ആയുസ്സിന്റെ വേദമായ ആയുർവേദത്തിന് ഇന്ന് ലോകത്ത് ഒരു പര്യായമുണ്ടെങ്കിൽ അത് ഡോ. പി.കെ. വാരിയരാണ്. ലോകം മുഴുവൻ പ്രണമിക്കുന്ന വിശ്വപൗരനായ ആയുർവേദാചാര്യൻ.

ഡോ. പി.കെ. വാരിയരുടെ നൂറാം പിറന്നാളാണിന്ന്. ‘ ‘ ശതപൂർണിമ’ യുടെ നിറവിൽ, ആയുർവേദ ജീവിതചര്യയുടെ ഒരു മാതൃകാപാഠപുസ്തകമായി ചികിത്സയുടെ ഈ ‘ വിശ്വംഭരസുകൃതം’ ഇന്നും കർമനിരതനായിരിക്കുന്നു.

ബ്രഹ്മാവാണ് ആയുർവേദം സൃഷ്ടിച്ചത് എന്നാണ് ഐതിഹ്യം. പിന്നീട് അശ്വിനീദേവകളിലൂടെ മനുഷ്യരിലെത്തി. ചരകൻ, സുശ്രുതൻ, വാഗ്ഭടൻ തുടങ്ങിയ വൈദ്യകുലാചാര്യന്മാരിലൂടെ തലമുറകൾ കൈമാറി, ആ സുദീർഘപാരമ്പര്യത്തിന്റെ ആധുനിക കുലഗുരുവായ ഡോ. പി.കെ. വാരിയരിലെത്തി എന്ന് ആയുർവേദ സംസ്കാരത്തെ സംഗ്രഹിച്ചുപറയാം.

‘ അനുക്രോശം’ എന്ന വികാരമാണ് ഒരു ചികിത്സകനുണ്ടാവേണ്ട പ്രധാനഗുണവിശേഷം എന്ന് ആചാര്യന്മാർ നിരീക്ഷിച്ചിട്ടുണ്ട്. രോഗിയുമായി വൈദ്യൻ താദാത്മ്യം പ്രാപിക്കണം. അപ്പോൾ മരുന്നുകൾ കൂടാതെത്തന്നെ ചിലപ്പോൾ രോഗി സൗഖ്യംപ്രാപിക്കും. പി.കെ. വാരിയരിൽ പ്രകാശിക്കുന്ന പ്രധാനഗുണം അനുക്രോശമാണ്. ഡോ. അത്രമേൽ കാരുണ്യപൂർണമാണ് ഈ വൈദ്യന്റെ പരിചരണം. സത്യദീക്ഷ, ധർമനിഷ്ഠ, ലാളിത്യം, മനുഷ്യസ്നേഹം, മതേതര സമഭാവന, നിരന്തരമായ പഠനം, നേതൃപാടവം തുടങ്ങി അനേകം വൈശിഷ്ട്യങ്ങളാണ് ഈ ഭിഷഗ്വരനെ സമാനതകളില്ലാത്ത അപൂർവ വൈദ്യനാക്കുന്നത്. ദർശനംകൊണ്ടും സ്പർശനംകൊണ്ടും മഹാരോഗസൗഖ്യം വരുത്താൻ കഴിവുള്ള ‘ കൈപ്പുണ്യം’ പി.കെ. വാരിയരുടെ സുകൃതങ്ങളിലൊന്നാണ്.

അഷ്ടാംഗഹൃദയവും ചരകസംഹിതയും ഉപനിഷത്തുകളും ബൈബിളും ഖുറാനും ഒരേപോലെ വായിച്ചുപഠിച്ചു വളർന്ന ദാർശനികാടിത്തറയാണ് മറ്റൊന്ന്. കൈലാസമന്ദിരത്തിന്റെ പ്രവേശനകവാടത്തിൽ ഒരേപോലെ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്ന ചന്ദ്രക്കലയും കുരിശും ഓങ്കാരവും പോലെ ഈ മഹാവൈദ്യന്റെ ഹൃദയവും മതാതീതമായ മാനവിക സമഭാവനയുടെ വിളനിലമായിരിക്കുന്നു.