ണക്കിനോട് പ്രിയമുണ്ടായിരുന്ന പന്നിയംപള്ളിവാരിയത്തെ കൃഷ്ണൻകുട്ടിക്ക് പത്താംക്ലാസ് കഴിഞ്ഞപ്പോൾ എൻജിനിയറിങ്ങിന് പോകണമെന്നായിരുന്നു മോഹം. എന്നാൽ, വീട്ടുകാർക്കാണെങ്കിൽ അവനെ ആയുർവേദം പഠിപ്പിക്കണം. അവസാനം സാക്ഷാൽ ഇ.എം.എസുമായിത്തന്നെ വീട്ടുകാർ വിഷയം ചർച്ചചെയ്തു. എല്ലാ വശങ്ങളും കേട്ടശേഷം ഇ.എം.എസ്. പറഞ്ഞു: ‘ ‘ മണ്ണാൻ വൈദ്യന്റെ അടുത്തുപോയാൽ കുട്ടികളുടെ രോഗം ചികിത്സിച്ചുമാറ്റാം. പക്ഷേ, എങ്ങനെയാണ് മാറിയത് എന്നുപറയാൻ അയാൾക്ക് അറിയില്ല. അതു കണ്ടുപിടിക്കലാണ് നിങ്ങളുടെ ജോലി. അതിന് ആയുർവേദം ശാസ്ത്രീയമായിത്തന്നെ പഠിക്കണം.’ ’ അങ്ങനെ കൃഷ്ണൻ 1940-ൽ കോട്ടയ്ക്കൽ ആയുർവേദ കോളേജിൽ ചേർന്നു. ഇന്ത്യയിൽ മാത്രമല്ല, ലോകം മുഴുവനും അധികാരവും അധിനിവേശവും ആസുരകാഹളം മുഴങ്ങുന്ന കാലം. അഷ്ടാംഗഹൃദയത്തിന്റെയും ചരകസംഹിതയുടെയും മരുന്നറിവുകൾക്കപ്പുറം മാർക്സിസത്തിന്റെയും കമ്യൂണിസത്തിന്റെയും വിചാരലോകം ആ ചെറുപ്പക്കാരനെ മാടിവിളിച്ചു. സിരകളിൽ വിപ്ലവം പതഞ്ഞപ്പോൾ ഗാന്ധിയനായ ജ്യേഷ്ഠന്റെ അനുജൻ അടിയുറച്ച കമ്യൂണിസ്റ്റുകാരനായി. പാർട്ടിയുടെ ലഘുലേഖകൾ രഹസ്യമായി വിതരണം ചെയ്യാൻ തുടങ്ങി. കോട്ടയ്ക്കൽ ഭാഗത്ത് പാർട്ടി കെട്ടിപ്പടുക്കുന്നതിന് നേതൃത്വം നൽകി. സോവിയറ്റ് യൂണിയനെതിരേ ഹിറ്റ്ലർ ആക്രമണം അഴിച്ചുവിട്ടതോടെ സാമ്രാജ്യത്വ ശക്തികൾക്കെതിരേ നാട്ടിൽ സമരം ശക്തമായി. പഠിപ്പു നിർത്തി സമരരംഗത്തേക്കിറങ്ങിയ വിദ്യാർഥികളോടൊപ്പം കൃഷ്ണനും കൂടി. ആ സമയത്ത് കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ കാര്യങ്ങൾ നോക്കിയിരുന്നത് ജ്യേഷ്ഠൻ മാധവവാരിയരായിരുന്നു. തനിക്ക് ഒരു സഹായിയാവേണ്ട അനുജൻ വഴിമാറിപ്പോകുന്നതിൽ അദ്ദേഹത്തിന് ആശങ്കയായി. കോളേജ് വിട്ട അനുജൻ മഞ്ചേരിയിലെ കമ്യൂണിസ്റ്റ് ക്യാമ്പിലുണ്ടെന്നറിഞ്ഞ അദ്ദേഹം നാടകമാനേജരായിരുന്ന ശൂലപാണി വാരിയരോട് കൂട്ടിക്കൊണ്ടുവരാൻ പറഞ്ഞു. ശൂലപാണി വാരിയർ കൃഷ്ണന്റെ അടുത്തെത്തി ചോദിച്ചു: ‘ ‘ എന്താ ഇങ്ങനെ, ആര്യവൈദ്യശാല നോക്കാൻ ആളുവേണ്ടേ’ ’ ?കൃഷ്ണന്റെ മറുപടി: ‘ ‘ വൈദ്യശാല നോക്കാൻ തന്നെയാണ് പുറത്തുവന്നത്. ഇല്ലെങ്കിൽ വൈദ്യശാല ഉണ്ടാവില്ല. ഫാസിസ്റ്റുകൾ ബോംബിട്ട് നശിപ്പിച്ചാൽ എന്താണ് അവശേഷിക്കുക? അതുകൊണ്ടാണ് ഞാൻ ഈ സാഹസത്തിന് മുതിർന്നത്’ ’ . ശൂലപാണി വാരിയർ തിരിച്ച് മാധവവാരിയരുടെ അടുത്തെത്തി അദ്ദേഹത്തോടു പറഞ്ഞു: ‘ ‘ കൃഷ്ണൻ എന്നെ തോൽപ്പിച്ചുകളഞ്ഞു’ ’ . ആ വാക്കിന് അപാരമായ പ്രവചനശേഷിയുണ്ടായിരുന്നു. എല്ലാ വിയോജിപ്പുകളെയും സ്നേഹംകൊണ്ട് തോൽപ്പിച്ച് അന്നത്തെ കൃഷ്ണൻകുട്ടി പദ്മഭൂഷൺ ഡോ. പി.കെ. വാരിയർ എന്ന ലോകപ്രശസ്ത വൈദ്യനായി. കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ മാനേജിങ് ട്രസ്റ്റിയായ വാരിയരുടെ നൂറാം പിറന്നാളിന് ഇനി ഒരു നാൾ മാത്രം. തൂവെള്ള ചിരിയുമായി അദ്ദേഹമിപ്പോഴും കൈലാസമന്ദിരത്തിൽ പത്തായപ്പുരയിലുണ്ട്.

