വേനല്‍ക്കാലമാണ് ഇപ്പോള്‍. ഇടയ്ക്കൊരു മഴ പെയ്തെങ്കിലും ചൂടിന് കുറവൊന്നുമില്ല. ഇക്കാലത്ത് പല രോഗങ്ങളും ബാധിക്കാറുണ്ട്. ഇത്തരം വേനല്‍ക്കാല രോഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട രോഗമാണ് ചിക്കന്‍പോക്സ്. ഏപ്രില്‍, മേയ് മാസങ്ങളിലാണ് ഇത് കൂടുതലും കണ്ടുവരുന്നത്. എന്നാല്‍ കൃത്യമായ ചികിത്സ തേടാതിരിക്കുന്നത് പലപ്പോഴും രോഗം വലിയ തോതില്‍ വ്യാപിക്കാനിടയാക്കും. കൃത്യമായി ചികിത്സിച്ചാല്‍ വളരെ നന്നായി പ്രതിരോധിക്കാവുന്ന രോഗമാണിത്.
എന്താണ് ചിക്കന്‍പോക്സ്
തലവേദന, പനി, ക്ഷീണം, വിശപ്പില്ലായ്മ, ശരീരവേദന എന്നീ ലക്ഷണങ്ങളാണ് ആദ്യമുണ്ടാവുക. ഇത് പലപ്പോഴും ചിക്കന്‍പോക്സിന്റെ ലക്ഷണങ്ങളാണെന്ന് തിരിച്ചറിയാറില്ല. രോഗം പ്രത്യക്ഷപ്പെടുന്നതിന്റെ തൊട്ടുമുന്‍പ് ചെറിയ തോതില്‍ ചൊറിച്ചില്‍ തുടങ്ങും.
തുടര്‍ന്ന് ചര്‍മത്തില്‍ ചുവന്ന് തിണര്‍ത്ത പാടുകളുണ്ടാകും. ഇവ പിന്നീട് വെള്ളം നിറഞ്ഞ ചെറിയ കുമിളകള്‍ പോലെ ഉണ്ടായി വരുമ്പോഴാണ് ചിക്കന്‍പോക്സ് ആണെന്ന് മനസ്സിലാക്കുക. ആദ്യം ഒന്നോ രണ്ടോ കുമിളകള്‍ മാത്രമേ ഉണ്ടാകൂ. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ നാലോ അഞ്ചോ ദിവസത്തിനകം ശരീരം മുഴുവന്‍ വ്യാപിക്കാന്‍ തുടങ്ങും.
നെഞ്ച്, ശരീരത്തിന്റെ പുറകുവശം, മുഖം എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ കുമിളകള്‍ ഉണ്ടാവുക. പിന്നീട് പതുക്കെ ശരീരം മുഴുവന്‍ വ്യാപിക്കും. ഗുരുതരമായ ഘട്ടത്തിലെത്തിയാല്‍ വായിലും ഗുഹ്യഭാഗത്തുമൊക്കെ കുമിളകള്‍ ഉണ്ടാകാം. കഠിനമായ ചൊറിച്ചിലും ഇതുമൂലം ഉണ്ടാകും. ഈ കുമിളകള്‍ പൊട്ടുമ്പോള്‍ അത് പൊറ്റകളായി മാറും. ഇത് പതിയെ അടര്‍ന്നുപോകും. അപ്പോള്‍ അവിടെ അതിന്റെ പാടുകള്‍ നിലനില്ക്കും. ഒരാഴ്ചയോളം ഇതുണ്ടാകും.
രോഗകാരണം
വേരിസെല്ല സോസ്റ്റര്‍ വൈറസ് ആണ് ചിക്കന്‍പോക്സിന് കാരണം. ഒരാളുടെ ശരീരത്തില്‍ ഈ രോഗാണു പ്രവേശിച്ചാലും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങാന്‍ പത്തു മുതല്‍ 21 ദിവസം വരെ വേണ്ടിവരും. ഇതിനെയാണ് ഇന്‍ക്യുബേഷന്‍ പിരിയഡ് എന്ന് പറയുന്നത്.
