വ്യക്തിത്വ മാഹാത്മ്യത്താലും കർമ മണ്ഡലങ്ങളുടെയും സേവനരംഗങ്ങളുടെയും വൈവിധ്യത്താലും ബഹുമുഖത്വത്തിന്റെ മഹിത മുദ്രകളനവധി ചൂടിനിൽക്കുന്ന ഡോ. പി.കെ. വാര്യരുടെ ജീവിതസപര്യയെ ഏതേതു വിശേഷണങ്ങളെക്കൊണ്ടാണ് നമുക്ക് വിശദീകരിക്കാനാവുക? വൈദ്യംകൊണ്ട് മഹാവൈദ്യൻ, തന്റെ ചികിത്സാ ശാസ്ത്രത്തിലെ വ്യുൽപ്പത്തികൊണ്ട് കുലഗുരു, പ്രതിഭാ വിലാസത്താലൊരു മഹാമനീഷി, ജീവിതത്തിലാകട്ടെ ഋഷിതുല്യൻ, ഒറ്റവാക്കിൽ പറഞ്ഞാലൊരു കർമയോഗി, അക്ഷരാർഥത്തിലൊരു നവോത്ഥാനപുരുഷൻ!

മഹത്തായ ഭാരതീയ പൈതൃകത്തിന്റെ ആത്മാംശമായിരിക്കുന്ന ആയുർവേദ വൈദ്യശാസ്ത്രത്തിന്റെ ഖ്യാതി കാലദേശാതിവർത്തിയായി വിപുലപ്പെടുത്തുന്ന കർമസമരത്തിൽ പി.കെ. വാര്യരും പങ്കാളിയായി. അതിനായി പൂർവസൂരികളുടെ പാദമുദ്രകൾ (അദ്ദേഹത്തിന്റെ പ്രബന്ധ, പ്രസംഗ സമാഹാരത്തിന്റെ നാമകരണം ‘ പാദമുദ്രകൾ’ എന്ന പദം കൊണ്ടാണെന്നത് യാദൃച്ഛികമല്ല) അദ്ദേഹം അനുധാവനം ചെയ്തു. ആര്യവൈദ്യത്തിലെ ആദിപുരുഷനായ ധന്വന്തരി (ധന്വന്തരിയുടെ പേരിലുള്ള പ്രശസ്തമായ ആയുർവേദ പുരസ്കാരവും അദ്ദേഹത്തിന് സമ്മാനിക്കപ്പെട്ടു; 2001 നവംബറിൽ ബോംബെയിൽ വെച്ച്) മുതൽ തന്റെ വല്യമ്മാവൻ വൈദ്യരത്നം പി.എസ്. വാര്യർ വരെയുള്ള ജ്ഞാനതാരകങ്ങളുടെയും ഭൈഷജ്യരത്നങ്ങളുടെയും പേരിൽ അദ്ദേഹം അഭിമാനംകൊള്ളുകയും അവരോടുള്ള ആദരം സദാ കാത്തുസൂക്ഷിക്കുകയും ചെയ്തു.

പാരമ്പര്യത്തിന് കല്പിക്കുന്ന പ്രാധാന്യം അദ്ദേഹത്തിന്റെ ആത്മകഥയുടെ ഓരോ അക്ഷരത്തിലും സ്പന്ദിക്കുന്നുണ്ട്. എന്നുവെച്ച് പാരമ്പര്യത്തിന്റെ പൂജകനായ ഡോ. പി.കെ. വാര്യർ ഏതു ശാസ്ത്രത്തിന്റെയും വിശേഷാൽ വൈദ്യശാസ്ത്രത്തിന്റെയും നൈരന്തര്യത്തിനും ഉത്ക്കർഷത്തിനും അനിവാര്യമായ ആധുനികീകരണത്തെക്കുറിച്ചുള്ള ഉത്തമബോധ്യമുള്ളയാളായിരുന്നു. ആര്യവൈദ്യശാലയുടെ നേതൃത്വത്തിന്റെ ഓരോ ഘട്ടത്തിലും അദ്ദേഹത്തിൽ അത് പ്രകടമായി. പാരമ്പര്യവും പരിവർത്തനവും സമന്വയിപ്പിച്ചുകൊണ്ടുള്ള ആ സന്തുലിത സമീപനത്തിന്റെ പ്രതിഫലനം കൂടിയാണ് സ്ഥാപനത്തിന്റെ വിസ്മയകരമായ വികാസം. ഈ നിലപാടിലും വൈദ്യരത്നത്തിന്റെ വീക്ഷണം തന്നെയാണ് അദ്ദേഹം പിന്തുടർന്നത്. അറിവും മനോധർമവും ആ മനോഭാവത്തിൽ സംഗമിച്ചു.