ജ്യേഷ്ഠൻ അടിമുടി കോൺഗ്രസുകാരനായപ്പോൾ അങ്ങ് അടിയുറച്ച കമ്യൂണിസ്റ്റുകാരനായി. അന്നത്തെ സാഹചര്യത്തിൽ ഒരേ തറവാട്ടിൽനിന്ന് എങ്ങനെ വ്യത്യസ്ത രാഷ്ട്രീയക്കാരുണ്ടായി

= വ്യത്യസ്തമായ സ്വാധീനങ്ങളിൽപ്പെട്ട് ഞാനും ജ്യേഷ്ഠനും രണ്ട് രാഷ്ട്രീയസരണികളിലായി. ഇത് പരസ്പരബന്ധത്തെയോ സ്നേഹത്തെയോ ബാധിച്ചില്ല എന്നതാണ് വാസ്തവം. ചെറുപ്പത്തിന്റെ ആവേശവും പ്രചോദനം നൽകുന്ന നേതാക്കളും എന്നെ ആ പ്രസ്ഥാനത്തിലേക്ക് ആവാഹിച്ചു. രണ്ടുവർഷം പഠനംപോലും ഉപേക്ഷിച്ച് രാഷ്ട്രീയപ്രവർത്തനത്തിലേർപ്പെട്ടു. ഗാന്ധിയായാലും മാർക്സായാലും മനുഷ്യനന്മയെക്കരുതി പ്രവർത്തിച്ചവരാണ്. മാനവികതയുടെപേരിൽ എല്ലാം ഒന്നിക്കേണ്ട കാലമാണിപ്പോൾ.