രോഗം പകരുന്നത്
ചര്‍മത്തിലെ കുമിളയില്‍ നിറയെ വൈറസുകള്‍ ഉണ്ടാകും. അതിനാല്‍ ഇവയില്‍ സ്പര്‍ശിക്കുന്നതു വഴി രോഗം ബാധിക്കാം. എന്നാല്‍ ശരീരത്തില്‍ കുമിളകള്‍ കണ്ടുതുടങ്ങുന്നതിന് രണ്ടുദിവസം മുന്‍പ് മുതല്‍ തന്നെ രോഗാണുക്കള്‍ മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യതയുണ്ട് എന്നത് അപകടസാധ്യത കൂട്ടുന്നു. കുമിളകള്‍ ഉണ്ടായി രണ്ട്-മൂന്ന് ആഴ്ച വരെയും രോഗം മറ്റുള്ളവരിലേക്ക് പകരും.
ചികിത്സ
ആദ്യത്തെ കുമിള കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം. മരുന്ന് കഴിക്കാന്‍ തുടങ്ങിയാല്‍ വൈറസ് പെരുകുന്നത് തടയാനാകും. അപ്പോള്‍ വൈറസിന് ശരീരത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. ശരീരത്തില്‍ കുമിളകള്‍ വ്യാപിക്കാതിരിക്കാന്‍ വിദഗ്ധ ചികിത്സ ആവശ്യമാണ്.
ചിക്കന്‍പോക്സ് ഭേദമാകാന്‍ കൃത്യമായ ചികിത്സയും വിശ്രമവും ആവശ്യമാണ്. പനിയും ശരീരവേദനയും കുറയ്ക്കാന്‍ പാരസെറ്റമോള്‍, ചര്‍മത്തിലെ ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും മാറ്റാന്‍ കലാമിന് ലോഷന്‍ എന്നിവ നിര്‍ദേശിക്കാറുണ്ട്. മുതിര്‍ന്നവര്‍ക്ക് അസെക്ലോവിര് (Acyclovir) ഗുളിക 800 എം.ജി. ദിവസവും അഞ്ചു നേരം കഴിക്കാന്‍ നിര്‍ദേശിക്കാറുണ്ട്.
ചിക്കന്‍പോക്സ് ഒരിക്കല്‍ വന്നയാള്‍ക്ക് വീണ്ടും വരുമോ?
ഒരിക്കല്‍ ചിക്കന്‍പോക്സ് വന്നയാള്‍ക്ക് വീണ്ടും വരാന്‍ 90 ശതമാനവും സാധ്യതയില്ല. രോഗം ഭേദമാകുന്നതോടു കൂടി ശരീരം സ്വാഭാവിക പ്രതിരോധശേഷി നേടും. അത് ജീവിതകാലം മുഴുവന്‍ ലഭിക്കാറുമുണ്ട്. പ്രതിരോധശേഷി കുറഞ്ഞവരില്‍ ചിലപ്പോള്‍ രോഗം വീണ്ടും കാണാറുണ്ട്. കൃത്യമായി ചികിത്സിക്കാതിരുന്നാല്‍ ന്യുമോണിയ, മസ്തിഷ്കത്തിലും ചര്‍മത്തിലുമുള്ള അണുബാധ, തൊലിപ്പുറത്ത് ഏതെങ്കിലും ഒരിടത്ത് മാത്രം വരുന്ന കുമിളകളായി കാണപ്പെടുന്ന ഹെര്‍പ്സ് സോസ്റ്റര്‍ എന്നിവ ഉണ്ടാകാനിടയുണ്ട്.
ഗര്‍ഭകാലത്ത് ചിക്കന്‍പോക്സ് ഉണ്ടായാല്‍ പ്രശ്നമാണോ?
