കാടുമൂടിക്കിടന്ന ഒരുദേശം ലോകത്തോളം ഉയർന്ന് മനുഷ്യകുലത്തിനുമുഴുവൻ വെളിച്ചംപകർന്ന കഥയാണ് കോട്ടയ്ക്കലിന്റെ ചരിത്രം. ആ വളർച്ചയ്ക്കും ഭ്രമണത്തിനും അച്ചുതണ്ടായത് രണ്ടുപേരാണ് -വൈദ്യശാലയുടെ സ്ഥാപകനായ വൈദ്യരത്നം പി.എസ്. വാര്യരും ഇപ്പോഴത്തെ മാനേജിങ് ട്രസ്റ്റി ഡോ. പി.കെ. വാര്യരും.

1902-ൽ ആര്യവൈദ്യശാല ആരംഭിക്കുമ്പോൾ അതിന് അടിത്തറയായത് ആയുർവേദത്തിന്റെ ശാസ്ത്രീയതതന്നെ. ഈ ചികിത്സാശാസ്ത്രം പഠിപ്പിക്കാൻ ഒരു ആയുർവേദപാഠശാലയും (ഇന്നത്തെ ആയുർവേദകോളേജ്) പി.എസ്. വാര്യർ ആരംഭിച്ചു.

ലക്ഷക്കണക്കിനാളുകൾക്ക് മരുന്നും ചികിത്സയും സൗജന്യമായി നൽകുന്ന ധർമാശുപത്രി, മലയാള നാടകവേദിക്ക് വലിയ സംഭാവനകൾ നൽകിയ പരമശിവവിലാസം നാടകക്കമ്പനി, കഥകളിയെ ലോകമെങ്ങുമെത്തിച്ച നാട്യസംഘം, എണ്ണംപറഞ്ഞ കലാകാരന്മാർ അണിനിരക്കുന്ന വിശ്വംഭരക്ഷേത്രോത്സവം -ഇങ്ങനെ പലമുഖങ്ങളിൽ പ്രകാശിക്കുന്ന മഹാപൈതൃകങ്ങൾക്ക് വൈദ്യരത്നം തുടക്കമിട്ടു. തുടർച്ചയായ അറുപത്തിയേഴുവർഷം ഈപ്രസ്ഥാനത്തിന്റെ അമരക്കാരനായി ഇരുന്ന ഡോ. പി.കെ.വാര്യർ ആ സംരംഭങ്ങളെയെല്ലാം ആകാശത്തോളം വളർത്തി.

പടർന്നുപന്തലിച്ച പുണ്യം

പി.കെ. വാര്യരുടെ കാലത്താണ് ആയുർവേദത്തിനും ആര്യവൈദ്യശാലയ്ക്കും വലിയ വളർച്ചയും ആഗോളസ്വീകാര്യതയും ലഭിക്കുന്നത്. ആര്യവൈദ്യൻ എൻ.വി. കൃഷ്ണൻകുട്ടിവാര്യർക്കൊപ്പം 1989-ൽ ഇറ്റലിയിലേക്കും 1996-ൽ റഷ്യയിലേക്കും ഡോ. പി.കെ. വാര്യർ നടത്തിയ യാത്രകളാണ് ആയുർവേദത്തെ ഇന്ത്യക്കുപുറത്തേക്ക് നയിച്ചതെന്നുപറയാം. മോസ്കോ ആയുർവേദസെമിനാർ, ന്യൂയോർക്ക് ഭാരതീയവിദ്യാഭവൻ ആയുർവേദസമ്മേളനം എന്നിവയടക്കമുള്ള അന്താരാഷ്ട്രസമ്മേളനങ്ങളിൽ ആയുർവേദത്തെ പ്രതിനിധാനംചെയ്ത് ഡോ. പി.കെ. വാര്യർ പങ്കെടുത്തു.

വളർച്ചയുടെ ‘ പർവം’

കോട്ടയ്ക്കലിന്റെ വളർച്ചയുടെ ചരിത്രമറിയാൻ പി.കെ. വാര്യരുടെ ആത്മകഥയായ ‘ സ്മൃതിപർവം’ വായിച്ചാൽമതി.