ആധുനിക മാനേജ്മെന്റ് തന്ത്രങ്ങളൊന്നും പഠിക്കാതെയാണ് അങ്ങ് കോട്ടയ്ക്കൽ ആര്യവൈദ്യശാലയെ ലോകോത്തരസ്ഥാപനമാക്കി വളർത്തിയത്. അതിനുപയോഗിച്ച തന്ത്രം എന്താണ്

= അനുഭവമാണ് ഗുരു. മറ്ററിവുകൾപോലെ മാനേജ്മെന്റ് വിജ്ഞാനവും അനുഭവങ്ങളിൽനിന്ന് ഉരുത്തിരിഞ്ഞുവന്നതാണ്. ജ്യേഷ്ഠൻ ആര്യവൈദ്യൻ പി. മാധവവാരിയരുടെ ആകസ്മികമായ വേർപാടിനുശേഷം എന്റെ ചുമലുകളിൽ ആര്യവൈദ്യശാലയുടെ ഭാരം വന്നുചേർന്നു. ദുഃഖം വിട്ടുമാറുന്നതിനു മുമ്പുതന്നെ ഏറ്റെടുക്കേണ്ടിവന്ന ഉത്തരവാദിത്വം ഓരോ ചുവടിലും ജാഗ്രതവേണമെന്ന് എന്നെ ഓർമിപ്പിച്ചു. സങ്കീർണപ്രശ്നങ്ങളിൽ ചുറ്റുവട്ടത്തുള്ളവരോട് അഭിപ്രായം തേടി. ഓരോ തീരുമാനമെടുക്കുമ്പോഴും വരുംവരായ്കയെപ്പറ്റി കൃത്യമായി ആലോചിച്ചു. വലിയമ്മാവൻ പി.എസ്. വാരിയരുടെ വീക്ഷണങ്ങളും ജ്യേഷ്ഠന്റെ ഉപദേശങ്ങളും എന്നും എന്നെ നയിച്ചു. ഇതൊക്കെയാണ് ഞാൻ പഠിച്ച മാനേജ്മെന്റ് തന്ത്രങ്ങൾ

അങ്ങയുടെ സംഭവബഹുലമായ നൂറുവർഷത്തെ ജീവിതകാലത്താണ് വൈദ്യശാസ്ത്രരംഗത്തെ വിപ്ലവങ്ങൾ പലതും നടന്നത്. അവയവമാറ്റ ശസ്ത്രക്രിയ, വിവിധതരം സ്കാനുകൾ, വസൂരി നിർമാർജനം, ജനിതക എൻജിനിയറിങ് തുടങ്ങിയവ. എന്നാൽ, ഈ സമയത്ത് ആയുർവേദമടക്കമുള്ള വൈദ്യശാസ്ത്രമേഖലകൾ സാമ്പ്രദായിക വഴിയിൽനിന്ന് മാറാതെ സഞ്ചരിക്കുകയായിരുന്നു. ഈ പാരമ്പര്യഭ്രമം ആയുർവേദത്തിന് എന്തെങ്കിലും ക്ഷീണംചെയ്തു എന്ന് അഭിപ്രായമുണ്ടോ.

= ഈ പറഞ്ഞ വികാസങ്ങളൊന്നും കേവലം വൈദ്യശാസ്ത്രത്തിന്റേതാണെന്ന് പറഞ്ഞുകൂടാ. ഭൗതികശാസ്ത്രം, രസതന്ത്രം, സാങ്കേതികവിദ്യ മുതലായവയുടെ ആവിഷ്കാരങ്ങളാണ് അവയെല്ലാം. അവ ആയുർവേദ ബാഹ്യങ്ങളാണ് എന്നത് തെറ്റായ ധാരണയാണ്. ഈ വികാസങ്ങളെല്ലാം കൂടിയും കുറഞ്ഞും ആയുർവേദ ചികിത്സയിൽ ഇന്നും വിനിയോഗിക്കുന്നു. പാരമ്പര്യഭ്രമം ആയുർവേദത്തിനുണ്ടെന്ന് തോന്നുന്നില്ല. രോഗനിർണയത്തിലും മരുന്നുകൊണ്ട് ഒതുങ്ങാത്ത രോഗത്തിലും പുതിയ സങ്കേതങ്ങളെ ആയുർവേദം അംഗീകരിക്കുന്നുണ്ട്.

