ടുത്ത വേനല്‍ച്ചൂടാണ് ഇപ്പോള്‍. ഉച്ചവെയിലില്‍ ഒന്ന് പുറത്തേക്ക് ഇറങ്ങാന്‍ പോലും എല്ലാവരും മടിക്കുന്ന അത്രയും വെയില്‍. ഈ സമയത്ത് വ്യായാമം ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ എല്ലാവര്‍ക്കും മടിയാണ്. അതിനാല്‍ തന്നെ പതുക്കെ അതങ്ങ് വേണ്ടെന്ന് വയ്ക്കും.

എന്നാല്‍ വേനല്‍ക്കാലത്തും ഔട്ട്‌ഡോര്‍ വ്യായാമങ്ങള്‍ ചെയ്യാം. ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ മതി. ശ്രദ്ധിച്ചില്ലെങ്കില്‍ അമിതമായി വ്യായാമം ചെയ്ത് വിയര്‍പ്പ് കൂടാനും ഹീറ്റ് സ്‌ട്രോക്ക്, ഛര്‍ദി, തലവേദന, നിര്‍ജ്ജലീകരണം എന്നിവയുണ്ടാകാനും ഇടയാകും. 

ചൂടുകൂടിയാല്‍ എന്ത് സംഭവിക്കും?

ദീര്‍ഘനേരം ശരീരം ചൂടായി നിന്നാല്‍ ശരീരത്തിന്റെ സ്വാഭാവിക കൂളിങ് സംവിധാനം തകരാറിലാകും. ഇത് കടുത്ത ക്ഷീണത്തിനും ഹീറ്റ് സ്‌ട്രോക്ക് എന്ന അവസ്ഥയുണ്ടാകാനും കാരണമാകും. 

ധാരാളം വെള്ളം കുടിച്ചാല്‍ ഈ പ്രശ്‌നം മറികടക്കാനാകുമോ?

ധാരാളം വെള്ളം വെറുതെ കുടിച്ചതുകൊണ്ട് കാര്യമില്ല. കാരണം, വ്യായാമം ചെയ്ത് വിയര്‍ക്കുമ്പോള്‍ ശരീരത്തില്‍ നിന്ന് നഷ്ടപ്പെടുന്നത് വെള്ളം മാത്രമല്ല, ഇലക്ട്രോലൈറ്റുകളും ഉപ്പും കൂടിയാണ്. ശരീരത്തിലെ ഫ്‌ളൂയിഡ് ബാലന്‍സ് നിയന്ത്രിക്കുന്നത് ഇലക്ട്രോലൈറ്റുകള്‍ ആണ്. പൊട്ടാസ്യം, സോഡിയം, ക്ലോറൈഡ്, ഫോസ്ഫറസ്, മഗ്നീഷ്യം, കാല്‍സ്യം തുടങ്ങിയവയാണ് ഇലക്ട്രോലൈറ്റുകളില്‍ ഉള്‍പ്പെടുന്നത്. ഇലക്ട്രോലൈറ്റുകള്‍ ആവശ്യത്തിന് ശരീരത്തില്‍ ലഭിച്ചില്ലെങ്കില്‍ അത് പേശീവേദന(muscle cramps), കോച്ചിപ്പിടുത്തം, ക്ഷീണം തുടങ്ങിയവയും ഹൃദയത്തിന് പ്രശ്‌നങ്ങളും ഉണ്ടാകാം.  