ഡോ. പി.കെ. വാര്യരുടെ ചികിത്സാരീതിക്ക് മാത്രമല്ല, ആകെ ജീവിതത്തിനുതന്നെയുണ്ട് ഒരു സാരള്യ സൗന്ദര്യവും ലാളിത്യഗാംഭീര്യവും. ഏത് ഔന്നത്യത്തിലും തന്റെ ജീവിതശൈലിയുടെ സാധാരണത്വം അദ്ദേഹം കൈവിടുന്നില്ല. പദ്മശ്രീയൊക്കെ ലഭിക്കുന്നതിനു മുമ്പുള്ള കാലത്ത് ഒരിക്കൽ ആയുർവേദത്തെപ്പറ്റിയുള്ള ഒരു പ്രഭാഷണത്തിനായി അദ്ദേഹം അമേരിക്കയിലേക്ക് ക്ഷണിക്കപ്പെട്ടു. തിരിച്ചുവരുമ്പോൾ നാട്ടുകാർ എല്ലാവരും കൂടി ചേർന്ന് അദ്ദേഹത്തിന് വിപുലമായൊരു പൗരസ്വീകരണം സംഘടിപ്പിച്ചു (കൈലാസ മന്ദിരത്തിനു മുറ്റത്തായിരുന്നു പരിപാടി. അതിൽ അധ്യക്ഷതവഹിച്ചത് അഭിമാനം പകരുന്ന ഓർമയാണ്) അന്ന്, തനിക്ക് ലഭ്യമായ അംഗീകാരങ്ങളത്രയും ആര്യവൈദ്യശാലയ്ക്കും അതിന്റെ സ്ഥാപകനും അതിനെ വളർത്തിവലുതാക്കിയ ജീവനക്കാർക്കും സമർപ്പിച്ചുകൊണ്ടുള്ള മറുപടിപ്രസംഗത്തിൽ തന്റെ യാത്രയിലെ വലിയ ആശ്വാസമായി അദ്ദേഹം എടുത്തുപറഞ്ഞത് അമേരിക്കയിലും തന്റെ പതിവു ആഹാരസാധനങ്ങൾ എങ്ങനെയൊക്കെയോ ലഭ്യമായതിനാൽ തന്റെ ‘ കഞ്ഞികുടി’ മുട്ടിയില്ലെന്നായിരുന്നു!

ആ സാമീപ്യം ഊർജദായകമായി അനുഭവപ്പെട്ട ഒട്ടേറെ സന്ദർഭങ്ങളുണ്ട്. അതത്രയും തേജോമയമാണ്. അദ്ദേഹത്തോടൊപ്പം വേദി പങ്കിടുന്നതുമാത്രമല്ല, വർത്തമാനം പറഞ്ഞിരിക്കുമ്പോൾ ലഭിക്കുന്ന നേരംപോലും അതീവധന്യമാണ്. കലാ, സാഹിത്യസംരംഭങ്ങളുടെ പരിപാലകനും പരിപോഷകനും മാത്രമല്ല, സ്വയംതന്നെ മികവുറ്റ പ്രഭാഷകനും എഴുത്തുകാരനുമാണ് പി.കെ. വാരിയർ. അദ്ദേഹം ചെയ്ത ഓരോ പ്രഭാഷണവും എഴുതിയ ഓരോ പ്രബന്ധവും ലേഖനവും അറിവിന്റെ ആഴംകൊണ്ട് ശ്രദ്ധേയമാണ്. പ്രഭാഷണത്തിലും സംഭാഷണത്തിലും പലപ്പോഴും അദ്ദേഹം ഒരു വാക്ക് പറയുന്നതുകേട്ടിട്ടുണ്ട്. ‘ നിശ്ചല്ല്യ’ (ആ കാര്യം തനിക്കറിയില്ല എന്ന അർഥത്തിൽ) ഏത് ഉയർച്ചയുടെ ഉച്ചിയിലും വാരിയർ കൈവിടാത്ത ഈ വിനയം അറിവുള്ളവരുടെ ലക്ഷണമായിട്ടാണ് തോന്നിയിട്ടുള്ളത്.

അങ്ങനെ അദ്ദേഹം വല്യമ്മാവന്റെ പിന്തുടർച്ച സാർഥകമായി സാക്ഷാത്കരിച്ചു. കുടുംബാംഗങ്ങളും ബന്ധുക്കളും മാത്രമല്ല അടുത്തറിയുന്നവരും പി.കെ. വാരിയരെ കുട്ടിമ്മാൻ എന്നാണ് സ്നേഹപൂർവം വിളിച്ചുപോരുന്നത്. വല്ല്യമ്മാവന്റെ കരളും പൊരുളും തന്നെയാണ് കുട്ട്യമ്മാവനിലൂടെ പ്രകടമായത്.

Content Highlights:M. P. Abdussamad Samadani share about Dr.P.K warrier 100th birthday