പുതിയ കാലത്ത് ആയുർവേദരംഗത്ത് എന്തുതരം ഗവേഷണങ്ങളാണ് നടക്കേണ്ടത്. അതിൽ കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ പങ്ക് എന്തായിരിക്കണം

= സസ്യൗഷധങ്ങൾ, മരുന്നുനിർമാണം, രോഗചികിത്സ എന്നിവയാണ് പ്രായോഗികമായി പ്രസക്തമായ ഗവേഷണമേഖലകൾ. സസ്യൗഷധങ്ങൾ തിരിച്ചറിയുകയും സമാനമായവ കണ്ടെത്തുകയും ചെയ്യണം. അവയുടെ കൃഷിരീതികളും വികസിപ്പിക്കണം. മരുന്നുചെടികളുടെ കാര്യത്തിലെ സന്ദിഗ്ധതയും മാറ്റിയെടുക്കേണ്ടതുണ്ട്. ആ സംരംഭം ആയുർവേദം പണ്ടേ തുടങ്ങിയിരുന്നു. അതിന്റെ ഫലമാണ് അഞ്ഞൂറ് ഔഷധസസ്യങ്ങളുടെ വിവരങ്ങൾ ഉൾക്കൊള്ളുന്ന Indian Medicinal Plants എന്ന അഞ്ചുഭാഗങ്ങളുള്ള ഗ്രന്ഥസമാഹാരം. ആധുനിക സങ്കേതങ്ങൾ ഉൾക്കൊണ്ട് സസ്യമേഖലയിലെ ഗവേഷണത്തിന് ആര്യവൈദ്യശാല 2003-ൽ ആരംഭിച്ച സെന്റർ ഫോർ മെഡിസിനൽ പ്ലാന്റ്സ് റിസർച്ച് ഈ രംഗത്ത് ശ്രദ്ധേയമായി മുന്നേറുന്നുണ്ട്. ഔഷധനിർമാണത്തിൽ പുതിയ സങ്കേതങ്ങൾ രോഗിക്കും മരുന്നുസേവ അനായാസവും ഗുണപ്രദവുമാക്കും. കർണാടകത്തിലെ നഞ്ചൻകോടുള്ള ആര്യവൈദ്യശാലയുടെ നിർമാണ ഫാക്ടറി പുതുതലമുറ മരുന്നുകൾക്കുവേണ്ടി സജ്ജീകരിച്ചിട്ടുള്ളതാണ്. ചെടിയിലെ ഔഷധാംശം തീരെ നഷ്ടപ്പെടാതെ ശരീരത്തിൽ പ്രവർത്തനക്ഷമത കൂട്ടാനുള്ള ഗവേഷണം ഇനിയും മുന്നേറാനുണ്ട്. ഓരോ രോഗത്തെ സംബന്ധിച്ചും പ്രത്യേകം ഗവേഷണം ആകാവുന്നതാണ്. അർബുദരോഗ ചികിത്സയിൽ ഗവേഷണാടിസ്ഥാനത്തിലുള്ള ചികിത്സ ആര്യവൈദ്യശാലയിലുണ്ട്. ആധുനിക സങ്കേതങ്ങളുപയോഗിച്ച് തെളിവടിത്തറയോടെ പ്രവർത്തിക്കുന്ന ആര്യവൈദ്യശാലയിൽ ക്ലിനിക്കൽ ഗവേഷണത്തിന് പ്രത്യേക വിഭാഗംതന്നെയുണ്ട്.