വാരിയരുടെ പൂർവികർ ഇങ്ങോട്ടുവന്നില്ലായിരുന്നുവെങ്കിൽ കോട്ടയ്ക്കൽ എന്ന ആയുർവേദനഗരം ഉണ്ടാകുമായിരുന്നില്ല. കോഴിക്കോട് നന്മണ്ടയിലെ പന്നിയമ്പിള്ളി കുടുംബം പടയോട്ടക്കാലത്ത് തിരുവിതാംകൂറിൽ അഭയം തേടിപ്പോയിരുന്നു. പിന്നീട് അവർ മടങ്ങിയപ്പോൾ ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ നിർദേശപ്രകാരം കോട്ടയ്ക്കലിലെ ക്ഷേത്രത്തിൽ കഴകം സ്വീകരിച്ച് ജീവിതം തുടങ്ങി. 1800-ലാണ് പന്നിയമ്പിള്ളി കുടുംബം കോട്ടയ്ക്കലിൽ സ്ഥിരതാമസമാക്കുന്നത്. ഒരുനൂറ്റാണ്ടുകഴിഞ്ഞു ആര്യവൈദ്യശാല തുടങ്ങുമ്പോൾ.

ഇയ്യക്കാടായും ചങ്കുവെട്ടിക്കാടായും കാടുമൂടിക്കിടന്നിരുന്ന ഈ ദേശം ആര്യവൈദ്യശാലയെന്ന സ്ഥാപനത്തിനൊപ്പം വളർന്നു. കുറച്ചുപീടികകളും ചന്തയും മാത്രമുണ്ടായിരുന്ന കോട്ടയ്ക്കലിൽ പതിയെപ്പതിയെ കെട്ടിടങ്ങൾ ഉയരാൻതുടങ്ങി. ചികിത്സയ്ക്കായി മറ്റുസംസ്ഥാനങ്ങളിൽനിന്നും ലോകത്തിന്റെ വിവിധകോണുകളിൽനിന്നും ഒട്ടേറെപ്പേർ കോട്ടയ്ക്കലേക്ക് വരാൻതുടങ്ങി. അങ്ങനെ കോട്ടയ്ക്കൽ ആയുർവേദനഗരിയായി. നാട്ടിൻപുറങ്ങളിൽപ്പോയി മരുന്നുശേഖരിച്ച് ആര്യവൈദ്യശാലയ്ക്ക് എത്തിച്ചുനൽകുന്നവർ, ഫാക്ടറിയിലും ഓഫീസിലും പുതുതായി ജോലിക്കുചേരുന്നവർ -അങ്ങനെ ആര്യവൈദ്യശാലയ്ക്കുചുറ്റും അതിനെ ആശ്രയിച്ചുകഴിയുന്ന ഒരു ജനസമൂഹവും രൂപപ്പെട്ടുതുടങ്ങി. ഇന്ന് രണ്ടായിരത്തി അഞ്ഞൂറുപേർക്ക് നേരിട്ടും പതിനായിരത്തിൽപ്പരമാളുകൾക്ക് അല്ലാതെയും തൊഴിൽനൽകുന്ന സ്ഥാപനമാണ് ആര്യവൈദ്യശാല. ഇപ്പോൾ അതിന്റെ വെളിച്ചം പി.കെ. വാര്യർതന്നെ. പദ്മശ്രീയും പദ്മഭൂഷണും നൽകി രാജ്യം ആദരിച്ച മഹാഭിഷഗ്വരൻ. എണ്ണമറ്റ പ്രഗല്ഭർ പി.കെ. വാര്യരുടെ ചികിത്സാപുണ്യം അനുഭവിച്ചറിഞ്ഞവരാണ്. മുൻരാഷ്ട്രപതി വി.വി. ഗിരി, ജയപ്രകാശ് നാരായണൻ, ശ്രീലങ്കൻ പ്രസിഡന്റ് സിരിമാവോ ഭണ്ഡാരനായകെ,. ശെമ്മാങ്കുടി ശ്രീനിവാസഅയ്യർ, കാർട്ടൂണിസ്റ്റ് ശങ്കർ... അങ്ങനെ എത്രയോ പ്രമുഖർ.

എല്ലാവർക്കുമായി തുറന്ന കവാടം

വൈദ്യരത്നത്തിന്റെ കാലത്തുതന്നെ ജാതിമതഭേദമില്ലാതെ എല്ലാവരെയും ചേർത്തുപിടിച്ചു ആര്യവൈദ്യശാല. പി.എസ്. വാര്യർ അലോപ്പതി അഭ്യസിച്ചത് ഡോ. വർഗീസിൽനിന്നായിരുന്നു. വിശ്വംഭരക്ഷേത്രം പണിതപ്പോൾ അവിടെ എല്ലാവർക്കും പ്രവേശനം അനുവദിച്ചു. കൈലാസമന്ദിരത്തിന്റെ പ്രവേശനകവാടത്തിൽ സർവമതസമഭാവനയുടെ അടയാളമായി ക്രിസ്ത്യൻ, ഹിന്ദു, മുസ്ലിം മതചിഹ്നങ്ങൾ കൊത്തി. മലബാർ കലാപം കോട്ടയ്ക്കലിനെ കാര്യമായി ബാധിക്കാതിരുന്നത് പി.എസ്. വാര്യർക്ക് തദ്ദേശീയർക്കിടയിലുണ്ടായിരുന്ന സ്വാധീനംകൊണ്ടുകൂടിയായിരുന്നു.

