ഒടിഞ്ഞും ചതഞ്ഞുമല്ല, ആരോഗ്യത്തോടെ, പ്രസരിപ്പോടെ, സംതൃപ്തിയോടെ പ്രവർത്തനനിരതമായി, ലോകോപകാരപ്രദമായി, പ്രസന്നമായി, നൂറുവർഷം ജീവിച്ച് നൂറ്റിയൊന്നിലേക്ക് കടക്കുന്ന പദ്മവിഭൂഷൺ ഡോ. പി.കെ. വാരിയർക്ക് ഞങ്ങളുടെ സ്വന്തമെന്ന് ആഹ്ലാദിക്കുന്ന കേരളീയരിൽനിന്നുമാത്രമല്ല, ലോകത്തെമ്പാടുനിന്നും ജന്മദിനാശംസകൾ പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്.

മഹത്ത്വപൂർണമായ ജന്മങ്ങൾ ഏറെയൊന്നും സംഭവിക്കാറില്ല. അദ്ദേഹം ജീവിച്ചിരിക്കുന്നത് മനുഷ്യനന്മയ്ക്കായാണെന്ന് അറിയുന്ന ഓരോരുത്തരും ആ വൈദ്യശ്രേഷ്ഠന്റെ ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി പ്രാർഥിക്കുന്നവരായിരിക്കും.

രോഗികളായവർ പറഞ്ഞുകേട്ടിട്ടുണ്ട് -അദ്ദേഹത്തെ ഒന്നുകണ്ടാൽമതി അതുതന്നെയാണ് വലിയ ആശ്വാസമെന്ന്. ഒട്ടും അതിശയോക്തി അതിനില്ലെന്ന് ഏതാണ്ട് ഒരുദശകത്തോളമായി കോട്ടയ്ക്കലെ ചികിത്സ തേടിച്ചെല്ലുന്ന എന്റെയും അനുഭവമാണ്.

മുറിക്കകത്തേക്ക് കടന്നുവരുന്നത് ഒരു വ്യക്തിയല്ല അനുഗ്രഹമാണ് എന്നുതോന്നാത്ത ഒരുദിനവും എനിക്കുണ്ടായിട്ടില്ല. ആദ്യം എന്റെ വേദനകളും പ്രശ്നങ്ങളും കേട്ടശേഷം അദ്ദേഹം പറഞ്ഞു -ആവശ്യമില്ലാത്തതൊക്കെ ഇവിടെ വെച്ചിട്ടുപൊയ്ക്കോളൂ. രോഗങ്ങളൊന്നും തിരികെ വീട്ടിലേക്കുകൊണ്ടുപോകേണ്ട എന്നുസാരം. എന്നെ സംബന്ധിച്ചിടത്തോളം കഷായങ്ങളിൽ, ആകാവുന്നവയൊക്കെ ഗുളികരൂപത്തിലാക്കിത്തരുന്നത് മരുന്ന് കഴിക്കുന്നതിലെ കയ്പും മടുപ്പും കുറയ്ക്കാൻ ഒട്ടൊന്നുമല്ല സഹായിച്ചിട്ടുള്ളത്. എൻജിനിയറിങ്ങിലും സസ്യശാസ്ത്രത്തിലും രസതന്ത്രത്തിലും ഉള്ള നൂതന അറിവുകൾ ഔഷധനിർമാണരംഗത്ത് ഉപയോഗപ്പെടുത്തുന്നു എന്നദ്ദേഹം പറയുന്നു.

ഇത് അദ്ദേഹത്തിന്റെ ഗവേഷണപടുതയെയും ആധുനികീകരണത്തിന് ഒരു മടിയുമില്ലാത്ത ലിബറലായ മനസ്സിന്റെയും തെളിമയാണ് കാണിക്കുന്നത്.

എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന മഹാത്മാഗാന്ധിയുടെ വാക്കുകൾ ഏറ്റവുംയോജിക്കുന്ന ഒരു വൈദ്യശ്രേഷ്ഠനാണ് പി.കെ. വാരിയർ.

Content Highlights:Writer Sarah Joseph share about Dr.P.K warrier 100th birthday