കൊറോണപോലുള്ള പകർച്ചവ്യാധികൾ മനുഷ്യകുലത്തിനുതന്നെ ഭീഷണിയാവുമ്പോൾ ആയുർവേദത്തിന് എന്തെങ്കിലും ചെയ്യാനുണ്ടോ? പുതിയ രോഗത്തിന് പുതിയ മരുന്ന് എന്ന കാഴ്ചപ്പാട് ആയുർവേദത്തിനുണ്ടോ, അതോ എല്ലാ രോഗങ്ങൾക്കും പഴയ ഔഷധങ്ങൾ തന്നെ മതിയെന്നാണോ

= ത്രിദോഷസിദ്ധാന്തമാണ് ആയുർവേദത്തിന്റെ കാതൽ. ശരീരത്തിലുണ്ടാകുന്ന എല്ലാ മാറ്റങ്ങളെയും വിലയിരുത്താൻ ഇതുകൊണ്ടാവും. ‘ പുതിയ’ രോഗങ്ങളാണെങ്കിലും അവയുടെ ലക്ഷണങ്ങളെ ഈ സിദ്ധാന്തമനുസരിച്ച് വിശകലനം ചെയ്താൽ രോഗസ്വഭാവം പിടികിട്ടും. അതനുസരിച്ച് ഔഷധത്തെ നിശ്ചയിക്കുക പ്രയാസമുള്ള കാര്യമല്ല. ആയുർവേദത്തിന്റെ ഔഷധസമ്പത്ത് അതിവിപുലമാണ്. അതിൽ ചെറിയൊരംശമേ ഇപ്പോൾ വിനിയോഗിക്കപ്പെടുന്നുള്ളൂ. കോവിഡ് രോഗം ചികിത്സിച്ചുമാറ്റിയ ധാരാളം അനുഭവങ്ങൾ ആയുർവേദക്കാർക്കുണ്ട്. ജനങ്ങൾ സന്തോഷപൂർവം ആയുർവേദത്തെ സ്വീകരിക്കുകയും ചെയ്യുന്നു. തുടക്കംമുതൽതന്നെ ശ്രദ്ധാപൂർവം ഉപയോഗിച്ചാൽ രോഗം അപകടഘട്ടത്തിലേക്ക് പോകുന്നില്ല എന്നതാണ് അനുഭവം.

‘ വിൽപ്പന കൂട്ടാൻ ധർമം കൂട്ടുക’ എന്ന വിചിത്രമായ ഒരു ഉപദേശം അങ്ങയുടെ വലിയമ്മാവൻ വൈദ്യരത്നം പി.എസ്. വാരിയർ നൽകിയതായി കേട്ടിട്ടുണ്ട്. ആ ചിന്തയുടെ ഫലമാണല്ലോ ധർമാശുപത്രി. ലോകത്തിനുതന്നെ അദ്ഭുതമായ ഈ ധർമാശുപത്രിയുടെ ഭാവി എന്തായിരിക്കും

= കൈലാസമന്ദിരത്തിന്റെ കവാടത്തിൽ കൊത്തിവെച്ചിട്ടുള്ളത് ‘ ധർമോ ജയതി നാധർമ:’ എന്നാണ്. അത് ആര്യവൈദ്യശാലയുടെ പ്രവർത്തനത്തിന്റെ മാർഗരേഖയാണ്. 1924-ൽ തുടങ്ങിയ ധർമാശുപത്രി അന്നുമുതൽക്കേ ദരിദ്രർക്ക് ഒരു അത്താണിയാണ്. കാലാനുസൃതമായ പരിഷ്കാരങ്ങൾക്ക് ഈ ആതുരശാല വിധേയമായിട്ടുണ്ട്. അത് തുടരും.

