിൽ വെെകുന്നേരവും ചൂട് നല്ലവണ്ണം കുറഞ്ഞ സമയത്ത് മാത്രം ചെയ്യുക. 

കാൽ ഉയർത്തിവെക്കുക: കിടക്കുമ്പോൾ ഒരു തലയിണ വെച്ച് കാൽപാദം ഉയർത്തിവെച്ച് കിടക്കുക. ഇതുവഴി കാലുകളിലും പാദങ്ങളിലും ഫ്ളൂയി‍ഡ് കെട്ടിനിൽക്കാതെ നോക്കാനാകും. 

വസ്ത്രങ്ങളും ചെരിപ്പുകളും: അയവുള്ള കോട്ടൺ വസ്ത്രങ്ങൾ മാത്രം ധരിക്കുക. കാൽപാദത്തിന് സുഖം നൽകുന്ന തരം ചെരിപ്പുകൾ വേണം ധരിക്കാൻ. ഇത് കാലിൽ നീര് വരാതിരിക്കാൻ സഹായിക്കും. 

പുറത്തേക്ക് പോകുമ്പോൾ കുട ചൂടാം: വെയിലിൽ പുറത്തേക്ക് പോകുമ്പോൾ ഇളംനിറത്തിലുള്ള കുട ചൂടുന്നത് ശരീരത്തിന് ചൂട് ബാധിക്കാതെ നോക്കാൻ സഹായിക്കും. 

നന്നായി ഉറങ്ങണം: പകൽ ഉച്ചയ്ക്ക് ശേഷം അരമണിക്കൂർ ഒരു ചെറുമയക്കം നല്ലതാണ്. രാത്രിയും നന്നായി ഉറങ്ങണം.

Content Highlights: Pregnant women and summer tips to follow, Health, Summer Health 2021