ആയുർവേദവും കഥകളിയും ഇരുതിരിയായി പ്രഭചൊരിയുന്ന നിലവിളക്കായിട്ടാവണം വൈദ്യരത്നം പി.എസ്. വാരിയർ കോട്ടയ്ക്കൽ ആര്യവൈദ്യശാലയെ വിഭാവനം ചെയ്തത്. കലയുടെ അധിപൻകൂടിയായ പരമശിവന്റെ വിലാസത്തിൽ ആരംഭിച്ച നാടകസംഘത്തെ നാട്യമെന്നു തിരുത്തി കളിയോഗവും കളരിയുമാക്കി കഥകളിയുടെ ആയുരാരോഗ്യത്തിലും അദ്ദേഹം ക്രാന്തദർശിയായി. 1939-ൽ കച്ചയും മെഴുക്കുമിട്ട് ചൊല്ലിയാടിയവരുടെയും അവർക്ക് കൊട്ടിപ്പാടിയവരുടെയും സുദീർഘ പരമ്പര ആധുനിക കഥകളിയിലെ അഗ്രിമരിൽ തൊട്ടുനിൽക്കുന്നു എന്നതാണ് നാട്യസംഘത്തിന്റെ മൗലികത. പട്ടിക്കാംതൊടി രാമുണ്ണിമേനോൻ, കുഞ്ചുക്കുറുപ്പ്, കോപ്പൻ നായർ, കവളപ്പാറ നാരായണൻ നായർ, വാഴേങ്കട കുഞ്ചുനായർ (വേഷം), വെങ്കിടകൃഷ്ണ ഭാഗവതർ, നീലകണ്ഠ നമ്പീശൻ, ഉണ്ണിക്കൃഷ്ണക്കുറുപ്പ് (പാട്ട്), മൂത്തമന നമ്പൂതിരി (ചെണ്ട), വെങ്കിച്ചൻസ്വാമി (മദ്ദളം) എന്നിവരുടെ ആചാര്യസ്ഥാനീയമായ ആശായ്മയുടെ സംഘചരിത്രം പി.എസ്.വി. നാട്യസംഘത്തിനുണ്ട്.

നഷ്ടം നേരിട്ടാൽപ്പോലും നാടകസംഘത്തെ നിലനിർത്തണം എന്ന പി. എസ്. വാരിയരുടെ ഒസ്യത്തിലെ കർശനദർശനത്തെ അദ്ദേഹത്തിന്റെ പിൽക്കാലമായി ആര്യവൈദ്യശാലയുടെ അമരത്തെത്തിയ ഡോ. പി.കെ. വാരിയർ പിൻപറ്റിയതാണ് നാട്യസംഘത്തിന്റെ സ്വീകാര്യതയുടെ അടിസ്ഥാനം. പി.കെ. വാരിയർ എന്ന കേന്ദ്രവ്യക്തിത്വത്തോടുള്ള സ്നേഹാദരമാണ് നാട്യസംഘത്തിന്റെ കളരിയിലും അരങ്ങിലും പരാതിപ്പഴുതില്ലാത്ത അച്ചടക്കപൂർണതയുടെ നിദാനം. വൈദ്യനാഥൻ കലാനാഥൻ കൂടിയാവുകയാണ്. അതുല്യഗുരുനാഥനായി കോട്ടയ്ക്കൽ കൃഷ്ണൻകുട്ടിനായർ, സ്ത്രീവേഷത്തിൽ കോട്ടയ്ക്കൽ ശിവരാമൻ, ശംഭു എമ്പ്രാന്തിരി, പച്ചയിൽ ചന്ദ്രശേഖരവാരിയർ, ചുവന്നതാടിയിൽ മുരളി, കഥകളിച്ചെണ്ടയിൽ മേൽക്കൈയും മേൽക്കോലുമായിരുന്ന കുട്ടൻമാരാരുടെ ശിഷ്യരായി അച്യുണ്ണിപ്പൊതുവാൾ, ചന്ദ്രമന്നാടിയാർ, തൃത്താലകേശവൻ, പൂക്കാട്ടിരി ദിവാകരപ്പൊതുവാൾ തുടങ്ങി ദൃശ്യശ്രവ്യ പ്രതാപികളുടെ സർഗസൃഷ്ടി ചരിത്രവും നാട്യസംഘത്തിനുണ്ട്. മദ്ദളത്തിന് മഞ്ചേരി ശങ്കുണ്ണിനായരും പാലൂര് അച്യുതൻ നായരും പാട്ടിന് വാസുനെടുങ്ങാടി, ചുട്ടിക്കും കോപ്പിനും മേക്കര നാരായണൻ നായർ-നാട്യസംഘത്തിന്റെ തൗര്യത്രികം പ്രബലമായിരുന്നു. കഥകളിയിൽ ഒരു കോട്ടയ്ക്കൽ ചിട്ടതന്നെ രൂപപ്പെട്ടുവന്നു.

നർത്തനകലയിൽ കോട്ടയ്ക്കൽ ശശിധരന്റെ ആവിഷ്കാരഭദ്രത, കത്തിയിൽ നന്ദകുമാരൻ നായരുടെയും കേശവൻ കുണ്ടാലായരുടെയും തീർമ, ചുവന്നതാടിയിൽ ദേവദാസന്റെ ഉഗ്രവീര്യം, രാജ്മോഹന്റെ ലാസ്യചാരുത. പാട്ടിൽ നാരായണന്റെ പ്രയുക്ത കഥകളീയത; പി.ഡി. നമ്പൂതിരിയുടെ ജ്ഞാനം. മധുവിന്റെ ഭാവക്ഷമത, ചെണ്ടയിൽ പ്രസാദ്, പനമണ്ണ ശശി, വിജയരാഘവൻ, മനീഷ് രാമനാഥൻ, മദ്ദളത്തിൽ രവി, രാധാകൃഷ്ണൻ എന്നിവർ സൃഷ്ടിച്ച നവമേളതരംഗം എന്നിവ വിലയിരുത്തുമ്പോൾ കാഴ്ചയ്ക്കും കേൾവിക്കും നാട്യസംഘം നൽകിയ നവഭാവുകത്വം ശ്രദ്ധേയമാകുന്നു.

കോട്ടയ്ക്കൽ ശ്രീവിശ്വംഭരക്ഷേത്രോത്സവക്കാലത്തെ അഞ്ചുദിവസത്തെ കളി നാട്യസംഘത്തിന്റെ നേതൃത്വത്തിൽ പരമാവധി കലാകാരന്മാർക്ക് അവസരം നൽകിയാണ് പുലരുന്നത്. പി.കെ. വാരിയരെ കാണിയായി അവിടെ കണ്ടുമുട്ടാറില്ല. അരങ്ങിനു പിന്നിലെ പത്തായപ്പുരയുടെ അകത്തളത്തിൽ അകക്കണ്ണുകൊണ്ട് അദ്ദേഹം കഥകളികാണും.

Content Highlights: Dr.P.K Warrier 100th Birthday, kottakkal arya vaidya sala, Kathakali