ഗര്‍ഭകാലത്ത് ചിക്കന്‍പോക്സ് വന്നാല്‍ പ്രത്യേകം ശ്രദ്ധിക്കണം. ആദ്യത്തെ ആറുമാസത്തിലാണ് രോഗം കാണുന്നതെങ്കില്‍ അപകടസാധ്യത കൂടുതലാണ്. കുഞ്ഞിന് ഉള്‍പ്പടെ അപകടസാധ്യത ഉണ്ടാകും. അതിനാല്‍ ഗര്‍ഭകാലത്ത് ചിക്കന്‍പോക്സിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ കാണണം.
പ്രസവത്തിനു തൊട്ടു മുന്‍പാണ് ചിക്കന്‍ പോക്സ് വരുന്നതെങ്കില്‍, അത് കുഞ്ഞിന് നിയോനാറ്റല്‍ വാരിസെല്ല (neonatal varicella) എന്ന അസുഖത്തിന് കാരണമാകുന്നു. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ കുഞ്ഞിന് ഇമ്മ്യൂണോഗ്ലോബുലിന്‍ ഇഞ്ചക്ഷന് എടുക്കേണ്ടി വരും.
ഗര്‍ഭകാലത്ത് ചിക്കന്‍ പോക്സ് പകരാനുള്ള സാഹചര്യങ്ങള്‍ ഉണ്ടായാല്‍, നാലു ദിവസത്തിനുള്ളില്‍ തന്നെ ഇമ്മ്യൂണോഗ്ലോബുലിന്‍ ഇഞ്ചക്ഷന് എടുക്കുക. ഇത് ലഭ്യമല്ലെങ്കില്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം അസെക്ലോവിര്(Acyclovir)ഗുളികകള്‍ കഴിക്കേണ്ടി വരും.
ചിക്കന്‍പോക്സ് ഉള്ള സമയത്ത് കഞ്ഞി മാത്രമേ കുടിക്കാവൂ എന്നുണ്ടോ?
- ദഹിക്കാന്‍ എളുപ്പമുള്ള ഭക്ഷണങ്ങള്‍ ഏതും കഴിക്കാം.
- എണ്ണ അധികം ഉള്ളതും എരിവു കൂടിയതുമായ ഭക്ഷണങ്ങള്‍, ജങ്ക് ഫുഡ്, ചുവന്ന മാംസം എന്നിവ ഒഴിവാക്കണം.
- ധാരാളം പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ കഴിക്കണം.
- ധാരാളം വെള്ളം നിര്‍ബന്ധമായും കുടിക്കണം.
- ഉപ്പ് തീരെ ഉപയോഗിക്കാതിരിക്കരുത്. അത് ശരീരത്തില്‍ സോഡിയത്തിന്റെ അളവ് കുറയ്ക്കും. ഇത് മസ്തിഷ്കത്തിന് വരെ പ്രശ്നങ്ങളുണ്ടാക്കും.
- ഉപ്പിട്ട കഞ്ഞിവെള്ളം കുടിക്കുന്നത് ക്ഷീണം മാറാന്‍ നല്ലതാണ്. ഭക്ഷണങ്ങള്‍ ചൂടോടെ കഴിക്കം.
ചിക്കന്‍പോക്സ് വന്നാല്‍ കുളിക്കാന്‍ പാടില്ലേ?
കുളിക്കാതിരുന്നാല്‍ ശരീരത്തിലെ വിയര്‍പ്പും അഴുക്കും കുമിളകളില്‍ അടിഞ്ഞ് ബാക്ടീരിയ അണുബാധയ്ക്ക് ഇടയാക്കുന്നു. ഇത് വലിയ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. അതിനാല്‍ ദിവസവും രണ്ടുനേരം ഇളംചൂടുവെള്ളത്തില്‍ കുമിളകള്‍ പൊട്ടാത്ത തരത്തില്‍ ശരീരം കഴുകി വൃത്തിയാക്കണം. തേച്ച് ഉരച്ച് കഴുകരുത്. ശരീരം തുടയ്ക്കാന്‍ മൃദുവായ തുണി മാത്രം ഉപയോഗിക്കുക. കട്ടിയുള്ള തോര്‍ത്ത് ഉപയോഗിക്കരുത്. മൃദുവായ തുണി ഉപയോഗിച്ച് ശരീരം അമര്‍ത്തി തുടയ്ക്കാതെ നനവ് ഒപ്പിയെടുക്കുകയാണ് വേണ്ടത്.
