വേനൽക്കാലമാണ്. പ്രകൃതിയ്ക്ക് മാത്രമല്ല ശരീരത്തിനും ചൂട് കൂടും. ഈ സമയത്ത് ശരീരത്തിൽ ആവശ്യത്തിന് ജലാംശമില്ലെങ്കിൽ പല ശാരീരിക അസ്വസ്ഥതകൾക്കും ഇടയാക്കും. ഈ സമയത്ത്  ശരീരത്തിന് തണുപ്പ് ലഭിക്കാൻ സഹായിക്കുന്ന പലതമുണ്ട്. 

മാമ്പഴം

വേനൽക്കാലത്ത് കഴിക്കാവുന്ന മികച്ച ഒരു പഴമാണ് മാമ്പഴം. ഇതിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. സ്മൂത്തിയായോ അല്ലെങ്കിൽ മാമ്പഴമായോ തന്നെ കഴിക്കാം. വിറ്റാമിനുകളായ എ, സി എന്നിവയും സോഡിയം, ഫെെബർ തുടങ്ങിയവയും നിരവധി ധാതുക്കളും മാമ്പഴത്തിൽ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്താനും അമിതവണ്ണവും ഹൃദ്രോ​ഗങ്ങളും തടയാനും പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും. മാമ്പഴത്തിന്റെ ഭൂരിഭാ​ഗവും വെള്ളം അടങ്ങിയതാണ്. അതിനാൽ ഇത് ശരീരത്തിലെ ഫ്ളൂയിഡ് നില സംതുലനാവസ്ഥയിലാക്കാൻ സഹായിക്കും. 

തണ്ണിമത്തൻ

മധുരമുള്ളതും രുചികരവും തണുപ്പുള്ളതുമാണ് തണ്ണിമത്തൻ. ഇത് വേനൽച്ചൂടിൽ ഏറെ ആശ്വാസകരമാണ്. തണ്ണിമത്തനിൽ ഭൂരിഭാ​ഗവും വെള്ളം അടങ്ങിയിരിക്കുന്നു. അതിനാൽ തന്നെ ശരീരത്തിൽ വെള്ളത്തിന്റെ നില കാത്തുസൂക്ഷിക്കാൻ സാധിക്കുന്നു. ഫെെബർ, വിറ്റാമിൻ എ, സി, മ​ഗ്നീഷ്യം, പൊട്ടാസ്യം, ആന്റിഓക്സിഡന്റ് ലെെക്കോപീൻ തുടങ്ങിയവയും ഇതിൽ അടങ്ങിയിരിക്കുന്നു. 

ഓറഞ്ച്

സിട്രസ് വിഭാ​ഗത്തിൽപ്പെടുന്ന പഴമാണിത്. പൊട്ടാസ്യം ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കടുത്ത ചൂട് മൂലം ശരീരത്തിൽ നിന്ന് പൊട്ടാസ്യം വിയർപ്പിലൂടെ നഷ്ടപ്പെടാൻ ഇടയാക്കുന്നു. ഇത് പേശികൾക്ക് അസ്വസ്ഥതകളുണ്ടാക്കാം (muscle cramps). സിട്രസ് പഴമായ ഓറഞ്ച് കഴിക്കുന്നത് പൊട്ടാസ്യം നഷ്ടപ്പെടാതിരിക്കാൻ സഹായിക്കും. ഇതിൽ ധാരാളം വെള്ളം അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും. വിറ്റാമിൻ സി, എ, കാൽസ്യം, ഫെെബർ എന്നിവയും ഇതിൽ ധാരാളം അടങ്ങിയിരിക്കുന്നു. 

കുക്കുമ്പർ

ശരീരത്തിന് കൂളിങ് നൽകാൻ സഹായിക്കുന്ന ഒരു ​​ഗ്രീൻ സമ്മർ ഫ്രൂട്ട് ആണ് കുക്കുമ്പർ. ഇത് ശരീരത്തിന് നിർജ്ജലീകരണം വരാതിരിക്കാനും ചൂട് കൂടാതിരിക്കാനും സഹായിക്കും. വിറ്റാമിൻ കെ, പൊട്ടാസ്യം, മ​ഗ്നീഷ്യം എന്നിവയും ഇതിൽ ധാരാളം അടങ്ങിയിരിക്കുന്നു. വളരെ കുറഞ്ഞ കലോറി മാത്രമാണ് ഇതിലുള്ളത്. ചർമത്തെ ആരോ​ഗ്യമുള്ളതും സുന്ദരവുമാക്കി മാറ്റാൻ ഇത് സഹായിക്കും.  മാലിന്യങ്ങൾ നീക്കി ശരീരത്തെ ഡീടോക്സിഫെെ ചെയ്യാനും ഇത് നല്ലതാണ്. 

Content Highlights: Summer fruits and vegetables to stay hydrated and beat the heat, Health, Food