1924-ൽ തുടങ്ങിയ ധർമാശുപത്രിയിൽ അന്നുമുതൽ ഇന്നുവരെ മരുന്നും ചികിത്സയും തേടിയെത്തുന്ന ലക്ഷക്കണക്കിനാളുകൾക്ക് ‘ രോഗ’ മെന്ന ഒറ്റമതമേയുള്ളൂ. ഡോ. പി.കെ.വാര്യരും എല്ലാവരെയും ചേർത്തുപിടിക്കുന്ന പാത പിന്തുടരുന്നു. വളരെക്കാലം തന്റെ ഡ്രൈവറായിരുന്ന മൊയ്തീൻകുട്ടിയുമായി, നാട്ടിൻപുറങ്ങളിൽനിന്ന് മരുന്നുപറിച്ച് കൊണ്ടുവന്ന് തരുന്ന പരി, കുഞ്ഞിമരയ്ക്കാർ തുടങ്ങിയവരുമായി, പാണക്കാട് കുടുംബവുമായി ഒക്കെ വാര്യർ സൂക്ഷിക്കുന്ന ഹൃദയബന്ധം അതിന്റെ അടയാളമാണ്.

സംസ്കാരത്തിന്റെ ‘ കോട്ട’

കോട്ടയുള്ള സ്ഥലമാണ് കോട്ടയ്ക്കൽ. വെങ്കിട്ടത്തേവർ ക്ഷേത്രപരിസരത്ത് വള്ളുവക്കോനാതിരിയുടെ കാലത്ത് പണിത വെങ്കിട്ടക്കോട്ടയാണ് ഈ പേരിനുനിദാനം.

വള്ളുവക്കോനാതിരിയുടെ അധീനതയിലായിരുന്ന കോട്ടയ്ക്കൽ പിന്നീട് കിഴക്കേ കോവിലകത്തിന്റെയും ടിപ്പുവിന്റെയും ഒടുവിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെയും ഭാഗമായി. സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും മണ്ണായിരുന്നു ഇത്. പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ച സംസ്കൃതപണ്ഡിത മനോരമത്തമ്പുരാട്ടി (1760-1828) സാമൂതിരി രാജവംശത്തിന്റെ താവഴിയിൽപ്പെട്ട കോട്ടയ്ക്കൽ കിഴക്കേ കോവിലകത്തെ അംഗമായിരുന്നു. കോട്ടയ്ക്കൽ കോവിലകത്തെ ‘ ഭാരതമുറി’ യിൽ താമസിച്ചാണ് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ, മഹാഭാരതത്തിന്റെ പരിഭാഷ നിർവഹിച്ചത്.

പി.എസ്. വാര്യർ പത്രാധിപരായി ഇറങ്ങിയ ‘ ധന്വന്തരി’ യാണ് മലയാളത്തിലെ ആദ്യ വൈദ്യമാസിക. പി.വി. കൃഷ്ണവാരിയർ പത്രാധിപരായ ‘ കവനകൗമുദി’ ആദ്യ കവിതാമാസികയും. അക്കാലത്ത് ആറുപ്രസിദ്ധീകരണങ്ങൾ ഇവിടെനിന്നിറങ്ങിയിരുന്നു -ജ്യോതിശ്ശാസ്ത്രം, സാമ്പത്തികം തുടങ്ങിയ വിഷയങ്ങളിലുൾപ്പെടെ. വി.സി. ബാലകൃഷ്ണപ്പണിക്കർ, സ്വദേശാഭിമാനി രാമകൃഷപ്പിള്ള, കൈക്കുളങ്ങര രാമവാരിയർ, പുന്നശ്ശേരിനമ്പി നീലകണ്ഠശർമ, വള്ളത്തോൾ തുടങ്ങിയ പ്രതിഭാധനന്മാർ കോട്ടയ്ക്കലുമായി ബന്ധംപുലർത്തി. ഈ സാംസ്കാരികഭൂമികയാകണം ഡോ. പി.കെ. വാര്യരെ നല്ലൊരു സാഹിത്യ-കലാ ആസ്വാദകനും അഭിനേതാവും കലകളുടെ പ്രോത്സാഹകനുമാക്കിയത്.

Dr.P.K Warrier 100th Birthday, Arya Vaidya Sala, P.S Warrier