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
- രോഗി ആളുകളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കി ക്വാറന്റീന് സ്വീകരിക്കണം. പുറത്തിറങ്ങാതെ ഒരു മുറിയില്‍ അടച്ചിരിക്കുകയാണ് വേണ്ടത്.
- രോഗി തുമ്മുന്നതും ചുമയ്ക്കുന്നതും വൈറസുകള്‍ പുറത്തേക്ക് വ്യാപിച്ച് മറ്റുള്ളവര്‍ക്ക് രോഗമുണ്ടാകാന്‍ ഇടയാക്കും. അതിനാല്‍ രോഗിയും രോഗിയെ പരിചരിക്കുന്നവരും മാസ്ക്ക് ധരിക്കുന്നതാണ് നല്ലത്.
- കൈകള്‍ ഇടയ്ക്കിടെ സോപ്പിട്ട് കഴുകണം. വ്യക്തിശുചിത്വം പാലിക്കാന്‍ ഇത് സഹായിക്കും.
- നിര്‍ജ്ജലീകരണം തടയാന്‍ വെള്ളം ധാരാളം കുടിക്കണം.
- ദഹനവ്യവസ്ഥയിലെ അസ്വസ്ഥതകള്‍ കുറയ്ക്കുവാന്‍ എണ്ണയുടെയും, മസാലകളുടെയും ഉപയോഗം കുറയ്ക്കുക.
ചിക്കന്‍പോക്സ് പ്രതിരോധത്തിന് വാക്സിന്
ചിക്കന്‍പോക്സ് വരാതിരിക്കാന്‍ വാക്സിന് ലഭ്യമാണ്. 12 വയസ്സിന് താഴെയുള്ളവര്‍ക്ക് ഒരു ഡോസും അതിന് മുകളിലുള്ളവര്‍ക്ക് രണ്ട് ഡോസുമാണ് വേണ്ടത്. ശരീരത്തില്‍ കുമിള ഉണ്ടാകുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ തന്നെ രോഗം പകരാന്‍ തുടങ്ങും എന്നതിനാല്‍ വീട്ടില്‍ ഒരാള്‍ക്ക് ചിക്കന്‍പോക്സ് വന്നശേഷം മറ്റുള്ളവര്‍ വാക്സിന് എടുത്താല്‍ ഗുണമുണ്ടാകാന്‍ സാധ്യതയില്ല. കൈയുടെ മേല്‍ഭാഗത്ത് ചര്‍മത്തിന് അടിയിലായാണ് കുത്തിവെപ്പ് നല്‍കുന്നത്.
വാക്സിന് എടുക്കാന്‍ പാടില്ലാത്തത് എപ്പോള്‍
- പ്രതിരോധശേഷി കുറഞ്ഞവര്‍
- പ്രതിരോധശേഷിയെ കുറയ്ക്കാനുള്ള മരുന്ന് കഴിക്കുന്നവര്‍
- ഗര്‍ഭിണികള്‍
- ഗര്‍ഭിണിയാകാന്‍ തയ്യാറെടുക്കുന്നവര്‍
- മുന്‍പ് ചിക്കന്‍പോക്സ് വാക്സിനോട് അലര്‍ജി ഉണ്ടായിട്ടുള്ളവര്.
- എച്ച്.ഐ.വി. അണുബാധ ഉള്ളവര്‍.
- കാന്‍സര്‍ രോഗത്തിന് റേഡിയേഷന്/കീമോ എടുക്കുന്നവര്‍ എന്നിവര്‍ വാക്സിന് എടുക്കരുത്.
വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. സൗമ്യ സത്യന്
കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍
ജനറല്‍ മെഡിസിന് വിഭാഗം
മൗലാന ഹോസ്പിറ്റല്‍, പെരിന്തല്‍മണ്ണ
Content Highlights: Should I not take a bath if I get Chickenpox, Health, Summer Health 2021, Summer Diseases