ചൂടേറിയസമയത്തെ മദ്യപാനം ഇരട്ടി അപകടമെന്ന് ഡോക്ടര്‍മാര്‍. മദ്യപിക്കുന്നതുകൊണ്ട് ഉണ്ടാകുന്ന നിര്‍ജലീകരണം മരണത്തിനുപോലും കാരണമായേക്കാം.

മദ്യപിച്ചാല്‍ ശരീരം അമിതമായി ചൂടാവും. ജലാംശം കുറഞ്ഞ് രക്തം കട്ടപിടിച്ച് ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നതിനും ഇതിടയാക്കും. വൃക്കകളുടെ പ്രവര്‍ത്തനവും താളംതെറ്റും. അമിതമായി മദ്യപിച്ച് കൊടുംവെയിലത്ത് കുഴഞ്ഞുവീണാല്‍ മരണസാധ്യത കൂടും.sun

അമിതമായ ചൂടില്‍ രക്തത്തിലെ സോഡിയം, പൊട്ടാസ്യം, കാല്‍സ്യം, മഗ്‌നീഷ്യം എന്നീ മൂലകങ്ങള്‍ ഗണ്യമായി കുറയും. സോഡിയവും പൊട്ടാസ്യവും കുറഞ്ഞാല്‍ അത് ഹൃദയമിടിപ്പിന്റെ താളംതെറ്റിക്കുകയും സ്തംഭിക്കുകയും ചെയ്യുമെന്ന് പരിയാരം ഗവ. മെഡിക്കല്‍ കോളേജിലെ ജനറല്‍ മെഡിസിന്‍ വിഭാഗം മേധാവി ഡോ. പ്രഭാകരന്‍ പറഞ്ഞു. രക്തത്തിലെ സോഡിയം 110 മില്ലീ ഗ്രാമില്‍ കുറഞ്ഞാല്‍ അപകടമാണ്. 135-152 മില്ലീ ഗ്രാമാണ് സാധാരണ അളവ്. പൊട്ടാസ്യത്തിന്റെ സാധാരണ അളവ് 3.5-5.2 മില്ലീഗ്രാമും.

കടുത്ത ചൂടില്‍നിന്ന് ആശ്വാസം തേടാന്‍ തണുത്ത ബിയറിനെ ആശ്രയിക്കുന്നതും അപകടമാണ്.  ബിയര്‍ മറ്റു മദ്യത്തേക്കാള്‍ നിര്‍ജലീകരണം ഉണ്ടാക്കുന്നു. ബിയര്‍ കഴിക്കുമ്പോള്‍ കൂടുതലായി മൂത്രമൊഴിഞ്ഞു പോകുന്നതുകൊണ്ടാണിത്.  കഴിക്കുമ്പോള്‍ ആശ്വാസം തോന്നുമെങ്കിലും ശരീരത്തെ നിര്‍ജലീകരിക്കാന്‍ മറ്റു മദ്യങ്ങളേക്കാള്‍ ശേഷി ബിയറിനുമുണ്ട്. 

Content Highlights: Alcohol Consumption during summer, Health