വേനൽക്കാലത്ത് സാധാരണയായി കാണുന്നതാണ് ചൂടുകുരു. കടുത്ത ചൊറിച്ചിലും അസ്വസ്ഥതയും ഇതുമൂലം ഉണ്ടാകാറുണ്ട്. ചൂടുകുരുവിനുള്ള പൗഡർ പലരും ഉപയോ​ഗിക്കാറുണ്ട്. അത് ശരീരത്തിൽ പുരട്ടിയാൽ ചൂടുകുരുവിന് പലപ്പോഴും ആശ്വാസം ലഭിക്കാറുമുണ്ട്. 

ചൂടുകുരു എങ്ങനെയുണ്ടാകുന്നു?

ചൂടു കൂടുമ്പോൾ വിയർപ്പു​ഗ്രന്ഥികളിൽ തടസ്സമുണ്ടാകും. ആ സമയത്ത് വിയർപ്പ് ശരീരത്തിൽ കെട്ടിനിൽക്കും. ഇതോടെ ചർമോപരിതലത്തിൽ ചെറിയ കുരുക്കളുണ്ടാകും. ഈ സമയത്ത് കൃത്യമായി ശ്രദ്ധിച്ചില്ലെങ്കിൽ ശരീരത്തിലെ രോമകൂപങ്ങളിൽ അണുബാധയ്ക്ക് വഴിയൊരുക്കും. ഫോളിക്യുലെെറ്റിസ് എന്ന രോ​ഗം ഇതുമൂലം ഉണ്ടാകാനിടയുണ്ട്. ചൊറിച്ചിലും വേദനയുമാണ് ഇതുമൂലം ഉണ്ടാവുക. 

ചൂടുകുരു പൗഡർ ഉപയോ​ഗിക്കുമ്പോൾ അറിയേണ്ടത്

ചൂടുകുരു ഉണ്ടാകുന്നത് ബാക്ടീരിയ മൂലമോ വെെറസ് മൂലമോ ആകാം. പൊതുവേ ചൂടുകുരു മാറാനായി ഉപയോ​ഗിക്കുന്ന ചൂടുകുരു പൗഡർ ആന്റിബാക്ടീരിയൽ, ആന്റിവെെറൽ, ആന്റിഫം​ഗൽ എന്നിവയും സ്റ്റിറോയ്ഡും ഉൾപ്പെടുന്ന ഒരു മിശ്രിതമാണ്. ഇത് ചൂടുകുരുവിന്റെ ബുദ്ധിമുട്ടുകളും അസ്വസ്ഥതകളും ഒരു പരിധിവരെ അകറ്റാറുണ്ട്. 

ഇത്രയുമൊക്കെ ​ഗുണങ്ങളുണ്ടെങ്കിലും ഇവ സ്ഥിരമായി ഉപയോ​ഗിക്കുന്നത് നല്ലതല്ല. കാരണം,  എന്തുകൊണ്ടാണ് ചൂടുകുരു ഉണ്ടാകുന്നതെന്ന് അറിയാതെ നാലു തരം മരുന്നുകൾ അടങ്ങിയ ഒരു മിശ്രിതം ഉപയോ​ഗിക്കേണ്ട കാര്യമില്ല 

പ്രമേഹരോ​ഗികൾ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ, കാൻസർ രോ​ഗികൾ, ഡയാലിസിസ് ചെയ്യുന്നവർ, അവയവമാറ്റം ചെയ്തവർ തുടങ്ങിയവർ ചികിത്സിക്കുന്ന ഡോക്ടറുടെ നിർദേശമില്ലാതെ ഇത്തരം ചൂടുകുരു പൗഡർ ഉപയോ​ഗിക്കരുത്. 
 
ഇക്കാര്യങ്ങൾ ചെയ്യാം

  • ശരീരത്തിന് തണുപ്പ് ലഭിച്ചാൽ ചൂടുകുരു ഉണ്ടാവുന്നത് തടയാനാകും. ഇതിനായി സാധാരണ വെള്ളത്തിൽ(പച്ചവെള്ളത്തിൽ) ദിവസവും രണ്ടു നേരം കുളിക്കണം. ഇത് ശരീരത്തിന് തണുപ്പ് നൽകും. 
  • അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ മാത്രം ധരിക്കുക.ചൂടു കൂട്ടുന്ന  മറ്റ് വസ്ത്രങ്ങൾ ഒഴിവാക്കുക. 
  • വിയർക്കുമ്പോൾ കോട്ടൺ തുണി ഉപയോ​ഗിച്ച് തുടച്ച് നീക്കുക. 
  • ശരീരത്തിൽ വെള്ളത്തിന്റെ അളവ് കുറയുന്നത് നിർജ്ജലീകരണത്തിന് ഇടയാക്കും. ഒപ്പം ഇത് ചർമത്തിന്റെ സ്നി​ഗ്ധത കുറയാനും ഇടയാക്കും. അതിനാൽ ചൂടുകാലത്ത് ധാരാളം വെള്ളം കുടിക്കാൻ മറക്കരുത്. 

നിർജ്ജലീകരണം വരാതെ നോക്കണം

ശരീരത്തിൽ ആവശ്യത്തിന് വെള്ളം ലഭിക്കാത്ത അവസ്ഥയുണ്ടാകുമ്പോഴാണ് നിർജ്ജലീകരണം ഉണ്ടാകുന്നത്. കടുത്ത ദാഹം, മൂത്രം വളരെ കുറയുക, മൂത്രത്തിന് ഇരുണ്ട നിറം, ക്ഷീണം, ചർമത്തിന് വരൾച്ച തുടങ്ങിയവ നിർജ്ജലീകരണത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. 

നിർജ്ജലീകരണം ഉണ്ടായാൽ ശരീരത്തിലെ ധാതുക്കളുടെയും മറ്റും സന്തുലിതാവസ്ഥയെ ബാധിക്കും. ​ഗുരുതര പ്രശ്നങ്ങൾക്കാണ് ഇത് വഴിയൊരുക്കുക. അതിനാൽ ദിവസവും മൂന്ന് ലിറ്ററെങ്കിലും വെള്ളം കുടിക്കണം. ദ്രവരൂപത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കാം. നിർജ്ജലീകരണം അകറ്റാൻ വളരെ നല്ലതാണ് ഒ.ആർ.എസ്. ലായനി. ഇതെല്ലാം ചെയ്തിട്ടും നിർജ്ജലീകരണം തുടർന്നാൽ, അത്തരത്തിൽ  കടുത്ത നിർജ്ജലീകരണം ബാധിച്ചയാളെ എത്രയും വേ​ഗം ആശുപത്രിയിലെത്തിച്ച് വെെദ്യസഹായം നൽകേണ്ടതുണ്ട്. 

വിവരങ്ങൾക്ക് കടപ്പാട്:
ഡോ. സൗമ്യ സത്യൻ
കൺസൾട്ടന്റ് ഫിസിഷ്യൻ
ജനറൽ മെഡിസിൻ വിഭാ​ഗം
മൗലാന ഹോസ്പിറ്റൽ പെരിന്തൽമണ്ണ

Content Highlights: Summer Health 2021 how to cure heat rash during summer, Health, Summer Diseases