വരുമാനത്തിന്റെ വലിയൊരുപങ്ക് കലയ്ക്കുവേണ്ടി മാറ്റിവെക്കുന്ന മറ്റൊരുസ്ഥാപനമുണ്ടാവാനിടയില്ല. കഥകളികേന്ദ്രമായ പി.എസ്.വി. നാട്യസംഘത്തിന് പുതിയ കാലത്ത് എന്താണ് പ്രസക്തി

= കലയും സാഹിത്യവും സംഗീതവും നാടകവും ഔഷധവും എല്ലാം ചേർത്തുപിടിക്കുന്ന ഒരു പാരമ്പര്യം വലിയമ്മാവന്റെ കാലത്തുതന്നെ ആര്യവൈദ്യശാലയ്ക്കുണ്ട്. മികച്ച കലാകാരന്മാരെ കണ്ടെത്തി ‘ പരമശിവ വിലാസം നാടകക്കമ്പനി’ യിൽ അദ്ദേഹം ചേർത്തിരുന്നു. ഒപ്പം കലാപരമായി സിദ്ധിയുള്ള ആര്യവൈദ്യശാലാ ജീവനക്കാരെക്കൂടി നാടകക്കമ്പനിയിലെ കലാകാരന്മാരാക്കി. ‘ ശരീരത്തിന്റെ ആമയമകറ്റാൻ (വിഷം) ഔഷധവും മനസ്സിന്റെ ആമയമകറ്റാൻ കലയും’ എന്ന സമീപനമാണ് ആര്യവൈദ്യശാല പിന്തുടരുന്നത്. പുതിയ കാലഘട്ടത്തിൽ ജീവനക്കാരുടെ സർഗാത്മകമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന് റിക്രിയേഷൻ ക്ലബ്ബുകൾ, കലാപരിപാടികൾ, വായനയുടെ കൂട്ടായ്മ എന്നിവ സംഘടിപ്പിക്കുന്ന രീതിയിലേക്ക് ആധുനിക മാനേജ്മെന്റ് സംവിധാനം മാറിയിട്ടുണ്ട്. കലയുടെ അതിജീവനം ഉറപ്പാക്കുക എന്നതിലപ്പുറം മാനവികതയുടെയും മനുഷ്യരുടെ സർഗാത്മകതയുടെയും അതിജീവനം ഉറപ്പാക്കുക എന്ന വിശാലമായ ലക്ഷ്യംകൂടി ഇതിലൂടെ ആര്യവൈദ്യശാലയ്ക്കുണ്ട്.

അങ്ങയുടെ ജീവിതത്തിൽനിന്ന് പുതിയ കാലം എന്താണ് പഠിക്കേണ്ടത്? 100 വയസ്സുവരെ ആരോഗ്യത്തോടെയിരിക്കാൻ എന്തുചെയ്യണം

= കൃത്യനിഷ്ഠയുള്ള ജീവിതമാണ് എന്റെ ആരോഗ്യകാരണമെന്ന് ഞാൻ കരുതുന്നു. ആഹാരം, വ്യായാമം, ഉറക്കം, നിയന്ത്രിതമായ ലൈംഗികജീവിതം എന്നിവയെ ആയുർവേദം ആരോഗ്യത്തിന്റെ തൂണുകളായി കണക്കാക്കുന്നു. ഇവയെല്ലാം കൃത്യസമയത്ത് മിതമായ അളവിൽ ശീലിക്കേണ്ടതാണ്. സ്വന്തം ശരീരം പരിപാലിക്കേണ്ട ഉത്തരവാദിത്വം നമുക്കുതന്നെയാണ്. രോഗകാരണങ്ങൾ ഒഴിവാക്കുക. ആരോഗ്യത്തിന് അനുഗുണമായരീതിയിൽ ജീവിക്കുക.

Content Highlights: Dr.P.K Warrier 100th birthday Interview