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

  • പകല്‍ പത്ത് മുതല്‍ ഉച്ചയ്ക്ക് മൂന്നുമണി വരെയുള്ള സമയത്ത് വ്യായാമം ചെയ്യുന്നത് ഒഴിവാക്കുക. ഒരു ദിവസത്തെ ഏറ്റവും ചൂടുള്ള സമയമാണിത്. അതിരാവിലെയാണ് വര്‍ക്ക്ഔട്ട് ചെയ്യാന്‍ പറ്റിയ സമയം. ആ സമയത്ത് സാധിക്കുന്നില്ലെങ്കില്‍ വൈകുന്നേരം ചെയ്യാം. 
  • കടുത്ത നിറമുള്ള വസ്ത്രങ്ങള്‍ വ്യായാമം ചെയ്യുമ്പോള്‍ ധരിക്കരുത്. ഇവ ചൂടിനെ ആഗിരണം ചെയ്യും. പകരം ഇളംനിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിക്കാം. ഇവ ചൂടിനെ പ്രതിഫലിപ്പിക്കും. അപ്പോള്‍ ശരീരത്തിന് ചൂട് കുറയും. ഇറുകിയ വസ്ത്രങ്ങള്‍ ചൂട് കൂട്ടും. ചര്‍മത്തിന് ശ്വസിക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാകും. പകരം അയഞ്ഞ വസ്ത്രങ്ങള്‍ മതി. അപ്പോള്‍ ശരീരത്തില്‍ ആകമാനവും ചര്‍മത്തിലും കൂടുതല്‍ വായുപ്രവാഹം ഉണ്ടാകും. ഇത് ശരീരത്തെ തണുപ്പിക്കും. കോട്ടണ്‍ വസ്ത്രങ്ങള്‍ ആണ് വേനല്‍ക്കാലത്ത് ധരിക്കാന്‍ ഏറ്റവും നല്ലത്. ഇവ വിയര്‍പ്പിനെ ആഗിരണം ചെയ്യും. 
  • വേനല്‍ക്കാലത്തും സണ്‍സ്‌ക്രീന്‍ ഒഴിവാക്കേണ്ടതില്ല. പുറത്ത് വ്യായാമം ചെയ്യുകയാണെങ്കില്‍ എസ്.പി.എഫ്. 30 എങ്കിലും ഉള്ള സണ്‍സ്‌ക്രീന്‍ ലോഷനുകള്‍ പുരട്ടണം. ഇത് സണ്‍ബേണിനെ പ്രതിരോധിക്കും, ചര്‍മത്തിന് പ്രായമാകുന്നത് തടയും. ശരീരം മുഴുവന്‍ മൂടുന്ന തരം വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് ചൂടിനെ ചെറുക്കാന്‍ നല്ലത്. 
  • എപ്പോഴും ഒരു കുപ്പി വെള്ളം കൈയില്‍ കരുതുന്നത് നല്ലതാണ്. വ്യായാമം ചെയ്യുന്നതിന് മുന്‍പ് കുറഞ്ഞത് രണ്ട് ഗ്ലാസ് വെള്ളം കുടിക്കണം. വര്‍ക്ക്ഔട്ടിന്റെ ഇടവേളകളില്‍ ഇടയ്ക്കിടെ വെള്ളം അല്പാല്പമായി കുടിക്കാം. വ്യായാമം ചെയ്ത് കഴിഞ്ഞാല്‍ കൂടുതല്‍ വെള്ളം കുടിക്കണം. പഴങ്ങളും പച്ചക്കറികളും കഴിച്ചാല്‍ ഇലക്ട്രോലൈറ്റുകളും ആവശ്യത്തിന് ലഭിക്കും. സ്‌പോര്‍ട്‌സ് ഡ്രിങ്ക്‌സ് ഒഴിവാക്കാം. കാരണം ഇതില്‍ ഉയര്‍ന്ന കലോറിയുണ്ട്. 
  • വ്യായാമം ചെയ്യുമ്പോള്‍ ക്ഷീണവും തലചുറ്റലോ ഓക്കാനമോ വന്നാല്‍ അപ്പോള്‍ തന്നെ വ്യായാമം നിര്‍ത്തണം. ഉയര്‍ന്ന ഹൃദയമിടിപ്പ്, ചെറിയ തലവേദന, ക്ഷീണം, കുഴച്ചില്‍, പേശീവേദന, ഛര്‍ദി തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ അവയെ ശ്രദ്ധിക്കാതെ വിടരുത്. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഇരിക്കുക. ഇതിനുശേഷം വെള്ളം കുടിച്ച് എന്തെങ്കിലും പഴങ്ങള്‍ കഴിക്കാം.

Content Highlights: Summer Health 2021, Do's and don'ts of exercising in summer, Health, Summer Health Tips